23 March Thursday

എഴുത്ത്: നിസ്സഹായതയുടെ മുറിവുകൾ-ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്‌ സംസാരിക്കുന്നു

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്/പ്രസാദ് കാക്കശ്ശേരിUpdated: Tuesday Apr 26, 2022

ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌ - ഫോട്ടോ: ജഗത്‌ലാൽ

മുറിവേറ്റവരുടെ ആകുലതകളിൽ നിന്നാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥകൾ ഉയിരെടുക്കുന്നത്. മനുഷ്യൻ മാത്രമല്ല, ഇതര ജീവിവർഗങ്ങളും മരങ്ങളും മലകളും ജലവും മുറിവേറ്റതിന്റെ തിണർപ്പുകൾ ആ കഥാലോകത്തിന്റെ ആന്തരികമുദ്രയായി നമ്മെ വ്യഥിതരാക്കുന്നു.

‘കുളിപ്പിക്കുമ്പോൾ
നിങ്ങൾ കാണും
മുറിവേൽക്കാത്തതായി
ഒരിടവുമില്ല’‐ മുറിവുകൾ
 (ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്)

മുറിവേറ്റവരുടെ ആകുലതകളിൽ നിന്നാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥകൾ ഉയിരെടുക്കുന്നത്. മനുഷ്യൻ മാത്രമല്ല, ഇതര ജീവിവർഗങ്ങളും മരങ്ങളും മലകളും ജലവും മുറിവേറ്റതിന്റെ തിണർപ്പുകൾ ആ കഥാലോകത്തിന്റെ ആന്തരികമുദ്രയായി നമ്മെ വ്യഥിതരാക്കുന്നു. ലളിതമെന്ന് തോന്നുന്ന കഥനരീതിയ്ക്കകത്ത് സങ്കീർണമായ ഭാവബന്ധങ്ങളും അതിഭാവുകത്വമില്ലാത്ത ജീവിതാവസ്ഥകളും സന്നിവേശിക്കപ്പെട്ടിരിക്കുന്നു എന്ന് ഒറ്റ വായനയിൽതന്നെ ബോധ്യപ്പെടുത്തുന്ന കഥകൾ. പരത്തിപ്പറയുന്ന കഥാസ്വാതന്ത്ര്യത്തെ റദ്ദ് ചെയ്ത് എഴുതപ്പെടുന്ന വാക്കിന് നിയതമായ ഒരു തീർപ്പും മൂർച്ചയുമുണ്ടെന്ന ഉൾബോധ്യങ്ങളാൽ അനുവാചകനെ കൂടി പരിഗണിക്കുന്ന സഹജശുദ്ധിയുടെ കൃതഹസ്തമായ വിനിമയമായി ഓരോ കഥയും മാറുന്നു.

ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌

ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌

ഖലീൽ ജിബ്രാന്റെ‘Pearl’എന്ന രചനയിലെ ഞെരിപൊരികൊണ്ട് വേദനിക്കുന്ന ചിപ്പിയെപ്പോലെ, ഉള്ളിൽ വളർന്ന് വേദനയേറ്റുന്ന മുത്തായി കഥയും കഥാകാരനും ജീവിതമെന്ന അശാന്തസമുദ്രത്തിൽ സ്വയം അടയാളപ്പെടുത്തുന്നു. അത്രമേൽ ലളിതമായി, സൂക്ഷ്മമായി അനവദ്യസൗന്ദര്യത്തിന്റെ (Exceeding beauty)  ഭാവകിരണങ്ങൾ പ്രകാശിക്കുന്നു എഴുത്തിൽ; ജിബ്രാന്റെ രചനയിലെ ചിപ്പിയും മുത്തും പാരസ്പര്യപ്പെടുന്നപോലെ.

കഥാകൃത്ത്, നോവലിസ്റ്റ്, കവി, മാധ്യമ പ്രവർത്തകൻ എന്നിങ്ങനെ ബഹുസ്വര വിനിമയത്തിന് സന്നദ്ധമാകുന്ന സർഗജീവിതം; കഥയെഴുത്തിൽ പിന്നിട്ട നാല്പതുവർഷങ്ങളെ പര്യാലോചിക്കാനും പുനർവായിക്കാനും പ്രേരിപ്പിക്കുന്നതാണ്. കുടുംബം, ദാമ്പത്യം, പ്രണയം, പ്രകൃതി, പ്രവാസം, ഏകാന്തത, സംഗീതം, സ്ത്രീ, മാനവികത, പ്രത്യയശാസ്ത്രം എന്നിവ പല പ്രകാരത്തിൽ സംവദിക്കുകയും അന്യാദൃശമായ ആഖ്യാനത്തിൽ മിഴിവുറ്റതാവുകയും ചെയ്യുന്ന കഥാലോകമാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റേത്.

‘എഴുത്തുകാരൻ സ്വാനുഭവങ്ങളെ സ്വന്തം രചനകളോടടുപ്പിക്കുമ്പോൾ വാക്കുകളിൽ വിളക്ക്‌ കത്തുന്നതു കാണാം’ എന്ന കഥാകൃത്തിന്റെ നിരീക്ഷണം തന്നെ അനുഭവവും ആഖ്യാനവും ഇഴചേർന്ന് പോകുന്നതിന്റെ തെളിച്ചം രേഖപ്പെടുത്തുന്നുണ്ട്. സ്കൂൾ പാഠപുസ്തകത്തിലുള്ള ‘കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ’ എന്ന കഥ വായിച്ച് തന്റെ ഉമ്മയെ കാണാൻ തിരുവനന്തപുരത്ത് നിന്ന് അധ്യാപകരുടെ കൂടെ വളപട്ടണത്തുള്ള തന്റെ വീട്ടിലേക്ക് വന്ന വിദ്യാർഥികളെക്കുറിച്ചും കഥാകൃത്ത് പറഞ്ഞു. പരിചിതമായ യാഥാർഥ്യത്തിന്റെ അപരിചിതമായ വശങ്ങൾ ശിഹാബുദ്ദീന്റെ കഥകളിൽ വ്യഞ്ജിക്കുന്നതും ഭാഷയുടെയും ഭാവനയുടെയും സാധ്യതകളിൽ താനേ വെളിപ്പെടുകയും ചെയ്യുന്നു എന്ന വി സി ശ്രീജന്റെ നിരീക്ഷണം പ്രസക്തമാണ്.

 പാഠപുസ്തകത്തിലോ ചരിത്രത്തിലോ രേഖപ്പെടുത്താത്ത ഗൾഫ് പ്രവാസത്തിന്റെ ആന്തരികലോകങ്ങൾ കഥകളിലും കുറിപ്പുകളിലുമായി പലതവണ എഴുതിയിട്ടുണ്ട് കഥാകൃത്ത്. ആറ് വർഷത്തെ ഗൾഫ് ജീവിതത്തിന്റെ ഉപലബ്ധി എന്ന നിലയിൽ പ്രവാസം എന്ന അപരലോകത്തെക്കുറിച്ചാണ് ‘മറുജീവിതം’ എന്ന പുസ്തകം. സ്വന്തം ഇടങ്ങളിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട ഒരു പറ്റം ജനതയുടെ ആത്മസങ്കടങ്ങളുടെയും സംഘർഷഭരിതമായ ജീവിതസാഹചര്യങ്ങളുടെയും നേരെഴുത്താണ് ‘മറുജീവിതം’. കഥയേത്, ജീവിതമേത് എന്ന് വായനക്കാർ അങ്കലാപ്പിലാവുന്ന സന്ദിഗ്ധതയുടെ രചനാനന്തര വിനിമയങ്ങൾ തന്നെ അത്. ‘മറുജീവിത’ത്തെ കുറിച്ചുള്ള സംസാരത്തിനിടയിൽ കടന്നുവന്നു വൈലോപ്പിള്ളിയുടെ ‘ആസ്സാം പണിക്കാർ’ എന്ന കവിതയിലെ സൂക്ഷ്മഭാവതലങ്ങൾ. വൈലോപ്പിള്ളി കവിതകളുടെ ഭാവ‐ആഖ്യാന‐സൗന്ദര്യാത്മക മാനങ്ങളെക്കുറിച്ച് ഒരു പുസ്തകമെഴുതണം എന്ന ആഗ്രഹവും കഥാകൃത്ത് പങ്കുവെച്ചു.

 ഈയിടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കഥകളായിരുന്നു ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കെ പി  ഉമ്മർ, റൂട്ട്മാപ്പ്, ഈസ

എന്നിവ. ‘റൂട്ട് മാപ്പ്’ എന്ന കഥ തുടങ്ങുന്നത് തന്നെ ഇങ്ങനെ: ‘കഥ എഴുതുന്നവർക്കൊക്കെ സമാനമായ ചില കാര്യങ്ങളുണ്ട്. ചില കഥകൾ നമ്മളെ തിരഞ്ഞ് പിടിച്ച് എഴുതിക്കും. ചിലത് ഒരുപാട് കഷ്ടപ്പെടുത്തിയേ ‘എഴുത്തുപാലം’ കടത്തിവിടൂ. കാലം എഴുത്തുകാരനെ വല്ലാതെ കുത്തി മുറിവേൽപ്പിക്കുകയും ചെയ്യും’. കഥയിലെ ‘എഴുത്തുപാലം’ എന്ന സങ്കല്പത്തിന് ധ്വന്യാത്മകമായ മാനങ്ങൾ രൂപപ്പെടുന്നതാണ് ‘റൂട്ട്മാപ്പി’ൽ നാം പിന്നീട് വായിക്കുന്നത്. വഴിയും വിളക്കും വെളിച്ചവും മറഞ്ഞ് അനാഥരും പരിത്യക്തരും ഇരകളുമായി മുറിവേറ്റവരുടെ ആന്തരിക വ്യഥകൾ താൽക്കാലിക ചിരികളെ വക്രിപ്പിച്ച് ദേശീയതയെ തന്നെ ഇളിഭ്യമാക്കുന്നത് നാം വായിക്കുന്നു.

? ആദ്യകഥയുടെ പേര് ‘നിസ്സഹായൻ’ എന്നാണല്ലോ. നിരാധാരമായ ജീവിതങ്ങളെ ചേർത്തുപിടിക്കുന്ന, അവരെ ഉൾക്കൊള്ളുന്ന ഒരു ഭാവതലം മിക്ക കഥകളിലും കാണാം. സ്വന്തം അനുഭവത്തിന്റെ അടരുകൾ കഥകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് വായനക്കാർക്ക് തോന്നിയാൽ...

= വളരെ അത്ഭുതകരമായ നിരീക്ഷണമാണിത്. പിന്തിരിഞ്ഞു നോക്കുമ്പോൾ സത്യമാണത്. ഏറ്റവും അവമതിക്കപ്പെട്ട, പ്രാഥമിക സൗകര്യമോ സ്നേഹമോ കിട്ടാതെ പോയ ബാല്യമായതിനാലാവണം അങ്ങനെ. കണ്ണുകൾ എപ്പോഴും പലതരം ദാരിദ്ര്യങ്ങൾക്കൊപ്പമാണ്. പക്ഷേ ഒന്നും ബോധപൂർവമായിരുന്നില്ല എന്നിപ്പോൾ മനസ്സിലാവുന്നു.
നിത്യേന ചെറുതും വലുതുമായ അനുഭവങ്ങൾ. അതെല്ലാം കഥയാക്കാനാവില്ല. കഥയുടെ ലക്ഷണങ്ങൾ ബോധ്യപ്പെടുത്തുന്ന അനുഭവങ്ങൾ, പ്രേരിപ്പിക്കുന്ന സംഭവങ്ങൾ... ചിലത് കഥയായിട്ട് തന്നെ വരും. ‘കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ’ അങ്ങനെയൊരു കഥയാണ്. എത്രയോ ദൂരത്തേക്ക് നാടൻ കോഴിയെ കൂടെക്കൂട്ടി ബസ്സിൽ കൊണ്ടുവന്ന കഥ. കോഴിമുട്ട എന്ന് പറഞ്ഞാൽ വെറും രണ്ട് രൂപയല്ല, തള്ളക്കോഴി അടയിരിക്കുന്ന സമയത്ത് മക്കൾക്ക് പകരുന്ന കരുത്തും പ്രതിരോധവും നാട്ടറിവായി തിരിച്ചറിഞ്ഞ ഉമ്മയുണ്ട് കഥയിൽ. ആലോചിച്ച് നോക്കിയാൽ അവയെ എളുപ്പത്തിൽ പിടിയ്ക്കാനാവില്ല.

മെഷീൻ കോഴികളെപ്പോലെയല്ല (കൃത്രിമമായി അടവെച്ച് വിരിയിക്കുന്ന) അവയെന്ന് ഉമ്മയുടെ പക്ഷം. ആധുനിക നാഗരികതയുടെ, യന്ത്രവൽകൃത ദുർബലതയുടെ, ചരിത്രബോധമില്ലായ്മയുടെ ചില അടരുകൾ ഉമ്മയുടെ അറിവിൽ ഞാൻ വായിച്ചെടുത്തു. അത് കഥയായി. ‘കെ പി  ഉമ്മർ’ എന്ന കഥയെഴുതിയതും ചില അനുഭവങ്ങളെ വെച്ചാണ്. കോഴിക്കോട് ‘പൂങ്കാവനം’ മാസികയുടെ സഹപത്രാധിപരായി ജോലി ചെയ്യുമ്പോഴാണ് ഓഫീസിലേക്ക് ഒരു ഫോൺകോൾ വരുന്നത്. ഒരു ചരിത്രപുസ്തകം അന്വേഷിച്ച് വിളിച്ചത് സാക്ഷാൽ കെ പി  ഉമ്മറായിരുന്നു

കെ പി ഉമ്മർ

കെ പി ഉമ്മർ

. തുടർന്ന് ഹോട്ടൽ മഹാറാണിയിലേക്ക് അദ്ദേഹത്തെ കാണാൻ പോയതും കാണുമ്പോഴുള്ള അദ്ദേഹത്തിന്റെ വേഷംപോലും കഥയിൽ വന്നു. കഥയുടെ ആദ്യഭാഗം മുഴുവൻ യാഥാർഥ്യം തന്നെ. നാടകത്തിലും സിനിമയിലും പ്രവർത്തിച്ച ഇടതുപക്ഷ സാമൂഹ്യബോധമുള്ള, കഥാകൃത്ത് കൂടിയായ കെ പി ഉമ്മർ അങ്ങനെ കഥയിൽ വന്നു. കഴിക്കാൻ ചിപ്സ് തന്നത്പോലും സത്യമാണ്. പ്രവാസജീവിതത്തിൽ ഞാനനുഭവിച്ച, അറിഞ്ഞ കയ്പുകൾ ‘ഈസ’ എന്ന കഥയിലും വന്നിട്ടുണ്ട്.

? 1982ലാണ് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ആദ്യമായി കഥ പ്രസിദ്ധീകരിച്ചത്. 40 വർഷത്തോളമെത്തുന്ന എഴുത്തുജീവിതം ഏറെ വൈവിധ്യപൂർണമാണ്. കഥകൾ, നോവലുകൾ, കവിതകൾ, തിരക്കഥകൾ, ഓർമക്കുറിപ്പുകൾ ഇങ്ങനെ... എങ്കിലും കഥയാണ് താങ്കളുടെ രചനാജീവിതത്തിന്റെ ഉൾപ്പൊരുൾ എന്ന് വിലയിരുത്തുന്നത് എത്രത്തോളം ശരിയാകും.

  തീർച്ചയായും ഈ നിശ്ചയം, അത് വിലയിരുത്താനുള്ള അവകാശം വായനക്കാരന്റേതാണ്. ഒരു സാഹിത്യകൃതിക്ക് രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന് എഴുത്തുകാരൻ കാണുന്നത്, രണ്ട് വായനക്കാരൻ അനുഭവിക്കുന്നത്. രണ്ടിലും പലവിധ ബാഹ്യസ്വാധീനങ്ങളും സങ്കല്പങ്ങളും വരും.

? ‘ഇനിയും സൗകര്യം പോലെ വായിക്കാവുന്ന ഒരു ലഘുഗ്രന്ഥമാണല്ലോ ഞാൻ’ എന്ന് ബഷീർ ‘അനർഘനിമിഷ’ത്തിൽ പറയുന്നുണ്ടല്ലോ. പുതിയ കാലത്ത് എഴുത്തുകാർക്ക് ഇങ്ങനെ പറയാൻ കഴിയുമോ. ബഷീർ താണ്ടിയ അനുഭവവിസ്തൃതിയുടെ ലോകങ്ങൾ മറ്റൊരു പ്രകാരത്തിൽ രചനകളിൽ അടയാളപ്പെടുന്നു എന്ന് നിരീക്ഷിക്കുന്നതിൽ അപാകതയുണ്ടോ.

=   ബഷീർ എന്ന മഹാഗുരുവുമായി എന്നെപ്പോലൊരാൾക്ക് താരതമ്യമില്ല. ഓരോ എഴുത്തുകാരും നടന്നുതീർത്ത വഴികൾ വ്യത്യസ്തമാണ്.

ബഷീർ

ബഷീർ

അനുഭവങ്ങളുടെ ആധികാരികത, അതിന്റെ സത്തയുടെ സൗന്ദര്യം ഇവയെല്ലാം ചേർന്ന ഒരു വ്യാപ്തിയാണ് ബഷീറെന്ന അത്ഭുതം. പത്ത് പുസ്തകം വായിച്ച് ഒരു പുസ്തകം എഴുതുക എന്നതല്ല യഥാർഥ സാഹിത്യമെഴുത്ത്. മലയാളത്തിലെ വലിയ രണ്ട് എഴുത്തുകാരുമായുള്ള അനുഭവം പറയാം. ഒരാൾ ബഷീറാണ്. മറ്റേ ആളിന്റെ പേര് പറയുന്നില്ല. ബഷീറിന്റെ വീട്ടിൽ ആര് പോയാലും ബഷീർ ചോദിക്കുന്ന രണ്ട് ചോദ്യങ്ങളുണ്ട്. എവിടെ നിന്ന് വരുന്നു എന്നാണ് മിക്കവാറും ആദ്യചോദ്യം. രണ്ടാമത്തെ ചോദ്യം വല്ലതും കഴിച്ചോ എന്നാണ്. പേര് പറയാനാവാത്ത എഴുത്തുകാരൻ തന്നെ കാണാൻ വന്നയാളോട് പെട്ടെന്ന് സംസാരം നിർത്തിയിട്ട് പറയുക എനിക്ക് ഊണ് കഴിക്കാൻ സമയമായി, ഞാനിപ്പം വരാം എന്നാണ്.

വന്ന ആളിന്റെ വിശപ്പിന്റെ യാഥാർഥ്യം രണ്ടാമത് പറഞ്ഞ എഴുത്തുകാരന് അന്യമാണ്. രണ്ടാമത്തെ എഴുത്തുകാരൻ അത്ര മോശം എഴുത്തുകാരനൊന്നുമല്ല കേട്ടോ. ഞാൻ പറഞ്ഞുവരുന്നത് അനുഭവയാഥാർഥ്യത്തിന്റെ സത്ത എന്ന ഒന്നുണ്ട്. മനുഷ്യവൈവിധ്യം, സഹജസ്വഭാവം തുടങ്ങിയവയുടെ സത്ത. നമുക്ക് മുന്നിൽ വരുന്ന ഓരോ മനുഷ്യനും പുസ്തകമാണ്. മനുഷ്യവായന, അതിനെ ചേർത്തുനിർത്തുന്ന സഹാനുഭൂതിപരമായ ഒന്ന് കലാകാരന് ആവശ്യമുണ്ട്. ഞാൻ, എന്റെ കഥ, എന്റെ കവിത എന്ന് നിലവിളിക്കുന്ന വിഡ്ഢികളായ എഴുത്തുകാരെയല്ല നമുക്കാവശ്യം. കഴിയുന്നത്ര അവനവനെ ഒരു മെറ്റീരിയലായി കാണാനുള്ള മനോഭാവമെങ്കിലും എല്ലാ കലാകാരന്മാരിലും വേണം. ഇത്തരമൊരു ആത്മീയ ശുദ്ധീകരണമാണ് ബഷീറിൽ നിന്നുള്ള പാഠം.

? വർഷങ്ങൾക്ക് മുമ്പ്‌ ‘ഇന്ന്’ മാസികയിൽ ‘പൊട്ടിത്തെറി’ എന്ന പേരിൽ ഒരു രചന വായിച്ചത് ഓർക്കുന്നു. പെർഫ്യൂം പൂശിയെത്തിയ ബന്ധുജനങ്ങൾക്കിടയിൽ നിന്ന് ഒരാൾ അവസാനമായി പറയുന്നത് ഇങ്ങനെയാണ്: “നിങ്ങളെന്നെ ഇലക്ട്രിക് ശ്മശാനത്തിൽ ദഹിപ്പിക്കരുത്. വിറകുകൾക്കിടയിൽ മതി. മരിച്ചാലെങ്കിലും എനിക്കൊന്ന് പൊട്ടിത്തെറിക്കണം” എന്നാണ് (ഓർമ്മയിൽ നിന്നാണേ). പൊട്ടിത്തെറി എന്ന പ്രയോഗത്തിലൂടെ ലഭിക്കുന്ന അധികമാനങ്ങൾ പല ചിന്തകളിലേക്കും എത്തിക്കും. വാക്കിന്റെ ഈ സൂക്ഷ്മത, ജാഗ്രത പല രചനകളെയും നിർണയിച്ചിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. രചനാപരമായ ഈ സിദ്ധി അതിന് വേണ്ടിയുള്ള പ്രയത്നങ്ങൾ, വായനകൾ, ആലോചനകൾ... വിശദീകരിക്കാമോ.

എഴുത്തിന്റെ ആദ്യഘട്ടങ്ങളിൽ അലട്ടിയിരുന്നത് പായക്കടലാസ് വാങ്ങാനുള്ള പൈസയുടെയും അത്‌ തപാലിൽ അയക്കാനുള്ളതുമായ പ്രശ്നവുമാണ്. അന്ന് ഏത് നോട്ടീസ്
കിട്ടിയാലും പിറകിൽ പ്രിന്റ് ചെയ്തിട്ടുണ്ടോ എന്നാണ് ആദ്യം നോക്കുക. പ്രിന്റ് ചെയ്തില്ലെങ്കിൽ എനിക്ക് എഴുതാമല്ലോ. എഴുത്ത് കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ കടലാസ് ഉണ്ടാക്കുമ്പോൾ ഒരു മരം കരയുമല്ലോ എന്നതാണ്. എഴുതുന്ന വാക്കുകൾ പരമാവധി ചുരുക്കി എഴുതാത്ത വാക്കിനും കൂടി അർഥവും വായനയും വരാനുള്ള യത്നം കൂടിയായി എന്റെ എഴുത്ത്.

 =  എഴുതുമ്പോൾ ഞാൻ കാര്യമായി ആലോചിക്കുന്നതിൽ ഒന്ന് കടലാസ് പാഴായിപ്പോകുമോ എന്നതാണ്. എഴുത്തിന്റെ ആദ്യഘട്ടങ്ങളിൽ എന്നെ അലട്ടിയിരുന്നത് പായക്കടലാസ് വാങ്ങാനുള്ള പൈസയുടെയും അത് തപാലിൽ അയക്കാനുള്ളതുമായ പ്രശ്നവുമാണ്. അന്ന് ഏത് നോട്ടീസ് കിട്ടിയാലും പിറകിൽ പ്രിന്റ് ചെയ്തിട്ടുണ്ടോ എന്നാണ് ഞാൻ ആദ്യം നോക്കുക. പ്രിന്റ് ചെയ്തില്ലെങ്കിൽ എനിക്ക് എഴുതാമല്ലോ. എഴുത്ത് കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ കടലാസ് ഉണ്ടാക്കുമ്പോൾ ഒരു മരം കരയുമല്ലോ എന്നതാണ്. എഴുതുന്ന വാക്കുകൾ പരമാവധി ചുരുക്കി എഴുതാത്ത വാക്കിനും കൂടി അർഥവും വായനയും വരാനുള്ള യത്നം കൂടിയായി എന്റെ എഴുത്ത്. അതിൽ പൂർണമായി വിജയിച്ച ഒരാളാണ് ഞാൻ എന്നല്ല പറയുന്നത്. ചിലത് അങ്ങനെയായിട്ടുണ്ടെന്ന് തോന്നുമ്പോൾ ഒരാശ്വാസമുണ്ട്. പ്രസാദ് പറഞ്ഞ ഇതുപോലുള്ള വരികൾ ചിലരെങ്കിലും എടുത്ത് പറയാറുണ്ട്. അപ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. ‘ഇന്ന്’ മാസികയ്ക്കും അതിന്റെ പത്രാധിപർ മണമ്പൂർ രാജൻബാബുവെന്ന പ്രിയ രാജേട്ടനും നന്ദി.

? പ്രവാസത്തെ അപരലോകമായി കാണുന്നുണ്ടല്ലോ. സ്വന്തം പ്രവാസജീവിതത്തെ അപഗ്രഥിക്കുന്ന ‘മറുജീവിതം’ എന്ന ലേഖനം (അതേ പേരിൽ പുസ്തകവും) വായിച്ചിട്ടുണ്ട്. പ്രവാസത്തെ വേണ്ടവിധത്തിൽ നാം പരിഗണിച്ചിട്ടുണ്ടോ.

ഗൾഫ് പ്രവാസം കേരള ചരിത്രത്തിലെ ഏറ്റവും വലിയ അധ്യായമാണ്.

ഇന്ന് കാണുന്ന കേരളത്തെ പ്രധാനമായും നിർമിച്ചെടുത്തത് മാനവികമായി നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ ആശയങ്ങളുമാണ്. എന്നാൽ സാമ്പത്തികമായി ഊർജം നൽകിയത് ഗൾഫ് പ്രവാസികളാണ്. ഗൾഫ് പ്രവാസം എന്ന ഒന്ന് സംഭവിച്ചില്ലായിരുന്നെങ്കിൽ കേരളം മറ്റൊരു ബിഹാറോ യുപിയോ ആയിത്തീരുമായിരുന്നു. ഗൾഫ് പ്രവാസത്തിന്റെ സംഭാവനകൾ ഉറക്കെ വിളിച്ചുപറയാതിരിക്കാൻ നമ്മുടെ പരമ്പരാഗത അക്കാദമിക് ബുദ്ധിജീവികൾ പ്രത്യേകം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടാണ്? ഈ നന്ദികേട് ഒരു ശീലം പോലെ തുടരുന്നത് എന്തുകൊണ്ടാണ്? ഈ ചിന്തയിൽ നിന്ന് കൂടിയാണ് ‘മറുജീവിതം’ എന്ന ലേഖനവും പുസ്തകവും.

 ഒരു പ്രവാസിയുടെ ജീവിതവും പട്ടാളക്കാരന്റെ ജീവിതവും തമ്മിൽ വലിയ വ്യത്യാസമില്ല. ദാരിദ്ര്യം എന്ന ശത്രുവിനെ തൊട്ട് തുടങ്ങാം. എന്നെ സംബന്ധിച്ച് കുറച്ചുവർഷമേ വിദേശത്തുണ്ടായിരുന്നുള്ളുവെങ്കിലും ആ ജീവിതത്തിന്റെ കാഠിന്യം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പ്രവാസത്തെക്കുറിച്ച് ഇനിയും എഴുതാനുണ്ട്. ഗൃഹാതുരമായ സങ്കല്പങ്ങൾ ചാർത്തി മാത്രം പ്രവാസത്തെ എഴുതുന്നതിൽ അർഥമില്ല. ഒരുപക്ഷേ സോഷ്യൽ സയൻസിന്റെ സാധ്യതയിൽ പ്രവാസത്തിന്റെ ചരിത്രവും വർത്തമാനവും ആഴത്തിൽ അപഗ്രഥിക്കേണ്ടതുണ്ട്. രേഖപ്പെടുത്തേണ്ടതുണ്ട്. കഥാകൃത്തുക്കളേക്കാൾ സോഷ്യൽ സയന്റിസ്റ്റുകളാണ് അത് നിർവഹിക്കേണ്ടത്.

? തിരക്കഥാകൃത്ത്, സാഹിത്യ പത്രാധിപർ, മാധ്യമപ്രവർത്തകൻ ഇങ്ങനെ വിപുലമായ സർഗലോകങ്ങൾ... ഇടപെടലുകൾ... വിപണിയുടെ ഇംഗിതങ്ങൾക്കും മത്സരങ്ങൾക്കും അതീതമായി സ്വബോധ്യങ്ങളെ ആവിഷ്കരിക്കാൻ ഈയിടങ്ങളിൽ എത്രത്തോളം സാധ്യമായിട്ടുണ്ട്.

എന്നാൽ കഴിയുന്നവിധം. പതിനഞ്ചാം വയസ്സിൽ ഹോട്ടലിൽ പാത്രം കഴുകിക്കൊണ്ടാണ് എന്റെ ജീവിതം ആരംഭിക്കുന്നത്. ഞാൻ കഴുകിയ പാത്രങ്ങൾക്കെല്ലാം നല്ല വൃത്തിയുണ്ടായിരുന്നു. വളരെ നാളുകൾക്ക് ശേഷം ഹോട്ടലുടമ വഴിയിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞതാണിത്. എനിക്ക് കിട്ടിയ ആദ്യത്തെ അവാർഡ് അതാണ്. എവിടെപ്പോയാലും ഞാനൊറ്റയ്ക്കാണെന്ന് തോന്നാറുണ്ട്. പക്ഷേ, ഞാൻ എന്തു ജോലി ചെയ്യുമ്പോഴും സമൂഹത്തോടൊപ്പമായിരുന്നു. എന്നാൽ കഴിയുംവിധം, അതിന്റെ പരമാവധിയിൽ... സമൂഹമില്ലാതെ എനിക്കൊന്നുമില്ല. അലമാരയിൽ കട്ട കട്ടയായി വെച്ച പുസ്തകങ്ങളല്ല, മുന്നിൽ നിൽക്കുന്ന മനുഷ്യനാണ് എന്റെ യഥാർഥ പുസ്തകം. അവരെ കൂടുതൽ മനസ്സിലാക്കാൻ മാത്രമാണ് ഞാൻ പുസ്തകം വായിക്കുന്നത്.

? സംഗീതത്തിന്റെയും ഭക്ഷണത്തിന്റെയും ലയസാധ്യതകൾ പല കഥകളിലും കാണാം. ‘ഒരു പാട്ടിന്റെ ദൂരം’

എന്ന കഥയിൽ പാട്ടും ‘കെ പി  ഉമ്മർ’ എന്ന കഥയിൽ ചിപ്സും (ഉപ്പേരി) കഥയിലെ ആന്തരികഭാവത്തെ തെളിച്ചമുള്ളതാക്കുന്നുണ്ട്. മനുഷ്യന്റേത് മാത്രമായ ഈ സാധ്യതകളുടെ താല്പര്യത്തെക്കുറിച്ച്...

=  ലോകത്തിലെ എല്ലാ കലകൾക്കും പരസ്പരബന്ധമുണ്ട്. പാചകം ഒരു കലയാണ്. നന്നായി ഉണ്ടാക്കപ്പെട്ട ഭക്ഷണം നല്ല ഒരു കലാരൂപമാണ്. ബിരിയാണി ഉണ്ടാക്കാനറിയുന്ന ഒരാളെന്ന നിലയ്ക്കറിയാം, അതൊരു മികച്ച സംഗീതക്കച്ചേരിയാണെന്ന്. ഒരല്പം നീണ്ട ചെറുകഥയും ഉണ്ട് അതിൽ. മലയാളകഥയിലെ മഹാശില്പികളിലൊരാളായ ടി പത്മനാഭന്റെ കഥകളിൽ പലതിലും ഇംപ്രഷണിസ്റ്റ് ചിത്രകലയും സംഗീതവും ഒരുമിച്ച് നടക്കുന്നത് സൂക്ഷ്മവായനക്കാർക്ക് കാണാം.

? തന്റെ ഉമ്മയുൾപ്പെടെയുള്ള സ്ത്രീജീവിതത്തിന്റെ ആന്തരികലോകത്തെ അനുഭാവത്തോടെ രേഖപ്പെടുത്തുന്ന ഒട്ടേറെ കഥകളുണ്ടല്ലോ ‘ഉമ്മ നട്ടമരങ്ങൾ’, ‘കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ’, ‘ഏടത്തി’...  ഒരേ സമയം ആധുനിക നാഗരികതയോടും ആണത്താധികാര നിർമിതികളോടുമുള്ള കലഹങ്ങൾ... എഴുത്തിലെ ഇത്തരം പ്രേരണകളുടെ നിജസ്ഥിതി വിശദീകരിക്കാമോ.

=   കുട്ടിക്കാലം മുതലേ ആണധികാരഭാവങ്ങളും അതിന്റെ മുഷ്ക്കുകളും വീട്ടിനകത്തുതന്നെ കണ്ടുമടുത്ത ഒരാളാണ് ഞാൻ. സ്ത്രീയെന്നാൽ ഭാരം വലിക്കേണ്ട ജീവിയും പുരുഷൻ അതിന്റെ എതിരഭിപ്രായം വന്നുകൂടാൻ പാടില്ലാത്ത ഹോമാസാപിയൻസ് മാത്രമാണെന്ന് വിചാരിച്ചുപോരുന്ന ഒരു ഘടനയ്ക്കകത്താണ് എന്റെ ഏറെക്കാലത്തെയും ജീവിതം. എനിക്കാവുംവിധം അതിനെ തിരിച്ചറിയാൻ നടത്തിയ യത്നങ്ങൾ കഥകൾക്കകത്തുണ്ടാവാം.

? ഈയിടെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥകളാണല്ലോ ‘കെ പി ഉമ്മർ’, ‘റൂട്ട്മാപ്പ്’, ‘ഈസ’ എന്നിവ. പുതുകാല പ്രതിസന്ധികളെ ആവിഷ്കരിക്കാൻ ഒരിറ്റ് നർമ്മം, ഒരു ചീന്ത് സങ്കടം കഥകളിൽ നിലനിർത്തുന്നതായി തോന്നും. കഥയുടെ യുക്തികൊണ്ട് ഗൗരവമേറിയ ജീവിതത്തെ ലളിതമായി കൈകാര്യം ചെയ്യുകയാണോ.

=   ജീവിതത്തിന് നമ്മൾ മലയാളികൾ വിചാരിക്കുന്നത്ര ഗൗരവമൊന്നുമില്ല. എല്ലാവരും ഗൗരവത്തിൽ നിൽക്കുന്നു. നമ്മളും ഗൗരവം ഭാവിക്കുന്നു. അത്രതന്നെ.

ഒരു പാട്ട് കേൾക്കുമ്പോൾപോലും ബലം പിടിച്ചിരിക്കുന്ന മലയാളി എന്തൊരു കോമാളിയാണ്. മലയാളി ഗൗരവത്തിൽ സൂത്രവുമുണ്ട്. നമ്മൾ വെറുതെ ഗൗരവം പിടിച്ചാൽ ആളുകൾക്കൊരു ബഹുമാനം ഒക്കെ വരും. അയാൾ പറയുന്ന, ചെയ്യുന്ന, എഴുതുന്ന കാര്യത്തിലാണ് ഗൗരവമെന്ന് മലയാളിക്കറിയില്ല. ചിരി എന്ന് പറയുന്നതിൽ കരച്ചിലുമുണ്ട്.

ഒരു പാട്ട് കേൾക്കുമ്പോൾപോലും ബലം പിടിച്ചിരിക്കുന്ന മലയാളി എന്തൊരു കോമാളിയാണ്. മലയാളിഗൗരവത്തിൽ ഒരു സൂത്രവുമുണ്ട്. നമ്മൾ വെറുതെ ഗൗരവം പിടിച്ചാൽ ആളുകൾക്കൊരു ബഹുമാനം ഒക്കെ വരും. അയാൾ പറയുന്ന, ചെയ്യുന്ന, എഴുതുന്ന കാര്യത്തിലാണ് ഗൗരവമെന്ന് മലയാളിക്കറിയില്ല. ചിരി എന്ന് പറയുന്നതിൽ കരച്ചിലുമുണ്ട്. ചാപ്ലിൻ മികച്ച ഉദാഹരണം. നമ്മുടെ ബഷീറും.

? ‘ഓംപ്ലെയ്റ്റ്’ എന്ന ലഘുരചനാ സമാഹാരത്തിൽ ‘ഞാാാൻ’  എന്ന കഥയുണ്ടല്ലോ. ‘ഒരു ദിവസം നോക്കുമ്പോൾ ടൗൺഹാൾ നിറയെ ഞാൻ. കയറിയിരിക്കാതിരിക്കാൻ പറ്റുമോ? മോശമല്ലേ? അന്വേഷിച്ചപ്പോഴല്ലേ മനസ്സിലായത്, ഞാൻ എന്നെപ്പറ്റി പ്രസംഗിക്കുന്നുണ്ട്’. ചെറുകഥകളും നോവലുകളും എഴുതുന്നതിനിടയിൽ ഇത്തരം ലഘുരചനകളുടെ പിറവി, ഒപ്പം അതിന്റെ  പ്രസക്തിയും രാഷ്ട്രീയവും... ഒന്ന് വിശദീകരിക്കാമോ.

= അതെ, അത്ര അല്പന്മാരുടെ താവളമാണ് കേരളം. അത്തരം എഴുത്തുകാരെ ബഹുമാനിക്കുന്ന വലിയൊരു വിഭാഗത്തെയും കാണാം. ആഴം കുറഞ്ഞ ജനത, ആഴം കുറഞ്ഞ വായന. തന്റെ ആഴം കുറഞ്ഞതും ഇല്ലാത്തത് ഭാവിച്ചും എഴുതിയ കൃതിക്ക് സ്വന്തമായി അവാർഡ് സംഘടിപ്പിച്ച് ആഴം കുറഞ്ഞ വായനക്കാരെക്കൊണ്ട് ബഹുമാനിപ്പിക്കുന്ന ഏർപ്പാടാണ് മിക്കപ്പോഴും മലയാള സാഹിത്യം. അവിടെ ‘ഞാൻ’ മാത്രം ജീവിച്ചിരിക്കുന്നു! ഞാൻ അല്ല സർഗാത്മകത; ഞാൻ പിറന്ന ജീവിതമാണത്. സർഗാത്മകതയിൽ എളുപ്പവഴികൾ അന്വേഷിക്കുന്നവർ മണ്ടന്മാരാണ്. അവർക്ക് പ്രശസ്തിയേ വേണ്ടൂ. സമർപ്പിത സൂക്ഷ്‌മത വേണ്ട. എല്ലാം പെട്ടെന്നൊരുക്കണം. അതിന് ഊടുവഴികൾ പരതിക്കൊണ്ടിരിക്കും. ഒരാൾ അതിന് നിന്നുകൊടുത്തില്ലെങ്കിൽ തിരിച്ച് ഉപദ്രവിച്ചുകളയും. തന്നെ മാത്രം ശ്രദ്ധിക്കുന്നവർക്ക് പുറത്തേക്കുള്ള കാഴ്ച വിധിച്ചിട്ടില്ല.

ഓരോന്ന് പറയാനും അതിന്റെ രൂപവും ആന്തരിക ഘടനയുമുണ്ട്. ഹെമിങ്‌വേ‌യുടെ  ‘The Old Man and The Sea’ യും ‘For Whom the Bell Tolls’  ഉം വിഭിന്ന വലുപ്പമാണ്. ആദ്യത്തേത് വളരെ ചെറുതും ‘മണിമുഴങ്ങുന്നതാർക്കുവേണ്ടി?’ എന്നത് ബൃഹദ് ആഖ്യായികയുമാണ്. ഓരോന്നിനും അതിന് ചേർന്ന വലുപ്പവും രൂപവുമാണ് വേണ്ടത്. ഒറ്റവരിയിലുള്ള കഥയും സാമാന്യം ദൈർഘ്യമുള്ള നോവലും എഴുതിയിട്ടുണ്ട്.  ‘For Whom the Bell Tolls’ എന്ന ബൃഹദ്നോവൽ എഴുതിയ ഹെമിങ്‌വേയാണ് ലോകത്തിലെ ഏറ്റവും ചെറിയ കഥയും എഴുതിയത്.

ഹെമിങ്്വേ

ഹെമിങ്്വേ

കഥ ഇതാണ്:‘For sale: Baby shoes, never worn.’ആകെ ആറ് വാക്കുകൾ.

? ഉന്മാദവും ഫാന്റസിയും ചില കഥകളിലും കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലും പ്രകടമാണ്. എഴുത്തുകാരനെന്ന നിലയിൽ ഇത് ജീവിതയാഥാർഥ്യങ്ങളിൽ നിന്നുള്ള പലായനമോ, അഭിമുഖീകരണമോ.

=  യാഥാർഥ്യത്തിന് പല പെർസ്പെക്ടീവുകളുമുണ്ട്. അതിലൊന്നാണ് ഫാന്റസി. അതിൽ അല്പമല്ലാത്ത ഉന്മാദവുമുണ്ട്. ഉന്മാദവും ചില വീക്ഷണകോണിൽ നിന്ന് നോക്കിയാൽ റിയലിസമാണെന്ന് തോന്നാം. ഒരു മതവർഗീയ വാദിയായ ഭരണാധികാരി കാണിക്കുന്ന നിഷ്ക്കരുണമായ ഭ്രാന്തുകൾ ആ വർഗീയപാർടിയിലെ ആളുകൾക്ക് ഭ്രാന്തല്ല, റിയലിസമാണ്. ഓരോ കഥയും അത് ഏറ്റവും ശക്തമായി പറയാനാവുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുക. എന്നെപ്പോലുള്ള ചിലർ ചിലപ്പോൾ അല്പം ഉന്മാദം പുരട്ടിയെഴുതിയെന്ന് വരാം. ഉന്മാദത്തെ ചിത്രീകരിക്കാൻ അല്പം ഭ്രാന്ത് നമുക്ക് വേണം. പക്ഷേ നമ്മൾ ഭൗതികജീവിതത്തിൽ നിന്നും പുറത്താവും.

? കഥാകൃത്ത് എന്ന പേരിൽ ലബ്ധപ്രതിഷ്ഠരായവർ കവിതകൾ എഴുതിയിട്ടുണ്ട്. കമല സുരയ്യ, എസ് കെ പൊറ്റെക്കാട്ട്, എൻ പ്രഭാകരൻ തുടങ്ങിയവർ. താങ്കളും. കവികൾ തിരിച്ചും. ഈയിടെ പ്രസിദ്ധീകരിച്ച് കണ്ട സച്ചിദാനന്ദന്റെ കഥകളും റഫീക്ക്‌ അഹമ്മദ്, ടി പി  രാജീവൻ, മനോജ് കുറൂർ എന്നിവരുടെ നോവലുകളും. ഓരോ എഴുത്തുകാർക്കും വായനക്കാരുടെ മനസ്സിൽ ഉറച്ച് പോയ സ്ഥാനത്തുനിന്ന് മാറി അവരുടെ രചനാലോകത്തെ പരിഗണിക്കുന്ന സമീപനം ഉണ്ടാവാറില്ല. കവിതകൾ എഴുതിയ ഒരാളെന്ന നിലയിൽ (നാല് കവിതാസമാഹാരങ്ങൾ ‐ കടൽമരുഭൂമിയിലെ വീട്, നൂറ്റാണ്ടുകളായി കാത്തുവെച്ചത്, അജ്ഞതയുടെ കണ്ണുകൾ, ശിഹാബുദ്ദീന്റെ കവിതകൾ) ഈ വസ്തുത നിരീക്ഷിച്ചിട്ടുണ്ടോ. എന്തുകൊണ്ടാവാം.

=  വളരെ സൂക്ഷ്മമായ യാഥാർഥ്യമാണ്.

കേരളം സ്പെഷ്യലിസ്റ്റുകളുടെ നാടാണ്. തൊണ്ട നോക്കുന്ന ആൾ, കിഡ്നി നോക്കുന്ന ആൾ, തൊലി പരിശോധിക്കുന്ന ആൾ, എല്ല് പരിശോധകൻ... കഥ എഴുതുന്ന ആൾ കവിതയും കവിത എഴുതുന്ന ആൾ കഥയും എഴുതാൻ പാടില്ല. ഇതിലൊരു ആൾ നാടകമെഴുതിയാലും നീരസം വരും. കഥയും കവിതയും ഒന്നിച്ചെഴുതിയാൽ ചിലപ്പോൾ ‘തൂക്ക് ദണ്ഡനം’ തന്നെ കിട്ടിക്കൂടെന്നില്ല.

കേരളം സ്പെഷ്യലിസ്റ്റുകളുടെ നാടാണ്. തൊണ്ട നോക്കുന്ന ആൾ, കിഡ്നി നോക്കുന്ന ആൾ, തൊലി പരിശോധിക്കുന്ന ആൾ, എല്ല് പരിശോധകൻ... കഥ എഴുതുന്ന ആൾ കവിതയും കവിത എഴുതുന്ന ആൾ കഥയും എഴുതാൻ പാടില്ല. ഇതിലൊരു ആൾ നാടകമെഴുതിയാലും നീരസം വരും. കഥയും കവിതയും ഒന്നിച്ചെഴുതിയാൽ ചിലപ്പോൾ ‘തൂക്ക് ദണ്ഡനം’ തന്നെ കിട്ടിക്കൂടെന്നില്ല.

മാക്സിം ഗോർക്കി അദ്ദേഹമെഴുതിയ ഭാഷയിൽ പ്രമുഖ കവിയാണ്. ടാഗോർ ഇന്ത്യൻ ചെറുകഥയുടെ രാജശില്പികളിലൊരാളാണ്.  കവിതയിലാണ് നൊബേൽ സമ്മാനം. നോവൽ, നാടകം, ചിത്രകല, സംഗീതം ഇങ്ങനെ പലവിധ ശാഖകളിൽ അദ്ദേഹത്തിന്റേതായ സംഭാവനകൾ ഉണ്ട്. എന്തിനേറെ ടാഗോർ ഒരു സിനിമപോലും സംവിധാനം ചെയ്തിട്ടുണ്ട്.

ടാഗോർ

ടാഗോർ

‘Natir Puja’എന്നാണ് സിനിമയുടെ പേര്. വർഷം 1932. ഓരോ മീഡിയയ്ക്കും ഒരു ഇന്റേണൽ ഫോം ആഴത്തിൽ ഉണ്ട്. അത് മനസ്സിൽ വേണം എന്നാണെന്റെ തോന്നൽ. എഴുതിത്തുടങ്ങിയ കാലത്ത് ഞാൻ ഏറ്റവും പഴികേട്ടത് കഥയും കവിതയും ഒന്നിച്ചെഴുതുന്നു എന്നതിന്റെ പേരിലാണ്. ഏതെങ്കിലും ഒന്നിൽ കോൺസൻട്രേറ്റ് ചെയ്യൂ എന്ന് പറഞ്ഞ് ഒരു പത്രാധിപർ ക്ഷോഭിക്കുകകൂടി ചെയ്തു. സാഹിത്യത്തെയല്ല, ഞാൻ ശ്രദ്ധിക്കുന്നത് എന്റെ ആത്മാവിഷ്ക്കാരത്തെയാണ് എന്ന് മനസ്സിൽ പറഞ്ഞു. ഈ ചീത്ത കേട്ടിരിക്കുമ്പോഴാണ് കവി മണമ്പൂർ രാജൻബാബു എഡിറ്റ് ചെയ്യുന്ന ഇന്ന് മാസികയുടെ കവിതാമത്സരത്തിൽ 187 കവിതകളിൽ നിന്ന് ഒന്നാം സമ്മാനം കിട്ടുന്നത്. 1987ലാണ് സംഭവം.

 സണ്ണി ജോസഫ് ഡയറക്ട് ചെയ്ത വരാൻ പോകുന്ന ‘ഭൂമിയുടെ ഉപ്പ്’ എന്ന സിനിമയുടെ കഥയെഴുത്തിലും ഗാനരചനയിലും ഞാൻ പങ്കാളിയായിട്ടുണ്ട്. വൈലോപ്പിള്ളിക്കവിതയുടെ ധ്വന്യാത്മകതലങ്ങൾ പ്രളയകാലത്തെ ദുരന്തങ്ങൾക്കിടയിലും ഞാൻ വായിച്ചു ‘സഹ്യന്റെ മകനി’ൽ. മലയാളത്തിലെ ആദ്യത്തെ പ്രവാസകവിതയായി ഞാൻ കാണുന്നത് ‘ആസ്സാം പണിക്കാർ’ ആണ്. മലയാളത്തിലെ രണ്ട് എഴുത്തുകാരെക്കുറിച്ച് പുസ്തകമെഴുതാനും ഞാൻ ആഗ്രഹിക്കുന്നുണ്ട്. അതിലൊരാൾ വൈലോപ്പിള്ളി. മറ്റൊരാൾ ബഷീർ. അതിനും ഞാൻ എന്തെല്ലാം കേൾക്കാനിരിക്കുന്നു!

? മലയാളത്തിൽ നോവലുകളുടെ കാലമാണെന്ന് തോന്നും തരത്തിൽ ഒട്ടേറെ നോവലുകൾ വരുന്നു. ജനപ്രിയ‐കുറ്റാന്വേഷണ നോവലുകൾ വളരെ വലിയ മോടിയോടെ പ്രസാധകർ പുറത്തിറക്കുന്നു. ഒപ്പം ആഖ്യാനത്തിലും ദർശനത്തിലും നമുക്ക് അപരിചിതമായ ലോകങ്ങൾ എഴുതുന്ന കൃതികളും സംഭവിക്കുന്നു. നമ്മുടെ ഭാഷയിലും ഭാവുകത്വത്തിലും ഇവയുണ്ടാക്കിയ സ്വാധീനങ്ങൾ അടയാളപ്പെടുന്നുണ്ടോ. തൊണ്ണൂറുകളിൽ ചെറുകഥയ്ക്കുണ്ടായിരുന്ന അപ്രമാദിത്വം ഇക്കാലത്ത് നഷ്ടപ്പെടുന്നുണ്ടോ.

= തൊണ്ണൂറുകളുടെ മധ്യത്തോടെ ദുർബലപ്പെട്ട് വന്ന സർഗാത്മക നിരൂപണശാഖ ഏറെക്കുറെ പുസ്തകാഭിപ്രായമായി ചുരുങ്ങി. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട സൂക്ഷ്മാസ്വാദനവേദികൾ കുറഞ്ഞു. ഭാഷയെ ഉപയോഗിച്ച് ഉപജീവനത്തിലേർപ്പെടുന്ന പത്രങ്ങൾപോലും സാഹിത്യവും ഭാഷയുമായി ബന്ധപ്പെട്ട സൂക്ഷ്മസംവാദങ്ങൾക്ക് ഒരിടം പോലും കൊടുക്കാറില്ല. എന്തിനേറെ വാരാന്തപ്പതിപ്പുകൾ സാഹിത്യത്തിനോ  ഭാഷ‐സംസ്കാരത്തിനോ ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നില്ല.

എൺപതുകൾക്ക് ശേഷം മലയാളം പഠിപ്പിക്കുന്ന സ്കൂൾ/കോളേജ് അധ്യാപകരിൽ എത്രപേർ സ്വന്തം മക്കളെ മലയാളം ബി എക്കും എം എക്കും അയച്ചിട്ടുണ്ട് എന്ന് ഒന്ന് അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. അവരെ കുറ്റപ്പെടുത്താൻ നമുക്ക് അവകാശമില്ല. ഭാഷയ്ക്കുമേൽ രൂപപ്പെട്ട അരക്ഷിതാവസ്ഥയെ നാം കാണാതിരുന്നുകൂടാ. മലയാളം ഭാഷാധ്യാപകരിൽപോലും എത്രപേർ സാഹിത്യം വായിക്കുന്നുണ്ടെന്ന് ഒന്ന് അന്വേഷിച്ച് നോക്കുന്നത് രസകരമായിരിക്കും. വളരെ ആഴത്തിൽ പുസ്തകങ്ങൾ വായിക്കുന്ന ഭാഷാധ്യാപകർ ഇപ്പോഴും ഉണ്ട് എന്ന യാഥാർഥ്യത്തെ കണ്ടുകൊണ്ടുതന്നെയാണ് ഞാനിത് പറയുന്നത്.

മറ്റൊന്ന് എഴുത്തിനെപോലെ വായനയിലും സൂക്ഷ്‌മരാഷ്ട്രീയ ബോധം കുറഞ്ഞു. തുറന്നുപറയട്ടെ, രാഷ്ട്രീയ കാഴ്ചപ്പാടില്ലാത്ത കലയും സാഹിത്യവും പൾപ്പ് മെറ്റീരിയൽ മാത്രമാണ്. അമ്പതും അറുപതും വർഷം സാഹിത്യപ്രവർത്തനത്തിലേർപ്പെട്ട എഴുത്തുകാർ മരിച്ചാൽപോലും ചരമകോളത്തിന്റെ ഏതോ മൂലയിലൊതുങ്ങുന്നു. രണ്ട് സിനിമയിൽ ‘സാർ ചായ’  എന്ന് മാത്രം അഭിനയിച്ച ഒരാളിന്റെ ചരമത്തിന്റെ പത്തിലൊന്ന് പ്രാധാന്യം പോലും എഴുത്തുകാർക്ക് നൽകില്ല. മാതൃഭാഷകൊണ്ട് ജീവിക്കുന്നവരാണ് തങ്ങൾ, അത് നശിച്ചുകൂടാ. ഭാവി ഭാഷയിലെ ഊർജബിന്ദുക്കൾ വരുന്നത് ഇന്നത്തെ സാഹിത്യത്തിൽ നിന്നാണ്. ഇതൊന്നും ഭാഷകൊണ്ട് ജീവിക്കുന്നവരുടെ തലയ്‌ക്കകത്തുപോലും വരാത്തത് വിചിത്രമാണ്. ഭാഷയിലെ ഏറ്റവും പ്രധാനപ്പെട്ട അടരാണ് സർഗാത്മകസാഹിത്യം. ഇതൊന്നും ഓർക്കപ്പെടാറില്ല.

നമ്മുടെ ഭാഷയിലെ സർഗാത്മക രചനാവിഭാഗങ്ങളിലെ എല്ലാ ശാഖകളുടെയും ആഴം കുറഞ്ഞിട്ടുണ്ട് എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. നല്ല സാഹിത്യം ഉണ്ടാവാത്തതല്ല; അത്തരം എഴുത്തുകളെ കണ്ടെടുക്കുന്ന പ്രോത്സാഹനസാഹചര്യങ്ങൾ ഒന്ന് ദുർബലപ്പെട്ടിട്ടുണ്ട്. അതേ സമയം ഈ സ്പെയ്സിലേക്ക് തള്ളിക്കയറുന്ന വ്യാജന്മാർക്ക് അനർഹമായ സ്വീകാര്യത ഉണ്ടാകുന്നുണ്ട്. 22 വർഷക്കാലം മാഗസിൻ പത്രപ്രവർത്തകനായി ജോലി ചെയ്ത ഒരാളെന്ന നിലയിൽ മറ്റുള്ളവരെ അപേക്ഷിച്ച് എനിക്കിത് പെട്ടെന്ന് തിരിച്ചറിയാനാവും. ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട് പുതുനൂറ്റാണ്ടോടെ പ്രത്യക്ഷപ്പെട്ട അനേകം നല്ലതും ചീത്തയുമായ പ്രവണതകളുണ്ട്.

ലോകത്ത് ആകമാനം വ്യാപിച്ച കമ്പോള വ്യവഹാര സങ്കല്പം തൊട്ട് സത്യാനന്തരകാല പ്രവണതകളിലേക്ക് വരെ നീളുന്ന വിഷയമാണത്. ഒരു കാര്യം ഉറപ്പാണ് മികച്ച കവികളും എഴുത്തുകാരുമാണ് ഒരു സമൂഹത്തിന് തങ്ങൾ അനുഭവിക്കുന്നത് പറയാനും ആവിഷ്ക്കരിക്കാനുമുള്ള ഭാഷ നൽകുന്നത്. ആ ഭാഷ പ്രശസ്തിയുടെയും കമ്പോളശൈലിയുടെയും ഊടുവഴിയായി പരിണമിക്കുമ്പോൾ നാം പരാജയപ്പെട്ട ജനതയായിത്തീരും. ഭാഷ നഷ്ടപ്പെട്ട, ആശയങ്ങൾ രേഖപ്പെടുത്താൻ കഴിയാതാവുമ്പോൾ നാം വളരെ പെട്ടെന്ന് മരിച്ച ജനതയായിത്തീരും.

എഴുത്തിലല്ല, ക്യാംപെയിനിലാണ് ഇപ്പോൾ പല എഴുത്തുകാരുടെയും ശ്രദ്ധ. എഴുത്തിലും വായനയിലും തുടരേണ്ട ജാഗ്രത പലർക്കുമില്ല. മനോജ് ജാതവേദര്, എം കമറുദ്ദീൻ എന്നിവരുടെ എഴുത്തുകൾ മുഖ്യധാരാ വായനയിൽ കടന്നുവരുന്നില്ല എന്നത് ഒരു ഉദാഹരണമാണ്. ഖേദകരമാണിത്. ഉദാഹരണങ്ങൾ വേറെയുമുണ്ട്.  ഇത് നോവലുകളുടെ കാലമാണെന്ന് പറയുന്നു. പക്ഷേ എത്ര നോവലുകൾ വായനക്കാരെ കൂടെക്കൂട്ടുന്നുണ്ട് എന്നതും ആലോചിക്കാവുന്നതാണ്. എഴുത്തുകാരും പ്രസാധകരും മുൻകൈയെടുക്കുന്ന പ്രചാരണ പരിപാടികൾ മാത്രമായി നോവൽ ആഘോഷം ഒതുങ്ങുന്നില്ലേ.  എന്നാൽ ചില മികച്ച നോവലുകൾ ആരും കാണാതെ പോവുകയും ചെയ്യുന്നു. ഈയിടെ വായിച്ച ശ്രദ്ധേയമായ നോവലാണ് കണക്കൂർ ആർ സുരേഷ് കുമാറിന്റെ  ‘നിഴൽനഗരം’. പക്ഷേ എത്രപേർ അത് വായിച്ചിട്ടുണ്ട്? മികച്ച നിരൂപണങ്ങളുടെ അഭാവവും ഉണ്ട്.

സൂക്ഷ്മ വായനക്കാരെയോ നിരൂപകരെയോ എഴുത്തുകാർക്കിപ്പോൾ ഭയപ്പെടേണ്ടതില്ല. എന്തും എഴുതി പുസ്തകമാക്കാൻ ശ്രമിക്കുന്നവരുടെ കൈമുതൽ അജ്ഞതയുടെ ധൈര്യമാണ്. അവനവനെ ആസ്വദിക്കുന്ന പണിയല്ല, ആദ്യവസാനം പൊള്ളുന്ന അനുഭവമാണ് എഴുത്ത്.

സൂക്ഷ്മവായനക്കാരെയോ നിരൂപകരെയോ എഴുത്തുകാർക്കിപ്പോൾ ഭയപ്പെടേണ്ടതില്ല. എന്തും എഴുതി പുസ്തകമാക്കാൻ ശ്രമിക്കുന്നവരുടെ കൈമുതൽ അജ്ഞതയുടെ ധൈര്യമാണ്. അവനവനെ ആസ്വദിക്കുന്ന പണിയല്ല, ആദ്യവസാനം പൊള്ളുന്ന അനുഭവമാണ് എഴുത്ത്.

? മതം പിളർത്തുന്ന മനുഷ്യരുടെ ആധികൾ, മതചിഹ്നങ്ങളാൽ ഇരകളാക്കപ്പെടുന്ന മനുഷ്യർ, മാനവികതയെ നിർവീര്യമാക്കുന്ന മതാധിഷ്ഠിതമായ ഭരണകൂടവ്യവസ്ഥകൾ... ഇത്തരം അവസ്ഥകളോടുള്ള പ്രതികരണങ്ങൾ സർഗജീവിതംകൊണ്ട് സാധ്യമാകുന്നില്ലല്ലോ എന്ന അലട്ടൽ പലപ്പോഴും രചനകളെ നിർണയിച്ചിട്ടുണ്ട് എന്ന് തോന്നും. ഇത്തരം ആത്മവിചാരണകൾ തളർത്തിക്കളയുമോ.

=ആത്മീയതയും മതവും ഒന്നാണെന്നാണ് നമ്മൾ തെറ്റിദ്ധരിച്ച് വെച്ചിരിക്കുന്നത്. ആത്മീയതക്ക് മതമില്ല. ഈ പോയന്റിലേക്ക് എത്താതിരിക്കാനും മനുഷ്യരെ വേർതിരിച്ച് നിർത്തി മതത്തെ ഒരു ഉപജീവനമാർഗമായി സ്വീകരിക്കുകയും ഭക്തരെ ധൈഷണികാടിമകളാക്കി അധികാരികളെ ഭീഷണിപ്പെടുത്തി മുന്നേറുകയുമാണ് ഇന്ത്യൻ ജനാധിപത്യത്തോട് മതം ചെയ്യുന്നത്. അവിടെ അപരവിദ്വേഷവും നുണകളും മാത്രം മൂലധനമായുണ്ടായാൽ മാത്രം മതി. മനുഷ്യരുടെ വിശപ്പ്, ദാരിദ്ര്യം തുടങ്ങിയ നിസ്സഹായമായ ഇടങ്ങളിലൊന്നും ഈ മതവിചാരക്കാരെ പൊതുവെ കാണാറില്ല. ഇവർ മൗലികചിന്തയെ എവിടെവെച്ചും ഭീഷണിപ്പെടുത്തും. സൗകര്യം കിട്ടിയാൽ കൈയേറ്റം ചെയ്യും. തരംകിട്ടിയാൽ കൂട്ടക്കൊലകൾ നടത്തും. ക്രിസ്തു ആത്മീയ പുരുഷനാണ്. എന്നാൽ രണ്ടരനൂറ്റാണ്ടിന്റെ കൊലപാതക പരമ്പരകളായിത്തീർന്ന കുരിശുയുദ്ധം ഭൗതികമാണ്.

ഇടത്തെ കരണത്തടിച്ചവന് തന്റെ വലത്തെ കരണം കാണിച്ച് കൊടുക്കുക എന്ന ക്രിസ്തുവചനവുമായി ഇതിന് വല്ല ബന്ധവുമുണ്ടോ? ഇല്ല. മതം ക്രൂരതയും ആത്മീയത സ്നേഹവുമാണ്. റോഹിംഗ്യൻ അഭയാർഥി പ്രശ്‌നത്തിലായാലും ശ്രീലങ്കൻ കൂട്ടക്കുരുതിയിലായാലും മതം ക്രൂരതയാണ്‌. എന്നാൽ ആത്മീയത സ്‌നേഹമാണ്‌. യേശുവും ബിഷപ്പ് ഫ്രാങ്കോയും തമ്മിൽ വല്ല ബന്ധവുമുണ്ടോ? യേശുവിനേക്കാൾ വലിയ ആളാണ് ഫ്രാങ്കോയെന്ന് പ്രായോഗികബോധത്തിൽ വിശ്വസിക്കുന്ന ഭക്തർ ചിന്തിച്ചുകൂടെന്നില്ല. മനുഷ്യരെ പരസ്പരം തമ്മിലടിപ്പിച്ച് വിഘടിപ്പിച്ച് നിർത്തുന്നതിനും മതത്തിനേ സാധിക്കൂ. ആത്മീയതക്കു സാധിക്കില്ല. ഗുരുവും അയ്യൻകാളിയും വി ടി ഭട്ടതിരിപ്പാടും എ കെ ജിയും സി  കേശവനും പറഞ്ഞതിലും പൊരുതിയതിലും പിന്നിലുള്ള രാഷ്ട്രീയം മറ്റൊന്നല്ല. ആത്മീയ വിരുദ്ധമായ മതബോധം എന്ന മഹാരോഗമാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്നത്. മൗലികമായി ചിന്തിക്കുന്ന എല്ലാ മനുഷ്യരും ഇന്ന് ദുഃഖിതരാണ്.

മുത്തപ്പനെ കാണാൻ പോയ റംലയുടെ വീഡിയോ ക്ലിപ്പ് ഈയിടെ മലയാളി ഏറ്റവുമധികം സന്തോഷത്തോടെ സോഷ്യൽ മീഡിയയിൽ ആഘോഷിച്ച ഒന്നാണ്. അതേസമയം പൂരക്കളി വിദഗ്ധനായ കരിവെള്ളൂരിലെ വിനോദ് പണിക്കർക്ക് എതിരെയുള്ള നീക്കങ്ങളും ദൗർഭാഗ്യകരമെന്ന് പറയട്ടെ സംഭവിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇടതുപക്ഷം ഇടപെട്ടിരിക്കുകയാണ്. ഇത് മഹത്തായ രാഷ്ട്രീയ മാതൃകയായി എന്നെപ്പോലുള്ള ആളുകൾ കാണുന്നു. ഇത് പറയുമ്പോഴും നമ്മുടെ നാട്ടിലെ മറ്റ്‌ മുഖ്യധാരാ രാഷ്ട്രീയ പാർടികളൊന്നും ഒരക്ഷരം മിണ്ടിയിട്ടില്ല. നാല് വോട്ട് നഷ്ടപ്പെടും  എന്ന് അവർ ഭയക്കുന്നു. സത്യത്തിൽ നാല് വോട്ട് കൂടുതൽ കിട്ടുമെന്നുള്ളതാണ് പുതിയ ചെറുപ്പക്കാർക്കിടയിലെ യാഥാർഥ്യം. ഇത് മനസ്സിലാക്കാതെ മത‐സാമുദായിക സംഘടനകൾക്ക് ദാസ്യവേല ചെയ്ത് കഴിഞ്ഞുകൂടുന്ന കാലഹരണപ്പെട്ട സങ്കല്പമാണ് ചില രാഷ്ട്രീയ സംഘടനകൾ പുലർത്തുന്നത്.

? കോവിഡ് കാലം സവിശേഷമായി നൽകിയ ഒരു വാക്കാണ് ‘റൂട്ട് മാപ്പ്’. ആ പേരിൽ ശ്രദ്ധേയമായ ഒരു കഥയും എഴുതിയിട്ടുണ്ട്. കോവിഡ് കാല ജീവിതം ഒരു എഴുത്തുകാരൻ എന്ന നിലയിൽ എങ്ങനെ അടയാളപ്പെടുത്തും.

=  ലോകം കോവിഡിന് മുമ്പും ശേഷവും എന്നായി പിൽക്കാലത്ത് ചരിത്രപരമായി വിഭജിച്ച് വായിച്ചേക്കാം. നമ്മുടെ രാഷ്ട്രീയ ജാഗ്രതയെയാണ് അത് കൂടുതൽ പരീക്ഷിച്ചത് എന്നാണ് എന്റെ തോന്നൽ. ലോകത്തെമ്പാടും ഉള്ള ഇടതുപക്ഷശക്തികളും വലതുപക്ഷശക്തികളും എന്താണെന്ന തിരിച്ചറിവിന് അത് സഹായകമായി. കേരളം പോലൊരിടത്ത് കോവിഡ് കാലത്ത് ഓരോ വീടിനും കാവൽ നിൽക്കാൻ ഇടതു രാഷ്ട്രീയബോധത്തെയേ കണ്ടുള്ളൂ. രണ്ടാമത് പരീക്ഷിച്ചത് മാനവികമായ ചരിത്രപശ്ചാത്തലത്തെയാണ്. ലോകത്തെ ഏറ്റവും വലിയ ചികിത്സാസംവിധാനം അമേരിക്കക്ക് ഉപകാരപ്പെടാതെ പോയി.

ക്യൂബ പോലെ ചെറിയൊരു രാജ്യം ചികിത്സാസഹായവുമായി കൂട്ടത്തോടെ അവിടെ എത്തി എന്നത് ചരിത്രപരമായ ഒരു കുഴമറിച്ചിലാണ്. കോവിഡിൽ മരിച്ച അമേരിക്കൻ പൗരന്മാരായ പതിനായിരങ്ങളെ വലിയ കുഴികുത്തി No mans Island  ലും മറ്റും അടക്കം ചെയ്യേണ്ടിവന്നു. അപ്പോഴും കൊച്ചു കേരളത്തിലെ സർക്കാർ സംവിധാനങ്ങളും എന്തിനേറെ പഞ്ചായത്ത് ആശുപത്രികൾപോലും കൂടെനിന്നു. കോവിഡ് വൈറസ് മനുഷ്യകുലത്തോട് മാത്രമാണ് യുദ്ധം പ്രഖ്യാപിച്ചത് എന്നോർക്കണം. വേറെ ഒരു ജീവിയെയും തൊട്ടിട്ടില്ല. നമ്മുടെ എണ്ണിയാലൊടുങ്ങാത്ത യുദ്ധോപകരണങ്ങളെ കോവിഡ് വെറും കളിപ്പാട്ടമാക്കി. മനുഷ്യന് പഠിക്കാനേറെയുള്ള പാഠങ്ങളുള്ള ഒന്നാണ് കോവിഡ് കാലഘട്ടം. പക്ഷേ, പഠിക്കുമോ മാനവിക ബോധമില്ലാത്ത മനുഷ്യർ!  .

(ദേശാഭിമാനി വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top