14 September Saturday

അനുഭൂതികളുടെ ഹിമാലയം

സുരേഷ് ഗോപിUpdated: Sunday Jun 5, 2016

യാത്ര എന്നും മനോഹരമായ അനുഭൂതിയാണ്. അത് ഹിമാലയത്തിലേക്കാവുമ്പോള്‍ മഞ്ഞിന്‍കുളിരും ഐതിഹ്യങ്ങളും വിശ്വാസങ്ങളുമെല്ലാം കൂട്ടുപോരും. വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് എന്നും ഹിമാലയം സഞ്ചാരികള്‍ക്കായി കാത്തുവച്ചിട്ടുണ്ടാവുക. ഓരോ തവണ പോകുമ്പോഴും മറക്കാനാകാത്ത എന്തെങ്കിലും. മുമ്പ് നടന്ന വഴികളോ കാഴ്ചകളോ ഒരിക്കല്‍ക്കൂടി കാണാനേ കഴിയില്ല. മടങ്ങുമ്പോള്‍ മറക്കുന്ന, എന്നാല്‍ സ്മരണകളില്‍ വരച്ചുമായ്ക്കപ്പെടുന്ന ആ വിസ്മയചിത്രം വാക്കുകള്‍കൊണ്ട് എളുപ്പത്തില്‍ അനുഭവിപ്പിക്കാനാകില്ല. അത്തരമൊരു സഞ്ചാരത്തിന്റെ അനുഭവക്കുറിപ്പുകളാണ് കെ ആര്‍ അജയന്റെ 'സ്വര്‍ഗാരോഹിണി' എന്ന പുതിയ പുസ്തകം.

ഐതിഹ്യവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന സ്വര്‍ഗാരോഹിണി എന്ന പര്‍വതശിഖരത്തിലേക്കുള്ള കൂട്ടായ സഞ്ചാരം. പതിവ് ഹിമാലയയാത്രകളില്‍നിന്നെല്ലാം വ്യത്യസ്തമായിരുന്നു സ്വര്‍ഗാരോഹിണിയിലേക്കുള്ള യാത്രയെന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍തന്നെ കുറിച്ചിട്ടുണ്ട്. സംഘത്തില്‍പ്പെട്ട ഏഴുപേരുടെയും അനുഭവങ്ങള്‍കൂടി പകര്‍ത്തിക്കൊണ്ടാണ് അജയന്‍ ഈ യാത്രാപുസ്തകത്തിലൂടെ നമ്മെ നയിക്കുന്നത്. മഹാഭാരതത്തില്‍ പ്രതിപാദിക്കുന്ന ഈ പര്‍വതം കടന്നാണ് പാണ്ഡവര്‍ സ്വര്‍ഗത്തിലേക്ക് പ്രവേശിച്ചതെന്നാണ് വിശ്വാസം. യമുനാനദിയെയും ഭാഗീരഥിയെയും വേര്‍തിരിക്കുന്ന ഈ പര്‍വതത്തിന്റെ താഴ്വരയ്ക്കടിയിലൂടെ കാണാനദിയായി സരസ്വതിയും ഉത്ഭവിക്കുന്നതായാണ് സങ്കല്‍പ്പം. കൌരവമുഖ്യനായ ദുര്യോധനന്റെ പ്രസിദ്ധമായ ക്ഷേത്രവും ഇവിടെയുണ്ട്. വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയുമൊന്നും അതിപ്രസരമില്ലാതെ ആദ്യം കാണുന്നപോലെ സഞ്ചാരിയുടെ കൌതുകങ്ങളെല്ലാം അജയന്‍ പകര്‍ത്തിയിട്ടുണ്ട്. എന്നെങ്കിലും ഇതുവഴിയൊക്കെ പോകണം എന്നാഗ്രഹിക്കുന്ന ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ യാത്രാവഴിയിലെ പുല്ലും പൂക്കളും സൂക്ഷ്മാംശങ്ങളുമെല്ലാം കുറിച്ചിട്ടുണ്ട്. തുടക്കംമുതല്‍ അവസാനംവരെ ഒറ്റയിരുപ്പിന് വായിച്ചുപോകാവുന്ന ലളിതമായ ഭാഷയാണ് ഈ പുസ്തകത്തിന്റെ പ്രത്യേകതയെന്നു പറയാം.

ഉത്തരാഖണ്ഡിലെ ഉത്തര്‍കാശിയിലെ ഗ്രാമങ്ങളായ സാംഗ്രി, താളൂക്ക, സീമ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കാല്‍നടയായി സ്വര്‍ഗാരോഹിണിയുടെ താഴ്വരയിലെത്താം. തൊട്ടില്‍താഴ്വരയെന്നറിയപ്പെടുന്ന മനോഹരമായ ഹര്‍ കി ദൂണ്‍ താഴ്വര ഇവിടെയാണ്. ഡെറാഡൂണ്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആരംഭിക്കുന്ന സഞ്ചാരത്തിനിടയിലെ പ്രതിബന്ധങ്ങളും പോകുംവഴിക്കുള്ള ഗ്രാമീണജീവിതവും വിശദമായി പറയുന്നു. കുന്നുകള്‍ കയറിപ്പോകുന്ന ബസ് യാത്രയും അതിനുശേഷമുള്ള ജീപ്പ് സഞ്ചാരവും പകരുന്ന കാഴ്ചാനുഭവങ്ങളും ഇടത്താവളങ്ങളിലെ ദിനക്കുറിപ്പുകളുമെല്ലാം തികച്ചും ആസ്വാദ്യകരമാണ്. യാത്രയ്ക്കിടയില്‍ ഇടത്താവളങ്ങളില്‍ നിരവധി ചതിക്കുഴികള്‍ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. യാത്രയ്ക്കിടയില്‍ ഒരു വൃദ്ധയെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന സ്ത്രീകളുടെ കാര്യം പറയുന്നുണ്ട്. ഉത്തുംഗമായ പര്‍വതകേദാരങ്ങളില്‍ പാര്‍ക്കുന്ന പാവപ്പെട്ട മനുഷ്യരുടെ വേദനകളും നമുക്ക് വായിച്ചെടുക്കാം. സ്വര്‍ഗാരോഹിണിക്കു സമീപത്തെ ഓസ്ല എന്ന ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതവും അവരുടെ വിശ്വാസപ്രമാണങ്ങളും നമ്മെ അമ്പരപ്പിക്കുകതന്നെചെയ്യും.

ദീര്‍ഘമായ കാല്‍നടയാത്ര കഴിഞ്ഞെത്തിയ സായന്തനത്തില്‍ തൊട്ടുമുന്നിലെന്നപോലെ ഹിമശൈലം ഭംഗിമുഴുവന്‍ ഒരുമാത്രനേരത്തേക്ക് വെളിപ്പെടുത്തിയതിന്റെ വാങ്മയചിത്രംകൂടി അജയന്‍ കുറിച്ചിടുന്നു. മഞ്ഞിന്റെ കട്ടിയാവരണം പൊഴിച്ചിട്ട് സ്വര്‍ഗാരോഹിണിയുടെ മേലേക്ക് സൂര്യന്‍ ഉദിച്ചുയരുന്നത് കിലോമീറ്ററുകള്‍ക്കപ്പുറത്തിരുന്ന് നാം അനുഭവിക്കുന്നു. സ്വര്‍ണമുരുക്കിയൊഴിച്ച് നിറങ്ങള്‍ വാരിപ്പൂശിയ ശൈലാദ്രിദര്‍ശനത്തിന്റെ അനുഭൂതിയാണ് ഈ പുസ്തകം പകരുന്നത്. അതിലപ്പുറം സഞ്ചാരികള്‍ക്കുള്ള ഒരു കൈപ്പുസ്തകംകൂടിയാകുന്നു.

ൌൃലവെഴീുശറയശ@ഴാമശഹ.രീാ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top