17 September Tuesday

സാമജ കൃഷ്ണയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

തിരുവനന്തപുരം > യുവകവി സാമജ കൃഷ്ണയുടെ രണ്ടാമത്തെ കവിതസമാഹാരം 'ഉറങ്ങാതിരിക്കാം നമുക്ക്' മുഖ്യമന്ത്രി പിണറായി വിജയൻ കവി പ്രഭാവർമ്മക്ക് നൽകി പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ സാക്ഷരത മിഷൻ ഡയറക്ടർ എ ജി ഒലീന, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ, കേരള ലോ അക്കാദമി ഡയറക്ടർ അഡ്വ. നാഗരാജ് നാരായണൻ എന്നിവർ പങ്കെടുത്തു. എൻബിഎസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രൊഫ. എം കെ സാനു വിന്റെ അവതാരികയോടെയും കവി സച്ചിദാനന്ദന്റെ ആഴത്തിലുള്ള കാവ്യനിരീക്ഷണത്തോടെയുമാണ് ഗ്രന്ഥം പുറത്തിറങ്ങിയിരിക്കുന്നത്. "മനുഷ്യരാശിയുടെ, ലോകത്തിന്റെ ഭാസുരമായ ഭാവി സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് സാമജ കൃഷ്ണ ഉറങ്ങാതിരിക്കാൻ ആഗ്രഹിക്കുന്നത്. ആ സൃഷ്ടി എളുപ്പമല്ല. വിചാരിക്കുന്നതിലധികം ക്ലേശകരമാണ്. ആ ക്ലേശഭാരം മുഴുവൻ ഏറ്റെടുക്കാൻ സന്നദ്ധതയുള്ള കവിഹൃദയമാണ് സാമജ കൃഷ്ണ എന്ന് പേരായ ഈ കുട്ടിയിൽ സ്പന്ദിക്കുന്നത്" എന്നാണ് അവതാരികയിൽ സാനു മാഷ് പറയുന്നത്. മലയാള കാവ്യലോകത്ത് സാമജ തന്റെതായ ഒരുവസന്തം സൃഷ്ടിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവയ്ക്കുന്നു.

"ഏതു കവിക്കും അനിവാര്യമായ സഹാനുഭൂതി, പരിവർത്തനത്വര, താളബോധം എന്നിവ സാമജ കൃഷ്ണയ്ക്കുണ്ടെന്ന്" കവി സച്ചിദാനന്ദനും സാക്ഷ്യപ്പെടുത്തുന്നു.

കോട്ടയം പൂഞ്ഞാർ സ്വദേശിനിയായ സാമജ ദേശാഭിമാനി മുൻ ലേഖകൻ പി മുരളീകൃഷ്ണന്റെയും സുഷമ മുരളിയുടെയും മകളാണ്. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ആദ്യ കവിതാസമാഹാരം കന്നിമഴ 2020ലാണ് പ്രസിദ്ധീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top