07 July Tuesday

മൂലധന സ്വരൂപണവും സ്ത്രീത്തൊഴിലാളികളും

ഡോ. മൃദുല്‍ ഈപ്പന്‍Updated: Sunday Feb 7, 2016

ഏഷ്യന്‍സമ്പദ്വ്യവസ്ഥകളില്‍ മൂലധന സ്വരൂപണത്തിന് സ്ത്രീത്തൊഴിലാളികളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന ഏറ്റവും ആധികാരികമായ പഠനമായ പീറ്റര്‍ കസ്റ്റേഴ്സിന്റെ  'ക്യാപിറ്റല്‍ അക്യുമുലേഷന്‍ ആന്‍ഡ് വിമന്‍സ് ലേബര്‍ ഇന്‍ ഏഷ്യന്‍ എക്കണോമീസ്' ഈ മേഖലയിലെ കാണാമറയത്തുകിടന്ന ഒട്ടേറെ പ്രശ്നങ്ങളെ വെളിച്ചത്തുകൊണ്ടുവന്നു

പീറ്റര്‍ ദാ. പ്രശസ്ത ഡച്ച് സാമൂഹ്യശാസ്ത്രജ്ഞനും എഴുത്തുകാരനുമായ പീറ്റര്‍ കസ്റ്റേഴ്സിനെ ബംഗ്ളാദേശിലെ തൊഴിലാളികള്‍ ആദരപൂര്‍വം വിളിച്ചിരുന്നത് അങ്ങനെയാണ്. ദീര്‍ഘനാള്‍ ബംഗ്ളാദേശില്‍ താമസിക്കുകയും അവിടത്തെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുകയുംചെയ്ത അദ്ദേഹം അവര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു.

മാര്‍ക്സിസ്റ്റ് വിശകലനരീതികളെയും ഫെമിനിസ്റ്റ് പരിപ്രേക്ഷ്യത്തെയും ഫലപ്രദമായി സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ ഒട്ടേറെ പഠനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ പീറ്റര്‍ കസ്റ്റേഴ്സ് തന്റെ തൊഴിലാളിവര്‍ഗ പ്രതിബദ്ധത ജീവിതകാലത്തുടനീളം നിലനിര്‍ത്തി. 2015 സെപ്തംബര്‍ മൂന്നിന് അറുപത്താറാം വയസ്സില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് ആകസ്മികമായി വേര്‍പിരിയുംവരെ അദ്ദേഹം സജീവമായിരുന്നു. ഏഷ്യന്‍ സമ്പദ്വ്യവസ്ഥകളില്‍ മൂലധന സ്വരൂപണത്തിന് സ്ത്രീത്തൊഴിലാളികളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന ഏറ്റവും ആധികാരികമായ പഠനം ഈ മേഖലയിലെ കാണാമറയത്തുകിടന്ന ഒട്ടേറെ പ്രശ്നങ്ങളെ വെളിച്ചത്തുകൊണ്ടുവന്നു. 'ക്യാപിറ്റല്‍ അക്യുമുലേഷന്‍ ആന്‍ഡ് വിമന്‍സ് ലേബര്‍ ഇന്‍ ഏഷ്യന്‍ എക്കണോമീസ്' 1997ല്‍ രണ്ട് പ്രസാധകര്‍ ഒരേസമയം പ്രസിദ്ധീകരിക്കുകയുണ്ടായി.

ബംഗ്ളാദേശ്, ഇന്ത്യ, ജപ്പാന്‍ എന്നീ മൂന്ന് ഏഷ്യന്‍ രാജ്യങ്ങളിലെ സ്ത്രീത്തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പുസ്തകത്തിന്റെ ഉള്ളടക്കം രൂപപ്പെടുത്തിയിരിക്കുന്നത്. ബംഗ്ളാദേശിലെയും പശ്ചിമ ബംഗാളിലെയും റെഡിമെയ്ഡ് തുണിത്തരവ്യവസായത്തില്‍ പതിനായിരക്കണക്കിനു സ്ത്രീകള്‍ ഇടപെടുന്നു. അവരുമായുള്ള എഴുത്തുകാരന്റെ വൈകാരികബന്ധം ഈ പഠനത്തിന് പ്രേരകമായിട്ടുണ്ടെങ്കില്‍ ജപ്പാനിലെ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ പണിയെടുക്കുന്ന സ്ത്രീത്തൊഴിലാളികളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ കാരണം ജപ്പാന് ലോകസമ്പദ്വ്യവസ്ഥയിലുള്ള സവിശേഷസ്ഥാനവും ജാപ്പനീസ് സംരംഭകര്‍ മൂലധനസമാഹരണത്തിനായി സ്വീകരിച്ചിട്ടുള്ള രീതികളുമാണ്.

വ്യാവസായികമൂലധനത്തിനുവേണ്ടി ഏഷ്യന്‍ സമ്പദ്വ്യവസ്ഥയിലെ വ്യത്യസ്തമായ ഉല്‍പ്പാദനമേഖലകളില്‍ സ്ത്രീകള്‍ ഉപയോഗിക്കപ്പെടുന്നതെങ്ങനെ എന്ന വിഷയം പുരുഷന്മാരായ ബുദ്ധിജീവികള്‍ പൊതുവെ അവഗണിച്ചിരുന്നു. സ്ത്രീകളുടെ സംഭാവന വ്യവസ്ഥാപിതമായ തൊഴിലിടങ്ങളില്‍മാത്രം ഒതുങ്ങുന്നില്ല. കൂലി ലഭിക്കാത്ത ഗാര്‍ഹികജോലികളിലേക്കുകൂടി അത് നീളുന്നു. വളരെ നേരത്തേതന്നെ യൂറോപ്പിലെ ഫെമിനിസ്റ്റുകള്‍ ഉയര്‍ത്തുകയും അറുപതുകളിലും എഴുപതുകളിലും അവിടെ വീണ്ടും ഉയര്‍ന്നുവരികയുംചെയ്ത സംവാദമാണ് സ്ത്രീകളുടെ ഗാര്‍ഹികജോലി. സമകാലീന ഉല്‍പ്പാദനപ്രക്രിയയെ വിലയിരുത്തുമ്പോള്‍ പീറ്റര്‍ കസ്റ്റേഴ്സ് അതുകൂടി ഉള്‍പ്പെടുത്തുന്നുണ്ട്.

തൊഴിലാളികളുടെ ശ്രേണിയില്‍ത്തന്നെ താഴ്ന്ന സ്ഥാനമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. പുരുഷാധിപത്യവ്യവസ്ഥയില്‍, മൂലധനശക്തികളുടെ ആവശ്യാനുസരണം സൃഷ്ടിക്കപ്പെടുന്ന സാമൂഹ്യമായ വേര്‍തിരിവും കൂടുതല്‍ സാമ്പത്തികചൂഷണത്തിനായുള്ള മേഖലാവിഭജനങ്ങളു (ലെരീൃശമഹ റശ്ശശീിെ) മാണ് ഇതിന് കാരണം. എല്ലായിടത്തും 'വികസന'മുണ്ടാകുമ്പോഴും ബഹുഭൂരിപക്ഷം സ്ത്രീത്തൊഴിലാളികള്‍ക്കും അതിന്റെ പങ്ക് ലഭിക്കാത്തതും, അവര്‍ താഴ്ന്ന വേതനംമാത്രമുള്ളവരായിരിക്കുകയുംചെയ്യുന്ന പ്രഹേളികയ്ക്ക് ഈ നിരീക്ഷണത്തില്‍നിന്ന് നമുക്കുത്തരം കണ്ടെത്താം. പുരുഷാധിപത്യ സാമൂഹ്യഘടനയുടെയും മുതലാളിത്ത ഉല്‍പ്പാദനബന്ധങ്ങളുടെയും ആന്തരകേളികള്‍ സ്ത്രീയെ അടിച്ചമര്‍ത്തുംവിധം തുടര്‍ന്നുപോകുന്നതിന്റെ ഫലമാണിതെന്ന് പീറ്റര്‍ കസ്റ്റേഴ്സ് വിലയിരുത്തുന്നു.

ബംഗ്ളാദേശിലെ കാര്‍ഷികമേഖലയില്‍ നടന്ന ആധുനികവല്‍ക്കരണം പുസ്തകത്തില്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്. കീടനാശിനികളും യന്ത്രവല്‍ക്കരണവും ഗ്രാമീണസ്ത്രീജീവിതങ്ങളില്‍ ചെലുത്തിയ സ്വാധീനം പീറ്റര്‍ വിശകലനംചെയ്യുന്നു. ജപ്പാനിലെ വ്യവസായസംരംഭകര്‍ ആവിഷ്കരിച്ച മാനേജ്മെന്റ് രീതികള്‍ വിവരിക്കുമ്പോള്‍ തീര്‍ത്തും വസ്തുനിഷ്ഠനായ ഗവേഷകനെ നമുക്ക് തൊട്ടറിയാം. കുറഞ്ഞ കൂലിക്ക് ലഭിക്കുന്ന കരുതല്‍ സൈന്യമായി (ഞലല്ൃെല അൃാ്യ) സ്ത്രീത്തൊഴിലാളികളെ മാറ്റിത്തീര്‍ത്തുകൊണ്ടാണ് വ്യവസായസംരംഭകര്‍ ജാപ്പനൈസേഷന്‍ നടത്തിയത്. ഇങ്ങനെ കേവലം സാമ്പത്തികവിശകലനത്തിനപ്പുറം ഫെമിനിസം, മാനേജ്മെന്റ്, കാര്‍ഷിക നവീകരണം, മാര്‍ക്സിസം തുടങ്ങി പല മേഖലകളിലേക്കും എഴുത്തുകാരന്‍ പ്രവേശിക്കുമ്പോള്‍ സ്ത്രീത്തൊഴില്‍ പ്രശ്നങ്ങളില്‍ താല്‍പ്പര്യമില്ലാത്ത വായനക്കാര്‍ക്കും പുസ്തകം പ്രിയപ്പെട്ടതാകുന്നു. നോണ്‍ഫിക്ഷന്‍ വായനക്കാരിയാണ് ഞാന്‍. അതുകൊണ്ട് പീറ്റര്‍ കസ്റ്റേഴ്സ് എന്നോട് കൂടുതല്‍ സംവദിച്ചിട്ടുണ്ടാകാം. ഫിക്ഷന്‍ വായിക്കാറുണ്ട്. അതുപക്ഷേ ആര്‍തര്‍ ഹെയ്ലി, ജെഫ്രി ആര്‍ച്ചര്‍ തുടങ്ങിയ ജനപ്രിയ എഴുത്തുകാരിലേക്ക് ചുരുങ്ങും. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top