26 September Tuesday

പ്രണയത്തിൽ സ്വയം നഷ്ടപ്പെട്ടവർക്ക്- കാമി എന്ന നോവലിനെക്കുറിച്ച് ...

അശ്വനി എ പിUpdated: Thursday Mar 2, 2023

പ്രണയത്തിന്റെ സൂക്ഷ്മസംഘർഷങ്ങളെ അടയാളപ്പെടുത്തുന്ന കൃതിയാണ് രോഷ്നി സ്വപ്ന രചിച്ച കാമി എന്ന നോവൽ. കാമിയും ചിത്രനും തമ്മിലുടലെടുക്കുന്ന പ്രണയവും ചിത്രന്റെ കൊലപാതകവും കാമിയുടെ ആന്തരിക സംഘർഷങ്ങളുമാണ് കേന്ദ്ര പ്രമേയം

എന്താണ് പ്രണയം എന്നു ചോദിച്ചാൽ, കേവലമായ വ്യാഖ്യാനങ്ങൾക്കപ്പുറം ഏകമുഖമുള്ള ഒരു നിർവചനം നൽകാൻ കഴിയില്ല. അർഥശങ്കയാൽ അപൂർണമാകുന്ന ഭാഷയോ, തടംകെട്ടി നിൽക്കുന്ന കാലമോ, വേരുകൾകൊണ്ടുള്ള കെട്ടിപ്പിടുത്തമോ, മറവിയിലേക്ക്‌ പറിച്ചുനട്ട വാക്കോ, തുടച്ചെറിഞ്ഞ നിമിഷമോ അങ്ങനെ പലർക്കും പലതാണ് പ്രണയം. അനവധി വാതിലുകളുള്ള ഒരു മുറിയാണത്.

ദൈവത്തെക്കുറിച്ച് ചോദിച്ചപ്പോൾ വസന്തം വിരിച്ച മരത്തെക്കുറിച്ച് കസാൻദ്‌സാക്കീസ് പറയുന്നുണ്ട്.

ആ മരത്തിനോട് അദ്ദേഹം പ്രണയത്തെക്കുറിച്ചായിരുന്നു ചോദിച്ചിരുന്നതെങ്കിലോ? ചിലപ്പോഴത് നിത്യമൗനത്തിലേക്ക്‌ ആണ്ടുപോയേക്കാം, അല്ലെങ്കിൽ അനാദിയോളം ഋതുക്കളറിയാതെ നിന്നു കഥ പറഞ്ഞേക്കാം.

അവരവരോടുള്ള ഒടുങ്ങാത്ത സ്നേഹത്തിൽനിന്നാണ് പ്രണയത്തിന്റെ വിത്തു മുളയ്ക്കുന്നത്. പൂർണത തേടുമ്പോഴും അപൂർണതയിലേക്ക്‌ മാത്രം നടക്കുന്ന വാക്കാണതിന്റെ കേന്ദ്രം. എനിക്ക് എന്നോടുള്ള സ്നേഹത്തിന്റെ കവിഞ്ഞൊഴുക്കാണത്. എന്നിൽ നിന്ന് കവിഞ്ഞൊഴുകാൻ വെമ്പൽ കൊള്ളുന്ന സ്നേഹത്തെ, ഞാൻ എനിക്കുവേണ്ടി പകുത്തുനൽകുന്നു.

‘ഞാൻ' എന്നതിൽ കേന്ദ്രീകരിക്കപ്പെട്ടതും എന്റേതായ ഉടയാടകളെ മുഴുവൻ അഴിച്ചുവെച്ചതും എന്നെത്തന്നെ മിനുക്കിയെടുത്തതും, എന്റെതന്നെ ഉപബോധത്തിലടിഞ്ഞുകൂടിതുമായ കാമനകളുടെ  പങ്കുവെക്കലാണതിന്റെ രാഷ്ട്രീയം.

പ്രണയത്തിന്റെ സൂക്ഷ്മസംഘർഷങ്ങളെ അടയാളപ്പെടുത്തുന്ന കൃതിയാണ് രോഷ്നി സ്വപ്ന രചിച്ച കാമി എന്ന നോവൽ.

കാമിയും ചിത്രനും തമ്മിലുടലെടുക്കുന്ന പ്രണയവും ചിത്രന്റെ കൊലപാതകവും കാമിയുടെ ആന്തരിക സംഘർഷങ്ങളുമാണ് നോവലിലെ കേന്ദ്ര പ്രമേയം. ചിത്രന്റെ മരണ വാർത്തയിൽനിന്നാണ് നോവൽ ആരംഭിക്കുന്നത്.

അവിടെ നിന്ന് കാമിയും ചിത്രനും തമ്മിൽ രൂപംകൊണ്ട പ്രണയത്തിന്റെ ഭിന്നഭാവങ്ങളിലേക്ക്‌ ഫ്ലാഷ്ബാക്കുകൾ തെളിയുന്നു. ഇരുകാലുകൾക്കും ചലനശേഷിയില്ലാത്ത കാമിയും കാടും മലയും താണ്ടി നടക്കുന്ന ചിത്രനും സൗഹൃദത്തിലാകുന്നു. സൗഹൃദത്തിൽനിന്ന് അവർ പ്രണയത്തിലേക്ക്‌ വഴുതിവീഴുന്നു. കാമിയ്ക്ക് ചിത്രനില്ലാതെയും ചിത്രന് കാമിയില്ലാതെയും ലോകം തീർന്നുപോകുമെന്ന അവസ്ഥ, അതാണല്ലോ പ്രണയത്തിന്റെ കാതൽ.

രണ്ടുപേർക്കിടയിൽ മാത്രം വിരിഞ്ഞ ലോകം മൂന്നാമതൊരാളുടെ കടന്നുവരവോടെ അസ്വസ്ഥമാകുകയും പതിയെ അസ്തമിക്കുകയും ചെയ്യുന്നു. കാമിയ്ക്കും ചിത്രനുമിടയിൽ സംഭവിച്ചത് അതാണ്. കാമിയും ചിത്രനുമാകുന്ന ലോകത്തേക്ക്‌ അയാൾ മറ്റൊരു കാമിയെ കൂട്ടിക്കൊണ്ടുവരുന്നു. ഇരുകാമികൾക്കുമിടയിലെ  വൈരുധ്യങ്ങളിൽനിന്നാണ് നോവൽ വികസിക്കുന്നത്.

തനിക്ക് തന്നെ നഷ്ടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ കാമി എത്തിച്ചേരുന്നതോടെ, അവൾ ആത്മസ്വത്വവുമായി (മറ്റൊരു കാമിയുമായി) സംഘർഷത്തിലാകുകയും ചിത്രൻ അവർക്കിടയിൽനിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുകയാണ്. ആ പുറന്തള്ളലാകട്ടെ ചിത്രന്റെ ജീവനപഹരിക്കുക വഴി, അവളുടെ പ്രണയപൂർത്തീകരണത്തിന്റെ മറ്റൊരു നുകം നെയ്തുകൊണ്ടാണെന്നുമാത്രം.

ഒരു കൊലപാതകവും ന്യായീകരിക്കപ്പെടാനുള്ളതല്ല എന്നാണല്ലോ സാമൂഹിക നീതി. എന്നാൽ നീതിന്യായങ്ങളുടെ തീർപ്പുകൽപ്പിക്കലുകളിൽനിന്ന് വിടുതൽ നേടിയ മനുഷ്യമനസ്സിന്റെ സഞ്ചാരങ്ങളെ നമുക്കെങ്ങനെയാണ് പിടിച്ചുകെട്ടാൻ കഴിയുക. അഹിംസയുടെ ആദർശലോകങ്ങൾക്കപ്പുറത്ത് സ്ഥായിയായി കൊണ്ടുനടക്കുന്നതും നിലനിൽപ്പിന്റെ രീതിശാസ്ത്രങ്ങളിലേക്ക്‌ വേരുകളാഴ്ത്തപ്പെട്ടതുമായ കിടമത്സരം, അത് ഹിംസാഹിംസകൾ തമ്മിലുള്ള ബാഹ്യ സംഘർഷം മാത്രമല്ലല്ലോ.

 'ആരോ ചിത്രനെ ശ്വാസം മുട്ടിച്ചുകൊന്നു എന്ന് അനിയൻ ഹരി പറയുമ്പോഴും കാമിയിൽ ആ വാർത്ത കാര്യമായ ഞെട്ടലുകൾ തീർത്തില്ലെന്നു കാണാം. അവൾ മറ്റൊരു ലോകത്തിരുന്ന് വേറെ ആരെയോ തേടുകയായിരുന്നു’. അവൾ അന്വേഷിക്കുന്നത് അവളുടെ ഉള്ളിൽനിന്ന് നഷ്ടപ്പെട്ടു പോയ അവളെത്തന്നെയാണ്. അവളെ നേടണമെങ്കിൽ ചിത്രനെ ഹനിക്കാതെ അവൾക്ക് കഴിയുമായിരുന്നില്ല.

അതിനർഥം കാമി ചിത്രനെ സ്നേഹിച്ചിരുന്നില്ല എന്നല്ല. സ്വയം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള സ്നേഹത്തിന്റെ ഭാരത്തെ അവൾക്ക് താങ്ങാൻ കഴിയുമായിരുന്നില്ല. ഒടുവിൽ അണക്കെട്ടു പൊട്ടിത്തകർന്നതുപോലെ കുത്തിയൊലിച്ച് അലറിക്കരയുന്ന കാമിയെ നമുക്ക് കാണാം.

കാമിയിലെ പ്രധാനപ്പെട്ട ഒരിടം കാടാണ്. കാമിയും  ചിത്രനും അവരുടെ  പ്രണയം പങ്കിടുന്നതും, കാമി മറ്റൊരു കാമിയെ കണ്ടെത്തുന്നതും ചിത്രന്റെ മരണശേഷം കാമി ചിത്രനെത്തേടി ചെന്നുചേരുന്നതും കാട്ടിലാണ്. പ്രണയസായൂജ്യത്തിന്റെ ഇടമായി കാട് മാറുന്ന കാഴ്ച ലീലയിലും നളിനിയിലും നമുക്ക് കാണാം. യാഥാർഥ്യത്തിന്റെ കെട്ടുപാടുകളിൽനിന്ന് ഉന്മാദത്തിന്റെ വിശാലതകളിലേക്ക്‌ കാട് മനസ്സിനെ കൊണ്ടുപോകുന്നു.

കാമിയിലെ പ്രധാനപ്പെട്ട ഒരിടം കാടാണ്. കാമിയും  ചിത്രനും അവരുടെ  പ്രണയം പങ്കിടുന്നതും, കാമി മറ്റൊരു കാമിയെ കണ്ടെത്തുന്നതും ചിത്രന്റെ മരണശേഷം കാമി ചിത്രനെത്തേടി ചെന്നുചേരുന്നതും കാട്ടിലാണ്. പ്രണയസായൂജ്യത്തിന്റെ ഇടമായി കാട് മാറുന്ന കാഴ്ച ലീലയിലും നളിനിയിലും നമുക്ക് കാണാം. യാഥാർഥ്യത്തിന്റെ കെട്ടുപാടുകളിൽനിന്ന് ഉന്മാദത്തിന്റെ വിശാലതകളിലേക്ക്‌ കാട് മനസ്സിനെ കൊണ്ടുപോകുന്നു. ഒടുവിൽ സ്വയം തിരിച്ചുപിടിച്ചവർ മാത്രം കാടുവിട്ടിറങ്ങുന്നു. പ്രണയം ഉന്മാദിയുടെ ലോകമാണ്. സ്വയം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള നേടലാണ് പ്രണയത്തിന്റെ ഉണ്മ. കാടതിർത്തിയിലാണ് കാമിയുടെ വീട് എന്നതും ഇവിടെ ഓർക്കണം.

രോഷ്നി സ്വപ്ന

രോഷ്നി സ്വപ്ന

‘എന്റെ അബോധം മണിക്കൂറുകൾ നീണ്ടുകാണും. ആ അബോധത്തിൽ ഞാൻ സ്വപ്നം കണ്ടു. ഉടൽ നീലിച്ച്, ചുണ്ടുകൾ നീലിച്ച് ഞാൻ... പ്രണയത്തിന്റെ വഴുവഴുക്കുന്ന ഉടലിൽ കടുംനീലവളയങ്ങൾ, കടും വെള്ളിവളയങ്ങൾ. അവളെന്റെ ഉടലിൽ പച്ചകുത്തുന്നതെന്തെന്ന് എനിക്കറിയാൻ കഴിയുന്നുണ്ടായിരുന്നു. ഒരു സീൽക്കാരംപോലെ വായുവിലേക്ക് ചീറ്റിത്തെറിക്കുന്നത് രതിയുടെ പെരുമഴയാണെന്ന് ഞാനറിഞ്ഞു.

എന്റെ വിരലുകളിലും നഖങ്ങൾ മുളച്ചു. ഉടലുകളിൽനിന്ന് ചോര തിണർത്തുതെറിക്കുന്നത് ഞാനും അവളുമറിഞ്ഞു. പ്രണയത്തിന്റെ എല്ലാമർമങ്ങളും പൊട്ടിയൊലിച്ച് ഞാൻ സ്വതന്ത്രയായി.

എന്റെ പൊക്കിൾക്കൊടിക്കുകീഴെ മണ്ണിലേക്ക് ഉറ്റുനോക്കുന്ന നാഗത്തിന് അവളുടെ മുഖച്ഛായ. എനിക്കത് കാണാനാവില്ല. കൈപ്പത്തി മുതൽ കാൽപ്പാദംവരെ ആഞ്ഞുകുതറിക്കൊണ്ട് ഞാൻ കുടഞ്ഞു. എന്റെയുടൽ എന്നിട്ട് അവളിലേക്ക് ഇഴഞ്ഞുവരിഞ്ഞു. എന്റെ അരക്കെട്ടിനു ചുറ്റും അവൾ പച്ച കുത്തിയ നാഗം അവളെ വരിഞ്ഞുമുറുക്കി. ഞരമ്പുകളിൽനിന്ന് പ്രണയത്തിന്റെ വിഷം പകർന്നുകുടിച്ച് ഞങ്ങൾ വിവസ്ത്രരായി.

കാമിയ്ക്ക് സ്വയം വീണ്ടെടുക്കലായിരുന്നു ചിത്രന്റെ വധം. ചിത്രനോടുള്ള സ്നേഹത്തിനും വൈരത്തിനും അപ്പുറമായിരുന്നു അവൾക്ക് അവളോടുളള സ്നേഹം.ഒഥെല്ലോ അയാളോടുള്ള സ്നേഹത്തിന്റെ പരകോടിയിലെത്തുമ്പോഴാണ് ഡെസ്ഡിമോണയെ കൊല്ലാൻ തയ്യാറാകുന്നത്. കേവലമൊരു വഞ്ചനയുടെ മുഖം മാത്രമായിരുന്നില്ല ഒഥെല്ലോയ്ക്ക് ആ കൊലപാതകം.

സമൂഹം തീർപ്പുകൽപ്പിച്ചിരുന്ന അന്തരങ്ങൾക്കിടയിൽ (privilege)പലതരം സമ്മർദങ്ങൾക്ക് കീഴ്പ്പെട്ടുപോകുന്ന അയാൾക്ക്, അയാളെ തിരിച്ചുപിടിക്കണമെങ്കിൽ ആ സ്നേഹത്തിൽ നിന്ന് മോചനം നേടണമായിരുന്നു.

ബാക്കിയുള്ള കാരണങ്ങളെല്ലാം രണ്ടാമതെ വരുന്നുള്ളു. ആ നിലയിൽ അവരവരോടുള്ള സ്നേഹത്തിന്റെ കവിഞ്ഞൊഴുക്കിൽ ഉദയം ചെയ്യുന്ന പ്രണയം, അപരത്വത്തെ തിരിച്ചറിയുന്നതോടെ അവസാനിക്കുന്നു. സ്വയം വീണ്ടെടുക്കലിനായി കണ്ടെത്തുന്നതാകട്ടെ, മനുഷ്യമനസ്സിന്റെ അടിത്തട്ടുശാസ്ത്രങ്ങളെ നിരന്തരം ആകുലതപ്പെടുത്തുന്ന മരണമെന്ന മാർഗവും.

മരണത്തെക്കാൾ വന്യവും തീവ്രവുമായ ഭയമില്ലെന്നതാണ് യാഥാർഥ്യം, മരണംപോലെ വലിയ സത്യവുമില്ല. ആര് മരിക്കുമെന്നതാണ് ചോദ്യം. അപരത്വത്തെ ചേർത്തുപിടിച്ചവർ ഇഹലോകം വെടിഞ്ഞു, പരത്തെ വീണ്ടെടുത്തവർ പാതകികളായി മാറി, സിദ്ധാന്തമല്ല, ജീവിതമാണ് പ്രധാനം. നിലനിൽപ്പിനുവേണ്ടിയുള്ള കിടമത്സരം ബാഹ്യം മാത്രമല്ലല്ലോ, അത് ആന്തരികവുമാണ്.

ആത്മത്യാഗത്തിനും പരഹത്യയ്ക്കുമിടയിലെ സംഘർഷങ്ങളിൽ നിന്ന് സധീരമായി ദുഃഖത്തിന്റെ കടലിലേക്കിറങ്ങിനീന്തി കരപിടിക്കുന്ന മറ്റൊരു കൂട്ടർ കൂടിയുണ്ട്. എന്നാൽ അവരുടെ നീതിസാരങ്ങൾക്കപ്പുറം നിൽക്കുന്ന മനുഷ്യാവസ്ഥകളെ നമുക്ക് നിഷേധിക്കാനും നിർദോഷം വിമർശിക്കാനും കഴിഞ്ഞെന്ന് വരില്ല. പൊതുവായിരിക്കുകിലും അനുഭവങ്ങൾക്കും അതിജീവനങ്ങൾക്കും സവിശേഷമായ തലങ്ങളുണ്ടെന്നു കാണാം.

അവരവർക്കുമാത്രം തിരിച്ചറിയാനാകുന്ന ശരികളുടെ ലോകം. അപരത്വത്തെ ഹനിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല, മറിച്ച് ഒടുവിൽ താൻ എന്തുനേടുന്നു എന്നതാണ് പ്രസക്തം. 'കൊല്ലുക’ എളുപ്പമാണ്, ശേഷമുളള പാപബോധത്തിൽനിന്ന് മുക്തി നേടാൻ കഴിയുമെങ്കിൽ മാത്രം.

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top