04 June Sunday

കനലൂറുന്ന ജീവിതം

മിഥുന്‍ കൃഷ്ണUpdated: Sunday Jan 31, 2016

മൌനത്തില്‍ തറഞ്ഞ സാഹചര്യങ്ങളിലെ പക്വവും ഗാഢവുമായ ജീവിതവീക്ഷണമാണ് യുവ എഴുത്തുകാരി മിനി എം ബിയുടെ ആദ്യനോവലായ 'ഭൂമിമാനസം'. തൊട്ടുരുമ്മി നില്‍ക്കുകയാണെന്നു തോന്നിക്കുന്ന കഥാപാത്രങ്ങള്‍ക്കിടയിലെ തീവ്രമായ ഏകാന്തതയും ആണ്‍–പെണ്‍ ബന്ധങ്ങളിലെ വൈകാരിക സങ്കീര്‍ണതകളും വേര്‍പിരിയുമ്പോള്‍ മുറുകുന്ന ആത്മബന്ധത്തിന്റെ ആഴവും തേടുകയാണ് കഥാകാരി. പ്രതിസന്ധികളില്‍ തളരാത്ത സ്ത്രീകഥാപാത്രങ്ങളിലൂടെ ഇതിവൃത്തം വികസിക്കുന്ന ഭൂമിമാനസത്തെ ഒരിക്കലും സ്ത്രീപക്ഷരചനയുടെ ചതുരവടിവുകളില്‍ നിര്‍ത്താന്‍ കഴിയില്ല.

പഞ്ചാബിലെ പട്ടാളക്യാമ്പില്‍ കണ്ടുമുട്ടുന്ന ഗര്‍ഭിണികളായ അവനിയുടെയും മിത്രയുടെയും ജീവിതമാണ് കഥ. ആഗ്രഹിച്ച പഠനം പൂര്‍ത്തിയാക്കുംമുമ്പ് പട്ടാളക്കാരനെ വിവാഹം കഴിച്ച് പാലക്കാടന്‍ ഗ്രാമത്തില്‍നിന്ന് പഞ്ചാബിലെ പട്ടാള ക്വര്‍ട്ടേഴ്സിലേക്ക് പറിച്ചുനടപ്പെടുന്ന അവനി. അന്ധവിശ്വാസങ്ങളും ജാത്യാചാരങ്ങളും നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍നിന്ന് കമ്യൂണിസ്റ്റ് മനസുള്ള അച്ഛന്‍ അവനിയെ കുട്ടിക്കാലത്തുതന്നെ പുതിയ കാലത്തിലേക്കും ചിന്തകളിലേക്കും പറിച്ചുനട്ടിരുന്നു. ജോലിയില്‍ സദാസമയം വ്യാപൃതനാകുന്ന അപകര്‍ഷതാബോധംപേറുന്ന ഭര്‍ത്താവ്. അവനിയുടെ വിവാഹാനന്തര ജീവിതത്തിലെ പ്രതിസന്ധികളും ചെറുത്തുനില്‍പ്പും. അതിനിടയില്‍ അവള്‍ക്ക് ആശ്വാസമാകുന്നത് വംഗനാട്ടില്‍നിന്നുള്ള മിത്ര. ഏതുനിമിഷവും മുന്നില്‍വന്ന് വീണേക്കാവുന്ന ഇരുട്ടിനെ കീഴ്പ്പെടുത്താന്‍ സന്നദ്ധമാകുന്ന രണ്ടുപേര്‍.

കമ്യൂണിസ്റ്റ് ആശയങ്ങള്‍ സാധാരണജീവിതങ്ങളെ വൈകാരികമായി സ്വാധീനിക്കുന്ന സന്ദര്‍ഭങ്ങളും കരുത്തുറ്റതാണ്. ജാതീയതയ്ക്കെതിരായ പോരാട്ടം, അവര്‍ണവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, ചരിത്രം, സംസ്കാരം, ഐതിഹ്യങ്ങള്‍, കാര്‍ഗില്‍യുദ്ധം എന്നിവയിലൂടെ നോവല്‍ കടന്നുപോകുന്നു. പട്ടാളക്കാരുടെ ഭാര്യമാരുടെ ആത്മസംഘര്‍ഷങ്ങളും പട്ടാള ക്യാമ്പുകളിലെയും പട്ടാള ക്വാര്‍ട്ടേഴ്സുകളിലെയും ജീവിതവും ഉള്‍ക്കരുത്തു നല്‍കുന്ന നോവലില്‍ ഉത്തരേന്ത്യന്‍ ജീവിതവും കേരളീയ പശ്ചാത്തലവും മനോഹരമായി ഇഴചേരുന്നു.

അവനി, അമ്മ ശ്യാമള, ചെറിയമ്മ, അവനിയുടെ പൂര്‍വ കാമുകന്റെ ഭാര്യ റീന, ചീരുവമ്മ, മന്‍സാദേവി ക്ഷേത്രത്തില്‍ കണ്ടുമുട്ടുന്ന സ്ത്രീ... അങ്ങനെ കഥയുടെ ഞരമ്പുകളിലൂടെയെത്തുന്ന ഓരോ സ്ത്രീകഥാപാത്രവും കൃത്യവും ശക്തവുമാണ്. അവനിയാണ് കേന്ദ്രകഥാപാത്രമെങ്കില്‍ ചീരുവമ്മയാണ് നോവലിന്റെ അടിസ്ഥാന കഥാപാത്രം. ഉലയില്‍ വാര്‍ത്തെടുത്ത കനലൂറുന്ന ജീവിതമുഹൂര്‍ത്തങ്ങളുമായി ഭൂമിമാനസം പുതിയൊരു വായനാനുഭവമാണ് സമ്മാനിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top