14 September Saturday

പ്രണയത്തിന്റെ തേന്‍തുള്ളികള്‍

വെബ് ഡെസ്‌ക്‌Updated: Sunday May 7, 2017

പ്രണയത്തിന്റെ വിഭിന്നഭാവങ്ങളാണ് എം രാജീവ്കുമാറിന്റെ '1001 പ്രണയകഥകളി'ല്‍ മിഴിതുറക്കുന്നത്. കവിതയെ മറികടക്കുന്ന കഥകള്‍. തുടക്കത്തില്‍ സൌമ്യമായും ദീപ്തമായും കഥകളില്‍ ഒഴുകിപ്പരക്കുന്ന പ്രണയം പിന്നെ തീക്ഷ്ണമായും ഭ്രമാത്മകമായും വായനക്കാരുടെ സിരകളില്‍ ആളിപ്പടരുന്നു. പ്രണയത്തിന്റെ ഗന്ധവും രുചിയുമില്ലാത്ത ഒറ്റ വാക്കുപോലും കഥകളില്‍നിന്ന് വേര്‍തിരിച്ചെടുക്കാനാകില്ല.

'പ്രണയം സൂര്യനാണെന്നും അതിന് ജ്വലിക്കാന്‍മാത്രമേ അറിയൂ; തപിക്കാനറിയില്ലെ'ന്നും (മരണസത്യം) കണ്ടെത്തുന്ന കഥാകൃത്ത് 'പ്രണയത്തിനു ചിറകുണ്ട്; അതു പ്രളയജലത്തിന്മേലും പറപറക്കും' (പ്രണയത്തിന്റെ വിരലടയാളം) എന്നും തിരിച്ചറിയുന്നു. പ്രണയപ്പിച്ചാത്തികൊണ്ട് ഹൃദയങ്ങളെ അന്യോന്യം രാകിയെടുക്കുന്ന കഥകളില്‍ കഥയും കവിതയും ഇണചേരുന്ന മാന്ത്രികവിദ്യയാണ് ഒളിപ്പിച്ചിരിക്കുന്നത്. 'പ്രിയേ, കവിതകൊണ്ടു നീ ഉടല്‍ മറച്ചാല്‍ കഥകൊണ്ടു ഞാന്‍ അനാച്ഛാദനം ചെയ്യുമേ... (അനാച്ഛാദനം) എന്നു പറയാനുള്ള കരുത്ത് ഈ കഥാകാരന്‍ കാട്ടുന്നു. ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന മുഹൂര്‍ത്തങ്ങളാണ് പ്രണയത്തിന്റെ തരളമായ ഇഴകളില്‍ ഈ കഥകള്‍ കോര്‍ത്തിട്ടിരിക്കുന്നത്. കാതില്‍ മന്ത്രിച്ചു മന്ത്രിച്ച് തലമുറകളിലൂടെ രഹസ്യത്തിന്റെ ഉത്തരപദമായ പ്രണയം ഇരുഹൃദയങ്ങളെ ഒന്നിച്ചുചേര്‍ത്തുകൊണ്ട് കാലത്തിനൊപ്പം അനാദിയായി ഈ കഥകളില്‍ ഒഴുകിപ്പരക്കുന്നു.

'പ്രണയസഞ്ചാരത്തിന്‍ വഴികളില്‍/ നീ കാണുന്നതൊക്കെയും എന്നെ/ ഞാന്‍ കാണുന്നതൊക്കെയും നിന്നെ/ നമ്മളൊന്നിച്ചുദിച്ചസ്തമിച്ചങ്ങനെ....' (പ്രണയസഞ്ചാരം) എന്ന വരികളില്‍ കഥയുടെയും കവിതയുടെയും അതിര്‍വരമ്പുകള്‍ അദൃശ്യമാകുന്നതു കാണാം. കാമുകീകാമുക സംഗമമാണ് മിക്ക കഥകളുടെയും പ്രമേയം. 'പ്രിയേ...' എന്ന സംബോധനയോടെയാണ് പല കഥകളും ആരംഭിക്കുന്നതും. കമിതാക്കളുടെ പരസ്പര സംഭാഷണങ്ങളിലൂടെ ഇതള്‍വിരിയുന്ന കഥകളും ഏറെയുണ്ട്. അഗ്നിശലാക, പ്രതിഷ്ഠ, ഒടിയുന്ന മാരിവില്‍, ചന്ദേരി സില്‍ക്ക്, പ്രാണന്‍, ഒരുമുറി, പുഷ്പവീട്, വിലക്കപ്പെട്ട കനി, പരിഭവം തുടങ്ങിയവ ഉദാഹരണം. 'ചങ്കും കരളും' എന്ന കഥയില്‍ ' നീ ഹൃദയംകൊണ്ടും ഞാന്‍ കരള്‍കൊണ്ടും പ്രണയിച്ചുകൊണ്ടിരിക്കുന്നു' എന്നു പറയുന്ന കഥാകൃത്ത് ഉടലിന്റെ അകവും പുറവും പ്രണയം നിറച്ചെടുക്കുകയാണ്. കാലദേശങ്ങള്‍ക്കതീതമായ പ്രപഞ്ചതാളമായി പ്രണയം ഈ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

ഉപഹാസം രാജീവ്കുമാറിന്റെ പല കഥകളെയും സമ്പന്നമാക്കുന്ന ഘടകമാണ്. ഈ കൃതിയിലും ഉപഹാസത്തിന്റെ മേമ്പൊടി ചേര്‍ത്ത് പായിക്കുന്ന ശലാകകള്‍ കാണാം. ഫെമിനിസ്റ്റ് അവിയല്‍ തയ്യാറാക്കുന്ന 'ഫെമിനിസ്റ്റ് അടുക്കള'യാണ് അതില്‍ ശ്രദ്ധേയം. ഉടുമ്പന്‍ചോല, സ്വം, കഥാകാരഗൃഹം, സിംകാര്‍ഡ് തുടങ്ങി നിരവധി കഥകള്‍ ഇത്തരത്തിലുണ്ട്. കവിതയെ മറികടക്കുന്ന കഥകളെന്ന നിലയില്‍ പ്രണയജാലകം, പ്രണയാകാശം, പ്രണയവിതാനം, പ്രണയപര്‍വം, ചുംബനപ്രഭാതം, നിലാവില്‍ പൊതിഞ്ഞ പ്രണയത്തില്‍ ചാലിച്ച ഹൃദയം തുടങ്ങി ലാവണ്യമാര്‍ന്ന കാവ്യബിംബങ്ങളുടെ സാന്നിധ്യവുമുണ്ട്.

ഭാഷയുടെ കരുത്തും ഭാവനയുടെ വൈചിത്യ്രവും ഈ കഥകളെ വേറിട്ടതാക്കുന്നു. ചെറുതിന്റെ സൌന്ദര്യമാണ് ഈ കഥകളുടെ മുഖമുദ്ര. പ്രണയത്തിന്റെ 1001 വ്യത്യസ്തഭാവങ്ങള്‍ അവതരിപ്പിക്കുകവഴി മലയാള ചെറുകഥാ ചരിത്രത്തില്‍ ഈ കൃതി ഒരു പുതിയ അധ്യായമാകും. ഭട്ടതിരിയുടെ മനോഹരമായ കവര്‍ഡിസൈന്‍ കൃതിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top