27 September Sunday

ഭ്രമിപ്പിക്കുന്ന വിചിത്രപുസ്തകം

ഡോ. വി വേണുUpdated: Sunday Dec 18, 2016

'മഴയായിരുന്നു. പെരുത്ത് പളുങ്കുമഴ. സമയം തെറ്റി, ദിക്ക് തെറ്റി, അസ്തമയത്തിന്റെ പടിഞ്ഞാറേ ഇടത്തിലേക്കുപോകാന്‍'.

ആദ്യവരി വായിച്ചുനിര്‍ത്തി. ഒരു സാധാരണ മഴവിവരണം. അതിനപ്പുറം ഒന്നുമില്ല. വര്‍ഷങ്ങള്‍ക്കുശേഷം നോവല്‍ വായനയിലേക്ക് ഞാന്‍ മടങ്ങിവന്നിരിക്കയാണ്. പുതിയ ചില മലയാള നോവലുകള്‍ പകര്‍ന്നുതന്ന ഹര്‍ഷോന്മാദങ്ങളെ ഈ പുസ്തകം ഇല്ലാതാക്കുമോ. പുസ്തകമടച്ചുവച്ച് പുറംചട്ടയില്‍ ഒരിക്കല്‍ക്കൂടി കണ്ണോടിച്ചു. 'കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം'.

തലക്കെട്ടിലെ കൌതുകം വീണ്ടും ഉള്ളിലേക്ക് നയിച്ചു.

"മിന്നലുകള്‍ ചിതറുമ്പോള്‍ ക്ഷയബാധിതനായ ഏതോ ദൈവം തുപ്പിയിട്ടപോലെ കഫമേഘങ്ങള്‍ ചുവന്നു. പിന്നെ മണ്ണുചുവന്നു''.

പാറക്കെട്ടുകള്‍ക്കുമുകളില്‍നിന്ന് താഴേക്കുപതിക്കുന്ന വെള്ളച്ചാട്ടത്തിലെന്നപോലെ ഭാഷയുടെ ഈ ലാവണ്യപ്രവാഹത്തിലേക്ക് ഞാന്‍ വീഴുകയായിരുന്നു പിന്നീട്. വാക്കുകളുടെ വിചിത്രലീലകള്‍... പ്രമേയത്തില്‍ പ്രവചനാതീതമായ തിരിവുകളും ഉള്‍പ്പിരിവുകളും. വൈയക്തിക സംഘര്‍ഷങ്ങളും പ്രണയവും രതിയും മരണവും ചരിത്രവും.

കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം കടല്‍ച്ചൊരുക്കില്‍പ്പെട്ട നൌകപോലെയാണ്. വായനക്കാരന്‍ അതിലെ യാത്രികന്‍. പുറത്തുനിന്നുമാത്രമല്ല, ഉള്ളില്‍നിന്ന് ഉയിരെടുക്കുന്ന കാറ്റുകള്‍. ഓളങ്ങളില്‍ അത് ആടി ഉലയും.

ഒട്ടും അനുകരണീയമല്ലാത്തവിധം ചുരുക്കിപ്പറഞ്ഞാല്‍ നോവലിന്റെ പ്രമേയം ഇങ്ങനെ.

മുന്നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് ജലത്തില്‍ മുങ്ങിപ്പോയ കപ്പലാണ് ജനറല്‍ ആല്‍ബര്‍ട്ടോ മെയര്‍. അത് അന്വേഷിച്ച് പുറപ്പെടുകയാണ് കൃഷ്ണചന്ദ്രന്‍. അങ്ങനെ അയാള്‍ എത്തിച്ചേരുന്നത് മാരിക്കോ ദ്വീപിലാണ്. കോടിക്കണക്കിനു വര്‍ഷംമുമ്പ് സമുദ്രത്തില്‍നിന്ന് പൊങ്ങിവന്ന മാരിക്കോയില്‍ ചുണ്ണാമ്പുപാറകളും ജിപ്സവും പവിഴപ്പുറ്റുകളും നിറഞ്ഞിരുന്നു. 300 വര്‍ഷം നീണ്ട ഖനനങ്ങള്‍ ആ സമ്പന്ന ദ്വീപിനെ നശിപ്പിച്ചു. ദ്വീപിന്റെ അടിത്തട്ടില്‍ കൊടുങ്കാറ്റുകള്‍ ഇരമ്പി. തിരമാലകള്‍ തല്ലിയാര്‍ത്തു.

ഞാന്‍ മറന്നുപോയ എന്റെ ബാല്യവും കൌമാരവും കപ്പല്‍ വായിക്കുമ്പോള്‍ അതിന്റെ തീവ്രമായ അനുഭവലോകത്തോടെ എന്നെ വന്നുതൊട്ടു. അതില്‍ ഞാനെന്റെ കുട്ടിക്കാലസുഹൃത്തുക്കളെ വീണ്ടും അനുഭവിച്ചു. വലിയപുരയ്ക്കല്‍ വീടായി മാറിയ സ്രാമ്പിക്കല്‍ മാളിയേക്കല്‍ പുരയില്‍ എഴുത്തുകാരി പോയിട്ടില്ലെങ്കിലും ഞാന്‍ നിത്യവും നടന്നുപോയിട്ടുണ്ട്. അല്‍ ബറാമി പണ്ടികശാലയും സീക്യൂന്‍ ഹോട്ടലും മുസ്ളിംസമുദായത്തിന്റെ ആഹാരശീലങ്ങളും ആചാരരീതികളും ഞാന്‍ അനുഭവിച്ചത് അതേപടി നോവലില്‍ പകര്‍ത്തിയതുപോലെ എനിക്ക് തോന്നി. മറ്റൊന്ന് ആത്മാവുകൊണ്ട് ഏകാകിയായ പുരുഷന്‍ എന്ന നിലയില്‍ കൃഷ്ണചന്ദ്രന്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും സങ്കടങ്ങളുമാണ്. അലഞ്ഞുതിരിയലുകളുടെയും അസ്വസ്ഥമായ പലായനങ്ങളുടെയും തിരക്കുകളുടെയും ലോകത്തിന്റെ മുഴുവന്‍ ആഹ്ളാദങ്ങളിലും നില്‍ക്കുമ്പോള്‍ ആന്തരികമായ വിഷാദസംഗീതം കൃഷ്ണചന്ദ്രനൊപ്പം ഞാനും അനുഭവിച്ചു. സൌമ്യമായും ശാന്തമായും ഇരിക്കുമ്പോഴും തിളയ്ക്കുന്ന ലാവപോലെ ചിന്തകള്‍ എന്നെയും അസ്വസ്ഥമാക്കി. നോവല്‍ മുമ്പോട്ടുവയ്ക്കുന്ന നാല് പ്രമേയങ്ങളും പ്രണയം, മരണം, ഏകാന്തത, യാത്ര എന്നിവ അതിന്റെ തീവ്രമായ അനുഭവതലം... മരണത്തെ മനോഹരമായി അനുഭവിപ്പിക്കുന്നുവെന്നതാണ് നോവലിന്റെ പ്രത്യേകത. മത്സ്യങ്ങള്‍ തിന്നുപോയ കുഞ്ഞിന്റെ അസ്ഥികൂടത്തെ മോഷ്ടിച്ചെടുത്ത് അല്‍ത്താര ജലത്താല്‍ മാമോദീസ മുക്കുമ്പോള്‍ ക്ളോദിനൊപ്പം എനിക്കും ഹൃദയവേദനയുണ്ടായി. ജെസിബിയുടെ നീട്ടിയ കൈകളില്‍ പ്രകാശം തട്ടുംമുമ്പേ അവസാനിച്ച ഭ്രൂണത്തിന്റെ തലയോടുകള്‍. ഇതൊരു യാത്രാപുസ്തകമായിട്ടുകൂടിയാണ് ഞാന്‍ വായിക്കുന്നത്. ലോകസഞ്ചാരത്തിന്റെ പുസ്തകം. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും സുമാത്രയിലും നോവല്‍ സഞ്ചരിക്കുന്നു.

കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകത്തെപ്പറ്റി നോവലിസ്റ്റ് ഇന്ദുമേനോന്‍ ആമുഖത്തില്‍ പറയുന്നത് ശരിയാണ്. കൃത്യമായി വേര്‍തിരിച്ചിട്ടില്ലെങ്കിലും ഇത് മൂന്ന് വിചിത്രപുസ്തകങ്ങളുടെ സമാഹാരമാണ്. കപ്പലിനെക്കുറിച്ച്, പ്രേമത്തെക്കുറിച്ച്, പിന്നെ മരണത്തെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍.

അതിശയകരവും അസാധാരണവുമായ ദ്വന്ദ്വങ്ങള്‍ ഞാനിതില്‍ കാണുന്നു. അത് നമ്മെ ആനന്ദിപ്പിക്കും, ചിലയിടങ്ങളില്‍ അറപ്പുളവാക്കും. ദേശാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വായനക്കാരനെ എത്തിക്കുമ്പോള്‍ത്തന്നെ കേരളത്തിലെ ഒരു കൊച്ചുനാട്ടിന്‍പുറത്ത് വട്ടംചുറ്റിക്കും. തികച്ചും യഥാതഥമായ ഒരന്തരീക്ഷത്തിനിടയില്‍ മാന്ത്രികലോകം കടന്നുവരും. കൃത്യമായ കഥപറച്ചിലിനിടയില്‍ പൂര്‍ണമാക്കാത്ത ഉപകഥകളുണ്ട്.

വിശദമായ പഠനങ്ങളും ചര്‍ച്ചകളും ഇന്ദുമേനോന്റെ കന്നി നോവല്‍ അര്‍ഹിക്കുന്നു. വിമര്‍ശിക്കപ്പെടേണ്ട ഒട്ടേറെ ഘടകങ്ങള്‍ ഇതിലുണ്ടാകാം. പക്ഷേ, പ്രകോപിപ്പിക്കുന്ന ഭാഷ എഴുത്തുകാരിക്ക് തുണയായുണ്ട്. പുതിയ എഴുത്തുകാരില്‍ വായനക്കാരന്‍ പ്രതീക്ഷിക്കുന്ന സ്വയംനവീകരണം മാത്രമല്ല പ്രമേയമധ്യത്തില്‍ വയ്ക്കുന്ന ചോദ്യങ്ങളും നോവലിനെ പ്രസക്തമാക്കുന്നു.

പലതരം നോവല്‍സങ്കേതങ്ങള്‍ ഇതിലുപയോഗിച്ചിട്ടുണ്ട്. മാജിക്കല്‍ റിയലിസംതന്നെ മുഖ്യം. കത്തുകളിലൂടെ കഥ പറയുന്ന എപ്പിസലറി നോവലിന്റെ സാധ്യതകളും ഇടയ്ക്ക് പരീക്ഷിക്കുന്നു. മാരിക്കോദ്വീപിന്റെ വിവരണങ്ങള്‍ കൌതുകകരമാണ്. മാര്‍ക്വേസിന്റെ മക്കൊണ്ടെയെപ്പറ്റി നാം ഓര്‍ക്കും. ആര്‍ കെ നാരായണന്റെ മാല്‍ഗുഡി മനസ്സില്‍ വരും. ഇവയൊക്കെ തമ്മിലുള്ള താരതമ്യപഠനങ്ങള്‍ സൂക്ഷ്മമായി ചെയ്യേണ്ടതാണ്.

കോഴിക്കോട് മെഡിക്കല്‍കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് എന്റെ വായനയുടെ വസന്തം. ജീവിതദര്‍ശനത്തില്‍ അന്തര്‍ധാരയാകുന്ന പുരോഗമന ചിന്തയിലേക്ക് വരുന്നതും ഇക്കാലത്തുതന്നെ. കോഴിക്കോട് മെഡിക്കല്‍കോളേജ് ക്യാമ്പസ് അങ്ങനെയാണ്. അവിടെ വലിയ വലിയ എഴുത്തുകാര്‍ ഇടയ്ക്കിടെ വന്നുപോകും. കോഴിക്കോട്ടുകാര്‍മാത്രമല്ല, കടമ്മനിട്ടയെപ്പോലുള്ളവര്‍ ദൂരെദിക്കില്‍നിന്നുപോലും. ഒ വി വിജയനെ വേദിയിലിരുത്തി നിശിതമായി വിമര്‍ശിക്കുന്നത് ഞാനവിടെ കേട്ടിട്ടുണ്ട്. സജീവമായ നാടകപ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഏര്‍പ്പെട്ടു. പില്‍ക്കാലത്ത് ദേശീയതലത്തില്‍ ശ്രദ്ധേയനായ ജോസ് ചിറമേലിനെപ്പോലുള്ളവര്‍ ഞങ്ങളെ നാടകത്തിലേക്ക് നയിച്ചു. നിരവധി നാടകങ്ങളില്‍ അന്ന് അഭിനയിച്ചു. ഔദ്യോഗികതിരക്കുകള്‍മൂലം കലാപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയപ്പോഴും മനസ്സിലുണ്ടായിരുന്നു, ആ മാമ്പഴക്കാലം.

(സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്
ഡോ. വി വേണു)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top