01 October Sunday

കഥയുടെ രാഷ്ട്രീയം...; എം സ്വരാജ് എഴുതുന്നു

എം സ്വരാജ്Updated: Wednesday Aug 3, 2022

തസ്രാക്കിലെ ഒ വി വിജയൻ സ്‌മാരക കേന്ദ്രം - ഫോട്ടോ: പി വി സുജിത്ത്‌

കഥയുടെ രാഷ്ട്രീയം എന്ന വിഷയത്തെ സമീപിക്കുമ്പോൾ തന്നെ ‘എന്താണ് രാഷ്ട്രീയം?' എന്ന ചോദ്യം ഉയരുന്നുണ്ട്. ‘രാഷ്ട്രീയം' എന്ന വാക്കിന് പൊതുവിൽ എല്ലാവരും ഉപയോഗിച്ച് കാണുന്ന ഒരു നിർവചനം ഒറ്റവാക്കിൽ ‘രാഷ്ട്രസംബന്ധിയായത്' എന്നൊക്കെയാണ്. രാഷ്ട്രത്തിന്റെയോ ഏതെങ്കിലും ഒരു പ്രദേശത്തിന്റെയോ ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ടത് എന്നൊക്കെയുളള നിർവചനം ആധികാരികമെന്നതുപോലെ പലയിടത്തുനിന്നും വായിച്ചെടുക്കാനാകും. പക്ഷേ, അതൊരു സാമ്പ്രദായിക നിർവചനമാണ്. ഡിക്‌ഷണറികൾ നമുക്കെപ്പോഴും നൽകുക അത്തരം നിർവചനങ്ങളാണ്.

എന്നാൽ സാമ്പ്രദായികമായ നിർവചനങ്ങൾക്ക്, വാക്കുകളുടെ അർഥങ്ങൾക്ക് എല്ലായ്‌പ്പോഴും ഒരേ പ്രസക്തിയുണ്ടാകും എന്ന് കരുതുക വയ്യ. ഒരർഥത്തിൽ ജീവിതമെന്താണോ അത്രതന്നെ വ്യാപ്‌തി രാഷ്ട്രീയമെന്ന വാക്കിനും ഉണ്ട്. ഏതെങ്കിലും പരമ്പരാഗതമായ ഒരു നിർവചനത്തിന്റെ തടവറയിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വാക്കല്ല ‘രാഷ്ട്രീയം'. രാഷ്ട്രീയമില്ലാത്ത ഒരു കഥയോ കവിതയോ മനുഷ്യനോ ഉണ്ടാവുക അത്ര എളുപ്പമല്ല, അഥവാ സാധ്യമല്ല. എല്ലാ കഥകൾക്കും രാഷ്ട്രീയമുണ്ട്. എല്ലാ കവിതകൾക്കും രാഷ്ട്രീയമുണ്ട്. എല്ലാ മനുഷ്യർക്കും രാഷ്ട്രീയമുണ്ട്. അത് ശരിയായി തിരിച്ചറിയപ്പെടുന്നുണ്ടോ എന്നത് മറ്റൊരു പ്രശ്നമാണ്. അതുകൊണ്ടുതന്നെ ‘കഥയുടെ രാഷ്ട്രീയം' ചർച്ച ചെയ്യുമ്പോൾ രാഷ്ട്രീയം ഉള്ള കഥകൾ  രാഷ്ട്രീയം ഇല്ലാത്ത കഥകൾ എന്നിങ്ങനെ വേർതിരിക്കാനാവില്ല.

തസ്രാക്ക്

തസ്രാക്ക്

രാഷ്ട്രീയം പ്രധാനമായും രണ്ട് തരത്തിലുണ്ട്. ആദ്യത്തേത് സൃഷ്ടിപരമായ രാഷ്ട്രീയമാണ്. അതിനെ പുരോഗമനപരമായ രാഷ്ട്രീയമെന്നും നമുക്ക് വിളിക്കാൻ പറ്റും. രണ്ടാമത്തേത് നിഷേധാത്മകമായ രാഷ്ട്രീയവും. ഈ രണ്ട് ആശയധാരകളെ ഏതെങ്കിലുമൊക്കെ തരത്തിൽ പ്രതിഫലിപ്പിക്കുന്നതാണ് ഇന്നോളമുള്ള എല്ലാ കഥകളും കവിതകളും മനുഷ്യരും. എന്നാൽ അത് സംബന്ധിച്ച ചില അന്ധവിശ്വാസങ്ങൾ എല്ലായിടത്തുമുണ്ട്. ഒരു കഥ അതിന്റെ രാഷ്ട്രീയസത്തയെ എങ്ങനെയാണ് പ്രതിഫലിപ്പിക്കുക? കഥയിലെ ഏതെങ്കിലും കഥാപാത്രമോ, അല്ലെങ്കിൽ കഥാപാത്രങ്ങളാകെയോ വിപ്ലവകരമായ മുദ്രാവാക്യം വിളിച്ചാൽ ആ കഥ രാഷ്ട്രീയപരമോ പുരോഗമനപരമോ ആയ ഉള്ളടക്കമുള്ള കഥയായി മാറുമോ? അങ്ങനെയുള്ള രാഷ്ട്രീയസൂചകങ്ങളോ മുദ്രാവാക്യങ്ങളോ പതാകയോ പ്രകടമായി ഇല്ല എന്നതുകൊണ്ട് ഒരു കഥ രാഷ്ട്രീയസത്ത ഇല്ലാത്ത കഥയാണെന്ന്  പറയാമോ?

ഇത് തർക്കവിതർക്കങ്ങൾ ഉള്ള വിഷയമാണ്. സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും ഒട്ടേറെ തർക്കങ്ങൾ നടന്നിട്ടുണ്ട്. പല കാലഘട്ടങ്ങളിൽ, പല ദേശങ്ങളിൽ, പല സ്വഭാവങ്ങളോടു കൂടിയ ചർച്ചകൾ നടന്നിട്ടുണ്ട്. ഇപ്പോഴും അത് പല അളവിൽ തുടരുന്നുമുണ്ടാകും. സാമൂഹികപ്രതിബദ്ധതയുടെ മാനദണ്ഡങ്ങൾ സംബന്ധിച്ചും ഇത്തരമൊരു തർക്കത്തിന്റെ അന്തരീക്ഷമുണ്ട്.

യെവ്ജിൻ യെവ്തുഷങ്കോ

യെവ്ജിൻ യെവ്തുഷങ്കോ

നമ്മൾ ഒരുകഥ വായിക്കുമ്പോൾ നമുക്കിനിയും ജീവിക്കണം എന്ന് തോന്നിയാൽ, ജീവിതത്തോട് ഒരു അഭിനിവേശം തോന്നിയാൽ, സഹജാതരായ ഈ ലോകത്തെ സകല മനുഷ്യരോടും അനല്പമായ സ്നേഹം തോന്നിയാൽ, എല്ലാ മനുഷ്യരോടും സഹാനുഭൂതി തോന്നിയാൽ, ഈ പ്രപഞ്ചത്തിലെ ഓരോ കണികയോടും നമുക്ക് എന്തെന്നില്ലാത്ത ഒരു അഭിവാഞ്ഛ തോന്നിയാൽ, ദയയുടെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും നീരുറവകൾ നമ്മുടെ മനസ്സിനെ ആർദ്രമാക്കുന്നുണ്ടെങ്കിൽ അതെല്ലാം പുരോഗമനപരമാണ്. അതെല്ലാം സാമൂഹികപ്രതിബദ്ധത ഉള്ളതാണ്. മനുഷ്യത്വത്തിന്റെ ഉപ്പു നിറയ്‌ക്കാൻ ഉതകുന്ന ഏതൊരു അക്ഷരവും വരയും ആവിഷ്‌കാരവും പുരോഗമനപരമായ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നുണ്ട്.

തന്റെ വാർധക്യത്തിലാണ് റോബർട്ട് ഫ്രോസ്റ്റ് സോവിയറ്റ് യൂണിയൻ സന്ദർശിക്കുന്നത്. മഹാനായ കവിക്ക് സോവിയറ്റ് യൂണിയൻ അവിസ്മരണീയമായ സ്വീകരണമാണ് നൽകിയത്.

റോബർട്ട് ഫ്രോസ്റ്റ്

റോബർട്ട് ഫ്രോസ്റ്റ്

അവിടെ എലീഷ്യ യൂത്ത് കഫെയിൽ വെച്ച് സോവിയറ്റ് യൂണിയനിലെ പ്രശസ്തരായ എഴുത്തുകാരുടെ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. യെവ്ജിൻ യെവ്തുഷങ്കോ ഫ്രോസ്റ്റിന്റെ പ്രസംഗത്തെക്കുറിച്ച് പറഞ്ഞത് 'നാം കേട്ട വാക്കുകൾ ദന്തഗോപുരത്തിൽ നിന്നുള്ള കരുത്തിന്റെ ശബ്ദമായിരുന്നില്ല, മറിച്ച് അനന്തമായ ആകാശത്തിന്റെയും ഹരിതാഭമായ ഭൂമിയുടെയുമിടയിൽ നിന്നുള്ള മനുഷ്യത്വത്തിന്റെ ശബ്ദമായിരുന്നു’ എന്നാണ്. ആ യോഗത്തിനുശേഷം അദ്ദേഹം ഹാളിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ സദസ്സ് ഒന്നടങ്കം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

അങ്ങനെ നടന്നുപോകുമ്പോൾ വഴിയോരത്തുനിൽക്കുന്ന ചെറിയ ചെടിയിലെ ഒരു കുഞ്ഞുപൂവ് കണ്ട് ലോകപ്രശസ്തനായ കവി റോബർട്ട് ഫ്രോസ്റ്റ് അവിടെ നിൽക്കുകയും ഒരു കൊച്ചുകുട്ടിയെപ്പോലെ അവിടെ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കൗതുകത്തോടെ ആ പൂവിനെ നോക്കുകയും സ്നേഹാതുരമായി തലോടുകയും ചെയ്തുവത്രെ. നിത്യചൈതന്യയതി ഇതിനെക്കുറിച്ച് ഹൃദയസ്‌പർശിയായി എഴുതിയിട്ടുണ്ട്. ആ മഹാകവിയുടെ ഹൃദയത്തെ ആ നിമിഷത്തിൽ ആർദ്രമാക്കിയത് ഒരു കൊച്ചുപൂവാണ്. ആ അർഥത്തിൽ അതൊരു പുരോഗമനകാരിയായ പൂവാണ്. അല്ലെങ്കിൽ ഒരു വിപ്ലവകാരിയായ പൂവാണ്. കാരണം, ഒരു മനുഷ്യന്റെയുള്ളിൽ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒക്കെ ഉറവകൾ സൃഷ്ടിക്കാൻ ആ പൂവിന്‌ കഴിഞ്ഞിട്ടുണ്ട്. ആ പൂവിനും ഒരു രാഷ്ട്രീയമുണ്ട്.

നിത്യചൈതന്യയതി

നിത്യചൈതന്യയതി

അത് ഒരു മനുഷ്യനെ കൂടുതൽ മനുഷ്യനാക്കി മാറ്റുന്ന രാഷ്ട്രീയമാണ്. അങ്ങനെയുള്ള ഒരു പ്രതലത്തിൽ നിന്നുകൊണ്ട് നമുക്ക് എല്ലാ കലാസൃഷ്ടിയെയും സമീപിക്കാൻ കഴിയും.

ഒ വി വിജയന്റെ ഓർമകൾ തുടിച്ചുനിൽക്കുന്ന തസ്രാക്കിലാണ് ‘വെക്കാനം' എന്ന ഈ ക്യാമ്പിൽ നമ്മൾ ഒത്തുകൂടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ സംബന്ധിച്ചും അദ്ദേഹത്തിന്റെ കൃതികളിലെ രാഷ്ട്രീയത്തെ സംബന്ധിച്ചും പലതരത്തിലുള്ള ചർച്ചകളും പഠനങ്ങളും നടന്നിട്ടുണ്ട്. ഒ വി വിജയൻ രാഷ്ട്രീയമില്ലാത്ത ആളാണെന്ന് ആരും പറയുകയുമില്ല. ‘ധർമ്മപുരാണം' എഴുതുന്നത് അടിയന്തരാവസ്ഥയുടെ നാളുകളിലാണ്. അധികാരത്തെ ദയാരഹിതമായി വസ്ത്രാക്ഷേപം ചെയ്യുന്ന അത്തരത്തിലൊരു കൃതി മലയാളത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്.

ആ കൃതിയെ സംബന്ധിച്ച് നിരൂപകർക്കിടയിലും നമുക്കിടയിലും പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകാം. അതെല്ലാം നിലനിൽക്കുമ്പോൾ തന്നെ ഒരു കാലഘട്ടത്തോടുള്ള സവിശേഷമായ പ്രതികരണമാണത്; അടിമുടി രാഷ്ട്രീയം തന്നെയാണ്.

ഒ വി വിജയന്റെ കൃതികളിലെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്‌ തന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഒരിക്കൽ അദ്ദേഹം തന്നെ ഒരുപ്രഖ്യാപനം നടത്തിയിട്ടുള്ളത് പരിശോധിക്കുന്നത് ഉചിതമായിരിക്കും. സക്കറിയയ്‌ക്ക് നൽകിയ മറുപടിയിലായിരുന്നു അത്. സക്കറിയ ഒരു ഘട്ടത്തിൽ ഒ വി വിജയനെ കഠിനമായി വിമർശിക്കുന്നുണ്ട്. ആ വിമർശനം അസ്ഥാനത്തായിരുന്നുവെന്ന് അതിനുള്ള ഒ വി വിജയന്റെ മറുപടി വായിച്ചാൽ നമുക്ക് മനസ്സിലാവും. വളരെ അടുപ്പമുള്ളവർ അടിസ്ഥാനരഹിതമായ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴുള്ള ദുഃഖം അദ്ദേഹത്തിന്റെ മറുപടിയിൽ വളരെ പ്രകടമായിട്ടുണ്ട്. ഒ വി വിജയന്റെ മറുപടി ഇങ്ങനെയായിരുന്നു: 'നിങ്ങൾ ഇടതുപക്ഷം എന്ന് പരാമർശിക്കുന്ന കൂട്ടത്തിന്റെ ഭാഗം തന്നെയായിരുന്നു ഞാനും.

സക്കറിയ

സക്കറിയ

പിന്നീട് പല കാരണങ്ങളാൽ ഞാൻ അകന്ന് നിന്നിട്ടുണ്ട്, പക്ഷേ, അപ്പോഴും അവർ പ്രധാനമായി കണക്കാക്കുന്ന മൂല്യങ്ങളെ ഞാൻ പവിത്രങ്ങളായി കാണുന്നു.

ഞാൻ ഇടതുപക്ഷത്തെ അക്രമിക്കുന്നു എന്ന് പറയുന്നതിൽ അർധസത്യമേയുള്ളൂ. എന്റെ ഏത് അക്രമമെടുത്താലും അതിൽ ഒരുപകുതി പിന്തുണയും മറുപകുതി സൃഷ്ടിപരമായ വിമർശനവുമാണ്.’ ഇത് കഥയിലോ നോവലിലോ അല്ലാതെ അദ്ദേഹം ലോകത്തോട് നടത്തിയിട്ടുള്ള പ്രഖ്യാപനമാണ്. താൻ പവിത്രങ്ങളായി കാണുന്ന ഇടതുപക്ഷ മൂല്യങ്ങൾ പിന്തുടരുന്നത് സംബന്ധിച്ചുള്ളതാണ് ഞങ്ങളുടെ തർക്കം എന്നാണദ്ദേഹം പറഞ്ഞത്. ആ തർക്കത്തിന്റെ ഭാഗമായി ഇടതുപക്ഷം അദ്ദേഹത്തെ ശക്തമായി ആക്രമിച്ചിട്ടുമുണ്ട്.

ഒ വി വിജയൻ

ഒ വി വിജയൻ

ഒരിത്തിരി വിഷമത്തോടെ ആ ആക്രമണങ്ങളെക്കുറിച്ചും അതിൽ അദ്ദേഹം പറയുന്നുണ്ട്. തിരിച്ചുള്ള ആക്രമണത്തെക്കുറിച്ചും നമുക്ക് ഓർത്തെടുക്കാൻ കഴിയും. അതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്, അതെല്ലാം അർധവിമർശനവും അർധപിന്തുണയും ആണെന്ന്.

ഒ വി വിജയന്റെ അധികം കൊട്ടിഘോഷിക്കപ്പെട്ടിട്ടില്ലാത്ത കഥയാണ് ‘അരക്ഷിതാവസ്ഥ'. മലയാളത്തിലെ ആക്ഷേപഹാസ്യ  കഥകളിൽ ആദ്യസ്ഥാനം അലങ്കരിക്കേണ്ട ഒന്നാണത്. ഒരു സവിശേഷ രാഷ്ട്രീയ സന്ദർഭത്തെ പ്രത്യേകമായി അടയാളപ്പെടുത്തുന്ന കഥയാണത്. 1957 ലാണ് കേരളത്തിൽ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ആദ്യത്തെ കമ്യൂണിസ്റ്റ് ഗവൺമെന്റ് അധികാരത്തിൽ വന്നത്. ആ ഗവൺമെന്റിനെ വിമോചനസമരത്തെത്തുടർന്ന് 1959 ൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുളള കേന്ദ്ര ഗവൺമെന്റ് പിരിച്ചുവിട്ടു. ഇന്ദിരാഗാന്ധിയുടെ ഒരു കുട്ടിയുടേതെന്നപോലെയുള്ള വാശി അതിനുപിന്നിൽ പ്രവർത്തിച്ചു എന്ന് പല ചരിത്രകാരന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അന്നൊരിക്കൽ നെഹ്‌റു കേരളം സന്ദർശിക്കാനായി വന്നു. അപ്പോൾ കേരളത്തിലെമ്പാടും അരക്ഷിതാവസ്ഥയാണ് എന്ന് നെഹ്‌റുവിനെ ബോധ്യപ്പെടുത്താൻ ഇന്നത്തെപ്പോലെ ഒരൽപ്പവും വെള്ളം ചേർക്കാത്ത പ്രത്യേക രാഷ്ട്രീയം അന്നും സ്വീകരിച്ചിരുന്ന മലയാള മനോരമ മുൻപന്തിയിൽ തന്നെ നിന്നു. അന്ന് മനോരമ ഇംഗ്ലീഷിൽ മുഖപ്രസംഗം എഴുതി. ചരിത്രത്തിൽ പിന്നീടെപ്പോഴെങ്കിലും മനോരമ ഇംഗ്ലീഷിൽ മുഖപ്രസംഗം എഴുതിയിട്ടുണ്ടോ എന്ന് സംശയമാണ്. തർജമയുടെ ആവശ്യമില്ലാതെ നെഹ്‌റുവിന്‌ വായിച്ചു മനസ്സിലാക്കാൻ വേണ്ടിയാണ് മുഖപ്രസംഗം ഇംഗ്ലീഷിലാക്കിയത്. ഇവിടെ വലിയ അരക്ഷിതാവസ്ഥയാണെന്നും ‘ഇന്നലെത്തന്നെ പിരിച്ചുവിടേണ്ട ഗവൺമെന്റാണിത്!' എന്നുമുള്ള തോന്നൽ ഉളവാക്കുകയായിരുന്നു ലക്ഷ്യം.

ഇന്ദിരാ ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും

ഇന്ദിരാ ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും

ഒ വി വിജയന്റെ ‘അരക്ഷിതാവസ്ഥ' എന്ന കഥ ആരംഭിക്കുന്നത് '1957 ഏപ്രിൽ മാസം 5ാം തീയതി ഉച്ചയ്‌ക്ക്‌ 12 മണിക്ക് എന്റെ ഗ്രാമത്തിൽ അരക്ഷിതാവസ്ഥ ആരംഭിച്ചു’ എന്നാണ്.
കഥ തുടരുന്നു...

'ഞാൻ ഒരുപാട് കമ്യൂണിസ്റ്റുകാരോട് ഈ അരക്ഷിതാവസ്ഥയെക്കുറിച്ച് സംസാരിച്ചു. പക്ഷേ അവരിൽ ആരുംതന്നെ സ്ഥിതികൾ ഭദ്രമായി പുനഃസ്ഥാപിക്കുന്നതിനുവേണ്ടി ഒരുചെറുവിരൽ ഉയർത്തുകപോലും ചെയ്തില്ല. ഇനി അതൊക്കെ പറഞ്ഞിട്ട് എന്തുകാര്യം!’

കഥയുടെ രത്നച്ചുരുക്കം ഇങ്ങനെയാണ്: കൃമിശങ്കരൻ സൈക്കിളിൽ പോയപ്പോൾ സൈക്കിളിന്റെ പിറകിൽ ഒരുവാല് വെച്ചുകെട്ടി. പത്തുവാര നീളമുള്ള വാല്. കോതറാമിയുടെ മകൻ നങ്കേലി എന്ന മറ്റൊരുത്തൻ ഈ വാലിൽ കേറിപ്പിടിച്ചു.

അതോടെ നാട്ടിൽ വലിയ അരക്ഷിതാവസ്ഥ ഉണ്ടായി! വലിയ സംഘർഷം ഉണ്ടായി. നാട്ടുകാരൊക്കെ അതിൽ പങ്കാളികളായി. ആ സംഘർഷാവസ്ഥ തുടരുന്നതിനിടയിൽ കൃമിശങ്കരൻ സൈക്കിളും എടുത്തുകൊണ്ട് പോയി.
നാങ്കേലിയും പോയി.

‘ഈ കമ്യൂണിസ്റ്റുകാരുടെ ഭരണത്തിനു കീഴിൽ ജീവൻ അപകടത്തിലാണ് എന്നൊരു മുദ്രാവാക്യം നിങ്ങൾക്ക് നൽകുന്നു'  എന്നുപറഞ്ഞുകൊണ്ടാണ് കഥ അവസാനിക്കുന്നത്. ഇങ്ങനെ ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയേറിയ വാക്കുകൾകൊണ്ട് ആ കാലഘട്ടത്തെ അടയാളപ്പെടുത്തിയ മറ്റൊരു കഥ ഒരുപക്ഷേ ഉണ്ടാവില്ല.

അടിയന്തരാവസ്ഥക്കാലത്ത്‌ രചിക്കപ്പെട്ട ‘ധർമ്മപുരാണ'വും പ്രത്യേകമായിത്തന്നെ പല കാലങ്ങളിൽ വായിക്കാൻ കഴിയുന്നതാണ്. ഇങ്ങനെയുള്ള പ്രകടമായ സൂചനകൾ ആണോ കഥയുടെ രാഷ്ട്രീയത്തെ നിർണയിക്കുക? അത് നാം പരിശോധിക്കേണ്ട ഒരു കാര്യമാണ്.

വിജയന്റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥ ‘കടൽത്തീരത്ത്' ആണ്. കടൽത്തീരത്തുമായി താരതമ്യപ്പെടുത്തി പലരും പരിശോധിച്ചിട്ടുള്ളതാണ് ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനായ അലൻ പേറ്റന്റെ ‘CRY THE BELOVED COUNTRY ' എന്ന 1948 ൽ പുറത്തിറങ്ങിയ നോവൽ. അതിൽ ‘കടൽത്തീര’ത്തിലേതിന് ഏറെക്കുറെ സമാനമെന്ന പറയാവുന്ന ചില മുഹൂർത്തങ്ങളും കഥാപാത്രങ്ങളും ഉണ്ട്. അവിടെ ദോത്‌ഷെനി എന്ന ഗ്രാമത്തിൽനിന്നും ജോഹന്നാസ്ബർഗിലേക്ക് സ്റ്റീഫൻ കോമാലോ എന്ന ഒരുപുരോഹിതൻ തന്റെ മകനെ തിരഞ്ഞുപോകുന്നുണ്ട്. ആ മകൻ ഒരു കൊലപാതകം ചെയ്ത ആളാണ്. അദ്ദേഹം വധശിക്ഷക്ക് വിധിക്കപ്പെടുകയും അതിന് വിധേയമാവുകയും ചെയ്യുന്നുണ്ട്. ആ നോവൽ വളരെ പ്രകടമായ ഒരു രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നുണ്ട്.

തന്റെ മകനെ സ്റ്റീഫൻ കോമാലോ കാണുമ്പോൾ അവനോട് ചോദിക്കുന്നു 'മകനെ, നീയെന്തിനാണ് ആദ്യം ആയുധം ഉപയോഗിച്ചത്? ആദ്യം തോക്കേന്തിയത് എന്തിനാണ്?’  അതിനു മകൻ അബ്സലോം കൊമാലോ പറയുന്ന മറുപടി, 'ഞാൻ ഭയന്നുപോയിരുന്നു അതുകൊണ്ടാണ്’ എന്നാണ്. കോടതിയിലും അതാണ് ആവർത്തിക്കുന്നത്. താൻ ഭയന്നുപോയി, കൊല്ലപ്പെടും എന്ന് കരുതി, അതുകൊണ്ടാണ് തോക്കുപയോഗിച്ചത്. ആർതർ ജാർവിസ് എന്ന വെള്ളക്കാരനാണ് കൊല്ലപ്പെടുന്നത്. ആ വെള്ളക്കാരനെ കണ്ട മാത്രയിൽ കറുത്തവർഗക്കാരനായ അബ്സലോം കൊമാലോക്ക് താൻ വധിക്കപ്പെടും എന്ന് തോന്നിയതു കൊണ്ടാണ്, പേടിച്ചുപോയതുകൊണ്ടാണ് നിറയൊഴിച്ചത്.

ഭയം ഗ്രസിച്ചുനിൽക്കുന്ന ഒരു അന്തരീക്ഷത്തിൽ പ്രാണരക്ഷാർഥം അയാൾ ആയുധം ഉപയോഗിക്കുകയാണ്. അയാൾക്കു വേണമെങ്കിൽ തോക്കുപയോഗിച്ചപ്പോൾ അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന് പറയാം. പക്ഷേ, അങ്ങനെ പറയുന്നില്ല. വധിക്കപ്പെടും എന്നറിയുമ്പോഴും സത്യത്തെ മുറുകെപ്പിടിക്കാൻ അബ്സലോം കൊമാലോ തയ്യാറാവുന്നുണ്ട്. അയാൾ തന്റെ സത്യസന്ധതയെ ഉയർത്തിപ്പിടിക്കുന്നുണ്ട്.

ആ നോവലിൽ അലൻ പേറ്റൻ ആഫ്രിക്കയുടെ രാഷ്ട്രീയത്തെ വരച്ചിടാൻ ശ്രമിക്കുകയാണ്.

ഭംഗിയായത് നിർവഹിക്കുന്നുമുണ്ട്. ആഫ്രിക്കയിലെ ഏതൊരു കറുത്തവർഗക്കാരനും ഏത് നിമിഷത്തിലും കൊല്ലപ്പെട്ടേക്കാമെന്ന ഭയത്തിലാണ് ജീവിക്കുന്നത്.  അങ്ങനെ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയത്തെയാണ് അലൻ പേറ്റൻ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത്. കറുത്തവർഗക്കാരെയെല്ലാം ഭയത്തിലേക്കും നിരാശയിലേക്കും അതുവഴി ഒരുവേള  കുറ്റകൃത്യങ്ങളിലേക്കുപോലും നയിക്കുന്ന ഒരു കാലഘട്ടത്തെയാണ് ആ കൃതി അടയാളപ്പെടുത്തുന്നത്.

‘കടൽത്തീര’ത്തിൽ വെള്ളായിയപ്പൻ പാഴുതറയിൽനിന്ന് കണ്ണൂരിലേക്ക് യാത്രയാവുന്നു. കണ്ണൂരിൽ വെച്ച് മകനെ കാണുന്നു. 'മകനേ...’ എന്ന് ഹൃദയം പൊട്ടി വെള്ളായിയപ്പൻ വിളിക്കുന്നു. 'അപ്പാ...’ എന്ന് മകനും...
'നീ എന്ത് ചെയ്തു?’ എന്ന ചോദ്യത്തിന് 'എനിക്ക് ഓർമയില്ല...’ എന്നു മറുപടി. 'മകനേ, നീ കൊലപാതകം നടത്തിയോ?’ എന്ന് ചോദിക്കുമ്പോഴും 'എനിക്കോർമയില്ലപ്പാ...’ എന്നാണ്‌ പറയുന്നത്. ചെയ്തിട്ടുണ്ടാവാം എങ്കിലും കണ്ടുണ്ണി എന്ന മകൻ അത് ഓർക്കുന്നില്ല. അതൊരു പ്രത്യേക മാനസികാവസ്ഥയാണ്. അതിൽ കൂടുതലൊന്നും ഒ വി വിജയൻ ആ കുറ്റകൃത്യത്തെക്കുറിച്ചു പറയുന്നതേയില്ല.

അലൻ പേറ്റന്റെ നോവലിൽ ആഫ്രിക്കയുടെ രാഷ്ട്രീയത്തെ പ്രകടമായി പ്രതിഫലിപ്പിക്കുന്നുണ്ട്. എന്നാൽ കടൽത്തീരത്തിൽ ഒ വി വിജയൻ അത്ര പ്രകടമായി രാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുന്നില്ല. അപ്പോൾ ‘കടൽത്തീരത്ത്’ രാഷ്ട്രീയമില്ലാത്ത ഒരു കഥയാണോ എന്ന ചോദ്യം നമുക്കുമുന്നിൽ ഉയർന്നുവരും. അലൻ പേറ്റന്റെ ഇഞഥ CRY THE BELOVED COUNTRYഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയത്തെ ഹൃദയത്തിൽ ആഴത്തിൽ വരച്ചിടുമ്പോൾ അതുമായി താരതമ്യപ്പെടുത്തികൊണ്ട് പല നിരൂപകരും ചൂണ്ടിക്കാണിച്ചിട്ടുള്ള ഒ വി വിജയന്റെ ‘കടൽത്തീരത്ത്’ പ്രകടമായ രാഷ്ട്രീയ സൂചനകളൊന്നുമില്ലാത്ത, ഒരു മുദ്രാവാക്യത്തിന്റെ മാറ്റൊലി പോലുമില്ലാത്ത, ഒരു പതാകയുടെ വിദൂരദൃശ്യം പോലുമില്ലാത്ത, ഒരു രാഷ്ട്രീയമൂല്യ പ്രഘോഷണത്തിന്റെ ശബ്ദംപോലുമില്ലാത്ത ഒരു കഥയാണ് എന്ന് തോന്നാം.

എന്നാൽ അങ്ങനെയല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആ കഥ തുടങ്ങുമ്പോൾ മുതൽ അതിലെ ഓരോ വരിയും നമ്മളോട് വിളിച്ചുപറയുന്ന ഒരു രാഷ്ട്രീയമുണ്ട്.
'വെള്ളായിയപ്പൻ യാത്ര പുറപ്പെടുമ്പോൾ വീട്ടിൽനിന്നും കൂട്ടനിലവിളി ഉയർന്നു. അപ്പുറത്ത് അമ്മിണിയുടെ വീട്ടിലും അതിനുമപ്പുറത്ത് മുത്തു റാവുത്തറിന്റെ വീട്ടിലും ആളുകൾ ശ്രദ്ധാലുക്കളായി, വിഷാദവാന്മാരായി’.
വിഷാദവാന്മാരായി എന്ന ഒറ്റവാക്കിലൂടെ കഥയുടെ രാഷ്ട്രീയം വെളിപ്പെടുന്നുണ്ട്.

ആ നാടുമുഴുവൻ ആ കൂട്ടക്കരച്ചിലിനൊപ്പം നിശ്ശബ്ദമായെങ്കിലും പങ്കുചേരുകയാണ്. ആ ദുഃഖം തങ്ങളുടെ കൂടി ദുഃഖമാണെന്ന് ആ അയൽവീട്ടുകാർ തിരിച്ചറിയുന്നുണ്ട്, പങ്കുവെയ്‌ക്കുന്നുണ്ട്. വീട്ടുകാർ മാത്രമല്ല, ആ വീടുകൾക്കപ്പുറത്ത് പാഴുതറയിലെ അമ്പതിൽ ചില്വാനം കുടിലുകളിലത്രയും ഈ വിഷമവും സഹാനുഭൂതിയും നിറഞ്ഞുനിൽക്കുകയാണ്. ഒരാളുടെ ദുഃഖത്തെ ഒരു ഗ്രാമം മുഴുവൻ പങ്കുവെക്കുന്നുണ്ട്. ആ പങ്കുവെക്കലിന്റെ മനുഷ്യത്വം ആ വരികളിൽ നിറഞ്ഞുനിൽക്കുന്നുമുണ്ട്. മാത്രമല്ല വെള്ളായിയപ്പൻ കണ്ണൂര് പോകുമ്പോൾ വെള്ളായിയപ്പന്റെ കൂടെ തീവണ്ടി കയറാൻ ‘കൈയിൽ പണമുണ്ടായിരുന്നെങ്കിൽ' അമ്മിണിയേടത്തിയും മുത്തുവണ്ണനും നാകേലച്ചനും കോമ്പിപ്പൂശാരിയും പിന്നെ പാഴുതറയിലുള്ളവർ അത്രയുംതന്നെ കണ്ണൂരിലേക്ക് പോകുമായിരുന്നു എന്ന് പറയുന്നു.

പോയിട്ടില്ല. പോകാൻ തടസ്സമായി നിൽക്കുന്നത് കാശില്ലാത്തതുകൊണ്ടാണ്, ദരിദ്രരായതുകൊണ്ടാണ്, പാവങ്ങളായതുകൊണ്ടാണ്. ഇതേ ദാരിദ്ര്യത്തിന്റെ ക്രൗര്യം കഥയുടെ അവസാനഭാഗത്തും ഹൃദയസ്‌പർശിയായി കടന്നുവരുന്നുണ്ട്. വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട് തൂക്കിലേറ്റിയ തന്റെ മകന്റെ മൃതദേഹത്തെ ഒരു പേറ്റിച്ചിയെപ്പോലെ പാറാവുകാരിൽ നിന്ന് ഏറ്റുവാങ്ങുന്ന വെള്ളായിയപ്പൻ. ആ സമയത്ത് പാറാവുകാരൻ അദ്ദേഹത്തോട് പറയുന്നുണ്ട് 'കാരണവർക്ക് താൽപ്പര്യമുള്ളതുപോലെ ശവം സംസ്‌കരിക്കാം’. അതിന്‌ വെള്ളായിയപ്പന്റെ മറുപടി 'യജമാനന്മാരെ, എന്റെ കൈയിൽ പണമില്ല’ എന്നാണ്. സ്വന്തം മകന്റെ ശവം സംസ്‌കരിക്കാൻ പണമില്ലാതെ നിസ്സഹായനായി നിൽക്കുന്ന വെള്ളായിയപ്പൻ പൊള്ളിക്കുന്ന ഒരു രാഷ്ട്രീയ ചോദ്യമാണ്.

അതുപോലെ കണ്ണൂരിലേക്ക് പോകുന്ന വഴിയിൽ വെള്ളായിയപ്പൻ കണ്ടുമുട്ടുന്ന ചിലരുണ്ട്. അതിലൊന്ന് കുട്ട്യസ്സൻ മാപ്പിളയാണ്. 'വെള്ളായിയെ...’  മാപ്പിള പറഞ്ഞു. 'മരയ്‌ക്കാരെ...’ വെള്ളായിയപ്പൻ പ്രതിവചിച്ചു. അത്രമാത്രം. രണ്ടു വാക്കുകൾ. എന്നാൽ ആ വാക്കുകളിൽ ദീർഘങ്ങളും സമ്പന്നവുമായ സംഭാഷണ പരമ്പരകൾ അടങ്ങിയത് വെള്ളായിയപ്പനും കുട്ട്യസ്സൻ മാപ്പിളയും അറിഞ്ഞു. ആ സംഭാഷണം ഇങ്ങനെയാണ്: 'മരയ്‌ക്കാരെ, നിങ്ങൾക്ക് ഞാൻ പതിനഞ്ച് ഉറുപ്പിക കടം വീട്ടാനുണ്ട്. അല്ല,  പതിനഞ്ചുറുപ്പികയും നാലണയും’. കൃത്യമായി അദ്ദേഹം ആ കടം ഓർത്തുവെക്കുന്നുണ്ട്. കുട്ട്യസ്സൻ മാപ്പിളയുടെ മറുപടി 'വെള്ളായി, ഈ യാത്രയിൽ അതിനെക്കുറിച്ചൊന്നും ഓർക്കേണ്ടതില്ല’. അതിനോട് വെള്ളായിയപ്പന്റെ പ്രതികരണം: 'മരയ്‌ക്കാരെ ഇനിയൊരിക്കലും എനിക്കാ കടം വീട്ടാൻ കഴിഞ്ഞെന്ന് വരില്ല’ എന്നാണ്. അതിന് മാപ്പിള മറുപടി പറയുന്നത് 'വീട്ടാത്ത കടങ്ങൾ പടച്ചവന്റെ സൂക്ഷിപ്പുകളാണ്.

അത് അങ്ങനെതന്നെ ഇരിക്കട്ടെ’ എന്നും. 'എന്റെ ഉള്ളുപൊട്ടുന്നു. പ്രാണൻ പറിയുന്നു’ എന്ന വെള്ളായിയപ്പന്റെ വിലാപത്തിന് കുട്ട്യസ്സൻ മാപ്പിള പറയുന്നത് 'പടച്ചവൻ തുണയ്‌ക്കട്ടെ. മുത്തുനബി തുണയ്‌ക്കട്ടെ. എന്റെയും നിന്റെയും ദൈവങ്ങൾ തുണയ്‌ക്കട്ടെ’ എന്നാണ്. യാത്ര പോകുന്നത് വെള്ളായിയപ്പനും കണ്ടുമുട്ടുന്നത് കുട്ട്യസ്സൻ മാപ്പിളയുമാണ്. വെള്ളായിയപ്പന് ചങ്കുപറിയുന്ന വേദന വരുമ്പോൾ കുട്ട്യസ്സൻ മാപ്പിള പറയുന്നത് നാം കണ്ടു. ഒരുപക്ഷേ ഒ വി വിജയൻ എഴുതുമ്പോൾ ഈ വരികൾക്ക് ഇല്ലാതിരുന്ന രാഷ്ട്രീയം 2022 ൽ ഉണ്ട്. എന്റെയും നിന്റെയും ദൈവങ്ങൾ തുണയ്‌ക്കട്ടെ എന്നുപറയാൻ ഈ കാലത്ത് രണ്ടുകഥാപാത്രങ്ങൾക്ക് കഴിയുന്നുണ്ടോ എന്നും ഉണ്ടെങ്കിൽത്തന്നെ എത്രമാത്രം കഴിയുന്നുണ്ട് എന്നുമൊക്കെയുള്ള രാഷ്ട്രീയ ആലോചനയ്‌ക്ക്‌ നമുക്കിത്‌ വിടാവുന്നതാണ്. പുതിയകാലത്ത് പഴയ വരികൾക്ക് പുതിയ അർഥം വരും എന്ന് സൂചിപ്പിക്കുന്നതിനുവേണ്ടി ഓർമിപ്പിച്ചു എന്നുമാത്രം.

പറഞ്ഞുവന്നത് കടൽത്തീരത്ത് മുന്നോട്ടുവെക്കുന്നത് ഒരു ദരിദ്രന്റെ ദൗർഭാഗ്യകരമായ വിധിയെക്കുറിച്ചുള്ള ചില വിചാരങ്ങൾ കൂടിയാണ്. ദാരിദ്ര്യം എന്നത് ലോകത്തെ ഏറ്റവും കനമുള്ള രാഷ്ട്രീയമാണ്. നിങ്ങൾ ദാരിദ്ര്യത്തെക്കുറിച്ചും ദരിദ്രരെക്കുറിച്ചും സംസാരിക്കുന്നു എന്നുപറഞ്ഞാൽ അതാണ് ലോകത്തെ ഏറ്റവും കഴമ്പുള്ള രാഷ്ട്രീയം. ഈ വ്യവസ്ഥിതി എങ്ങനെയാണ് ഒരു ദരിദ്രനോട് പെരുമാറുന്നത്? ഒരുപക്ഷേ വെള്ളായിയപ്പൻ ഒരു സമ്പന്നനായിരുന്നെങ്കിൽ കണ്ടുണ്ണി കൊല്ലപ്പെടുമായിരുന്നോ എന്നത് ഒരു ചോദ്യമാണ്. അതിന് ഒറ്റവാക്കിൽ ഉത്തരം പറയാൻ നമുക്ക് സാധിച്ചേക്കില്ല.

ഏത് കുറ്റകൃത്യത്തിനും ചിലപ്പോൾ കോടതിസമയം കഴിഞ്ഞാലും ജാമ്യം കിട്ടുന്ന വർത്തമാനകാല പരിസരത്തുനിന്നുകൊണ്ട് നിങ്ങൾക്ക് കൂടുതൽ പണം ചിലവഴിക്കാനും കൂടുതൽ നല്ല വക്കീലിനെ നിയോഗിക്കാനും വിധിപറയാൻ നിയോഗിക്കപ്പെട്ടയാളെ സ്വാധീനിക്കാനും കഴിയുമെങ്കിൽ വധശിക്ഷ ജീവപര്യന്തമായി മാറിയേക്കുമെന്ന് ഊഹിക്കാവുന്നതാണ്. ചിലപ്പോൾ വിട്ടയച്ചു എന്നും വന്നേക്കാം. ഇത് വർത്തമാനകാല സാമൂഹിക രാഷ്ട്രീയ പരിസരത്തുനിന്നുകൊണ്ട് തന്നെ നമുക്ക് വായിച്ചെടുക്കാൻ കഴിയുന്ന ചില അനുഭവങ്ങളാണ്.

ആ അനുഭവങ്ങളുടെ മുന്നിൽ നിൽക്കുമ്പോഴാണ് ‘കടൽത്തീരത്ത്' ഒരു ദരിദ്രന്റെ വിലാപം കൂടിയായി മാറുന്നത്. ഒരു നിർഭാഗ്യവാനായ മനുഷ്യനെ അനുഗമിക്കാൻ ഒരു സമൂഹത്തിനാകെ കാശില്ലാതെ പോകുന്നതിന്റെ വിലാപങ്ങൾ. സ്വന്തം മകന്റെ മൃതശരീരം വേണ്ടവിധം സംസ്‌കരിക്കാൻ പോലും പണമില്ലാത്തതിനാൽ കഴിയാതെപോകുന്ന ഒരു പിതാവിന്റെ വിലാപം. ഈ ദാരിദ്ര്യത്തിന്റെ രാഷ്ട്രീയത്തെ കൂടി ‘കടൽത്തീരത്ത്' മുന്നോട്ടുവെക്കുന്നുണ്ട്. ഒരു പക്ഷേ, കണ്ടുണ്ണിയെ കഴുമരത്തിലെത്തിച്ചതിന്റെ മൂലകാരണവും ദാരിദ്ര്യമാകാം.

അലൻ പേറ്റന്റെ കൃതിയിൽ വർണവിവേചനത്തിനെതിരായ പ്രതിരോധത്തിന്റെ രാഷ്ട്രീയത്തെ പ്രകടനപരമായി തന്നെ സന്നിവേശിപ്പിക്കുമ്പോൾ കടൽത്തീരത്തിൽ വർഗപ്രശ്നത്തെ, വർഗരാഷ്ട്രീയത്തിന്റെ ഏറ്റവും തീക്ഷ്ണമായ പ്രശ്നത്തെ പ്രകടമായ ഒരു അലങ്കാരങ്ങളുമില്ലാതെ അടയാളപ്പെടുത്താനും ഭംഗിയായി സന്നിവേശിപ്പിക്കാനും ഒ വി വിജയന് സാധിക്കുന്നുണ്ട്.

ഇത് ഒ വി വിജയന്റെ ഒരു കഥയുടെ കാര്യം മാത്രമല്ല, വേണ്ടത്ര രാഷ്ട്രീയ ഉള്ളടക്കം ഇല്ലാത്ത കഥകളാണ് ടി പത്മനാഭന്റേത് എന്ന് പലരും പറയാറുണ്ട്.

ടി പത്മനാഭൻ         ഫോട്ടോ: ജഗത്‌ലാൽ

ടി പത്മനാഭൻ ഫോട്ടോ: ജഗത്‌ലാൽ

മറിച്ച് അഭിപ്രായമുള്ളവരും ഉണ്ട്. അദ്ദേഹത്തിന്റെ ഏത് കഥയിലും മുമ്പ്‌ ‘കടൽത്തീരത്തി’ന്റെ കാര്യത്തിൽ  പറഞ്ഞതുപോലെ വളരെ കൃത്യമായ രാഷ്ട്രീയമുണ്ട് എന്ന് സൂക്ഷ്മമായി വായിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

‘മഖൻസിങ്ങിന്റെ മരണ'ത്തിൽ ശ്രീനഗറിലേക്ക് പോകുന്ന വണ്ടിയിൽ ഇടയ്‌ക്ക്‌ ഇൻസ്‌പെക്ടർ വന്ന് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുമ്പോൾ പാവപ്പെട്ട ഒരു അമ്മയ്‌ക്കും അവരുടെ മരുമകൾക്കും ടിക്കറ്റില്ല. അവർ പിടിക്കപ്പെടും. അപ്പോൾ സർദാർജി മഖൻസിങ്ങ്‌ ഇൻസ്‌പെക്ടറോട് അവർക്കു വേണ്ടി സംസാരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു, 'ഇവർക്ക് ശ്രീനഗറിൽ എത്തേണ്ടതാണ്. ഈ സ്ത്രീയുടെ മകൻ അവിടെ രോഗിയായി കിടപ്പുണ്ട്’.

അപ്പോൾ ഇൻസ്‌പെക്ടർ പുച്ഛത്തോടുകൂടി ചോദിക്കുന്നു, 'അതുകൊണ്ട്?’
മഖൻസിങ്ങ്‌ ക്ഷോഭിക്കുന്നു: 'അതുകൊണ്ടെന്നോ? അവരെ യാത്രചെയ്യാൻ അനുവദിക്കണം. അവരുടെ കൈയിൽ പണമില്ല. അവർ പാവങ്ങളാണ്. അവരെന്തുകൊണ്ട് പാവങ്ങളായി എന്നതുപോകട്ടെ, എന്റെ കൈയിൽ പണമുണ്ടായിരുന്നെങ്കിൽ ഞാൻ സഹായിക്കുമായിരുന്നു. പക്ഷേ എന്റെ കൈയിലും പണമില്ല’.   ആശുപത്രിയിൽ കിടക്കുന്ന മകനെ സന്ദർശിക്കാനുള്ള യാത്ര  പണമില്ലാത്തതിനാൽ തടയപ്പെടുന്ന ഒരു അമ്മയുടെ വിലാപങ്ങൾ തന്നെയാണ് ‘മഖൻസിങ്ങിന്റെ മരണ'ത്തിൽ മുഴങ്ങിക്കേൾക്കുന്നത്.

ഒടുവിൽ മഖൻസിങ്ങ്‌ രാംലാലിന്റെ നിലവിളികൾക്ക് ചെവികൊടുക്കാതെ മരിച്ചുപോകുന്നു. ആ മരണം ഒരു വിശുദ്ധമരണമാണ്. അതൊരു രക്തസാക്ഷിത്വമാണ്. ആ മരണത്തിലേക്ക് മഖൻസിങ്ങിനെ നയിക്കുന്നത് തീക്ഷ്ണമായ വർഗപ്രശ്നമാണ്. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ചൂഷണത്തിന്റെയും ആഘാതമത്രയും അനുഭവിക്കുന്ന സകല മനുഷ്യരുടെയും വേദനകൾ ഏറ്റുവാങ്ങിയിട്ടാണ് മഖൻസിങ്ങ്‌ വിടപറയുന്നത്.

ഓരോ കഥയിലും പ്രകടമായും ആഘോഷത്തോടെയും ബഹളങ്ങളോടെയും മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനുപകരം അതിനെ ഏറ്റവും സർഗാത്മകമായി, തീക്ഷ്ണമായി, അത്രമേൽ അനുഭവവേദ്യമായി സന്നിവേശിപ്പിച്ചിട്ടുള്ള കഥകൾ നമുക്ക് ചുറ്റുമുണ്ട്. ആ കഥകളൊക്കെയും രാഷ്ട്രീയമില്ലാത്ത കഥകളാണ് എന്ന് പറഞ്ഞാൽ അതിനർഥം ആ കഥകളുടെ രാഷ്ട്രീയത്തെ കണ്ടെടുക്കാൻ നമ്മുടെ വായനയ്‌ക്ക്‌ സാധിച്ചില്ല എന്നുമാത്രമാണ്. അതുപോലെ നിഷേധാത്മകമായ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന കഥകളും ഉണ്ട്. അതും രാഷ്ട്രീയ നിരപേക്ഷമായ കഥകളല്ല.

കഥയ്‌ക്കുള്ളിലെ കാര്യത്തെ വായിച്ചെടുക്കാൻ, കഥയുടെയും കവിതയുടെയും സിനിമയുടെയുമൊക്കെ ഉള്ളിലെ കാര്യത്തെക്കൂടി വായിച്ചെടുക്കാൻ കഴിയുംവിധം നമ്മുടെ വായന കരുത്തു നേടുമ്പോഴാണ് യഥാർഥ കഥയെ കണ്ടെടുക്കാനാവുക. ചുരുക്കിപ്പറഞ്ഞാൽ രാഷ്ട്രീയമില്ലാതെ ഒരു കഥപോയിട്ട് ഒരു വാചകം പോലും എഴുതി പൂർത്തിയാക്കാൻ ആർക്കും കഴിഞ്ഞേക്കില്ല; എത്രതന്നെ ശ്രമിച്ചാലും.
അത് വായിക്കുന്നവർക്ക് എല്ലാവർക്കും ഒരുപോലെ മനസ്സിലായിക്കൊള്ളണമെന്നില്ല എന്നുമാത്രം.

 ഇടശ്ശേരി

ഇടശ്ശേരി

കേരളത്തിൽ പരിസ്ഥിതിയെക്കുറിച്ച് ആദ്യകാലത്ത് ഏറ്റവും കൂടുതൽ ആകുലപ്പെട്ടത് ഇവിടത്തെ പരിസ്ഥിതി പ്രവർത്തകരായിരുന്നില്ല. മറിച്ച് എഴുത്തുകാരായിരുന്നു.  ഇടശ്ശേരി  ‘കുറ്റിപ്പുറം പാലം' എഴുതുമ്പോൾ കേരളത്തിലെ നദികളുടെ നിലനിൽപ്പിനെക്കുറിച്ച് ഏതെങ്കിലും പരിസ്ഥിതിപ്രവർത്തകർ  ഉൽക്കണ്ഠപ്പെടുകയോ ശബ്ദമുയർത്തുകയോ ചെയ്തതായി അറിയില്ല.

റെയ്‌ച്ചൽ കാഴ്‌സൻ  ‘സൈലന്റ് സ്പ്രിങ്' എഴുതുന്നതിനും മുൻപാണ് ഇടശ്ശേരി ‘കുറ്റിപ്പുറം പാലം' എഴുതുന്നത്. അന്ന് നിറഞ്ഞൊഴുകുന്ന സമൃദ്ധമായ നിളയുടെ കാലമാണ്. അന്നദ്ദേഹം 'അമ്പ പേരാറേ നീ മാറിപ്പോമോ ആകുലയാ,മൊരഴുക്കുചാലായ്!’ എന്ന് ഭാരതപ്പുഴയെ നോക്കി ആകുലപ്പെടുന്നുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ്‌ അങ്ങനെ ആകുലപ്പെടണമെങ്കിൽ എത്രമാത്രം ആഴത്തിൽ പരിസ്ഥിതിയുടെ രാഷ്ട്രീയം ആ കവിയെ സ്വാധീനിച്ചിട്ടുണ്ടാവും? അത് ഒരുകവിയുടെ മാത്രം ഒറ്റപ്പെട്ട അനുഭവമല്ല.

റെയ്‌ച്ചൽ കാഴ്‌സൻ

റെയ്‌ച്ചൽ കാഴ്‌സൻ

കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി പ്രമേയമായ കഥ എന്ന് 1969 ൽ പുറത്തിറങ്ങിയ ടി പത്മനാഭന്റെ ‘സാക്ഷി'യെ അടയാളപ്പെടുത്തുന്നുണ്ട്. കുന്നുകൾ ഇടിച്ചുകളയുന്നതിനെക്കുറിച്ചും കാണെക്കാണെ ജനപദങ്ങൾ മാഞ്ഞുപോകുന്നതിനെക്കുറിച്ചും അങ്ങനെ പരിസ്ഥിതിക്കേൽക്കുന്ന ഓരോ പോറലുകളും ഒരു മനുഷ്യന്റെ ഹൃദയത്തിലുണ്ടാകുന്ന വലിയ മുറിവുകളെക്കുറിച്ച് ആ കഥ വാചാലമാകുന്നുണ്ട്. പരിസ്ഥിതിയുടെ രാഷ്ട്രീയത്തെക്കുറിച്ച്, പാരിസ്ഥിതികമായ പ്രശ്നങ്ങളെക്കുറിച്ച് കേരളത്തിൽ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ കഥാരൂപത്തിലുള്ള പ്രബന്ധം ഒരുപക്ഷേ അതായിരിക്കും. ആ അർഥത്തിൽ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയത്തെ മുമ്പോട്ടുവെച്ച കഥകളാണ് ടി പത്മനാഭന്റെ കഥകളുമെന്ന് കാണാം.

അതറിയാൻ സൂക്ഷ്മവായന പോലും വേണമെന്നില്ല, ഒരു രണ്ടാം വായനയിൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന രാഷ്ട്രീയമാണ് മിക്ക സാഹിത്യ ആവിഷ്‌കാരങ്ങളിലും ഉള്ളത്. ഒ വി വിജയൻ ഉൾപ്പെടെയുള്ളവരുടെ കൃതികൾ രാഷ്ട്രീയ രചനകളുടെ മനോഹരമായ ഉദാഹരണങ്ങളുമാണ്  .
(ഒ വി വിജയൻ സ്‌മാരക സമിതിയുടെ ആഭിമുഖ്യത്തിൽ തസ്രാക്കിൽ സംഘടിപ്പിച്ച ‘വെക്കാനം' യുവകഥാശിൽപ്പശാല സമാപന ചടങ്ങിലെ പ്രഭാഷണം)


(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top