'ഓർമ, അനുഭവം, രാഷ്‌ട്രീയം’ ; യെച്ചൂരിയെക്കുറിച്ചുള്ള പുസ്തകം ഇന്ന് പ്രകാശിപ്പിക്കും
തിരുവനന്തപുരം
രാഷ്‌ട്രീയ പരിധിക്കപ്പുറത്തുനിന്നുപോലും അംഗീകാരവും ആദരവും നേടിയ സീതാറാം യെച്ചൂരിയുടെ രാഷ്‌ട്രീയ ജീവിതം സമഗ്രമായി അവതരിപ്പിച്ച് ‘സീതാറാം യച്ചൂരി: ഓർമ, അനുഭവം, രാഷ്‌ട്രീയം’ എന്ന പുസ്തകം. ചിന്ത പബ്ലിഷേഴ്സാണ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി എഡിറ്റ് ചെയ്ത പുസ്തകം പുറത്തിറക്കുന്നത്. ജെഎൻയു കാലംമുതൽ ലോകമാകെ ശ്രദ്ധിക്കപ്പെട്ട രാഷ്‌ട്ര തന്ത്രജ്ഞൻ എന്ന നിലയിൽ യച്ചൂരിയുടെ വളർച്ചവരെയുള്ള ഹൃദയസ്പർശിയായ കുറിപ്പുകൾ ഇതിലുണ്ട്.
പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, എം വി ഗോവിന്ദൻ, എ വിജയരാഘവൻ, മുഹമ്മദ് സലിം, ഡോ. തോമസ് ഐസക്, പ്രഭാത് പട്നായിക്, പി രാജീവ്, എം ബി രാജേഷ് തുടങ്ങി ഒട്ടേറെപേർ എഴുതിയിട്ടുണ്ട്. ചിത്രങ്ങളടക്കം ജീവിതരേഖയും അഭിമുഖങ്ങളും ഇടത് ആശയ പ്രപഞ്ചത്തിന് ഈടുവയ്പായ സൈദ്ധാന്തിക പ്രബന്ധങ്ങളുമുണ്ട്.
തങ്ങൾ എസ്‌എഫ്‌ഐ ഭാരവാഹികളായിരുന്നപ്പോൾ മുതലുള്ള അനുഭവങ്ങളുണ്ടെന്ന് എം എ ബേബി പറഞ്ഞു. സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളിൽനിന്നുള്ള ഇടപെടലുകൾ സിപിഐ എമ്മിനും ഇടതുപക്ഷത്തിനാകെയും വലിയ സംഭാവനയാണെന്നും ബേബി പറഞ്ഞു.
ചൊവ്വാഴ്ച സിപിഐ എം കൊല്ലം ജില്ലാസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുസ്തകം പ്രകാശിപ്പിക്കും. എം എ ബേബി എഴുതിയ ‘കമ്യൂണിസ്‌റ്റ് പാർടികളുടെ ചരിത്രത്തിലൂടെ’ എന്ന പുസ്തകത്തിന്റെ ഒന്നാം സഞ്ചികയും ഇതോടൊപ്പം പ്രകാശിപ്പിക്കും. ക്യൂബ മുതൽ സിറിയ വരെയുള്ള 12 രാജ്യങ്ങളിലെ പാർടികളുടെ ചരിത്രമാണ് ഇതിലുള്ളത്. ചിന്തയാണ് പ്രസാധകർ. 730 രൂപ വിലയുള്ള രണ്ടുപുസ്തകങ്ങൾ 500 രൂപയ്ക്ക് ലഭിക്കും.
0 comments