02 October Monday

ഗതകാലപ്രൗഢിയുടെ കെട്ടുകഥകള്‍ പൊളിക്കുന്ന പുസ്തകം- 'ശാസ്ത്രത്തിന്റെ ഉദയം'

ശ്രീജിത്ത് ശിവരാമന്‍Updated: Wednesday Jan 4, 2023

താണു പദ്മനാഭന്‍,വസന്തി പദ്മനാഭന്‍

മനുഷ്യവംശത്തിന്റെ ഏറ്റവും ഉന്നതമായ ജ്ഞാനോല്‍പ്പാദന മേഖലകളില്‍ ഒന്നാണ് ശാസ്ത്രം. ശാസ്ത്രത്തിന്റെ  വികാസവും ചരിത്രവും ഉത്പാദന വ്യവസ്ഥകളുടെ വികാസത്തിലെ ഏറ്റവും പ്രധാന ഏടുകളാണ്. എന്നാല്‍ നമ്മുടെ യാഥാസ്ഥിതിക ചിന്തകരും ചരിത്രകാരന്മാരും ശാസ്ത്രത്തെയും അതിന്റെ ചരിത്രത്തെയും സമീപിക്കുന്നത് ഏതാനും ചില മഹാമനീഷികളുടെ ആത്മനിഷ്ഠമായ വെളിപ്പെടലുകളാണ് ശാസ്ത്രമുന്നേറ്റം എന്ന നിലയ്ക്കാണ്. ഇത് തികഞ്ഞ അസംബന്ധവും ചരിത്രവിരുദ്ധവുമാണ്.

ഉത്പാദന വ്യവസ്ഥകളുടെ വികാസത്തിലെ ഓരോ ഘട്ടത്തിലും അതാവശ്യപ്പെടുന്ന ശാസ്ത്രവികാസത്തിലേക്ക് മനുഷ്യര്‍ എത്തിച്ചേരുകയാണ് ചെയ്യുക, തീര്‍ച്ചയായും അതാത് ഘട്ടത്തിലെ ജീനിയസുകളുടെ വൈയക്തിക സംഭാവനകള്‍ അതിലുണ്ടാകാം. പക്ഷേ അവരുടെ മാത്രം ഉത്പന്നമല്ല ശാസ്ത്രം, അവരല്ലെങ്കില്‍ മറ്റു ചിലര്‍ തീര്‍ച്ചയായും അത്തരം അന്വേഷണങ്ങളിലേക്ക് എത്തിയേനെ. ശാസ്ത്ര ചരിത്രത്തെ സാമൂഹിക വികാസവുമായി ചേര്‍ത്ത് അവതരിപ്പിക്കുക എന്നത് നിസാരമായ പ്രവൃത്തിയല്ല. ഒരേസമയം ശാസ്ത്രത്തിലും സാമൂഹിക ചരിത്രത്തിലും അഗാധമായ അറിവുള്ളവര്‍ക്കേ അത്തരം പഠനങ്ങള്‍ ഏറ്റെടുക്കാനാകൂ. അത്തരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളാണ് ജെ ഡി ബെര്‍ണലിന്റെ നാല് വാല്യങ്ങളിലായി പ്രസിദ്ധീകൃതമായ 'ശാസ്ത്രം ചരിത്രത്തില്‍' എന്ന പുസ്തകം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസ്തുത പുസ്തകം മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സുദീര്‍ഘവും ആഴത്തിലുള്ളതുമായ പഠനം എന്ന നിലയ്ക്ക് ഒരു വിദഗ്ധ വായനക്കാണ് ആ പുസ്തകം പ്രയോജനപ്പെടുക. അതോടൊപ്പം പ്രധാനമാണ് ശാസ്ത്രത്തിന്റെ അപകോളനിവത്ക്കരണവും. ഉത്പാദന വ്യവസ്ഥകളുടെ വികാസത്തില്‍ മൂലധന കേന്ദ്രീകരണംപോലെതന്നെ പ്രധാനമാണ് അറിവിന്റെ വ്യാപനവും. ശാസ്ത്ര ചരിത്രത്തില്‍ പൊതുവെ അവഗണിക്കപ്പെട്ട ഒരു മേഖലയാണ് ഇത്. അതുകൊണ്ടുതന്നെ ആധുനിക ശാസ്ത്രത്തിന്റെ മുഴുവന്‍ കേന്ദ്രവും യൂറോപ്പ് മാത്രമാണെന്ന പൊതുധാരണയിലേക്ക് ഇതെത്തുന്നു. മാര്‍ട്ടിന്‍ ബെര്‍ണല്‍ എഴുതിയ ബ്ളാക്ക് അഥീന, ജോസഫ് നീധാം ചൈനയിലെ അറിവിന്റെ വികാസങ്ങളെക്കുറിച്ചു നടത്തിയ പഠനങ്ങള്‍, കേരളത്തിലെ ഗണിതശാസ്ത്ര മുന്നേറ്റങ്ങളെക്കുറിച്ച് ജോര്‍ജ്ജ് ഗീവര്‍ഗീസ് ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പഠനങ്ങള്‍ എന്നിവ മുതല്‍ ഏറ്റവും ഒടുവിലായി ജെയിംസ് പോസ്കെറ്റ് എഴുതിയ ഹൊറൈസണ്‍ എന്ന ബൃഹദ്പഠനം എന്നിവയെല്ലാം ഈ മേഖലയിലെ യൂറോകേന്ദ്രീകൃത ധാരണകളെ തിരുത്തുന്നതാണ്.

ശാസ്ത്രത്തിന്റെ ഉദയം താണു പത്മനാഭന്‍, വസന്തി പത്മനാഭന്‍ വിവ: പി സുരേഷ് ബാബു പ്രസാ: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വില: $ 432

ശാസ്ത്രത്തിന്റെ ഉദയം താണു പത്മനാഭന്‍, വസന്തി പത്മനാഭന്‍ വിവ: പി സുരേഷ് ബാബു പ്രസാ: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വില: $ 432

മേല്‍പ്പറഞ്ഞ രണ്ടു ഘടകങ്ങളെയും കോര്‍ത്തിണക്കി ലളിതവും കാവ്യാത്മകവുമായ ഭാഷയില്‍ ശാസ്ത്രചരിത്രത്തെ അവതരിപ്പിക്കുന്ന അപൂര്‍വ ഗ്രന്ഥമാണ് സുപ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനും മലയാളിയുമായ താണു പദ്മനാഭനും ജീവിത പങ്കാളിയും ഭൗതിക ശാസ്ത്രജ്ഞയുമായ വസന്തി പദ്മനാഭനും ചേര്‍ന്നെഴുതിയ ദി ഡോണ്‍ ഓഫ് സയന്‍സ്: ഗ്ലിമ്സസ് ഫ്രം ഹിസ്റ്ററി ഫോര്‍ ക്യൂരിയസ് മൈന്‍ഡ് എന്ന പുസ്തകം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഈ പുസ്തകത്തെ മലയാളത്തിലാക്കി 'ശാസ്ത്രത്തിന്റെ ഉദയം: ജിജ്ഞാസുക്കള്‍ക്കായി ചരിത്രത്തിലേക്ക് ഒരു തിരനോട്ടം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

ശാസ്ത്ര പുസ്തകങ്ങളുടെ പരിഭാഷ ഒട്ടും എളുപ്പമല്ല, പ്രത്യേകിച്ച് ശാസ്ത്രപദങ്ങളുടെ വിവര്‍ത്തനം പലപ്പോഴും സംസ്കൃതവത്കരിക്കപ്പെട്ട് വായനാക്ഷമതയെ ഇല്ലാതാക്കുന്ന അനുഭവം മലയാളത്തില്‍ പ്രകടവുമാണ്. എന്നാല്‍ താണു പദ്മനാഭന്റെയും വസന്തി പത്മനാഭന്റെയും കാവ്യാത്മകവും വസ്തുനിഷ്ഠവുമായ ഭാഷയെ അതേ കരുത്തോടെ മലയാളീകരിക്കാന്‍ പരിഭാഷകനായ പി.സുരേഷ് ബാബുവിന് കഴിഞ്ഞിരിക്കുന്നു. മലയാള ശാസ്ത്ര ഗ്രന്ഥങ്ങളിലെയും പരിഭാഷയിലെയും ഒരു ശ്രേഷ്ഠസൃഷ്ടിയായി ഈ പുസ്തകം തലയുയര്‍ത്തി നില്‍ക്കും.

പിരമിഡുകളുടെ ഗണിതശാസ്ത്രത്തില്‍ നിന്നാണ് പുസ്തകം ആരംഭിക്കുന്നത്. മാനവ ചരിത്രത്തിലെ മനുഷ്യാദ്ധ്വാനത്തിന്റെ ആദ്യ അത്ഭുത സൃഷ്ടികളില്‍ ഒന്നാണ് പിരമിഡുകള്‍  . ഇത്രയും ബൃഹത്തായ സൃഷ്ടികള്‍ നടത്തണമെങ്കില്‍ തീര്‍ച്ചയായും അതിനെ സഹായിക്കുന്ന ഗണിതശാസ്ത്രവും വികസിച്ചിരിക്കണം. ആ അന്വേഷണങ്ങളില്‍ തുടങ്ങി പൈതഗോറസ്, ഥേല്‍സ്, യൂക്ലിഡ് തുടങ്ങിയവരുടെ സംഭാവനകളെയും അതിന്റെ സാമൂഹ്യ സാഹചര്യങ്ങളെയും സ്പര്‍ശിച്ചുകൊണ്ട് പുസ്തകം മുന്നേറുന്നു.

1962 ല്‍ കോംഗോയിലെ എഡ്വേര്‍ഡ് തടാക തീരത്ത് നിന്ന് ലഭിച്ച ഒരു മൃഗാസ്ഥിയില്‍  ഏതാണ്ട് പതിനൊന്നായിരം വര്‍ഷം മുന്‍പ് മനുഷ്യര്‍ എണ്ണം അടയാളപ്പെടുത്തിയതായി കണ്ടു. ഇതാണ് നമ്മുടെ മുന്നില്‍ ലഭ്യമായ ആദ്യ ഗണിത ലേഖനം. അവിടെനിന്നുള്ള ഗണിത ശാസ്ത്ര വികാസം അടയാളപ്പെടുത്താനാണ് ആദ്യഭാഗത്തില്‍ ഗ്രന്ഥകര്‍ത്താക്കള്‍ ശ്രമിക്കുന്നത്.

സാധാരണ ഗതിയില്‍ ശാസ്ത്രചരിത്ര പുസ്തകങ്ങളില്‍ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോകുന്ന ഒന്നാണ് വൈദ്യശാസ്ത്ര ചരിത്രം. ഇന്ത്യയില്‍ ചരകന്‍ മുതല്‍ നടന്ന വൈദ്യശാസ്ത്ര പഠനങ്ങളെയും, മനുഷ്യശരീരത്തെക്കുറിച്ചുള്ള മിത്തുകളെയും പൊളിച്ചെഴുതിയ ശ്രമകരമായ ചരിത്ര സന്ദര്‍ഭങ്ങളെയും വിശദമായിത്തന്നെ പുസ്തകം പരിശോധിക്കുന്നു.

പുസ്തകത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്ന ഒന്നാണ് അറബ് ലോകത്തിന്റെ ശാസ്ത്ര സംഭാവനകള്‍. ഇന്തോ അറബ് എണ്ണല്‍ സംഖ്യകളുടെ വികാസത്തെക്കുറിച്ചുള്ള അധ്യായം സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. കൊളോണിയലിസവും യൂറോപ്പിലെ ശാസ്ത്രവികാസവും, പള്ളിയും ശാസ്ത്രവും തമ്മിലെ കൊടുക്കല്‍വാങ്ങലുകള്‍ എന്നിവയെയെല്ലാം പുതിയ വെളിച്ചത്തില്‍ അവതരിപ്പിക്കാന്‍ ഗ്രന്ഥകര്‍ത്താക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ഗണിതശാസ്ത്രത്തിലെ കേരള സ്കൂളിനെക്കുറിച്ചുള്ള (നിളാ സ്കൂള്‍ എന്നാണ് ഗ്രന്ഥകര്‍ത്താക്കള്‍വിശേഷിപ്പിക്കുന്നത്) വിപുലമായ അധ്യായം പ്രത്യേക വായന അര്‍ഹിക്കുന്ന ഒന്നാണ്. കേരളത്തിന്റെ ഗണിതശാസ്ത്ര പാരമ്പര്യം എത്രമാത്രം ഗഹനമായിരുന്നു എന്ന് ഈ അദ്ധ്യായം കാണിക്കുന്നുണ്ട്. കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും ഈ മേഖലയില്‍ നടക്കണം എന്നആവശ്യം വിളിച്ചോതുന്നതാണ് ഈ അധ്യായം.

ശാസ്ത്രചരിത്രത്തെ സങ്കുചിത ദേശീയതയുടെ ഭാഗമാക്കുകയും  ഒരു സുവര്‍ണ്ണ ഭൂതകാലത്തിന്റെ  അപരര്‍ തകര്‍ത്ത മേന്മയായി അവതരിപ്പിക്കുകയും ചെയ്യുന്ന പുതിയ കാലത്ത് അറിവിന്റെ വികാസം ചരിത്രത്തിന്റെ മതില്‍ക്കെട്ടുകള്‍ ഭേദിച്ച് മാനവരാശിയുടെ മൊത്തം സ്വത്തായി വികസിച്ച ഒന്നാണെന്നും അതിന്റെ പ്രയാണത്തിന് തടസം നിന്നത് ചൂഷക വ്യവസ്ഥകള്‍ ആണെന്നും ആവര്‍ത്തിച്ച് പറയേണ്ടതുണ്ട്.

ഗതകാല പ്രൗഢിയുടെ കെട്ടുകഥകള്‍ പൊളിക്കാന്‍ ചരിത്രത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠ അറിവുകള്‍ നേടിയേ മതിയാകൂ. ആ നിലയ്ക്ക് മലയാള ജ്ഞാനസമൂഹത്തിനു വിലപ്പെട്ട കൃതിയാണ് താണു പത്മനാഭനും വസന്തി പത്മനാഭനും ചേര്‍ന്നെഴുതി പി സുരേഷ് ബാബു വിവര്‍ത്തനം ചെയ്ത 'ശാസ്ത്രത്തിന്റെ ഉദയം' എന്ന പുസ്തകം.

(ചിന്ത വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top