26 October Monday

ശാസ‌്ത്രകേരളം-ശാസ‌്ത്രവിദ്യാഭ്യാസത്തിന്റെ അമ്പതാണ്ട‌്

കെ കെ ശിവദാസൻUpdated: Sunday Jun 30, 2019

1969ൽ ആരംഭിച്ച ശാസ‌്ത്രകേരളം മാസിക അമ്പതാണ്ട‌് പിന്നിടുന്നു. ശാസ‌്ത്രസംബന്ധിയായ വിവരങ്ങൾ നൽകിയ പല പ്രസിദ്ധീകരണങ്ങളും ഇന്ത്യയിൽ അടച്ചുപൂട്ടു മ്പോഴും ശാസ‌്ത്രകേരളം വളരുകയാണ‌്. ശാസ‌്ത്ര ബോധമുള്ള തലമുറകളെ വാർത്തെടുക്കുന്ന ഈ മാസികയെക്കുറിച്ച‌്

 
ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ  ഒരു വിദ്യാഭ്യാസ ശിൽപ്പശാലയ‌്ക്കിടെ  ഏതാനും മലയാളി വിദ്യാർഥികളെ പരിചയപ്പെട്ടു. ശാസ‌്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകരാണെന്നറിഞ്ഞ്  ഞങ്ങളെ തേടിയെത്തിയതാണ‌്.  ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ  ടീച്ചറുടെ നിർബന്ധത്തിനു വഴങ്ങി ശാസ‌്ത്രകേരളം വായിച്ചു തുടങ്ങിയതാണ് അവരിലൊരാൾ. ശാസ‌്ത്രത്തിന്റെ നേർവഴി തിരിച്ചറിയാനും നേരത്തെ തന്നെ ശാസ‌്ത്രത്തിന്റെ  രീതിക്കൊത്ത് മനസ്സും ചിന്തയും ക്രമപ്പെടുത്താനും കഴിഞ്ഞതിലുള്ള സംതൃപ്തി അവർക്കുണ്ട്‌. രാജ്യത്തെ ഏത് ശാസ‌്ത്രഗവേഷണ സ്ഥാപനത്തിലെയും മിക്ക മലയാളി വിദ്യാർഥികൾക്കും ഗവേഷകർക്കും അധ്യാപകർക്കും പറയാനുണ്ടാകും ശാസ‌്ത്രകേരളത്തെക്കുറിച്ച്. അഭിമാനപൂർവം അമ്പതാണ്ട് പിന്നിടുകയാണ‌് ശാസ‌്ത്രകേരളം.  
 
ശാസ‌്ത്രവിവരങ്ങൾ അറിയാനും പഠിക്കാനും ഒരു മാസിക ഇക്കാലത്ത് എന്തിനെന്ന സംശയം  സ്വാഭാവികം. ഇത് ബലപ്പെട്ടതുമൂലമാകണം രാജ്യത്തെ മിക്ക ശാസ‌്ത്ര പ്രസിദ്ധീകരണങ്ങളും അടച്ചു പൂട്ടേണ്ടിവന്നത്. ഇന്റർനെറ്റുവഴി ഏതു വിവരവും വിരൽത്തുമ്പിൽ ലഭ്യമാണ്. എന്നാൽ, ശാസ‌്ത്രത്തിന്റെ രീതി  സ്വാംശീകരിക്കലും ശാസ‌്ത്രബോധവും ഇതിലപ്പുറമാണ്. അതാണ് ശാസ‌്ത്രകേരളത്തിന്റെ കൈമുതൽ. ചോദ്യം ചെയ്യുക, ശരിയെന്നു ബോധ്യം വരുന്നവമാത്രം സ്വീകരിക്കുക. ആരു പറഞ്ഞു എന്നതല്ല; എന്തു പറഞ്ഞു, എന്താണ് തെളിവ് എന്നതാണ് പ്രധാനം. പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അഥവാ യുക്തിയുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ അനുമാനങ്ങളിലെത്തുക എന്നതാണ് വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ശാസ‌്ത്രം നൽകുന്ന ബാലപാഠം. അത് ശാസ‌്ത്രകാര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ല.
 
ചോദ്യംചെയ‌്തുമാത്രം സ്വീകരിക്കുന്ന ശീലം  സ‌്കൂളിൽനിന്ന്‌ തുടങ്ങണം. അങ്ങനെമാത്രമേ ശാസ‌്ത്രബോധമുള്ള സമൂഹം വളരൂ. ആ ലക്ഷ്യത്തോടെയാണ് ശാസ‌്ത്രകേരളം പിറവിയെടുക്കുന്നത‌്.1969 ജൂണിൽ ആദ്യ ലക്കം പുറത്തിറക്കിയപ്പോൾ വിദ്യാർഥികളോട്  എന്ന തലക്കെട്ടിലുള്ള കുറിപ്പിൽ ഇങ്ങനെ എഴുതി- ‘ശാസ‌്ത്രകേരളം ഇതാ നിങ്ങളുടെ കൈകളിലേക്കു തരുന്നു. ഇതിനെ പോഷിപ്പിക്കേണ്ടത് നിങ്ങളും നിങ്ങളുടെ അധ്യാപകരുമാണ്.’ശാസ‌്ത്രത്തിന്റെ വളർച്ചയിൽ താൽപ്പര്യമുള്ളവരെല്ലാം സഹായിക്കണമെന്ന അഭ്യർഥനയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. പി ടി ഭാസ‌്കരപ്പണിക്കരായിരുന്നു ആദ്യ പത്രാധിപർ. കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സെന്ററിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി സി എച്ച് മുഹമ്മദ് കോയയാണ്  ശാസ‌്ത്രകേരളം പ്രകാശനം ചെയ‌്തത്. 48 പേജുമായി അന്നിറങ്ങിയ മാസികയുടെ വില  50 പൈസ.
 
വിദ്യാർഥികളും അധ്യാപകരും മാത്രമല്ല  ശാസ‌്ത്രകുതുകികളാകെ ശാസ‌്ത്രകേരളത്തിന്റെ അര നൂറ്റാണ്ടുകാലത്തെ വളർച്ചയ‌്ക്കു പിന്നിലുണ്ടായിരുന്നു.  അമ്പതു വർഷമെന്നത്  ഒരു  ശാസ‌്ത്രമാസികയ‌്ക്ക‌്  വലിയ കാലയളവ‌് തന്നെയാണ്.  ശാസ‌്ത്രത്തെ മാതൃഭാഷയിൽ, അതും ലളിതമായി  കുട്ടികളിലെത്തിക്കാനാണ്  ശാസ‌്ത്രകേരളം ശ്രമിച്ചത്.    
ആകാശഗോളങ്ങളെ ഏറെ അത്ഭുതത്തോടെയാണ് ഒരു കാലത്ത് മാനവരാശി നോക്കിക്കണ്ടത്. അന്നത് കൽപ്പിത കഥകളുടെയും അന്ധവിശ്വാസങ്ങളുടെയും ഈറ്റില്ലമായിരുന്നു. അതിനെ പൊളിച്ചടുക്കാനും ശാസ‌്ത്രീയമായി സമീപിക്കാനും  ശാസ‌്ത്രകേരളം വഹിച്ച പങ്ക് ചെറുതല്ല. അനന്തമായ ആകാശത്തിന്റെ അത്ഭുതലോകം തുറന്നുകൊടുത്ത് ജ്യോതി ശാസ‌്ത്രമെന്ന പഠനശാഖയ‌്ക്കൊപ്പം കേരളത്തിലെ ഹൈസ‌്കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികളെ ശാസ‌്ത്രകേരളം കൈപിടിച്ചുയർത്തി.
 
മാനവരാശിയെ ലിംഗ തുല്യതയുടെയും അവസര സമത്വത്തിന്റെയും കോണിലൂടെ വീക്ഷിക്കാൻ പ്രാപ്തി നേടുക എന്നതിലുമുണ്ട് ശാസ‌്ത്രം. പ്രപഞ്ചോൽപ്പത്തിയും പരിണാമ സിദ്ധാന്തവുമെല്ലാം  ശാസ‌്ത്രകേരളത്തിൽ ഇടംപിടിച്ചതിനു പിന്നിൽ മാനവികതയിലും സമത്വത്തിലുമൂന്നിയ ലക്ഷ്യബോധമായിരുന്നു. ലോകത്തെങ്ങുമുള്ള ജനത അനുഭവിക്കുന്ന ജീവിത അസന്തുലിതാവസ്ഥ  ഈ  ശാസ‌്ത്രമാസികയ‌്ക്ക‌് വിഷയമായതിലും അത്ഭുതപ്പെടാനില്ല.  ശാസ‌്ത്രനേട്ടങ്ങളുടെ ശരിയായ വിനിയോഗവും വിതരണക്രമവും കൊണ്ടേ ശാശ്വതപരിഹാരം സാധ്യമാകൂ എന്ന ബോധ്യവും മാസിക മുറുകെ പിടിക്കുന്നുണ്ട്. 
 
പാഠപുസ‌്തകവും പാഠ്യപദ്ധതിയും കൈവിടാതെ തന്നെ അതിനുമപ്പുറം സഞ്ചരിക്കുന്നു എന്നതിലാണ്  ശാസ‌്ത്രകേരളത്തിന്റെ പ്രസക്തി. ഓരോ വിഷയവും കൈകാര്യം ചെയ്യാൻ അതത് മേഖലയിലെ വിദഗ്ധരെയാണ്  അണിനിരത്തുന്നത്. കുട്ടിത്തം കൈവിടാതെ തന്നെ ഗൗരവ വായനയ‌്ക്കുള്ള സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്. തുടർപഠനത്തിനുള്ള വഴികാട്ടി എന്ന നിലയിലും  ശാസ‌്ത്രകേരളം പ്രവർത്തിക്കുന്നു. ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുത്താനൊരു സ്ഥിരം പംക്തിയും ഇതിലുണ്ട്. ഏറ്റവും പുതിയ ഗവേഷണ ഫലങ്ങൾ എത്തിക്കുന്നതിനുള്ള  ശാസ‌്ത്രജാലകം, ആകാശ നിരീക്ഷണ സഹായിയായ താരാപഥം, മികച്ച അധ്യാപന അനുഭവങ്ങളുടെ പങ്കുവയ‌്പ്, പുസ‌്തക പരിചയം,  ശാസ‌്ത്രജ്ഞരുടെ ജീവിതത്തിലെ സ‌്മരണീയ മുഹൂർത്തങ്ങൾ, കഠിന പാഠഭാഗങ്ങൾ നിർധാരണം ചെയ്യുന്ന കീറാമുട്ടി തുടങ്ങി ഒട്ടേറെ പംക്തികളുമായാണ് ഇപ്പോൾ  ശാസ‌്ത്രകേരളം വായനക്കാരിലെത്തുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top