30 May Tuesday

പാട്ടിനെ പാട്ടിലാക്കിയവരുടെ ജീവിതങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 11, 2016

കേരളത്തിലെ ജനകീയ ഗായകര്‍ ഒരു പുസ്തകത്തില്‍ ഒരുമിക്കുകയാണിവിടെ. ജീവിതം മുഴുവന്‍ പാട്ടിനുവേണ്ടി സമര്‍പ്പിച്ചവര്‍. ജീവിതത്തില്‍ പാട്ടും പാട്ടിനുള്ള കൈയടിയുമല്ലാതെ മറ്റൊന്നും നേടിയിട്ടില്ലാത്തവര്‍. അവധൂതരെപ്പോലെ നാടെങ്ങും പാടി നടന്നവര്‍. കൊച്ചിയിലെ മട്ടാഞ്ചേരി പ്രദേശം കേരളത്തിന് സമ്മാനിച്ചവര്‍. ഇവരെക്കുറിച്ചും കൊച്ചിക്ക് പുറത്തുള്ള ചിലരെക്കുറിച്ചുമുള്ള പുസ്തകം നമ്മുടെ ജനകീയ ഗായകരുടെ ജീവിതം എത്രമേല്‍ ശ്രുതിഭംഗങ്ങള്‍ നിറഞ്ഞതാണെന്ന് കാണിച്ചുതരുന്നു. അകാലത്തില്‍ പൊലിഞ്ഞ ഗായകനും ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടറുമായ ഷഫീഖ് അമരാവതിയുടെ 'മെഹ്ബൂബ് മുതല്‍ മേദിനി വരെ'  എന്ന ഈ പുസ്തകം തീര്‍ച്ചയായും നമ്മുടെ സംഗീതചിഹ്നങ്ങളായ പാട്ടുകാരെ നാം എത്ര കരുതലോടെ കാക്കണം എന്നുകൂടി ഓര്‍മിപ്പിക്കുന്നു. മികച്ച ഒരു ഗായകന്‍ രചിച്ചതുകൊണ്ടുകൂടിയാകണം ഈ സാംസ്കാരികോദ്യമം 13 പാട്ടുകാരുടെ സംഗീതവഴികളെ ചിട്ടയോടെയും താളനിബദ്ധമായും അവതരിപ്പിക്കുന്നു.

 മട്ടാഞ്ചേരിയുടെ പാട്ടുകാരന്‍ മെഹ്ബൂബിനും കേരളത്തിന്റെ വിപ്ളവഗായിക മേദിനിക്കും ഈ പുസ്തകം പരിചയപ്പെടുത്തുന്ന ഉമ്പായി അടക്കം മറ്റ് 11 ഗായകര്‍ക്കുമെല്ലാം ഒരര്‍ഥത്തില്‍ സമാനമായ ജീവിതപശ്ചാത്തലങ്ങളാണുള്ളത്. ജീവിതത്തിലെ എല്ലാ പ്രാതികൂല്യങ്ങളോടും ഏറ്റുമുട്ടിയ ബാല്യമാണവരുടേത്. മത ജാതി യാഥാസ്ഥിതികത്വത്തിന്റെ മുഖത്തേക്ക് പാട്ടുകൊണ്ട് കനലെറിഞ്ഞവരാണ് അവരിലേറെയും. പലരുടെയും ജീവിതത്തിന് തുണയായതും അവരുടെ ആവിഷ്കാരങ്ങള്‍ക്ക് വേദി നല്‍കിയതും കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു എന്ന സവിശേഷമായ വസ്തുതയും ഈ പുസ്തകം പരാമര്‍ശിക്കുന്നു. അതുകൊണ്ട്  മൂന്നോനാലോ പതിറ്റാണ്ടുമുമ്പത്തെ, നാടകവും സിനിമയും ഉള്‍ച്ചേര്‍ന്ന സാംസ്കാരികജീവിതത്തിനൊപ്പം രാഷ്ട്രീയാവസ്ഥയുടെ ശ്ളഥചിത്രങ്ങളും വായനക്കാര്‍ക്ക് സമ്മാനിക്കുന്നു ഈ പുസ്തകം.

വിശ്രുത സംഗീതസംവിധായകന്‍ എം കെ അര്‍ജുനന്‍ എഴുതിയ ഹൃദ്യമായ മുഖവുര ഇതില്‍ പരാമര്‍ശിക്കുന്ന ഗായകരുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം വെളിപ്പെടുത്തുന്നു. മെഹ്ബൂബ്, മേദനി, ഉമ്പായി എന്നിവരെ കൂടാതെ കൊച്ചിന്‍ ബഷീര്‍, ഇബ്രാഹിം തുരുത്തില്‍, ജെറി അമല്‍ദേവ്, പാപ്പുക്കുട്ടി ഭാഗവതര്‍, തോപ്പില്‍ ആന്റോ, സീറോ ബാബു, മരട് ജോസഫ്, അയിരൂര്‍ സദാശിവന്‍, അമ്മിണി, കിഷോര്‍ അബു എന്നിവരുടെ ലഘുജീവചരിത്രങ്ങള്‍കൂടിയാണ് ഈ പുസ്തകം ഉള്‍ക്കൊള്ളുന്നത്.

മെഹ്ബൂബ് ഒഴികെയുള്ള ഗായകരുമായി ഷഫീഖ് നടത്തിയ വിശദമായ  അഭിമുഖങ്ങളുടെ സമാഹാരമാണിത്.  മട്ടാഞ്ചേരിയുടെ സംഗീതപാരമ്പര്യത്തില്‍നിന്ന് ഒരിക്കലും അടര്‍ത്തിമാറ്റാനാകാത്ത സാന്നിധ്യമായ എച്ച് മെഹ്ബൂബിനെക്കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നു: 'മലയാളസിനിമാ സംഗീതചരിത്രമാകെ പരിശോധിച്ചാല്‍ എച്ച് മെഹ്ബൂബ് എന്ന ഗായകനെപ്പോലെ അദ്ദേഹത്തെ മാത്രമേ കാണാനാകൂ. ഹിന്ദുസ്ഥാനിസംഗീതത്തെ മലയാളസിനിമയുമായി കണ്ണിചേര്‍ത്തത് എം എസ് ബാബുരാജ് ആണെങ്കില്‍ അത്തരം ഗാനങ്ങള്‍ ആദ്യമായി കേരളം കാതോര്‍ത്തത് ഭായി എന്ന് സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ വിളിച്ചിരുന്ന മെഹ്ബൂബിന്റെ ശബ്ദത്തിലൂടെയായിരുന്നു.'' പട്ടാളബാരക്കിലെ ബൂട്ട് പോളീഷ് ബോയി എന്ന റോളില്‍നിന്ന് കേരളത്തിന്റെ ശ്രദ്ധേയനായ പിന്നണിഗായകനായി മെഹ്ബൂബ് വളര്‍ന്നതിന്റെ ചരിത്രം വിശദമായ ലേഖനത്തില്‍ ഷഫീഖ് വരച്ചുകാട്ടുന്നു. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ അലറിപ്പാടിയ മെഹ്ബൂബ്, ഇ എം എസ് പങ്കെടുത്ത വേദികളില്‍ ആവര്‍ത്തിച്ച് പാടിയതിനെക്കുറിച്ചും വിവരിക്കുന്നു. ഉമ്പായിയും മേദിനിയും തോപ്പില്‍ ആന്റോയും അമ്മിണിയുമൊക്കെ പിന്നിട്ട വഴികളെക്കുറിച്ചും വിശദമായി അവരുടെ വാക്കുകളില്‍ പ്രതിപാദിക്കുന്നുണ്ട് ഗ്രന്ഥകാരന്‍. ഉമ്പായിയുടെ പൂര്‍വാശ്രമത്തെക്കുറിച്ചും മുംബൈജീവിതത്തെക്കുറിച്ചുമുള്ള കൌതുകമുണര്‍ത്തുന്ന വെളിപ്പെടുത്തല്‍ ഈ പുസ്തകത്തിലുണ്ട്. പാട്ടിന്റെ പൂവട്ടക മലയാളത്തിന് സമ്മാനിച്ച ജെറി അമല്‍ദേവിന്റെ പാശ്ചാത്യ– ഹിന്ദുസ്ഥാനി സംഗീതാഭിമുഖ്യങ്ങളെക്കുറിച്ചും പുസ്തകം വിശദമായി പ്രതിപാദിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top