14 October Monday

കാവ്യനക്ഷത്രത്തിന്‌ ഗുരുവന്ദനം

മഞ്‌ജു കുട്ടികൃഷ്‌ണൻUpdated: Sunday Sep 8, 2024

‘‘I heard the ripple washing in the reeds,
 And the wild water lapping on the crag’’

വർഷം 1951. സ്‌ത്രൈണത കൂടുതലുള്ള പുരുഷ ശബ്ദം കൊല്ലം എസ്‌എൻ കോളേജിലെ ഇന്റർമീഡിയറ്റ്‌ വിദ്യാർഥികളുടെ ക്ലാസ്‌ മുറിയിൽനിന്ന്‌ നാടകീയമായ ഏറ്റക്കുറച്ചിലുകളോടെ പുറത്തേക്കൊഴുകി. ചുവന്ന ടൈ കെട്ടിയ വെള്ള ഷർട്ടും നീല കോട്ടും പാന്റ്‌സും ധരിച്ച സുന്ദരനും കൃശഗാത്രനുമായ യുവാവ്‌ സ്വയം മറന്ന്‌ ക്ലാസെടുക്കുകയാണ്‌. ആൽഫ്രഡ്‌ ലോർഡ്‌ ടെന്നിസന്റെ  ‘ഇഡിൽസ്‌ ഓഫ്‌ ദ കിങ്‌’ എന്ന ദീർഘകവിതയിലെ ‘മോർട്ടെ ഡി ആർതർ’ ആണ്‌  പാഠഭാഗം. വാക്കുച്ചരിക്കുമ്പോഴുള്ള ശബ്ദം അർഥത്തെ ദ്യോതിപ്പിക്കുന്ന ഒണമാറ്റോപ്പിയ’യെക്കുറിച്ചാണ്‌ ക്ലാസ്‌. ഇന്നലെയെന്നപോലെ ആ പാഠഭാഗം അന്ന്‌ ക്ലാസ്‌ മുറിയിലുണ്ടായിരുന്ന വിദ്യാർഥിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

‘ഒണമാറ്റോപ്പിയ’യെ കുട്ടികളുടെ മനസ്സിലേക്ക്‌ വാക്കിന്റെ മാന്ത്രികവള്ളികൊണ്ട്‌ കൊരുത്തിട്ട അധ്യാപകൻ മറ്റാരുമല്ല, വിഖ്യാത ഇന്ത്യൻ–ഇംഗ്ലീഷ്‌ സാഹിത്യകാരൻ എ കെ രാമാനുജൻതന്നെ. ക്ലാസ്‌ ഓർത്തെടുക്കുന്ന വിദ്യാർഥി, കേരള സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവായ വി ബാബുസേനനും. കവി, ഭാഷാ പണ്ഡിതൻ, അധ്യാപകൻ, വിവർത്തകൻ, നോവലിസ്റ്റ്‌, കഥാകാരൻ എന്നിങ്ങനെ വിവിധ വിശേഷണങ്ങൾ ഒരുപോലെ ചേരുന്ന മറ്റൊരു ഇന്ത്യൻ–-ഇംഗ്ലീഷ്‌ എഴുത്തുകാരൻ ഇല്ലെന്നുതന്നെ പറയാം രാമാനുജനെക്കുറിച്ച്‌.

രാജ്യം 1976ൽ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. 1993ൽ 64–-ാം വയസ്സിൽ അന്തരിച്ച എ കെ രാമാനുജന്‌ 73 വർഷങ്ങൾക്കുശേഷം, അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകരചനയിലൂടെ  89–-ാം വയസ്സിൽ ഗുരുവന്ദനം നടത്തുകയാണ്‌ ബാബുസേനൻ. ‘എ കെ രാമാനുജൻ: ഇന്ത്യൻ–- ഇംഗ്ലീഷ്‌ സാഹിത്യത്തിലെ അതുല്യ പ്രതിഭ’ എന്ന പുസ്തകം, മലയാളത്തിൽ രാമാനുജനെക്കുറിച്ച്‌ രചിക്കപ്പെട്ട ആദ്യകൃതി എന്നു വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. രാമാനുജന്റെ ജീവിതവും സർഗാത്മകലോകവും സാഹിത്യകുതുകികൾക്കു മുന്നിൽ വരച്ചിടുകയാണ്‌ പുസ്തകം. തിരുവനന്തപുരം ‘ഭാഷാ ബുക്‌സ്‌’ ആണ്‌ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.  2002ൽ പ്രസിദ്ധീകരിച്ച  ‘ബർട്രന്റ്‌ റസ്സൽ’ എന്ന ആദ്യകൃതിക്ക്‌ ജീവചരിത്ര ഗ്രന്ഥരചനയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡു നേടിയ എഴുത്തുകാരനാണ്‌ വി ബാബുസേനൻ.

രാമാനുജന്റെ  ‘കേരള കണക്‌ഷൻസ്‌’

മൂന്ന്‌ ക്ലാസുകൊണ്ട്‌ ഒണമാറ്റോപ്പിയയെ കുട്ടികൾക്ക്‌ ഒരിക്കലും മറക്കാനാകാത്തവിധം മനസ്സിലാക്കിക്കൊടുത്ത രാമാനുജന്‌ കേരളവുമായുള്ള ബന്ധം അനുവാചകർക്ക്‌ ബാബുസേനൻ പരിചയപ്പെടുത്തുന്നു. ആദ്യത്തേത്‌ രാമാനുജന്റെ അധ്യാപകവൃത്തിയുമായി ബന്ധപ്പെട്ടതാണ്‌. കൊല്ലം എസ്‌എൻ കോളേജിലാണ്‌ ‘ലക്‌ചറർ’ എന്ന നിലയിൽ രാമാനുജൻ കരിയർ ആരംഭിച്ചത്‌. പക്ഷേ, കേരളത്തിൽ അദ്ദേഹത്തിന്റെ താമസവും അധ്യാപനവും ഒരുവർഷംകൊണ്ട്‌ അവസാനിച്ചു. മൈസൂർ യൂണിവേഴ്‌സിറ്റിയിൽ ഗണിതശാസ്‌ത്ര പ്രൊഫസറായിരുന്ന പിതാവ്‌ അട്ടിപ്പാട്ട്‌ ആസുരി കൃഷ്‌ണസ്വാമിയുടെ ആകസ്മിക മരണമായിരുന്നു കാരണം. രാമാനുജന്റെ രണ്ടാമത്തെ മലയാളി ബന്ധം അദ്ദേഹം കേരളത്തിന്റെ ‘മരുമകൻ’ ആണെന്നതാണ്‌. രാമാനുജന്റെ ഭാര്യ മോളി ഡാനിയൽസ്‌ മലയാളിയാണ്‌.

തിരുവല്ലക്കാരിയാണ്‌ മോളി. എങ്കിലും മലയാളം അറിയില്ല. തിരുവല്ലയിലെ നിക്കോൾസൺ ഹൈസ്കൂളിലെ ബോർഡിങ്‌ പഠനശേഷം മോളിയുടെ കലാലയവിദ്യാഭ്യാസം സംസ്ഥാനത്തിനു പുറത്തും രാജ്യത്തിനു പുറത്തുമായിട്ടായിരുന്നു. ഷിക്കാഗോ സർവകലാശാലയിൽ ഫുൾബ്രൈറ്റ്‌ സ്‌കോളർഷിപ്പോടെ ഭാഷാപഠനത്തിന്‌ എത്തിയപ്പോഴാണ്‌ രാമാനുജനെ കണ്ടതും പ്രണയത്തിലായതും വിവാഹം കഴിച്ചതും. മോളിയെ രാമാനുജൻ രണ്ടുതവണ വിവാഹം കഴിച്ചു, രണ്ടുതവണ ബന്ധം പിരിയുകയും ചെയ്തു. പിരിഞ്ഞെങ്കിലും മോളിയുടെയും കുട്ടികളുടെയും പേരിൽ രാമാനുജനെന്ന പേര്‌ ഇപ്പോഴുമുണ്ട്‌. മകൻ കൃഷ്‌ണ രാമാനുജൻ കോർണൽ യൂണിവേഴ്‌സിറ്റിയിൽ ജീവശാസ്‌ത്ര ലേഖനങ്ങൾ എഴുതുന്ന ജേർണലിസ്റ്റ്‌. സുഹൃത്തുമായി ചേർന്ന്‌ കൃഷ്‌ണ അച്ഛന്റെ ഡയറിക്കുറിപ്പുകൾ പുസ്തകമാക്കി.

മകൾ കൃത്തിക രാമാനുജൻ അറിയപ്പെടുന്ന ചിത്രകാരിയാണ്‌. ന്യൂ മെക്സിക്കോയിലെ ആൽബ്യൂക്കർക്കിൽ താമസിക്കുന്ന കൃത്തികയാണ്‌, ഓക്സ്‌ഫോർഡ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ രാമാനുജന്റെ ‘അൺകലക്‌റ്റഡ്‌ പോയംസ്‌’, ‘രാമാനുജൻ ഓമ്‌നിബസ്‌’ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചപ്പോൾ കവർചിത്രങ്ങൾ വരച്ചത്‌. രാമാനുജനുമായി മലയാളത്തിനുള്ള മൂന്നാമത്തെ ബന്ധം ഒരു മലയാളകൃതിയുടെ ഇംഗ്ലീഷ്‌ വിവർത്തനവുമായി ബന്ധപ്പെട്ടതാണ്‌. ജ്ഞാനപീഠം അവാർഡ്‌ കേരളത്തിലേക്ക്‌ ആദ്യം കൊണ്ടുവന്ന ജി ശങ്കരക്കുറുപ്പിന്റെ ‘പെരുന്തച്ചൻ’ എന്ന കവിത ‘The Master Carpenter’ എന്ന പേരിൽ അദ്ദേഹം ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്തിട്ടുണ്ട്‌.

എന്തുകൊണ്ട്‌  ഒരു പുസ്തകം

ഒരുവർഷംമാത്രം പഠിപ്പിച്ച്‌ വിസ്‌മൃതിയിലേക്ക്‌ മടങ്ങിയ അധ്യാപകനെ ബാബുസേനൻ പിന്നെ കണ്ടില്ല, അറിഞ്ഞില്ല, ജീവിതത്തിന്റെ വിവിധ തിരക്കുകൾക്കിടയിൽ അന്വേഷിച്ചുമില്ല. അതിനിടെ 1976ൽ ഒരു പത്രവാർത്ത കണ്ടു. രാജ്യം പത്മശ്രീ നൽകി ആദരിച്ചവരുടെ കൂട്ടത്തിൽ ഒരു എ കെ രാമാനുജനും. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി  ഇന്ത്യൻ–- ഇംഗ്ലീഷ്‌ കവി എ കെ രാമാനുജന്‌ പത്മശ്രീ പുരസ്‌കാരം നൽകുന്ന ഫോട്ടോകൂടി കണ്ടപ്പോഴാണ്‌ ഇത് തന്റെ പഴയ അധ്യാപകനാണെന്ന്‌ ബാബുസേനൻ തിരിച്ചറിഞ്ഞത്‌. അന്നത്തെ അത്ഭുതവും സന്തോഷവും പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന്‌ അദ്ദേഹം പറയുന്നു.

രാമാനുജനെക്കുറിച്ച്‌ ഒരു പുസ്തകം എഴുതണമെന്ന മോഹം അന്ന്‌ മനസ്സിൽ കയറിക്കൂടിയതാണ്‌.  2002നു ശേഷം അതിനുള്ള ശ്രമങ്ങൾ തുടങ്ങിയപ്പോഴാണ്‌ കൈവശമുള്ള  അറിവുകൾ വളരെ പരിമിതമാണെന്ന്‌ മനസ്സിലായത്‌. ഇന്ത്യൻ–-ഇംഗ്ലീഷ്‌ കവി എന്നതിനപ്പുറം കന്നഡ, തമിഴ്‌ ഭാഷാ സാഹിത്യത്തിന്‌  അദ്ദേഹം നൽകിയ സംഭാവനകൾ, വിവർത്തകൻ എന്ന നിലയിലുള്ള മികവ്‌, ഭാഷാചിന്തകനെന്ന നിലയിലും അധ്യാപകൻ എന്നനിലയിലുമുള്ള പാണ്ഡിത്യം എന്നിവകൂടി എടുത്തു പറയണമായിരുന്നു. ഒപ്പം രാമാനുജൻ എന്ന വ്യക്തിയെക്കുറിച്ചും. മോളി ഡാനിയൽസ്‌ എഡിറ്റ്‌ ചെയ്ത്‌ ഓക്സ്‌ഫോർഡ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ 2004ൽ പ്രസിദ്ധീകരിച്ച ‘ദ ഓക്സ്‌ഫോർഡ്‌ ഇന്ത്യ രാമാനുജൻ’ എന്ന പുസ്തകമാണ്‌ ഏറെ സഹായകമായത്‌.

അതിനു സഹായിച്ചത്‌ സാഹിത്യവിമർശകനും എഴുത്തുകാരനുമായ എൻ ഇ സുധീർ എന്ന സുഹൃത്താണ്‌. രാമാനുജന്റെ മിക്കവാറും എല്ലാ രചനകളും ഉൾക്കൊള്ളിച്ചുള്ള പുസ്തകമാണ്‌ അത്‌. മോളി വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങൾ നൽകി സഹായിച്ചു. രാമാനുജന്റെ സുഹൃത്തുക്കളായ യു ആർ അനന്തമുർത്തിയും ഗിരീഷ്‌ കർണാടും പലപ്പോഴായി അദ്ദേഹത്തെക്കുറിച്ചു നടത്തിയ  സംഭാഷണങ്ങൾ പുസ്തകരചനയെ സഹായിച്ചു.  റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യൻ സാഹിത്യ വിഭാഗത്തിൽ അസിസ്റ്റന്റ്‌ പ്രൊഫസറായ അഞ്ജലി നെർലേക്കർ, അവർ 2004ൽ ഗിരീഷ്‌ കർണാടുമായി നടത്തിയ സുദീർഘമായ അഭിമുഖത്തിന്റെ ഇംഗ്ലീഷ്‌ പതിപ്പ്‌ അയച്ചുനൽകിയത്‌ ഉപകാരപ്പെട്ടു.

ബാബുസേനൻ

ബാബുസേനൻ

പ്രാദേശിക ഭാഷാ സംഭാവന

ഇംഗ്ലീഷിലെഴുതുന്ന കവിയെന്നതിനേക്കാൾ ദക്ഷിണേന്ത്യൻ പ്രാദേശിക ഭാഷാ സാഹിത്യത്തിന്‌ രാമാനുജന്റെ സംഭാവന വളരെ വലുതാണ്‌. തമിഴ്‌ സംഘകാല കൃതികൾ ഇംഗ്ലീഷിലേക്ക്‌ അദ്ദേഹം വിവർത്തനം ചെയ്തു. കന്നഡ ഭാഷയിൽ എഴുതി. കർണാടകത്തിലെ വീരശൈവ ഭക്തിപ്രസ്ഥാനത്തിലെ നാല്‌ പ്രമുഖരുടെ വചനങ്ങൾ ഇംഗ്ലീഷിലേക്ക്‌ ‘സ്പീക്കിങ്‌ ഓഫ്‌ ശിവ’ എന്ന പേരിൽ  വിവർത്തനം ചെയ്തു. തമിഴിലും കന്നഡയിലുമുള്ള നാടൻ പഴഞ്ചൊല്ലുകളും നാടോടിക്കഥകളും അദ്ദേഹം ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റി. മതവിശ്വാസിയല്ലായിരുന്നു രാമാനുജൻ. എന്നുമാത്രമല്ല, വീരശൈവ ദർശനത്തിൽ അദ്ദേഹം ആകൃഷ്ടനായത്‌, ആ ദർശനങ്ങൾ സമൂഹത്തിലെ സമ്പന്നരും ജാതീയമായി ഉയർന്ന തട്ടിലുള്ളവരും ഉൾപ്പെടുന്ന വിഭാഗത്തിനെതിരെ അധഃകൃത ജനതയുടെ ഉണർത്തുപാട്ടായി മാറി എന്നതുകൊണ്ടാണ്‌.

രാമായണ വിവാദം

ഒരു വിവാദവും അദ്ദേഹത്തിന്റെ ലേഖനങ്ങളെ സംബന്ധിച്ച്‌ നിലനിൽക്കുന്നുണ്ട്‌. വർത്തമാനകാല ഇന്ത്യയിൽ ആ വിവാദത്തിന്‌ ഏറെ പ്രസക്തിയുമുണ്ട്‌. ‘Three Hundred Ramayanas’ എന്ന പേരിൽ രാമാനുജൻ സുദീർഘമായ ഒരു ലേഖനമെഴുതി. ഡൽഹി യൂണിവേഴ്‌സിറ്റി ഈ ലേഖനം ബിഎ ഹിസ്‌റ്ററി കോഴ്‌സിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ഇന്ത്യയിൽ ഒരൊറ്റ രാമായണം മതിയെന്നും ആ രാമായണം തങ്ങൾ പറയുന്ന രാമായണമായിരിക്കണമെന്നും ശാഠ്യം പിടിച്ച ഒരു പ്രബല വിഭാഗത്തിന്റെ എതിർപ്പിനെത്തുടർന്ന്‌ ലേഖനം പാഠ്യപദ്ധതിയിൽനിന്ന്‌ അധികൃതർക്ക്‌ പിൻവലിക്കേണ്ടിവന്നു.

ഒരു ദുഃഖം ബാക്കി

എഴുതിവന്നപ്പോൾ ബൃഹത്തായിപ്പോയ പുസ്തകം പ്രസാധനം ചെയ്യാനുള്ള ബുദ്ധിമുട്ട്‌ കണക്കിലെടുത്ത്‌ അത്‌ പകുതിയിലേറെ ചുരുക്കേണ്ടിവന്നു എന്ന പ്രയാസമുണ്ട്‌. വൈകിയെങ്കിലും ഇങ്ങനെയൊരു പുസ്തകം നിർവഹിക്കാനായതിന്റെ സന്തോഷവുമുണ്ട്‌. ഒരു ദുഃഖംമാത്രം ബാക്കി നിൽക്കുന്നു. മലയാള ഭാഷയിൽ ഇങ്ങനെയൊരു ഗ്രന്ഥം രചിക്കുന്നതറിഞ്ഞ്‌ സ്‌നേഹപൂർവം അകമഴിഞ്ഞ്‌ പ്രോത്സാഹിപ്പിച്ച  മോളി ഡാനിയൽസിനോട്‌, ഒടുവിൽ ആ ‘ഗുരുവന്ദനം’ നിർവഹിച്ചെന്ന്‌ പറയാൻ കഴിയാതെപോയി. 2015 നവംബറിൽ 92–-ാം വയസ്സിൽ, ഷിക്കാഗോയിൽവച്ച്‌ മോളി ഡാനിയൽസ്‌ നിര്യാതയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top