26 September Tuesday

കവിതയുടെ ഉത്സവത്തിന് പട്ടാമ്പിയില്‍ തുടക്കമായി; കാവ്യമധുരം പകര്‍ന്ന് എല്‍കെജിക്കാരന്‍ മുതല്‍ മുതിര്‍ന്ന കവികള്‍ വരെ

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2017
പട്ടാമ്പി> കവിതയുടെയും കവികളുടെയും ഉത്സവമായ കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം പതിപ്പിന് പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍  തുടക്കമായി. വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലെ കവികള്‍  പങ്കെടുക്കുന്ന വിവര്‍ത്തന ശില്‍പശാലയാണ് ഇത്തവണ കാര്‍ണിവലിന്റെ പ്രത്യേകത. കവികളിലെ ഇളമുറക്കാരി കാദംബരി കവിത ചൊല്ലി ഉദ്ഘാടനം നിര്‍വഹിച്ചു. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു

ദക്ഷിണേന്ത്യന്‍ കവിതാ വിവര്‍ത്തന ശില്‍പശാല കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. തിളനില മാസിക കവി കെ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കാര്‍ണിവല്‍ ഡയറക്ടര്‍ പി പി രാമചന്ദ്രന്‍, ഡോ. എച്ച് കെ സന്തോഷ്, ടി പി ഷാജി എന്നിവര്‍ പ്രസംഗിച്ചു.
 

കേരള ലളിതകലാ അക്കാദമി നടത്തുന്ന ചിത്രപ്രദര്‍ശനം പ്രൊഫ. ഗംഗാധരനും പുസ്തക  പ്രദര്‍ശനം സി പി ചിത്രഭാനുവും ഉദ്ഘാടനം  ചെയ്തു. കുട്ടികളുടെ കാര്‍ണിവലായിരുന്നു ആദ്യ ദിവസത്തെ ആകര്‍ഷണം. എല്‍ കെ ജി വിദ്യാര്‍ഥി മുതല്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ വരെയുള്ളവര്‍  കവിതകള്‍ അവതരിപ്പിച്ചു.


വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് കവി കെ സച്ചിദാനന്ദനൊപ്പമുള്ള കവിയോടൊപ്പം പരിപാടിയോടെ  രണ്ടാം  ദിവസത്തെ കവിതയുടെ  കാര്‍ണിവലിനു  തുടക്കമാകും. ഇന്ത്യന്‍  കവിതാ  വിവര്‍ത്തനത്തിന്റെ മുഖം എന്ന വിഷയത്തില്‍ എ ജെ തോമസും കവിതയിലെ താളത്തെക്കുറിച്ച് മനോജ് കുറൂറും കവിതയിലെ അരങ്ങുജീവിതത്തെക്കുറിച്ച് ജി ദിലീപനും പ്രഭാഷണം നടത്തും. കാവ്യഭാഷയും ഭാഷാന്തരണവും എന്ന വിഷയത്തിലെ സംവാദത്തില്‍ ബാബു രാമചന്ദ്രന്‍, രവിശങ്കര്‍,  എം  എ അസ്‌കര്‍,  ഗീതാ ജാനകി, സന്തോഷ് അലക്‌സ്, തെര്‍ളി ശേഖര്‍, രമ്യ സഞ്ജീവ്, അച്യുതന്‍ വടക്കേടത്ത് എന്നിവര്‍ പങ്കെടുക്കും. 
 
കവിതയുടെ അതീതസഞ്ചാരങ്ങളെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഡോ. ഉദയകുമാറും കവിതയുടെ ചൊല്‍വഴികളെക്കുറിച്ചു  പ്രൊഫ. വി മധുസൂദനന്‍ നായരും പ്രഭാഷണം നടത്തും. വൈകീട്ട് ലക്കിടി കുഞ്ചന്‍ സ്മാരകത്തിന്റെ നേതൃത്വത്തില്‍ ഓട്ടന്‍ തുള്ളല്‍, മേധയും സീന ശ്രീവല്‍സനും അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരങ്ങള്‍, ആറങ്ങോട്ടുകര പാഠശാലയുടെ മുളവാദ്യ കാവ്യാലാപനം, പാലക്കാട് മെഹ്ഫിലിന്റെ ഗാനസന്ധ്യ എന്നിവയും നടക്കും. പി രാമന്‍ കാവ്യതാര കവിതാവതരണവും കുഴൂര്‍ വില്‍സണിന്റെ നേതൃത്വത്തില്‍ പോയട്രീ ഇന്‍സ്റ്റലേഷനും ഉണ്ടാകും.
 
സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് ചലച്ചിത്രോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. സെര്‍ജി പരാനോവിന്റെ കളര്‍ ഓഫ് പൊമഗ്രനേറ്റ്‌സും നോട്ട്‌സ് ഫ്രം അക്ക എന്ന ഡോക്യുമെന്ററിയും രോഷ്‌നി സ്വപ്‌ന സംവിധാനം ചെയ്ത അക്കിത്തം ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നക്ഷരവും ഇന്നു പ്രദര്‍ശിപ്പിക്കും. നാലു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന കാര്‍ണിവല്‍ 29ന് സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top