08 August Saturday

യുഗസംക്രമണം കുറിച്ച ഭഗ്നഭവനം

ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മUpdated: Sunday Sep 18, 2016

പ്രൊഫ. എന്‍ കൃഷ്ണപിള്ളയുടെ ഭഗ്നഭവനത്തിന് 75 വയസ്സായി. 1941 ഒക്ടോബറിലാണ് അദ്ദേഹം ഈ നാടകം രചിക്കുന്നത്. 1942 മെയ് മാസം ടാഗോര്‍ വായനശാലയുടെ പ്രഥമ വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം വിജെടി ഹാളില്‍ ആദ്യമായി രംഗത്തവതരിപ്പിച്ചു.

മലയാള നാടകവേദിയുടെ ഗതിമാറ്റിയ ഭഗ്നഭവനത്തിന്റെ പിറവിക്ക് പ്രേരണയായത് ഒരു ഗാഢസൌഹൃദം. അത് പി കെ വിക്രമന്‍നായരെന്ന നാടകഭ്രാന്തനാണ്. കൃഷ്ണപിള്ള സാറും വിക്രമന്‍നായരുമൊന്നിച്ച് ദീര്‍ഘകാലം പാശ്ചാത്യനാടകങ്ങളിലൂടെ യാത്രചെയ്യുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി ഇബ്സന്റെയും സ്ട്രിങ്ബര്‍ഗിന്റെയും സുഘടിത നാടകസങ്കല്‍പ്പം സ്വീകരിച്ചുകൊണ്ട് എന്നാല്‍ അവരെ അനുകരിക്കാത്ത മലയാളത്തിന്റേതായ നാടകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് രൂപപ്പെട്ടുവന്നു. സി വി രാമന്‍പിള്ളയുടെയും ഇ വി കൃഷ്ണപിള്ളയുടെയും മറ്റും പ്രഹസനങ്ങളും സംഗീതനാടകങ്ങളും അരങ്ങുതകര്‍ക്കുന്ന കാലമായിരുന്നു. മരുഭൂമിയില്‍ വീണ ജലത്തുള്ളിപോലെ നാടകം അല്‍പ്പായുസ്സായി വറ്റിപ്പൊയ്ക്കൊണ്ടിരുന്നു. ചിന്തയില്ലാതെ വെറും പൊട്ടിച്ചിരികള്‍മാത്രമായി അവ ഒടുങ്ങി. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി മലയാളനാടകത്തെ ഗൌരവമുള്ളതാക്കുക, ആശയസമ്പുഷ്ടമാക്കുക, സാമൂഹ്യപ്രശ്നത്തിന്റെ അവതരണമാക്കുക, അതിനനുയോജ്യമായ സ്ഥലകാലങ്ങളും കഥാപാത്രങ്ങളും ഗാത്രവും സ്വീകരിക്കുക, സംഭാഷണങ്ങള്‍ ചടുലമാക്കുക തുടങ്ങിയ ആശയങ്ങള്‍ കൃഷ്ണപിള്ളയ്ക്കുണ്ടായി. ഇവയെല്ലാം സംയോജിപ്പിച്ചുള്ള നാടകസങ്കല്‍പ്പത്തിന്റെ പ്രഥമ നിദര്‍ശനമായിത്തീര്‍ന്നു ഭഗ്നഭവനം.

പൊളിഞ്ഞ ഒരു പാളത്തിലേക്ക് തീവണ്ടി പാഞ്ഞുകയറുന്ന അനുഭവം നാടകം കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടു. മോളിയറില്‍നിന്ന് ഇബ്സണിലേക്കുള്ള ദൂരം ചുരുങ്ങിയ കാലംകൊണ്ട് കൃഷ്ണപിള്ള നടന്നുതീര്‍ത്തതായി മലയാളനാടകത്തില്‍ യുഗസംക്രമണം കുറിച്ച ഭഗ്നഭവനം കണ്ടശേഷം സി ജെ തോമസ് പ്രതികരിച്ചു.

മലയാളത്തിലെ യഥാതഥ നാടകത്തിന്റെ ഉപജ്ഞാതാവായും പില്‍ക്കാല മലയാള നാടകങ്ങളെയെല്ലാം സ്വാധീനിച്ച നാടകാചാര്യനായും എന്‍ കൃഷ്ണപിള്ളയെ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനം ഭഗ്നഭവനംതന്നെ. ഇത് സംവിധാനംചെയ്ത വിക്രമന്‍നായര്‍ ആദ്യ മലയാള നാടകസംവിധായകനെന്ന് ചരിത്രത്തില്‍ ഇടംനേടി. അഭിനയിച്ചവരോ– കൈനിക്കര കുമാരപിള്ള, വിക്രമന്‍നായര്‍, എം ജി ഗോവിന്ദന്‍കുട്ടിനായര്‍, തിക്കുറിശ്ശി സുകുമാരന്‍നായര്‍, എസ് ഗുപ്തന്‍നായര്‍, ടി ആര്‍ സുകുമാരന്‍നായര്‍ തുടങ്ങിയവര്‍.

ഒരു കുടുംബകഥയാണ് ഭഗ്നഭവനം. ആ കുടുംബത്തിന്റെ കഥയിലൂടെ ചിരന്തനമായ മാനുഷികമൂല്യങ്ങളെക്കുറിച്ച് നാടകം സംസാരിക്കുന്നു. കുടുംബത്തില്‍ എങ്ങനെ അന്യോന്യ പൊരുത്തമുണ്ടാകണം, വിട്ടുവീഴ്ചാമനോഭാവമുണ്ടാകണം, അല്ലെങ്കില്‍ ഉണ്ടാകുന്ന ദുരന്തമെന്ത് എന്നൊക്കെ ഗാഢമായി പരിശോധിക്കുന്നു. അന്തസ്സും ആഭിജാത്യവുമുള്ള കുടുംബനാഥനായ മാധവന്‍നായരും സ്നേഹമൂര്‍ത്തിയായ ഭാര്യയും; അവര്‍ക്ക് മൂന്നു മക്കള്‍. മൂത്തമകളായ രാധയെ കേന്ദ്രീകരിച്ചാണ് നാടകത്തിന്റെ പ്രമേയം വികസിക്കുന്നത്. ഒരേസമയം കാമുകിയും ഭാര്യയുമായി ജീവിക്കേണ്ടിവന്നതിന്റെ ആന്തരികസംഘര്‍ഷങ്ങള്‍ രാധയെ വരിഞ്ഞുമുറുക്കുന്നു. തന്റെ മനസ്സിനുമേല്‍ അവര്‍ക്ക് നിയന്ത്രണം നഷ്ടമായി ചിത്തഭ്രമത്തോളമെത്തി. കാമുകനായ ഹരീന്ദ്രന്റെ ഇടപെടലുകള്‍ അവിടെനിന്ന് രാധയെ മടക്കിക്കൊണ്ടുവരുന്നു. അതിസൂക്ഷ്മമായ മാനസികാപഗ്രഥനരീതി നാടകകൃത്ത് ഇവിടെ സ്വീകരിച്ചിരിക്കുന്നതായി കാണാം.

നാടകത്തിന്റെ അവസാനമാകുമ്പോള്‍, ഏത് ശിലാഹൃദയനും ഒന്ന് തേങ്ങും. രാധയുടെ ചിത്തഭ്രമം, അവരുടെ ഭര്‍ത്താവ് കാസരോഗിയായ ജനാര്‍ദനന്‍നായരുടെ മരണം, രണ്ടാമത്തെ മകള്‍ സുമതിയുടെ ആത്മഹത്യ ഇതെല്ലാം സംഭവിക്കുമ്പോള്‍ തകര്‍ന്നുപോയ മാധവന്‍നായരുടെ ഉള്ളില്‍നിന്നുയരുന്ന നിലവിളി നാം കേള്‍ക്കും.

'എടാ കണ്ണില്ലാത്ത ദൈവമേ... നീയെന്റെ
മണ്‍കുടില്‍ തകര്‍ത്തുകളഞ്ഞല്ലോ.''
അത് കേള്‍ക്കുമ്പോള്‍ പ്രേക്ഷകമനസ്സും വേദനയാല്‍ വീര്‍പ്പുമുട്ടും. കണ്ണുകള്‍ നിറയും.

1957ല്‍ 'പ്രിയപ്പെട്ട രാധേ മാപ്പു ചോദിപ്പൂ' എന്നൊരു ലേഖനമെഴുതുകയുണ്ടായി അദ്ദേഹം. അതിനാധാരമായത് അസാധാരണമായ ഒരു സംഭവം. വര്‍ക്കലയില്‍ ഭഗ്നഭവനത്തിന്റെ അവതരണത്തില്‍ രാധയായി വേഷമിടേണ്ടുന്നയാളിന് കഥാപാത്രത്തിന്റെ സംഘര്‍ഷം താങ്ങാനാകാതെ മനോനില തകരാറിലായി. പിരിമുറക്കമുണ്ടാക്കുന്ന സംഭാഷണങ്ങളാണതില്‍. അവയിലൂടെ ജീവിക്കാനേ സാധിക്കൂ. ദീര്‍ഘനാള്‍ ലീല പണിക്കര്‍ രാധയെ അവതരിപ്പിച്ചു. എഡ്ഡിമാസ്റ്ററുടെ ഭാര്യ രാധയെ അവതരിപ്പിച്ചപ്പോള്‍ ബോധക്ഷയമുണ്ടായി. പ്രേക്ഷകര്‍ക്കും മാനസിക പിരിമുറുക്കം ഉണ്ടാകും. 1985ല്‍ കെപിഎസി ഭഗ്നഭവനം അവതരിപ്പിക്കുകയുണ്ടായി; ഇരുനൂറ്റമ്പതില്‍പ്പരം വേദികളില്‍. മൂലകൃതിയോട് ഒരു രംഗംകൂടി കെപിഎസി നാടകത്തില്‍ കൂട്ടിച്ചേര്‍ത്തു. പ്രൊഫഷണല്‍ നാടകത്തിന്റെ ചില രീതികള്‍ക്കുവേണ്ടി തോപ്പില്‍ ഭാസിയുടെ നിര്‍ബന്ധത്തിന് കൃഷ്ണപിള്ള സാര്‍ വഴങ്ങി.

മലയാളസാഹിത്യവും നാടകവും പഠിക്കുന്നവര്‍ക്ക് ഒഴിവാക്കാനാകില്ല സുഘടിത നാടകസങ്കല്‍പ്പത്തിന് മലയാളത്തില്‍ നാന്ദികുറിച്ച ഭഗ്നഭവനത്തെ. കൃഷ്ണപിള്ളയെ മലയാളത്തിലെ ഇബ്സണ്‍ എന്ന് വിളിക്കുകയുണ്ടായി. അവഹേളനമെന്ന് പറയുന്നില്ലെങ്കിലും അത് വലിയ ബഹുമാനമായി ഞാന്‍ കരുതുന്നില്ല. അങ്ങനെ വിശേഷിപ്പിച്ചവര്‍ ബഹുമാനാര്‍ഥംതന്നെയാണ് പറഞ്ഞത്. പക്ഷേ, അദ്ദേഹം ഇബ്സന്റെ അനുകര്‍ത്താവല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. താന്‍ ഇബ്സന്റെ ആശയമോ തത്വചിന്തയോ ജീവിതവീക്ഷണമോ പ്രമേയമോ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹംതന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.

പ്രൊഫ. എന്‍ കൃഷ്ണപിള്ള ഫൌണ്ടേഷന്റെ കീഴില്‍ എന്‍ കൃഷ്ണപിള്ള നാടകവേദി പ്രവര്‍ത്തിക്കുന്നുണ്ട്. സാറിന്റെ എല്ലാ നാടകങ്ങളും ഈ നാടകവേദി തുടര്‍ച്ചയായി അരങ്ങത്തെത്തിക്കുന്നു.

കന്യക, ബലാബലം, മുടക്കുമുതല്‍, ദര്‍ശനം, അനുരഞ്ജനം, കുടത്തിലെ വിളക്ക്, ചെങ്കോലും മരവുരിയും, മരുപ്പച്ച, അഴിമുഖത്തേക്ക് തുടങ്ങിയ നാടകങ്ങളിലെല്ലാം കൃഷ്ണപിള്ളയുടെ ജീവിതദര്‍ശനം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതവും നാടകലോകവും ചേര്‍ത്തുകൊണ്ട് കൃഷ്ണപിള്ളസാറിനെ രംഗത്തവതരിപ്പിക്കുന്ന ഒരു നാടകം– കൃഷ്ണായനം– ഞാന്‍ എഴുതി ഈ മാസം അരങ്ങത്തെത്തുന്നു.

1974 മുതല്‍ 1988ല്‍ കൃഷ്ണപിള്ള സാറിന്റെ മരണംവരെ ഞാന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എംഎയ്ക്ക് അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായി തുടങ്ങിയ ബന്ധം ഗവേഷണത്തിന് വഴികാട്ടിയായി. പക്ഷേ, പ്രബന്ധം എഴുതുംമുമ്പ് അദ്ദേഹം പോയി. അവസാനകാലത്ത് കേട്ടെഴുത്തുകാരന്‍കൂടിയായി. 'പ്രതിപാത്രം ഭാഷണഭേദ'മെന്ന മഹത്തായ പുസ്തകത്തിന്റെ ഭൂരിഭാഗവും കേട്ടെഴുതാനുള്ള ഭാഗ്യം അങ്ങനെ ലഭിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top