18 September Saturday

സ്ത്രീശക്തിയുടെ വൈവിധ്യം അനാവരണം ചെയ്ത് ഗേറ്റ്‌വേ ലിറ്റ് ഫെസ്റ്റിന് ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Feb 24, 2018

മുംബൈ > ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകള്‍ കൈവരിച്ചു കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ അംഗീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യേണ്ടതാണെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മുംബൈ എന്‍ സി പി എയില്‍ നാലാമത് ഗേറ്റ്‌വേ ലിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂര്‍. സ്ത്രീകള്‍ സമസ്ത മേഖലകളിലും അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്.   വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിയും ആശയവിനിമയ രംഗത്തെ മുന്നേറ്റങ്ങളും സ്ത്രീകളുടെ ജീവിതത്തിലുടനീളം പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മാതാപിതാക്കളും ഭര്‍ത്താവും മക്കളും സെന്‍സര്‍ ചെയ്ത് അതിന്റെ ഫലമായി രൂപപ്പെട്ട ചിന്തകള്‍ കൊണ്ട് സ്വന്തം സെന്‍സറിംഗിന് വിധേയയാക്കിയാണ് തന്നെ പോലൊരു എഴുത്തുകാരിക്ക് സാഹിത്യരചന നടത്തേണ്ടിവരുന്നതെന്ന് ജ്ഞാനപീഠ ജേതാവ് പ്രതിഭാ റായി പറഞ്ഞു. അതുകൊണ്ടാണ് തന്റെ എഴുത്തില്‍ ലൈംഗികത അധികമായി കടന്നുവരാത്തത്. എട്ടു വര്‍ഷത്തോളം കൂട്ടിലടച്ചിടപ്പെട്ട തനിക്ക് അതില്‍ നിന്ന്് പുറത്തു കടന്ന് സാഹിത്യരചന നടത്താന്‍ സാധിച്ചിന് പിന്നില്‍ ഉള്ളില്‍ അണയാതെ സൂക്ഷിച്ച അഗ്നിയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. രാവിലെ മുതല്‍ വൈകുന്നേരം വരെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയും സ്ത്രീകള്‍ക്കു വേണ്ടി ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന വൈരുദ്ധ്യം സമൂഹത്തില്‍ പ്രകടമാണ്. ഇവിടെ നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ഗുരുവും വഴികാട്ടിയും വിമര്‍ശകയും പ്രതിഭാ റോയ് പറഞ്ഞു.
 


മദര്‍ ഇന്ത്യ പോലുള്ള സിനിമകളിലൂടെ സ്ത്രീശക്തി ആഘോഷിച്ച ഇന്ത്യന്‍ സിനിമയില്‍ പില്‍ക്കാലത്ത് സ്ത്രീകള്‍ അപ്രധാന വേഷങ്ങളില്‍ ഒതുക്കപ്പെട്ടുവെങ്കിലും സമകാലിക ഇന്ത്യന്‍ സിനിമയില്‍ സ്ത്രീകഥാപാത്രങ്ങള്‍ നായകന്‍മാര്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്നുണ്ടെന്ന് സിനിമയില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യം സംബന്ധിച്ച ചര്‍ച്ചയില്‍ പ്രശസ്ത സംവിധായിക അപര്‍ണാ സെന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സിനിമയെന്നാല്‍ മുഖ്യധാരാ ഹിന്ദി സിനിമയാണെന്ന ധാരണ തിരുത്തേണ്ടതുണ്ടെന്നു പറഞ്ഞ അപര്‍ണാ സെന്‍, പ്രാദേശിക ഭാഷാ സിനിമകളിലാണ് സാഹിത്യ രചനകളെ ആസ്പദമാക്കിയുള്ള മികച്ച ചലച്ചിത്രങ്ങള്‍ ഉണ്ടാകുന്നതെന്നും ചൂണ്ടിക്കാട്ടി.

സാമ്പ്രദായിക സംവിധാനങ്ങളെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് എഴുത്തുകാരുടെ കടമയെന്ന് ശോഭാ ഡേ പറഞ്ഞു. ജീവിതത്തില്‍ സ്ത്രീകള്‍ പലതരത്തില്‍ സെന്‍സറിംഗിന് വിധേയയാകുന്നുണ്ടെന്നും ഗൗരിലങ്കേഷ് വധം അത്തരമൊരു പ്രവണതയെയാണ് കാണിച്ചു തന്നതെന്നും ശോഭാ ഡേ ചൂണ്ടിക്കാട്ടി. ചരിത്രത്തില്‍ ഇത്രയധികം അക്രമോത്സുകത കടന്നുവന്നത് സമൂഹത്തിലെ പുരുഷാധിപത്യത്തിന്റെ ഫലമാണെന്ന് പ്രശസ്ത മേഘാലയന്‍ എഴുത്തുകാരി പട്രീഷ്യ മുഖിം വിലയിരുത്തി. പുരുഷശക്തി  ആധിപത്യത്തിന്റേതാണെങ്കില്‍ സ്ത്രീശക്തി കരുതലിന്റെയും പങ്കുവെപ്പിന്റേതുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചു
ള്ള പൊതുബോധത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നാണ് അടുത്തിടെ കേരളത്തില്‍ ഒരു ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഒരു നടിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണം വ്യക്തമാക്കുന്നതെന്ന് ഫിലിം എഡിറ്റര്‍ ബീനാ പോള്‍ അഭിപ്രായപ്പെട്ടു. മുഖ്യധാരാ വാണിജ്യ സിനിമ സ്ത്രീയെ കാഴ്ചവസ്തുവായാണ് ഇന്നും കാണുന്നത്. ദുര്‍ബലകളായ സ്ത്രീകഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് അത്തരം സിനിമകളുടെ പ്രമേയം വികസിക്കുന്നത്. നടിമാര്‍ക്ക് തുല്യവേതനം നല്‍കുന്ന കാര്യത്തില്‍ മലയാള സിനിമ മാതൃകയാണെന്ന് ബീനാ പോള്‍ ചൂണ്ടിക്കാട്ടി.

ദേശീയ സിനിമ പ്രാദേശിക സിനിമ എന്നീ പ്രയോഗങ്ങള്‍ ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ അവഹേളിക്കുന്നതാണെന്ന് അഭിനേത്രിയും സംവിധായികയുമായ നന്ദിതാ ദാസ് പറഞ്ഞു. ഹിന്ദിയെ അപേക്ഷിച്ച് ഇതര  ഭാഷാ ചത്രങ്ങളില്‍ നിന്നാണ് മികച്ച സിനിമകള്‍ ഉണ്ടാകുന്നത്. സിനിമയുടെ പ്രമേയത്തില്‍ മാത്രമല്ല, മാര്‍ക്കറ്റിംഗില്‍ വരെ സ്ത്രീ ഒതുക്കപ്പെടുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.ലൈംഗിക തൊഴിലാളികളോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് തുറന്നെഴുത്തിലെ ധീരതയും സൗന്ദര്യവും എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ എഴുത്തുകാരിയും ലൈംഗിക തൊഴിലാളിയുമായ നളിനി ജമീല പറഞ്ഞു. തന്റെ പുസ്തകം പ്രസിദ്ധീകരിച്ച ശേഷം ഫോണിലേക്ക് അര്‍ധരാത്രിയില്‍ വന്ന വിളികളില്‍ അധികവും സെക്‌സിനു വേണ്ടിയായിരുന്നു. ലൈംഗിക തൊഴിലാളികള്‍ മറ്റുള്ളവരെ പോലെ തന്നെ ചിന്തിക്കുന്നവരാണ്. അവര്‍ക്ക് സെക്‌സ് വര്‍ക്കര്‍ പട്ടം സമൂഹമാണ് ചാര്‍ത്തിത്തന്നത്. ബ്രാഹ്മണന്‍ എഴുതിയാലും ലൈംഗിക തൊഴിലാളി എഴുതിയാലും വായനയുടെ തിരഞ്ഞെടുപ്പ് സമൂഹത്തിന്റേതാണ്. ആ അര്‍ഥത്തില്‍ തന്റെ എഴുത്ത് സ്വീകരിക്കപ്പെട്ടുവെന്നാണ് അതിന്റെ വില്‍പനയുടെ കണക്കുകള്‍ കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞു.  മീനാക്ഷി റെഡ്ഢി, ബേബി ഹൈദര്‍, നളിനി ജമീല, റാണാ അയൂബ് എന്നിവരും സംസാരിച്ചു.


ഫേസ്ബുക്കിനും സുക്കര്‍ബര്‍ഗിനും നന്ദി പറഞ്ഞ് യുവ എഴുത്തുകാര്‍

എഴുത്തിലും വായനയിലും പുതിയ തലമുറ നവമാധ്യമങ്ങളിലേക്ക് ചുവടുമാറ്റം നടത്തുന്നതിന്റെ നേര്‍ചിത്രം കാണിച്ചു തരുന്നതായിരുന്നു ഗേറ്റ്വേ ലിറ്റ് ഫെസ്റ്റില്‍ 'സാഹിത്യത്തിലെ നവീനത പിന്തുടരുന്ന യുവ എഴുത്തുകാര്‍' എന്ന വിഷയത്തില്‍ നടന്ന സെഷന്‍. എഴുത്തിലും വായനയിലും ശീലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ തുറന്ന മനസോടെ കാണുന്ന മുന്‍തലമുറയുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിയാണ് യുവഎഴുത്തുകാര്‍ വേദിവിട്ടത്. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച മേഴ്സി മാര്‍ഗരറ്റും മാനുഷിയും രേഖ സച്ദേവ് പൊഹാനിയും എഴുത്തില്‍ ലഭിച്ച അംഗീകാരങ്ങള്‍ക്ക്  നന്ദി പറഞ്ഞത് ഫേസ്ബുക്കിനും മാര്‍ക്ക് സുക്കര്‍ബെര്‍ഗിനുമായിരുന്നു.

വായനയുടെ രീതി മാത്രമേ മാറിയിട്ടുള്ളൂ വായന മുന്നോട്ടു തന്നെയാണ് പോകുന്നത് എന്നാണ് പുതിയ തലമുറയില്‍ വായന കുറയുന്നു എന്ന ആക്ഷേപത്തിന് മലയാളത്തിന്റെ യുവകഥാകാരി അശ്വതി ശശികുമാര്‍ നല്‍കിയ മറുപടി. വായിക്കാന്‍ കൊതിക്കുകയും ഏറെ അന്വേഷിച്ചു നടക്കുകയും ചെയ്യുന്ന പുസ്തകങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നുവെന്നത് വായനയുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണ് കാണിക്കുന്നതെന്ന് അശ്വതി ചൂണ്ടിക്കാട്ടി.
 
ഫേസ്ബുക്ക് എഴുത്തുകാരിയായി അംഗീകാരം നേടിയ മേഴ്സി മാര്‍ഗരറ്റ് അതിലുള്ള അഭിമാനം തുറന്നു പറയാന്‍ മടിച്ചില്ല. ഫേസ്ബുക്കില്‍ എഴുതിത്തുടങ്ങിയപ്പോള്‍ സാഹിത്യ മേഖലയില്‍ നിന്ന് ഒരു പിന്തുണയും ലഭിച്ചിരുന്നില്ല. പക്ഷെ ഫേസ്ബുക്കില്‍ ഒരുപാട് പിന്തുണ ലഭിച്ചു. ഫേസ്ബുക്ക് എഴുത്തുകാരിയായതിനാല്‍ അക്കാലത്ത് സാഹിത്യപ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ അയച്ചാല്‍ പ്രസിദ്ധീകരിക്കാതെ മടക്കുകയായിരുന്നു പതിവ്. എന്നാല്‍ പിന്നീട് പുസ്തകം പുറത്തിറങ്ങുകയും അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തതോടെ അതേ പ്രസിദ്ധീകരണങ്ങള്‍ തന്റെ സൃഷ്ടികള്‍ ഇങ്ങോട്ട് ആവശ്യപ്പെടുകയാണ്. നിങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് എടുത്തുകൊള്ളൂ എന്നാണ് അവര്‍ക്ക് താന്‍ നല്‍കുന്ന മറുപടി മേഴ്സി പറഞ്ഞു.

പുസ്തക വില്‍പന കുറഞ്ഞുവെന്നതിന്റെ അടിസ്ഥാനത്തില്‍ വായന കുറഞ്ഞുവെന്ന് വിലയിരുത്തുന്നത് ശരിയല്ലെന്ന് ഉറുദു എഴുത്തുകാരി നിഖാത് സാഹിബ ചൂണ്ടിക്കാട്ടി. ചെറുപ്പം മുതലേ ഒരുപാട് വായിച്ചു വളരാന്‍ കഴിഞ്ഞതിനാലാണ് തനിക്ക് എഴുത്തില്‍ ഒരു നല്ല കുട്ടിയാകാന്‍ സാധിച്ചതെന്നും എന്നാല്‍ വായനയുടെ കാര്യത്തില്‍ സെന്‍സറിംഗ് ഉണ്ടാകുന്നത് അവരുടെ കാഴ്ചപ്പാടുകളെ പരിമിതപ്പെടുത്തുന്നുണ്ടെന്നും സാഹിബ കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ തലമുറക്ക് വായന കുറവാണെന്നത് പുസ്തക പ്രസാധകന്റെ മാത്രം ആശങ്കയാണെന്ന് മാനുഷി പറഞ്ഞു. ഓണ്‍ലൈനിലും കിന്റിലിലും പി ഡി എഫിലും ഒരുപാട് വായന നടക്കുന്നുണ്ട്. ജി എസ് ടിയും മറ്റും സൃഷ്ടിക്കുന്ന വിലവര്‍ധനയാണ് പുസ്തക വായന കുറയാന്‍ കാരണം. പുതിയ തലമുറക്ക്് സാമൂഹ്യ ബോധം കുറവാണെന്ന വിമര്‍ശനവും അടിസ്ഥാനമില്ലാത്തതാണെന്നും രാഷ്ട്രീയവും സാമൂഹ്യവുമായി നല്ല ബോധ്യമുള്ളവരാണ് പുതിയ തലമുറയെന്നും മാനുഷി പറഞ്ഞു.

 

അംബേദ്കറിന് ശേഷം യഥാര്‍ഥ ദളിത് നവോത്ഥാനം
ഇന്ത്യയില്‍ സംഭവിച്ചിട്ടില്ല: ഇന്ദു മേനോന്‍


ദാദാ ഹാസിബ് ബാബാ അംബേദ്കര്‍ക്കു ശേഷം എഴുപത് വര്‍ഷം കഴിഞ്ഞിട്ടും സൈദ്ധാന്തിക പിന്‍ബലമുള്ള യഥാര്‍ഥ ദളിത് നവോത്ഥാനം ഇന്ത്യയില്‍ സംഭവിച്ചിട്ടില്ലെന്ന് എഴുത്തുകാരി ഇന്ദു മേനോന്‍. ദളിത് നവോത്ഥാനത്തിനുള്ള ശക്തമായ ചിന്താപദ്ധതികള്‍ കൊണ്ടുവരുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടതായും രാഷ്ട്രീയ സിദ്ധാന്തത്തില്‍ ആത്യന്തിക മാറ്റം സംഭവിച്ചാലല്ലാതെ സാഹിത്യത്തില്‍ ശരിയായ ദളിത്നവോത്ഥാനം ഉണ്ടാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിില്‍ ദളിത് നവോത്ഥാനത്തിന്റെ മാറുന്ന സാമൂഹ്യരാഷ്ട്രീയ അന്തരീക്ഷം വനിതാ എഴുത്തുകാരെ സ്വാധീനിക്കുന്നുണ്ടോ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇന്ദു.

ഭയം എഴുത്തിന്റെ കൈകള്‍ക്കും കലാകാരന്റെ കഴുത്തിനും പിടിക്കുന്ന ഇരുണ്ട കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. എം എഫ് ഹുസൈന് ഇന്ത്യയില്‍ നിന്ന് ഓടിപ്പോകേണ്ടിവരികയും അമര്‍ത്യാ സെന്‍ എന്ന ലോകമറിയുന്ന അക്കാദമീഷ്യന് പുറത്തുപോകേണ്ടിവരികയും പെരുമാള്‍ മുരുകന്റെ നാവ് ചോദിക്കുകയും ഗൗരി ലങ്കേഷിനും കല്‍ബുര്‍ഗിക്കും വെടിയുണ്ടകള്‍ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യുന്ന കാലത്ത് മുഖ്യധാരയ്ക്ക് പുറത്തു നില്‍ക്കുന്ന ദളിത് എഴുത്തുകാര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ ഒട്ടും ലഘുവായി കാണാന്‍ സാധിക്കുകയില്ല.

ഗുജറാത്തില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഉയര്‍ന്നിട്ടുള്ള ദളിത് നവോത്ഥാനത്തിന് ഇന്ത്യയില്‍ ഒരു വര്‍ഷത്തെ പഴക്കമേയുള്ളൂ. പ്രായോഗിക രാഷ്ട്രീയ ചിന്താ പദ്ധതി എന്ന നിലയില്‍ ദളിത് സാഹിത്യകാരന്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ ദളിത് മുന്നേറ്റം കേരളത്തിലും എത്തിയിട്ടില്ല. ജിഗ്‌നേഷ്മേവാനിയെ പോലുള്ളവര്‍ രൂപപ്പെടുത്തിയിട്ടുള്ള ദളിത് പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നുണ്ടെങ്കിലും ശക്തമായ സൈദ്ധാന്തിക രാഷ്ട്രീയത്തിന്റെ അഭാവമുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ സികെ ജാനുവിന്റേതടക്കം നടക്കുന്ന ദളിത് മുന്നേറ്റങ്ങള്‍ അവഗണിക്കനാകാത്തതാണെന്ന് സദസില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ജെ ദേവികയും നളിനി ജമീലയും പ്രതിവാദങ്ങളുയര്‍ത്തിയെങ്കിലും അതിനെയൊന്നും സ്്ത്രീ എഴുത്തുകാരെ സ്വാധീനിക്കുന്ന വിധത്തിലുള്ള ശക്തമായ രാഷ്ട്രീയ മുന്നേറ്റങ്ങളായി കാണാന്‍ സാധിക്കില്ലെന്ന് ഇന്ദു മേനോന്‍ ഉപസംഹരിച്ചു.

ത്ധാര്‍ഖണ്ഡില്‍ നിന്നുള്ള ആദിവാസി പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ജസീന്ദ കെര്‍കെട്ട, ആന്ധ്രയില്‍ നിന്നുള്ള സ്വരൂപ റാണി എന്നിവര്‍ എഴുത്തിലെ ദളിത് പെണ്ണനുഭവങ്ങള്‍ വിവരിച്ചു കൊണ്ട്് സദസിന്റെ ഹൃദയം തൊട്ടു. നിരുപമാ ദത്ത്് മോഡറേറ്ററായ ചര്‍്ച്ചയില്‍ ഇന്ദിരാ ദാസും  സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top