'രഹസ്യങ്ങളുടെ രഹസ്യ'വുമായി ഡാൻ ബ്രൗൺ; റോബർട്ട് ലാങ്ഡൺ വീണ്ടുമെത്തുമ്പോൾ

Dan Brown
avatar
ആര്യാ കൃഷ്ണൻ

Published on Feb 04, 2025, 01:19 PM | 2 min read

ഞ്ചൽസ് ആൻഡ് ഡീമൺസിലൂടെയും ഡാവിഞ്ചി കോഡിലൂടെയും ലോക രഹസ്യങ്ങൾ തുറന്ന പ്രൊഫസർ ലാങ്‌ഡൺ രഹസ്യങ്ങളുടെ രഹസ്യം തുറക്കാൻ പുതിയ താക്കോലുമായി വരുന്നു. ലോകമെമ്പാടുമുള്ള വായനക്കാർക്ക് സന്തോഷം പകരുന്ന വാർത്തയാണ് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് എഴുത്തുകാരൻ ഡാൻ ബ്രൗൺ തന്റെ വെബ്സൈറ്റിലൂടെ പങ്കുവച്ചത്. റോബർട്ട് ലാങ്ഡൺ വീണ്ടുമെത്തുന്നു എന്നതായിരുന്നു ആ വാർത്ത. പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും വായനക്കാരെയും പ്രേക്ഷകരെയും ത്രില്ലടിപ്പിച്ച റോബർട്ട് ലാങ്ഡൺ സീരീസിലെ പുതിയ പുസ്തകം 'ദ സീക്രട്ട് ഓഫ് സീക്രട്ട്സ്' സെപ്തംബറിൽ പുറത്തിറങ്ങും. സെപ്തംബർ ഒമ്പതിന് രഹസ്യങ്ങളുടെ രഹസ്യം വായനക്കാർക്ക് മുന്നിൽ തുറക്കുമെന്ന് എഴുത്തുകാരൻ തന്നെയാണ് ഔദ്യോ​ഗികമായി അറിയിച്ചത്. എട്ടുവർഷങ്ങൾക്ക് ശേഷമാണ് ഡാൻ ബ്രൗണിന്റെ പുസ്തകം പുറത്തിറങ്ങുന്നത്. റോബർട്ട് ലാങ്ഡൺ സീരീസിലെ ആറാമത്തെ പുസ്തകമാണിത്.


അമേരിക്കൻ എഴുത്തുകാരനായ ഡാൻ ബ്രൗൺ 1998ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ നോവലായ ഡിജിറ്റൽ ഫോർട്രസിലൂടെയാണ് എഴുത്തുജീവിതം തുടങ്ങുന്നത്. 2000ൽ പുറത്തിറങ്ങിയ ഏഞ്ചൽസ് ആൻഡ് ഡീമൺസിലൂടെയാണ് ഡാൻ ബ്രൗൺ ഹാർവാർഡ് സർവകലാശാലയിലെ സിംബോളജിസ്റ്റായ റോബർട്ട് ലാങ്‌ഡണൊപ്പമുള്ള യാത്ര ആരംഭിക്കുന്നത്. തുടർന്ന് 2017 വരെയുള്ള കാലയളവിൽ 5 പുസ്തകങ്ങൾ. 2003ൽ പുറത്തിറങ്ങിയ ഡാവിഞ്ചി കോഡ് ഡാൻ ബ്രൗണിനെ ഏറെ ശ്രദ്ധേയനും വിവാദ നായകനുമാക്കി. പുസ്തകത്തിനെതിരെ വ്യാപകമായ ആക്രമണങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. 2009ലാണ് ലാങ്ഡൺ സീരീസിലെ മൂന്നാം പുസ്തകം ദ ലോസ്റ്റ് സിംബൽ പുറത്തിറങ്ങുന്നത്. 2013ൽ ഇൻഫർണോയും 2017ൽ ഒറിജിനും പുറത്തിറങ്ങി.


ഇല്ലൂമിനാറ്റിയും ആന്റി​ഗ്രാമും പ്രമേയമാക്കിയ ഏഞ്ചൽസ് ആൻഡ് ഡീമൺസാണ് റോബർട്ട് ലാങ്ഡണെ കേന്ദ്ര കഥാപാത്രമാക്കി ഡാൻ ബ്രൗൺ ആദ്യമെഴുതിയ നോവൽ. ക്രൈസ്തവ സഭകളിൽ നിന്നും ഏറെ എതിർപ്പ് നേരിട്ട ഡാവിഞ്ചി കോഡിലൂടെയാണ് ഡാൻ ബ്രൗൺ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടത്. കുറഞ്ഞ കാലം കൊണ്ട് തന്നെ നോവൽ ധാരാളം വായനക്കാരെ നേടി. നിരവധി ഭാഷകളിലേക്ക് പുസ്തകം വിവർത്തനം ചെയ്തു. പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന കൊലപാതകത്തിന്റെ രഹസ്യവും ലിയനാർഡോ ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പറെന്ന വിഖ്യാത ചിത്രവും നോവലിന്റെ പ്രമേയങ്ങളായി വരുന്നു. 2006ൽ റോൺ ഹോവാർഡ് സംവിധാനം ചെയ്ത് ടോം ഹാങ്ക്സ് നായകനായി ഇതേ പേരിൽ പുറത്തിറങ്ങിയ ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2009ൽ ഇവരുടെ തന്നെ കൂട്ടുകെട്ടിൽ ആദ്യ നോവലായ ഏഞ്ചൽസ് ആൻഡ് ഡീമൺസും ചലച്ചിത്ര രൂപത്തിലെത്തി.


മുപ്പത്തിമൂന്നാം ഡി​ഗ്രി മേസൺസ്, മേസൺസ് പിരമിഡ് എന്നിവയെ ആസ്പദമാക്കിയുള്ളതായിരുന്നു മൂന്നാം നോവൽ ദ ലോസ്റ്റ് സിംബൽ. ഇറ്റാലിയൻ കവിയായ ദാന്തെയുടെ ഡിവൈൻ കോമഡി എന്ന പ്രശസ്തകൃതിയിലെ ആദ്യ ഭാ​ഗമായ ഇൻഫർണോയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ലാങ്ഡൺ സീരീസിലെ നാലാം നോവൽ. നരകം എന്നാണ് ഇറ്റാലിയൻ ഭാഷയിൽ ഇൻഫർണോയുടെ അർഥം. ഇൻഫർണോ എന്ന നരകത്തെ ചിത്രീകരിച്ച ബോട്ടിസല്ലിയുടെ വിഖ്യാത ചിത്രമായ 'Map of Hell'ൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്താൻ ലാങ്ഡൺ ശ്രമിക്കുന്നതിലൂടെയാണ് നോവൽ മുന്നോട്ട് പോകുന്നത്. സ്പെയിനിലെ ബിൽബാവേയിൽ സ്ഥിതി ചെയ്യുന്ന ഗുഗ്ഗൻഹൈം മ്യൂസിയത്തെ ചുറ്റിപ്പറ്റിയാണ് അഞ്ചാം നോവലായ ഒറിജിൻ വികസിക്കുന്നത്.


നോവലുകളിൽ ഉൾപ്പെട്ടിരിക്കുന്ന കലാസൃഷ്ടികളും സാഹിത്യ-ശാസ്ത്ര-ചരിത്രപരാമർശങ്ങളുമൊക്കെ വാസ്തവമാണെന്നതാണ് ഡാൻ ബ്രൗണിനെ ഏറെ ജനപ്രിയനും ഒപ്പം വിവാദ നായകനുമാക്കിയത്. പ്രശസ്തരായ കലാകാരൻമാരുടെ നിരവധി കലാസൃഷ്ടികളും പലവിധ സംഘടനകളുമെല്ലാം ഡാൻ ബ്രൗണിന്റെ നോവലുകളിൽ കടന്നു വരുന്നുണ്ട്. റോബർട്ട് ലാങ്ഡൺ സീരീസിലെ ആറാം നോവലെത്തുമ്പോൾ പുതുതായി ചുരുളഴിയാൻ പോകുന്ന രഹസ്യം എന്താണെന്നുള്ള ആകാംക്ഷയിലാണ് വായനക്കാർ.



deshabhimani section

Related News

0 comments
Sort by

Home