15 October Tuesday

ഇരട്ടവരയ്ക്കുള്ളിലെ ജീവിതം

അജിത് രവീന്ദ്രന്‍Updated: Sunday Feb 7, 2016

നോവല്‍ നമുക്ക് രണ്ടുതരത്തില്‍ വായിക്കാം. നോവലിസ്റ്റിനെ പ്രമേയവുമായി ചേര്‍ത്തുനിര്‍ത്തിയുള്ള പരമ്പരാഗതമായ വായനയാണ് ആദ്യത്തേത്. എഴുത്തുകാരനെ സമ്പൂര്‍ണമായി വിച്ഛേദിച്ചുകൊണ്ട് കഥാഗതിയുടെ അടരുകളിലേക്ക് സ്വതന്ത്രമായി ഇറങ്ങിച്ചെല്ലുന്ന രണ്ടാമത്തെ രീതിയാകട്ടെ വായനക്കാരനെ സ്രഷ്ടാവിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്നു. അത് പ്രമേയത്തെ ചരിത്രത്തിലേക്കും ദര്‍ശനത്തിലേക്കും ബന്ധപ്പെടുത്തും. ഏതുകാലത്തും വായിക്കപ്പെടാവുന്ന രചനകള്‍ ഇത്തരം വായനസ്വാതന്ത്യ്രം അനുവദിക്കും. രാജീവ് ശിവശങ്കറിന്റെ പുതിയ നോവല്‍ പുത്രസൂക്തം സ്ഥലകാലങ്ങളില്‍നിന്ന് വിമോചിക്കപ്പെട്ട് ഓരോ വായനക്കാരിലും വൈകാരികചലനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ രചനയാണ്.

നേര്‍രേഖയിലുള്ള ഒരു കഥയാണ് പുത്രസൂക്തത്തില്‍. മുത്തച്ഛനായ പ്രഭാകരനും മൂന്നുവയസ്സുമാത്രമുള്ള പേരക്കുട്ടി മാധവനും തമ്മിലുള്ള ബന്ധത്തില്‍ അത് തുടങ്ങുന്നു. കടുത്ത അക്രമസ്വഭാവമാണ് മാധവന്. അതിന്റെ ഇര പ്രഭാകരനും. പേരക്കുട്ടിയെ ഭയന്ന് മുറിയില്‍ അടച്ചിരിക്കും അയാള്‍. 'പുറത്തിറങ്ങിയാല്‍ കൈയില്‍ കിട്ടുന്ന ആയുധംകൊണ്ട് അവന്‍ ആക്രമിക്കും. മുറ്റത്തിറങ്ങിയാല്‍ മണ്ണുവാരിയെറിയും. തീന്‍മേശയിലെങ്കില്‍ ചില്ലുപാത്രങ്ങള്‍ നെഞ്ചിനുനേരെ പറത്തിവിടും. വാതില്‍ തഴുതിടാതെ ഉച്ചമയക്കത്തിനൊരുങ്ങിയാല്‍ പുറത്തുകൂടി നൂണ്ടുകയറി ചുമലില്‍ കടിക്കും...'

ഇത് പേരക്കുട്ടിയല്ലെന്നും തന്റെ അച്ഛന്‍തന്നെയാണെന്നും പ്രഭാകരന്‍ കരുതുന്നു. ജീവിച്ചിരിക്കെ താന്‍ ശത്രുവായി കണ്ട അച്ഛന്‍. അവഗണിക്കുകയും അധിക്ഷേപിക്കുകയുംചെയ്ത അച്ഛന്‍. പ്രഭാകരനും ജലജയ്ക്കും ഒറ്റമകളാണ്. ശാന്തി. സ്നേഹം വാരിക്കോരിക്കൊടുത്താണ് അവളെ വളര്‍ത്തിയത്. പക്ഷേ, വളര്‍ന്നുവരുമ്പോള്‍ അവള്‍ക്കും മാതാപിതാക്കളുമായി പൊരുത്തപ്പെടാനാകാത്ത പലതുമുണ്ടാകുന്നു. ജീവിതത്തെക്കുറിച്ചുള്ള അച്ഛന്റെ കാഴ്ചപ്പാട് ശരിയല്ലെന്നാണവളുടെ പക്ഷം. മാറുന്ന കാലത്തിന്റെ പ്രതിനിധിയാണ് മകള്‍. ഒരു നാള്‍ അവള്‍ പറഞ്ഞു: 'അച്ഛാ എന്റെ രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞു.''

ലളിതമായ ഭാഷയില്‍ നമുക്ക് പറയാം. തലമുറകളുടെ വിടവ് എന്ന്. ഒരാള്‍ക്ക് തന്റെ അച്ഛനെ മനസ്സിലാകണമെങ്കില്‍ അയാള്‍ ഒരച്ഛനായി തീരണമെന്ന് പറയാറുണ്ടല്ലോ. അതുതന്നെയാണ് പുത്രസൂക്തത്തിലുള്ളതും. മൂന്നുതലമുറകളുടെ കഥ. ഒരുപക്ഷേ വലിയ പുതുമയൊന്നും കാണില്ലായിരിക്കും. ആഖ്യാനരീതിയില്‍ പരീക്ഷണങ്ങളും എടുത്തുകാട്ടാനില്ല. അതേസമയം, പ്രായഭേദമെന്യേ വായിച്ചെടുക്കാവുന്ന ചില പാഠങ്ങള്‍ ഇതിലുണ്ട്. തങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ദുരന്തങ്ങളും അനുഭവിക്കുന്ന നിസ്സഹായതയും പൊതു അനുഭവമാണെന്ന തിരിച്ചറിവ് ആശ്വാസദായകമാണ്. അതേസമയം, പുതിയ തലമുറ ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ മാതാപിതാക്കളെ മനസ്സിലാക്കാന്‍ വഴിതുറക്കുകയുംചെയ്യും പുത്രസൂക്തം. അതായത്, ഈ നോവല്‍ ഒരു സാമൂഹ്യദൌത്യം നിര്‍വഹിക്കുന്നു എന്നര്‍ഥം.

എന്താണ് എഴുത്തുകാരന്റെ സാഫല്യം. നിരൂപക വാഴ്ത്തലിലാണോ. അതോ ലോകത്തെ ഏതെങ്കിലുമൊരു കോണില്‍ നിസ്സഹായനായ ഒരു മനുഷ്യനെങ്കിലും വെളിച്ചം പകര്‍ന്നുനല്‍കുന്നതിലാണോ. രണ്ടാമത്തേതാണെങ്കില്‍ രാജീവ് ശിവശങ്കറിനും ചാരിതാര്‍ഥ്യത്തിന് വകയുണ്ട്. വേദനകളാണ് നോവലിസ്റ്റ് പങ്കുവയ്ക്കുന്നത്. അത് ഉള്‍ക്കൊള്ളുന്നതിലൂടെ വായനക്കാരനില്‍ ശുദ്ധീകരണം നടക്കും. ഗ്രീക്ക് ചിന്തകന്മാര്‍ പറഞ്ഞുവച്ച 'പര്‍ഗേഷന്‍' (ജൌൃഴമശീിേ) എന്ന ആശയംതന്നെ.

നമ്മളോ നമുക്കുചുറ്റുമുള്ള പരിചിതനായ ഏതെങ്കിലുമൊരാളോ അനുഭവിച്ചതാണ് പ്രഭാകരനും അനുഭവിക്കുന്നത്. പ്രഭാകരനും ജലജയും ശാന്തിയും മാധവനും നമുക്ക് അന്യരല്ല. പുത്രസൂക്തം നമ്മുടെ മനസ്സില്‍ ഇടംനേടാന്‍ ഇതും കാരണമായേക്കാം.

നോവലിലെ ചില പ്രയോഗങ്ങള്‍ കല്‍പ്പനാചാതുരി നിറഞ്ഞതാണ്. 'ഇരട്ടവരയ്ക്കുള്ളിലെ ജീവിതമായിരുന്നു എന്റെ അച്ഛന്‍' തുടങ്ങിയവ ഉദാഹരണം. പ്രണയത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ ഇതള്‍വിടര്‍ത്തുമ്പോള്‍ കാലം കടന്നുപോകുന്നത് നാമറിയുന്നു. അങ്ങനെ ഈ നോവല്‍ കാലത്തിലൂടെയുള്ള സഞ്ചാരംകൂടിയാകുന്നു.

പ്രധാന വാർത്തകൾ
 Top