07 July Tuesday

അശാന്തിയുടെ ലങ്കാചരിതം

പ്രമോദ് രാമന്‍Updated: Sunday Apr 17, 2016

അതൊരു ഞായറാഴ്ചയായിരുന്നു. 1983 ജൂലൈ 24. കൊളംബോ ജനറല്‍ സെമിത്തേരിയില്‍ പതിമൂന്ന് കുഴിമാടങ്ങള്‍ തയ്യാറായിക്കൊണ്ടിരുന്നു. തലേദിവസം തമിഴ് തീവ്രവാദസംഘടനയായ ലിബറേഷന്‍ ഓഫ് തമിഴ് ടൈഗേഴ്സ് ഈഴത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശ്രീലങ്കന്‍ സൈനികര്‍ക്കുവേണ്ടിയുള്ള കുഴിമാടങ്ങള്‍!

അസാധാരണമായ നടപടി! പലരും നെറ്റിചുളിച്ചു. മറ്റെവിടെയും പോലെ ശ്രീലങ്കയിലും കൊല്ലപ്പെടുന്ന സൈനികരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു പതിവ്. ഗ്രാമങ്ങളില്‍ ആചാരപരമായി അവരെ സംസ്കരിക്കും. പ്രസിഡന്റ് ജയവര്‍ധനെ അത് തെറ്റിച്ചു. ഗ്രാമങ്ങളിലെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മൃതദേഹങ്ങള്‍ എല്ലാം ഒരുമിച്ച് സൈന്യം സംസ്കരിക്കണമെന്ന പട്ടാള കമാന്‍ഡര്‍ ടിസ വീരതുംഗെയുടെ നിര്‍ദേശത്തിന് പ്രസിഡന്റ് പച്ചക്കൊടി കാട്ടി. ആധുനിക ശ്രീലങ്കയുടെ ചരിത്രത്തില്‍ രക്തപ്പുഴകളും കബന്ധങ്ങളുടെ കുന്നുകളും സൃഷ്ടിച്ച തീരുമാനം.

മൃതദേഹങ്ങള്‍ വിട്ടുകിട്ടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കൊളംബോ സെമിത്തേരിയില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് സിംഹളരും ഇതിനെ പിന്തുണച്ചതോടെ ഗവണ്‍മെന്റ് നിലപാട് മാറ്റി. രാത്രി വൈകി ചേതനയറ്റ ശരീരങ്ങള്‍ തങ്ങളുടെ വെളിച്ചമെത്താത്ത ഗ്രാമങ്ങളിലേക്ക് യാത്ര തുടങ്ങി.

സെമിത്തേരിയില്‍നിന്ന് മടങ്ങിയ ജനക്കൂട്ടം ശാന്തരായിരുന്നില്ല. അവര്‍ കണ്ണില്‍ കണ്ടതൊക്കെ അടിച്ചുതകര്‍ത്തു. തമിഴരുടെ വ്യാപാരസ്ഥാപനങ്ങള്‍ തെരഞ്ഞുെപിടിച്ച് കൊള്ള ചെയ്തു, പിന്നെ തീയിട്ടു. തെരുവില്‍ കണ്ട തമിഴ് യുവാക്കളെ നഗ്നരാക്കി മര്‍ദിച്ചു. വീടുകള്‍ ആക്രമിച്ചു. കത്തികളും തോക്കുകളുമുപയോഗിച്ച് കൊലപാതകങ്ങള്‍ നടത്തി. അക്രമം ആറുനാള്‍ നീണ്ടു. മൂവായിരംപേര്‍ കൊല്ലപ്പെട്ടു. ഇരുപത്തയ്യായിരം പേര്‍ക്കെങ്കിലും മാരകമായി മുറിവേറ്റു. ഭവനരഹിതരായവര്‍ ഒന്നരലക്ഷം.

ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ ഔപചാരിക തുടക്കം ആ വംശഹത്യയോടെയാണ്. അന്നുമുതല്‍ ജൂലൈ അവര്‍ക്ക് കറുത്തമാസം. സിംഹളഭാഷയില്‍ കാലു ജൂലിയ.
കാല്‍നൂറ്റാണ്ടോളം നീണ്ട ശ്രീലങ്കന്‍ ആഭ്യന്തരകലാപത്തിന്റെ നേര്‍ക്കാഴ്ചകളും ആഴത്തിലുള്ള വിശകലനങ്ങളുമാണ് ഗോര്‍ഡന്‍ വെയ്സ് രചിച്ച 'ദ കേജ്! തലക്കെട്ടിന്റെ പൂര്‍ണരൂപം: The Cage: The Fight for Srilanka and the last days of the tamil tigers. ശ്രീലങ്കയിലെ ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കാന്‍ വെയ്സിന് അവസരം ലഭിച്ചിരുന്നു. തന്മൂലം ഒട്ടേറെ വസ്തുതകള്‍ ഔദ്യോഗികമായിത്തന്നെ മനസ്സിലാക്കാനും ജനങ്ങളുമായി ഇടപഴകി വിവരങ്ങള്‍ ശേഖരിക്കാനും സാധിച്ചു. സ്വാഭാവികമായും പുസ്തകം ആധികാരികവും വസ്തുനിഷ്ഠവും വായനാക്ഷമവുമാകാതെ വയ്യല്ലോ.

ശ്രീലങ്കയുമായി ബന്ധപ്പെട്ട ഒരു സിനിമാസംരംഭത്തിന്റെ ഭാഗമായി തിരക്കഥാകൃത്ത് ഗോപന്‍ ചിദംബരമാണ് ഈ പുസ്തകം ശ്രദ്ധയില്‍പ്പെടുത്തുന്നത്. ശ്രീലങ്കന്‍ പ്രശ്നം വിഷയമാക്കുന്ന സാമന്ത് സുബ്രഹ്മണ്യത്തിന്റെ 'ദിസ് ഡിവൈഡഡ് ഐലന്റ്', രോഹിണി മോഹന്റെ 'ദ സീസണ്‍സ് ഓഫ് ട്രബിള്‍' തുടങ്ങിയ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്.

ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ അത്ര വലിയ പ്രദേശമല്ല ശ്രീലങ്ക. പക്ഷേ അവിടെയുണ്ടായ ആഭ്യന്തരസംഘര്‍ഷത്തില്‍ നഷ്ടമായ ജീവനുകള്‍ ഒരു വലിയ യുദ്ധത്തിലേതിനുതുല്യം. ഇതിലേക്കു നയിച്ച കാരണങ്ങളെന്തെന്ന അന്വേഷണം വെയ്സ് നടത്തുന്നുണ്ട്. 'തമിഴ്പുലികളുടെ അന്ത്യനാളുകള്‍' എന്ന് തലക്കെട്ടില്‍ കാണുന്നുണ്ടെങ്കിലും വംശീയസംഘര്‍ത്തിന്റെ സമഗ്രചിത്രം നമുക്കിതില്‍ കാണാം.

ശ്രീലങ്ക ഉണ്ടായതെങ്ങനെയെന്ന ചോദ്യത്തിന് മറുപടിയായി കിട്ടുന്ന കെട്ടുകഥകളിലൂടെയും ചരിത്രവസ്തുതകളിലൂടെയും അദ്ദേഹം കടന്നുപോകുന്നു. ബുദ്ധമതസ്ഥാപനവും തമിഴ് കുടിയേറ്റവും വിവരിക്കുന്നു.  മഹാനാമ എന്ന ഗ്രന്ഥത്തിന്റെ ഏകപക്ഷീയസ്വഭാവം വിശകലനം ചെയ്യുന്നു. ബ്രീട്ടിഷ് ആധിപത്യത്തില്‍ തമിഴ് ജനത മിഷണറി സ്കൂളുകള്‍ വഴി ഇംഗ്ളീഷ് പഠിക്കുകയും സര്‍ക്കാര്‍ ജോലികള്‍ കരസ്ഥമാകുകയുംചെയ്ത ചരിത്രം പറഞ്ഞുതരുന്നു. പില്‍ക്കാലത്ത് തമിഴ്ജനത നേരിട്ട പീഡാനുഭവങ്ങള്‍ കാട്ടിത്തരുന്നു. 2009ലെ സൈനിക ഇടപെടല്‍ ശ്രീലങ്കന്‍ തമിഴരുടെനേരെ അഴിച്ചുവിട്ട അക്രമങ്ങള്‍ നമുക്കീപുസ്തകത്തില്‍ കാണാം. യുദ്ധക്കുറ്റമായിത്തന്നെയാണ് വെയ്സ് പല സൈനികനടപടികളെയും കാണുന്നത്.

തമിഴ് ജനതയുടെ സൈനികവല്‍ക്കരണത്തെ വെയ്സ് അനുകൂലിക്കുന്നില്ല എന്നുമാത്രമല്ല എല്‍ടിടിഇയെ നിശിതമായി വിമര്‍ശിക്കുകയുംചെയ്യുന്നു. സൈനികസംഘടന സമൂഹത്തില്‍ എന്തുതരം വിനാശമാണ് സൃഷ്ടിക്കുന്നതെന്നുകൂടി പറഞ്ഞുതരുന്നു വെയ്സിന്റെ പുസ്തകം. ശ്രീലങ്കയുടെ ചരിത്രത്തിനപ്പുറം വംശീയസംഘര്‍ഷങ്ങളില്‍ നഷ്ടമാകുന്ന ജീവിതങ്ങളെക്കുറിച്ചുകൂടി വെയ്സ് ഓര്‍മിപ്പിക്കുന്നു.

 

പ്രധാന വാർത്തകൾ
 Top