12 November Tuesday

വേസ്റ്റ് മേക്കേഴ്സും വൈകിപ്പോയ നമ്മളും

ഡോ. എ അച്യുതന്‍Updated: Sunday Aug 21, 2016

അമ്പതുകളുടെ അവസാനം അമേരിക്കന്‍ സര്‍വകലാശാലയിലെ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയശേഷം ഒരു യൂറോപ്യന്‍ സഞ്ചാരത്തിനിറങ്ങിയതായിരുന്നു ഞാന്‍. അയര്‍ലന്‍ഡില്‍വച്ച് വിമാനത്തിന് ചെറിയ തകരാര്‍. അടിയന്തരമായി ഷാനന്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിവന്നു. അവിടത്തെ ലോഞ്ചില്‍ ഏതാനും മണിക്കൂര്‍ ചെലവഴിച്ച സന്ദര്‍ഭത്തിലാണ് വിമാനത്താവളത്തിലെ പുസ്തകശാലയിലിരുന്ന 'ദ വെയ്സ്റ്റ് മേക്കേഴ്സ്' (മാലിന്യ നിര്‍മാതാക്കള്‍) ശ്രദ്ധയില്‍പ്പെട്ടത്. മാധ്യമവിമര്‍ശനവും പരസ്യങ്ങളുടെ മനഃശാസ്ത്രവുമൊക്കെ വിഷയമാകുന്ന, ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ദ ഹിഡന്‍ പെഴ്സ്യൂഡേഴ്സും പ്രശസ്തമായ ഹൌ മച്ച് ഈസ് ടൂ മച്ചും രചിച്ച അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ വാന്‍സ് പക്കാര്‍ഡിന്റെ പുതിയ പുസ്തകം. പുറംചട്ട ഗംഭീരം. മാലിന്യംകൊണ്ട്തീര്‍ത്ത ഭൂഗോളം. അതില്‍നിന്ന് പുറത്തേക്കുന്തിനില്‍ക്കുന്ന മനുഷ്യമുഖം. കൈയില്‍ പണം കുറവായിരുന്നെങ്കിലും പ്രലോഭനത്തെ അതിജീവിക്കാനായില്ല. വാങ്ങി. മാലിന്യം സംബന്ധിച്ച കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിലും ഭാവിയിലുണ്ടാകാനിടയുള്ള മാലിന്യപ്രശ്നത്തെക്കുറിച്ച് മുന്‍കൂര്‍ ധാരണയുണ്ടാക്കാനും സഹായിച്ച, മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ പ്രേരണയായിത്തീര്‍ന്ന 'വേസ്റ്റ് മേക്കേഴ്സിനെ' ഞാന്‍ കണ്ടെത്തിയത് അങ്ങനെയാണ്.

അടുത്തകാലത്തുമാത്രമാണ് മാലിന്യത്തെപ്പറ്റി നാം ബോധമുള്ളവരാകുന്നത്. അപ്പോഴേക്കും വളരെ വൈകി. ആറു ദശാബ്ദത്തോളം മുമ്പുതന്നെ അമേരിക്കയില്‍ വാന്‍സ് പക്കാര്‍ഡ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിരുന്നു. അനാവശ്യമായി ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്ന സംസ്കാരത്തെയാണ് അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. പുസ്തകത്തിന്റെ മുഖക്കുറിയായി ഡോറോത്തി എല്‍ സെയേഴ്സിന്റെ ഒരു വാചകം എടുത്തുചേര്‍ത്തിട്ടുണ്ട്. ഉല്‍പ്പാദനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍വേണ്ടി ഉപഭോഗത്തെ കൃത്രിമമായി ഉത്തേജിപ്പിക്കുന്ന സമൂഹത്തിന്റെ അടിസ്ഥാനം മാലിന്യത്തിലായിരിക്കുമെന്നും അത് പൂഴിക്കുമുകളില്‍ പടുത്ത ഭവനമാണെന്നും ഡോറോത്തി സെയേഴ്സ് പറഞ്ഞുവയ്ക്കുന്നു. മുന്നൂറ്റമ്പതോളം പേജുകളില്‍ നാലുഭാഗങ്ങളിലായി വാന്‍സ് പക്കാര്‍ഡ് വിശദീകരിക്കാന്‍ ശ്രമിക്കുന്നതും ഇതേ ആശയമാണ്.

ഉപഭോഗത്തെയും ഉപഭോഗസംസ്കാരത്തെയും വളരെ ഉയര്‍ന്നതലത്തില്‍ പ്രതിഷ്ഠിച്ചിരുന്ന അമേരിക്കന്‍ സമൂഹത്തിന്റെ ചിന്താഗതിയെ വലിയ അളവോളം സ്വാധീനിക്കാന്‍ പക്കാര്‍ഡിനായി. ഉപഭോഗ സംസ്കാരം (consumerism) അത്ര നല്ല കാര്യമല്ല എന്നും അതിനെ നിയന്ത്രിച്ചുകൊണ്ടല്ലാതെ അമിതമായ വിഭവചൂഷണം തടയാനും മാലിന്യബാഹുല്യം ഇല്ലാതാക്കാനും സുസ്ഥിരവികസനം ഉറപ്പാക്കാനും സാധ്യമല്ലെന്നും ജനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ട്. ഉപഭോഗാസക്തിയില്‍നിന്ന് പുറത്തുകടക്കാനുള്ള നിര്‍ദേശങ്ങള്‍കൂടി വായിച്ച് നമുക്കീ പുസ്തകം മടക്കാം. നന്മ– തിന്മകളെ സംബന്ധിച്ച ഉയര്‍ന്ന മാനദണ്ഡങ്ങള്‍ ഓരോ വ്യക്തിയും പുലര്‍ത്തണമെന്ന് പക്കാര്‍ഡ് പറയുന്നു. അതിലാര്‍ക്കും തര്‍ക്കമില്ല. പക്ഷേ, അമിതമായ ഉപഭോഗത്തിലേക്കും തുടര്‍ന്നുള്ള മാലിന്യക്കൂമ്പാര സൃഷ്ടിയിലേക്കും നയിച്ചതെന്താണ്. അത് മുതലാളിത്തമാണെന്ന് ഗ്രന്ഥകാരന്‍ തിരിച്ചറിയുന്നില്ല. തുടര്‍ച്ചയായ ഉല്‍പ്പാദനത്തിനായി കമ്പോളശക്തികളെ അനിയന്ത്രിതമായി വളര്‍ത്തുന്ന വ്യവസ്ഥതന്നെയാണ് സുസ്ഥിരവികസനത്തിനുള്ള മുഖ്യപ്രതിബന്ധം.

പത്രപ്രവര്‍ത്തകനായതിനാല്‍ വാന്‍സ് പക്കാര്‍ഡിന് തുടക്കംമുതല്‍ ഒടുക്കംവരെ വായനക്കാരനെ ഒപ്പംനിര്‍ത്തുന്ന ഭാഷ കൈവശമുണ്ട്. പക്ഷേ, ആഴത്തിലുള്ള വിശകലനങ്ങളും തന്റെ വാദങ്ങളെ സാധൂകരിക്കാന്‍ ആവശ്യമായ സ്ഥിതിവിവരക്കണക്കുകളും അവതരിപ്പിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എങ്കിലും റേച്ചല്‍ കാര്‍സന്റെ നിശ്ശബ്ദ വസന്തം (silent spring) പോലെ ഉപഭോഗസംസ്കാരത്തെയും മാലിന്യത്തെയുംപറ്റി നമ്മെ ജാഗ്രതപ്പെടുത്തിയ ഗ്രന്ഥമെന്ന നിലയില്‍ വെയ്സ്റ്റ് മേക്കേഴ്സിന്റെ പ്രസക്തി വളരെ വലുതാണ്.

1950–54 കാലഘട്ടത്തില്‍ തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഗൌരവപൂര്‍വം വായനയെ സമീപിച്ച് തുടങ്ങുന്നത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ താമസം തൊട്ടടുത്ത പബ്ളിക് ലൈബ്രറി ഫലപ്രദമായി ഉപയോഗിക്കാന്‍ സഹായകമായി. ഹെമിങ്വേയുടെ മണിമുഴങ്ങുന്നതാര്‍ക്കുവേണ്ടി (For Whom The Bell Tolls), ഗോര്‍ക്കിയുടെ അമ്മ (The Mother), ചെക്കോവിന്റെ കഥകള്‍ തുടങ്ങി പലതും വായിച്ചു. എല്ലാ ദിവസവും വായിച്ചു എന്നുപറഞ്ഞാലും തെറ്റാവില്ല. അതില്‍ മിക്കതും ഇപ്പോഴും മനസ്സിലുണ്ട്.

ബര്‍ട്രന്‍ഡ് റസ്സലിന്റെ 'ഞാന്‍ എന്തുകൊണ്ട് ഒരു ക്രിസ്ത്യാനിയല്ല' (Why I am not a christian) എന്ന വിശ്രുതഗ്രന്ഥം വായിച്ചശേഷമാണ് യുക്തിചിന്തയിലേക്ക് തിരിഞ്ഞത്. അതേപ്പറ്റി പിന്നീടൊരവസരത്തില്‍ പറയാം.

പ്രധാന വാർത്തകൾ
 Top