19 January Wednesday

ലൂയിസ്‌ ഗ്ലിക്കിന്‌ സാഹിത്യ നൊബേൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 9, 2020

സ്‌റ്റോക്‌ഹോം> ഈ വർഷത്തെ സാഹിത്യ നൊബേൽ പുരസ്‌കാരം അമേരിക്കൻ കവയിത്രി ലൂയിസ്‌ എലിസബത്ത്‌ ഗ്ലിക്കിന്‌. ‘ഫസ്‌റ്റ്‌ബോൺ’ എന്ന കവിതാ സമാഹാരത്തിലൂടെ 1968ൽ അമേരിക്കൻ സാഹിത്യരംഗത്ത്‌ സാന്നിധ്യമറിയിച്ച ഈ എഴുപത്തേഴുകാരി യേൽ സർവകലാശാലയിൽ ഇംഗ്ലീഷ്‌ പ്രൊഫസറാണ്‌.

1943ൽ ന്യൂയോർക്കിൽ ജനനം. പിതാവിന്റെ മാതാപിതാക്കൾ ഹംഗറിയിൽനിന്ന്‌ കുടിയേറിയതാണ്‌. ലളിത സൗന്ദര്യത്തോടുകൂടിയ ലൂയിസ്‌ ഗ്ലിക്കിന്റെ സവിശേഷ കാവ്യശബ്ദം വ്യക്തിപരമായ അസ്ഥിത്വത്തെ സാർവത്രികമാക്കുന്നതായി പുരസ്‌കാരം പ്രഖ്യാപിച്ച്‌ സ്വീഡിഷ്‌ അക്കാദമി വ്യക്തമാക്കി. ബാല്യം, കുടുംബജീവിതം, രക്ഷിതാക്കളും കുട്ടികളുമായുള്ള അടുത്ത ബന്ധം എന്നിവയെ കേന്ദ്രീകരിച്ചുള്ള ഇവരുടെ കവിതകൾ കൃത്യതയ്‌ക്കുവേണ്ടി ത്രസിക്കുന്നവയാണെന്ന്‌ അക്കാദമിയുടെ സ്ഥിരം സെക്രട്ടറി മാത്‌സ്‌ മാൾമ്‌ പറഞ്ഞു.

ഇവരുടെ പതിനൊന്നാമത്തെ സമാഹാരമായ ‘അവേർണോ’(2006) ഗ്രീക്ക്‌ പുരാണത്തെ ആസ്‌പദമാക്കിയുള്ള മനോഹരവും ഭാവനാപൂർണവുമായ വ്യാഖ്യാനമാണെന്ന്‌ അക്കാദമി എടുത്തുപറഞ്ഞു. അടുത്തകാലത്ത്‌ വിവാദങ്ങളുടെ പിടിയിലായിരുന്നു സാഹിത്യ നൊബേൽ. അക്കാദമിയെ ഉലച്ച ലൈംഗികാരോപണത്തെ തുടർന്ന്‌ 2018ൽ പ്രഖ്യാപനം മാറ്റിവച്ചിരുന്നു.

കഴിഞ്ഞവർഷം രണ്ട്‌ വർഷത്തെ പുരസ്‌കാരം ഒന്നിച്ച്‌ പ്രഖ്യാപിച്ചപ്പോൾ അതിലൊന്ന്‌ പാശ്ചാത്യ രാജ്യങ്ങൾക്ക്‌ അനഭിമതനായ മുൻ സെർബിയൻ ഭരണാധികാരി സ്ലോബോദൻ മിലോസെവിച്ചിന്റെ ആരാധകനായ പീറ്റർ ഹാൻഡ്‌കെയ്‌ക്ക്‌ നൽകിയതും വിവാദമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top