രുക്മിണി അന്ന് കടുംനീല സാരിയാണ് ധരിച്ചിരുന്നത്; കറുത്ത ബോര്‍ഡറും. കുട്ടിത്തം സാവധാനം വിട്ടുമാറിക്കൊണ്ടിരിക്കുന്ന അവളുടെ മുടിയൊരുക്കവും സുറുമയും ഒക്കെ അവള്‍ക്ക് ഒരു വശ്യമായ ചാരുത നല്‍കിയിരുന്നു. കാതറീനും വാണിയും വന്ന കാറില്‍ ചാടിക്കയറിക്കൊണ്ട് അവള്‍ പറഞ്ഞു: "വേഗമാകട്ടെ... ഉടന്‍ പോയില്ലെങ്കില്‍ ചടങ്ങ് കഴിയും.'' കല്യാണ എന്ന ഗ്രാമത്തിലെ ഒരു ഭൂവുടമയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തില്‍ സംബന്ധിക്കാനായിരുന്നു അവളുടെ ധൃതി. പുതിയ വീടിന്റെ വാഴ്ത്തല്‍ച്ചടങ്ങ് യെല്ലമ്മയാണ് നിര്‍വഹിക്കേണ്ടത്. വീട് മാത്രമല്ല, ഏത് സംരംഭവും– കൃഷിയിറക്കല്‍, മഴയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥന, എരുമയുടെ പ്രസവം, ഗ്രാമത്തിലെ വിവാഹം അങ്ങനെയെന്തും. കല്യാണഗ്രാമത്തില്‍ യെല്ലമ്മയെ പ്രതിനിധാനംചെയ്യുന്നത് സുമിത്രയെന്ന മുതിര്‍ന്ന ദേവദാസിയാണ്.
സുമിത്ര ഇനിയും എത്തിയിരുന്നില്ല. ഇതിനകംതന്നെ മുപ്പതോളം ദേവദാസികളും കുട്ടികളും വീടിനോട് ചേര്‍ന്നുള്ള ധാന്യപ്പുരയില്‍ ഇരുന്നുകഴിഞ്ഞു. ജാതിയില്‍ 'കുറവു'ള്ളതിനാല്‍ അവര്‍ക്ക് വീടിനുള്ളിലേക്ക് പ്രവേശനമില്ല. അവര്‍ കൊണ്ടുവന്ന യെല്ലമ്മപ്പേടകങ്ങള്‍ വരാന്തയില്‍ നിരത്തിക്കഴിഞ്ഞിരുന്നു. പൂജയ്ക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞപ്പോള്‍ വലിയൊരു യെല്ലമ്മപ്പേടകവുമായി സുമിത്ര എത്തി. ഗൃഹനാഥ യെല്ലമ്മയുടെ കാല് കഴുകി അവരുടെ പാദങ്ങളില്‍ വീണ് നമസ്കരിച്ച് സ്വീകരിച്ചു. അനന്തരം പൂജ. അതിനുശേഷം എല്ലാവര്‍ക്കും പല വിഭവങ്ങളോടുകൂടി ഭക്ഷണം. തുടര്‍ന്ന് യെല്ലമ്മയുടെ സ്തുതിപ്പാട്ടുകള്‍ ദേവദാസികള്‍ ചേര്‍ന്ന് പാടുന്നു. ഇങ്ങനെ വാഴ്ത്തപ്പെടുന്ന വീടിന് ഐശ്വര്യമുണ്ടാകുമെന്ന് ഗ്രാമീണരും ദേവദാസികളും വിശ്വസിക്കുന്നു.
ഈ വിശ്വാസത്താലാവണമല്ലോ സര്‍ക്കാര്‍ നിരോധിച്ചിട്ടും ദേവദാസി സമ്പ്രദായം വേരറ്റുപോകാത്തത്. ദേവദാസികളെക്കുറിച്ച് പഠിക്കാനും ഡോക്യുമെന്ററി തയ്യാറാക്കാനുമാണ് കാതറീന്‍ റൂബിന്‍ കെര്‍മോഗാങ് എന്ന യൂറോപ്യന്‍ വനിത ബല്‍ഗാമിനടുത്തുള്ള കല്യാണഗ്രാമത്തില്‍ വളരെനാള്‍ താമസിച്ച് ഗവേഷണം നടത്തിയത്. നരവംശ ഗവേഷണരീതിയായ എത്നോഗ്രാഫി എന്ന മാതൃകയാണ് കാതറീന്‍ സ്വീകരിച്ചത്. ബിബിസിക്കുവേണ്ടിചെയ്ത ഡോക്യുമെന്ററി പല ഇടപെടലുകള്‍മൂലം സ്വീകരിക്കപ്പെടാഞ്ഞതിനാല്‍ അവര്‍ തന്റെ പഠനം ഒരു പുസ്തകമാക്കാന്‍ തീരുമാനിച്ചു. അതാണ് 'ദേവിയുടെ ദാസിമാര്‍: ആധുനിക ദേവദാസിമാര്‍' (Servants of the Goddess- The Modern Day Deavadsis, Vintage) എന്ന പുസ്തകം. ദേവദാസി സമ്പ്രദായത്തെക്കുറിച്ചുള്ള സമഗ്രചിത്രമാണ് ഇത് നമുക്ക് നല്‍കുന്നത്. പുസ്തകത്തിലെ കഥ ചുരുളഴിയുമ്പോള്‍ യെല്ലമ്മയുടെ ചരിത്രത്തിന്റെ ഭാഷാഭേദങ്ങള്‍, ദേവദാസികളുടെ ഉയര്‍ച്ചയും താഴ്ചയും, അതിന്റെ സാമൂഹികവും ദാര്‍ശനികവുമായ വശങ്ങള്‍, ആചാരങ്ങള്‍, സമകാലിക പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യപ്പെടുന്നു.
ക്ഷേത്രാരാധന ശക്തമായിരുന്ന ആയിരത്തിലധികം വര്‍ഷം ക്ഷേത്രങ്ങളുടെ ചുമരുകള്‍ക്കുള്ളില്‍ സജീവസാന്നിധ്യമായിരുന്നു ദേവദാസിമാര്‍. അന്നൊക്കെ പെണ്‍കുട്ടികളെ പത്തുവയസ്സിനുമുമ്പുതന്നെ ദേവദാസിയായി അവരോധിക്കും. ഈ കുട്ടികള്‍ക്ക് പിന്നീട് നൃത്ത, നൃത്യാദികളിലും സംഗീതത്തിലും മറ്റ് പെരുമാറ്റ രീതികളിലും ദീര്‍ഘനാളത്തെ ശിക്ഷണം ലഭിക്കും. ബ്രാഹ്മണരുടെ പൂജാകര്‍മങ്ങള്‍ക്കൊപ്പം ദേവദാസികളുടെ പാട്ടും നൃത്തവും സമൂഹത്തിനെ ദൈവത്തോടടുപ്പിക്കുന്ന അനുഷ്ഠാനമാണെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിലെ പ്രധാനികളുടെ ലൈംഗികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതും ഒരു ദേവദാസിയുടെ ധര്‍മമായി കരുതിപ്പോന്നു. ഭക്തിപ്രസ്ഥാനവുമായി നേര്‍ബന്ധമുള്ള ദേവദാസി സമ്പ്രദായം ആറാം നൂറ്റാണ്ടുമുതല്‍ ശക്തമായി നിലനിന്നിരുന്നുവെന്ന് തെളിവുകളുണ്ട്. ഊര്‍വരത, നൃത്യം, ലൈംഗികത, ഭക്തി എന്നിവ ഒരേ ശ്രേണിയില്‍പ്പെട്ട അനുഷ്ഠാനങ്ങളാണ്. ക്രമേണ ദേവദാസി സമ്പ്രദായത്തിനെതിരായ ശബ്ദങ്ങള്‍ ഹിന്ദുമതത്തിനുള്ളില്‍നിന്നുതന്നെ വന്നിട്ടുണ്ട്. ബ്രിട്ടീഷ് സര്‍ക്കാരിന് ദേവദാസികളെയും മറ്റ് വേശ്യാവൃത്തിയിലുള്ളവരെയും തമ്മില്‍ വേര്‍തിരിച്ച് കാണാനായില്ല. ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ ക്ഷേത്രങ്ങളുടെ ശക്തി ക്ഷയിക്കുകയും സമ്പത്തിന്റെ നിയന്ത്രണം മറ്റ് സര്‍ക്കാര്‍ ഏജന്‍സികളിലേക്ക് മാറുകയും ചെയ്തപ്പോള്‍ ദേവദാസി സമ്പ്രദായത്തിന്റെ അടിത്തറയിളകി. എന്നാല്‍, ഒരു സാമൂഹികാചാരം, വിശ്വാസം എന്ന നിലയിലെല്ലാം അത് ഇന്നും തുടരുന്നു.
"ദേവദാസികള്‍ ജാതിയില്‍ നീചരാണെങ്കില്‍ എങ്ങനെയാണ് ഉയര്‍ന്ന ജാതിയിലുള്ള പുരുഷന്മാര്‍ നിങ്ങളെ സമീപിക്കുന്നത്?'' കാതറീന്‍ ചോദിച്ചു. രാണവ്വ എന്ന ദേവദാസി പറഞ്ഞു: "അവരോധിച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് ജാതി നഷ്ടപ്പെടും എന്നാണ് സങ്കല്‍പ്പം. എന്നാല്‍, പകല്‍ അബദ്ധത്തില്‍ ഒരു പുരുഷന്‍ ഞങ്ങളുടെ ദേഹത്ത് മുട്ടിയാല്‍, അയാള്‍ പോയി കുളിച്ചിട്ടേ വരികയുള്ളൂ.''

'ദേവിയുടെ ദാസിമാര്‍: ആധുനിക ദേവദാസിമാര്‍' (Servants of the Goddess- The Modern Day Deavadsis, Vintage) എന്ന പുസ്തകം ദേവദാസി സമ്പ്രദായത്തെക്കുറിച്ചുള്ള സമഗ്രചിത്രമാണ് നമുക്ക് നല്‍കുന്നത്
ജമദഗ്നി മഹര്‍ഷിയുടെ ഭാര്യയായ യെല്ലമ്മ (രേണുക)യുടെ ജീവിതമാണ് ഓരോ ദേവദാസിയുടെയും എന്നാണ് സങ്കല്‍പ്പം. ഈ ജീവിതത്തിനിടയിലും പല ദേവദാസികളും സ്വന്തം ഇച്ഛാശക്തിയിലൂടെ ജീവിതത്തിന് നൂതനമായ അര്‍ഥം കാണുന്നുണ്ട്. കാതറീന്‍ പറയുന്നത് ദേവദാസിമാരുടെ കഥകള്‍ മാത്രമല്ല; കാതറീന്റെ പഠനസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ ജീവിതവീക്ഷണങ്ങളും നമ്മെ ചിന്തിപ്പിക്കും. വാണി എന്ന പുരോഗമനവാദി, സ്വന്തം ഭര്‍ത്താവിനാല്‍ പീഡിപ്പിക്കപ്പെടുന്ന സഹപ്രവര്‍ത്തക മല്ലിക, ജാതിയില്‍ ഉയര്‍ന്നവളായ അമൃത ദേവദാസികളുടെ ജീവിതവുമായി പൊരുത്തപ്പെടാനാകാതെ കഴിയുന്നത്, ദിലീപ് പാട്ടീല്‍ എന്ന സിനിമാപ്രവര്‍ത്തകന്‍ തന്റെ സ്വന്തം മുന്‍വിധികള്‍കൊണ്ട് സിനിമയുടെ സ്വത്വം നശിപ്പിക്കുന്നത് ഇങ്ങനെ അനവധി വായനകള്‍ ഈ പുസ്തകം നമുക്കുതരുന്നു.
സിനിമ എന്ന സ്വപ്നം പൊലിഞ്ഞുപോയപ്പോള്‍ കാതറീന്‍ ഒരിക്കല്‍കൂടി ദേവദാസി ഗ്രാമത്തിലെത്തി– വര്‍ഷങ്ങള്‍ക്കുശേഷം; ഒപ്പം വാണിയുമുണ്ടായിരുന്നു. മല്ലിക ഭര്‍ത്താവില്‍നിന്ന് രക്ഷപ്പെട്ട് വിവാഹമോചനത്തിന് ശ്രമിക്കുകയായിരുന്നു. അടുത്ത നാളിലെ ദുര്‍ഗയുടെ ചടങ്ങുകളില്‍ അവര്‍ പങ്കെടുത്തു. സ്വന്തം പാപങ്ങള്‍ കഴുകിക്കളയാനുള്ള അനുഷ്ഠാനമാണ് അന്ന് നടന്നത്. പ്രായംചെന്ന ഒരു ദേവദാസി ചങ്ങലയ്ക്കറ്റത്ത് മുള്ളുകള്‍ പാകിയ ഗോളം ചാട്ടയില്‍ കൊരുത്തിട്ട് തന്റെ ശരീരത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആഞ്ഞടിച്ചുകൊണ്ടിരുന്നു. വേദനകൊണ്ട് പുളയുകയും രക്തം വാര്‍ന്നൊഴുകുകയും ചെയ്യുമ്പോള്‍ പാപമോചനം ലഭിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.
രുക്മിണി തയ്യാറാകുകയാണ്. തിരിച്ച് സാംഗ്ളിയിലേക്ക് പോകാന്‍; ഒരു ലൈംഗികത്തൊഴിലാളിയായി. മറ്റ് മാര്‍ഗങ്ങള്‍ അവര്‍ക്കുമുമ്പിലില്ല. സാംഗ്ളിയിലേക്കുള്ള ബസ് എത്തുമ്പോഴേക്ക് ഗ്രാമത്തിലെ പല പെണ്‍കുട്ടികളും അവളെ യാത്രയയ്ക്കാനായെത്തി. കാതറീന്‍ നല്‍കിയ സമ്മാനപ്പൊതികളുമായി, മകന്‍ ഗജാനനനെ നോക്കി കൈവീശി, ബസില്‍ കയറി തിരിഞ്ഞുനോക്കാതെ പിന്‍സീറ്റിലൊരിടം തേടി അവള്‍ മറഞ്ഞു.
ഈ പുസ്തകത്തില്‍ കാതറീന്‍ റൂബിന്‍ കെര്‍മോഗാങ് ഓരോ അധ്യായവും തുടങ്ങുന്നത് പോയകാലത്തെ സാഹിത്യത്തില്‍നിന്ന് എടുത്ത ഉദ്ധരണിയോടെയാണ്. പതിനേഴാം നൂറ്റാണ്ടിലെ വെങ്കടധ്വരന്‍ എന്ന പ്രബന്ധകാരന്റെ വരികള്‍:
"ദേവനര്‍ഘ്യമേകും കരങ്ങള്‍
ലാളിപ്പതോ വേശ്യാകുചങ്ങളെ
അവര്‍ തിന്ന വെറ്റില ഗന്ധം
പേറും ശ്വാസത്താല്‍ മന്ത്രോച്ചാരണം
ദേവസമ്പത്തുകവരാനഹിത–
മില്ലാത്തൊരീ പുരോഹിതരുടെ
പൂജാബിംബങ്ങള്‍ക്കാമോ ദേവത്വം?''
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..