25 March Saturday

ആഗോളതാപനവും മുതലാളിത്തവും

വെബ് ഡെസ്‌ക്‌Updated: Sunday Mar 20, 2016

ആഗോളതാപനം കേവലം ശാസ്ത്ര പ്രതിഭാസമല്ലെന്നും സാമ്പത്തികവും
സാമൂഹ്യവും രാഷ്ട്രീയവുമായ വശങ്ങള്‍ അതിനുണ്ടെന്നും നവോമി ക്ളെന്‍
This Changes Everything: Capitalism Vs. Climate എന്ന ആധികാരികമായ പുസ്തകത്തില്‍ വിശദീകരിക്കുന്നു

അന്താരാഷ്ട്രതലത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയമാണല്ലോ കാലാവസ്ഥാവ്യതിയാനം. ആഗോളതാപനത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ക്ക് അറുപതുകളോളം പഴക്കമുണ്ട്. ഏകദേശം ആറുപതിറ്റാണ്ട്. എന്നാല്‍, ഭൂമിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായിത്തീര്‍ന്നിരിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് വലിയ പുരോഗതിയൊന്നുമില്ല. 2015ല്‍ പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ 'ഭൂമിയെ തണുപ്പിക്കാ'നുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. പക്ഷേ, അതത്ര എളുപ്പമല്ല. നിര്‍ദേശങ്ങള്‍ പ്രായോഗികതലത്തിലെത്താന്‍ എത്ര പതിറ്റാണ്ടുകള്‍ വേണ്ടിവരുമെന്നും കണ്ടറിയണം.

ശാസ്ത്രജ്ഞനെന്നനിലയില്‍ എനിക്കും താല്‍പ്പര്യമുള്ള വിഷയമാണ് കാലാവസ്ഥാവ്യതിയാനം. കഴിഞ്ഞവര്‍ഷം ഏതാനും മാസം ഞാന്‍ അമേരിക്ക സന്ദര്‍ശിക്കുകയുണ്ടായി. പാരീസ് ഉച്ചകോടിക്ക് തൊട്ടുമുമ്പുള്ള സമയമായിരുന്നതിനാല്‍ ദിനപത്രങ്ങളും മാസികകളും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. ആ സന്ദര്‍ഭത്തിലാണ് അമേരിക്കന്‍ പത്രപ്രവര്‍ത്തകയും സാമൂഹ്യവിമര്‍ശകയുമായ നവോമി This Changes Everything: Capitalism Vs. Climate  (ദിസ് ചെയ്ഞ്ചസ് എവരിതിങ്: ക്യാപ്പിറ്റലിസം വേഴ്സസ് ക്ളൈമറ്റ്) എന്ന ആധികാരികമായ പുസ്തകത്തെപ്പറ്റി അറിഞ്ഞത്. മുതലാളിത്ത വിമര്‍ശത്തിന്റെ ശക്തമായ അന്തര്‍ബോധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന മലയാളി വായനസമൂഹത്തിനുമുന്നില്‍ നവോമി ക്ളെനിനെ ആമുഖത്തോടെ അവതരിപ്പിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.

തന്റെ പ്രഥമ സൃഷ്ടിയായ No Logo യില്‍ത്തന്നെ കോര്‍പറേറ്റ് ശക്തികള്‍ക്കെതിരായ വിമര്‍ശത്തിന്റെ കുന്തമുന പ്രയോഗിക്കുന്ന നവോമി ക്ളെന്‍ 2007ല്‍ പ്രസിദ്ധീകരിച്ച ദ ഷോക് ഡോക്ട്രീനില്‍ നിലപാട് കടുപ്പിക്കുന്നു. ഷോക് ഡോക്ട്രീന്റെ ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റുപോയി. മുപ്പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. മുതലാളിത്ത ദുരയുടെയും ഉപഭോഗതൃഷ്ണയുടെയും വിമര്‍ശകയാണ് ഈ എഴുത്തുകാരി എന്നറിയാമായിരുന്നെങ്കിലും കാലാവസ്ഥാവ്യതിയാനംപോലുള്ള വിഷയങ്ങളില്‍ അവരുടെ കാഴ്ചപ്പാട് വ്യത്യസ്തമാണെന്ന ധാരണയാണ് എനിക്കുണ്ടായിരുന്നത്. പരിസ്ഥിതിവാദികളുടെ ഭയപ്പെടുത്തലാണ് അന്തരീക്ഷതാപവര്‍ധനയെന്ന് നവോമി ക്ളെന്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ അവരെന്തുപറയുന്നു എന്നറിയാനുള്ള കൌതുകം മനസ്സിനെ പിടികൂടി. അങ്ങനെ വാങ്ങി വായിച്ചതാണ് ദിസ് ചെയ്ഞ്ചസ് എവരിതിങ്.

നമ്മുടെ സമ്പദ്വ്യവസ്ഥ ഭൂമിയിലെ ജീവിതത്തിന്റെ പല രൂപങ്ങളുമായും യുദ്ധത്തിലാണെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് നവോമി നമുക്കൊരു മുന്നറിയിപ്പ് നല്‍കുന്നു. കമ്പോള മൌലികവാദികള്‍ (Market Fundamentalists) നമ്മോട് ഉറപ്പുപറയും 'എല്ലാം സുരക്ഷിത'മാണെന്ന്. പക്ഷേ, അതങ്ങനെയല്ല.

സൂക്ഷ്മമായ പഠനങ്ങളിലൂടെ നവോമി എത്തിച്ചേര്‍ന്ന കണ്ടെത്തലുകള്‍ അവര്‍ നമ്മോട് പങ്കുവയ്ക്കുന്നു. കാലാവസ്ഥാവ്യതിയാനം എന്നാല്‍ എന്താണെന്നും അതെങ്ങനെ സംഭവിക്കുന്നുവെന്നും ഏതൊക്കെ ശക്തികളാണ് അതിനു പിന്നിലെന്നും വ്യക്തമാക്കുന്നു. ഭൌമാന്തരീക്ഷത്തിലെ താപവര്‍ധന ഇരുപതാംനൂറ്റാണ്ടോടെ അത്യാപല്‍ക്കരമായതെന്തുകൊണ്ടെന്ന് വിശദീകരിക്കുന്നു. ഉദാരവല്‍ക്കരണ– ആഗോളവല്‍ക്കരണ നയങ്ങള്‍ ലോകവ്യാപകമായി നടപ്പാക്കിയതിന്റെ തുടര്‍ച്ചയാണിതെന്നും മനസ്സിലാക്കാന്‍ പ്രയാസമില്ല. അതായത്, ആഗോളതാപനം കേവലം ശാസ്ത്രപ്രതിഭാസമല്ല. സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ വശങ്ങള്‍ അതിനുണ്ട്.

അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ത്തന്നെ അവയെ അട്ടിമറിക്കാനുള്ള സംഘടിതയത്നങ്ങളും ശക്തം. ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന വ്യവസായലോബിക്കൊപ്പം അമേരിക്കയിലെ റിപ്പബ്ളിക്കന്‍ പാര്‍ടിയെപ്പോലെയുള്ള രാഷ്ട്രീയശക്തികളും ഇവിടെ കൈകോര്‍ക്കുന്നു. അപ്പോള്‍പ്പിന്നെ പ്രതീക്ഷയില്ലെന്നാണോ? അല്ല. ആത്യന്തികദുരന്തത്തെ ഒഴിവാക്കാന്‍ പോംവഴികളുണ്ട്. എന്നാല്‍, അതിന് മുതലാളിത്തത്തിന്റെ നിലവിലുള്ള ചട്ടങ്ങള്‍ക്കുള്ളില്‍നിന്ന്    സാധ്യമല്ലെന്നും അതുകൊണ്ടുതന്നെ, മുതലാളിത്ത ചട്ടങ്ങളെ മാറ്റുക വളരെ പ്രധാനമാണെന്നും നവോമി ക്ളെന്‍ അടിവരയിടുന്നു. വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പട്ടികയില്‍ നവോമി ക്ളെനിന്റെ മറ്റ് മൂന്നുപുസ്തകങ്ങള്‍ക്കൊപ്പം ഇതുംകൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top