ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമോയ്‌ണി ഗ്രേഞ്ചർ എന്നിവരോടൊപ്പം വളർന്ന് 'വിംഗാർഡിയം ലെവിയോസ' എന്ന് ഉച്ചരിക്കാൻ പഠിച്ച, ബ്രൂംസ്‌റ്റിക്കിൽ പറക്കാൻ ആഗ്രഹിച്ച വായനക്കാർക്കായി ഒരു നല്ല വാർത്ത. ഹാരി പോട്ടർ നോവലിന്റെ ആദ്യ പതിപ്പ് വിൽപ്പനക്ക് വെക്കുന്നു. 38,53,116 രൂപയാണ് വില. ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്‌സ് സ്റ്റോണാണ് വിൽപ്പനയ്‌ക്കായി വെച്ചിരിക്കുന്നത്.
ക്രിസ്റ്റീൻ മക്കലോക്ക് എന്ന സ്ത്രീ 1997-ലാണ് തന്റെ മകൻ ആദാമിനായി ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്‌സ് സ്റ്റോൺ വാങ്ങുന്നത്. ഒരിക്കൽ 10 പൗണ്ടിന് (ഏകദേശം 1,070 രൂപ) വാങ്ങിയ പുസ്തകമാണിത്. ഇപ്പോൾ ലേലത്തിൽ 36,000 പൗണ്ടിനാണ് (ഏകദേശം 38,53,116 രൂപ) വിൽക്കുന്നത്. പ്ലാറ്റ്‌ഫോം 9¾-ൽ ഹോങ് വാർട്ട്‌സ് എക്സ്‌പ്രസിൽ കയറാൻ ഉറ്റുനോക്കി നിൽക്കുന്ന ഹാരിയുടെ ചിത്രമുള്ള അപൂർവ കോപ്പിയാണിത്.
1997 ൽ ഹാരി പോട്ടറിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചപ്പോൾ വിറ്റഴിച്ച 500 ഹാർഡ്ബാക്ക് പതിപ്പുകളിൽ ഒന്നാണ് ഈ പുസ്തകമെന്ന് ലേലസ്ഥാപനമായ ഹാൻസൺസ് പറഞ്ഞു. "അമ്മാവന്റെ വീട്ടിൽ ഹാരി താമസിച്ചിരുന്ന പോലെയാണ് ഈ പതിപ്പും കിടന്നിരുന്നത്. വീട്ടിലെ സ്റ്റെപ്പിനു താഴെയുള്ള അലമാരയിലാണ് ഇത് ഉണ്ടായിരുന്നത്" എന്ന് പുസ്തകത്തിന്റെ ഉടമ ആദം മക്കല്ലോക്ക് പറഞ്ഞു. കോവിഡ് വരുന്നതുവരെയും ആദ്യ പതിപ്പുകളുടെ കഥകൾ കേൾക്കുന്നതുവരെയും പുസ്തകത്തിന്റെ മൂല്യത്തെക്കുറിച്ച് ധാരണയില്ലായിരുന്നുവെന്ന് മക്കല്ലോക്ക് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..