29 September Friday

മര്‍ദിതരുടെ ബോധനശാസ്ത്രം

ഡോ. ബാബു സെബാസ്റ്റ്യന്‍Updated: Sunday Dec 4, 2016

വിദ്യാര്‍ഥിഅധ്യാപക ബന്ധത്തെപ്പറ്റി ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുകൊണ്ട് പൌലോ ഫ്രയറിന്റെ മര്‍ദിതരുടെ  ബോധനശാസ്ത്രം  (Pedagogy of the oppressed) എന്നില്‍ സ്വാധീനംചെലുത്തി
 

നാല്‍പ്പത്തഞ്ച് ദിവസങ്ങള്‍! ബ്രസീലിലെ കരിമ്പുപാടങ്ങളില്‍ അക്ഷരമധുരം നിറഞ്ഞ നാല്‍പ്പത്തഞ്ച് ദിവസങ്ങള്‍! മഹാനായ വിദ്യാഭ്യാസചിന്തകന്‍ പൌലോ റഗ്ലസ് നെയ്വ്സ് ഫ്രയറിന്റെ നേതൃത്വത്തില്‍ സാക്ഷരതായജ്ഞം. 1962ലാണത്.  അന്ന് പൌലോ ഫ്രയര്‍ പ്രശസ്തനല്ല. റെസിഫ് സര്‍വകലാശാലയില്‍ കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ വിഭാഗം ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഫ്രയറിന്റെ ചിന്തകള്‍ അന്നുതന്നെ പാകപ്പെട്ടുകഴിഞ്ഞിരുന്നു. മുന്നൂറോളം കരിമ്പുകൃഷി തൊഴിലാളികളെ അക്ഷരലോകത്തേക്കാനയിച്ചുകൊണ്ട് അവയുടെ പ്രയോഗസാധ്യതകള്‍ തെളിയിച്ചു. വിദ്യാഭ്യാസം ഒരു സാമൂഹ്യപ്രവര്‍ത്തനമെന്നനിലയില്‍ വീക്ഷിക്കപ്പെട്ടുതുടങ്ങിയത് അന്നുമുതലാണല്ലോ.

ഫ്രയറിന്റെ ആശയലോകവും ജീവിതവും ഒരുപോലെ ആവേശകരം. 'വിശപ്പുമൂലം സ്കൂളില്‍ പഠിപ്പിക്കുന്നതൊന്നും' മനസ്സിലാക്കാന്‍ കഴിയാതെ കണ്ണീരില്‍ ചുണ്ടുനനയിച്ച കുട്ടിക്കാലം. കൃഷിക്കാരും മത്സ്യബന്ധനത്തൊഴിലാളികളുമായി ഇടപഴകിക്കഴിഞ്ഞ യൌവനം. ബോധനശാസ്ത്രം, സ്വാതന്ത്യ്രം, ദേശീയത, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ച നാളുകള്‍. 1964ല്‍ നടന്ന പട്ടാള അട്ടിമറിക്കുശേഷമുള്ള തടവറവാസം. തുടര്‍ന്ന് ദേശാടനം. ചിലിയിലും അമേരിക്കയിലുമായി തുടര്‍പ്രവര്‍ത്തനങ്ങള്‍. ഇങ്ങനെ സമഗ്രതയില്‍ പൌലോ ഫ്രയറിനെ മനസ്സിലാക്കേണ്ടത് ഏതൊരു വിദ്യാഭ്യാസപ്രവര്‍ത്തകന്റെയും കടമയാണെന്ന് ഞാന്‍ കരുതുന്നു.

സാക്ഷരതാമേഖലയിലുള്ള അനുഭവങ്ങളുടെ കരുത്തുമായി ഔപചാരിക വിദ്യാഭ്യാസത്തില്‍ ഫ്രയര്‍ ഇടപെട്ടു. ഇവിടെ സാമ്പ്രദായികരീതികള്‍ പൊളിച്ചെഴുതപ്പെട്ടു. അധ്യാപക രക്ഷാകര്‍തൃ സര്‍ക്കിളുകള്‍ ഓരോ സ്കൂളിലും രൂപീകരിച്ച് അവിടെ വിമര്‍ശനാത്മകചിന്തകള്‍ അവതരിപ്പിച്ചു. സര്‍വജ്ഞനായ അധ്യാപകനും വിധേയനും അജ്ഞനുമായ വിദ്യാര്‍ഥിയുമെന്ന പിന്‍തിരിപ്പന്‍ കാഴ്ചപ്പാടിന്റെ തടവറയില്‍നിന്ന് വിദ്യാഭ്യാസപ്രവര്‍ത്തകരെയും രക്ഷാകര്‍ത്താക്കളെയും വലിയ അളവോളം മോചിപ്പിക്കാനായത് ഫ്രയറിന്റെ ഏറ്റവും വലിയ സംഭാവനയാണ്. എന്നാല്‍, ഏറെക്കാലം ഫ്രയര്‍ ഇതൊന്നും രേഖപ്പെടുത്തിയിരുന്നില്ല. പിന്നീടവ ലേഖനങ്ങളായും പുസ്തകങ്ങളായും പുറത്തുവന്നപ്പോള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുകയുംചെയ്തു. മലയാളി വായനക്കാര്‍ക്ക് ഫ്രയര്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പേ പരിചിതന്‍. അദ്ദേഹത്തിന്റെ Pedagogy of the oppressed (മര്‍ദിതരുടെ ബോധനശാസ്ത്രം), Politics of Education  (വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം) എന്നിവ പരിഭാഷകളിലൂടെയും ലഭ്യമായിരുന്നു.

വിദ്യാര്‍ഥിഅധ്യാപക ബന്ധത്തെപ്പറ്റി ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നുകൊണ്ട് മര്‍ദിതരുടെ ബോധനശാസ്ത്രം എന്നില്‍ സ്വാധീനംചെലുത്തി. അത് പല കാരണങ്ങള്‍കൊണ്ടാണ്. മര്‍ദിതരുടെ ബോധനശാസ്ത്രം ആരംഭത്തില്‍ത്തന്നെ മാനവീകരണമെന്ന ആശയത്തില്‍ ഊന്നുന്നു. മര്‍ദകര്‍ മര്‍ദിതര്‍ അല്ലെങ്കില്‍ ചൂഷകര്‍ ചൂഷിതര്‍ എന്നിങ്ങനെയുള്ള വര്‍ഗീകരണം നമുക്ക് പരിചതവും  മര്‍ദകര്‍ക്കുമേല്‍ മര്‍ദിതര്‍ വിജയം നേടുന്ന ചൂഷണരഹിതമായ ലോകം നമ്മുടെ സ്വപ്നവുമാകുന്നു. ഫ്രയര്‍ ഈ വിഷയത്തില്‍ മനോഹരമായ ഒരാശയം പകര്‍ന്നുനല്‍കുന്നു. 'മര്‍ദിതര്‍, തങ്ങളെ അങ്ങനെയാക്കിത്തീര്‍ത്തവര്‍ക്കെതിരെ പോരാട്ടത്തിന് തയ്യാറാകും; അവര്‍ ഇരുവര്‍ഗത്തിന്റെയും മനുഷ്യത്വത്തെ സമന്വയിപ്പിക്കും' എന്നദ്ദേഹം പറയുന്നു. അതായത് സ്വയം വിമോചിതരാകുന്നതിനൊപ്പം മര്‍ദകരെയും വിമോചിപ്പിക്കുകയാണ് മര്‍ദിതരുടെ ലക്ഷ്യവും കടമയുമെന്നര്‍ഥം. ഉന്മൂലനമല്ല ക്രിയാത്മകമായ ഉടച്ചുവാര്‍ക്കല്‍. മര്‍ദിതരുടെ ബോധനശാസ്ത്രത്തിന്റെ കേന്ദ്ര ആശയം അപമാനവീകരണത്തിന് വിധേയമായ ജനതയുടെ വിമോചനമാണെന്ന് പറയാം.

പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിമര്‍ശനം ഈ പുസ്തകത്തിന്റെ കാലാതിവര്‍ത്തിത്വത്തിന് മുഖ്യകാരണമാകുന്നു. എല്ലാമറിയുന്ന അധ്യാപകന്‍ വിദ്യാര്‍ഥികളിലേക്ക് അറിവുകള്‍ നിക്ഷേപിക്കുന്ന രീതി, ഫ്രയറിന്റെ വാക്കുകളില്‍ ബാങ്കിങ,് സമ്പ്രദായം അധ്യാപകവിദ്യാര്‍ഥി വൈരുധ്യങ്ങളെ അരക്കിട്ടുറപ്പിക്കുന്നു. ലോകത്തെ അത് തുറന്നുകാട്ടുന്നില്ല. വിദ്യാര്‍ഥിയുടെ സൃഷ്ടിപരമായ കഴിവുകളെ കെട്ടഴിച്ചുവിടുന്നില്ല. സമൂഹത്തിന്റെ അബദ്ധജടിലങ്ങളായ വിശ്വാസങ്ങളെ ചോദ്യംചെയ്യാന്‍ അവനെ പ്രേരിപ്പിക്കുന്നില്ല. സംവാദാത്മകമായ ബോധനരീതികള്‍ക്ക് മാത്രമേ ഇതിന് മാറ്റംവരുത്താനാകൂ.

ആധുനികകാലത്ത് ഫ്രയര്‍ വളരെയധികം സ്വീകാര്യനായിക്കഴിഞ്ഞു. ബ്രസീലിന്റെയും ലാറ്റിനമേരിക്കയുടെയും അതിര്‍ത്തികള്‍ക്കപ്പുറം അദ്ദേഹത്തിന്റെ ആശയലോകവും പ്രായോഗികാനുഭവങ്ങളും ആവര്‍ത്തിച്ച് പരിശോധിക്കപ്പെടുകയും പകര്‍ത്തപ്പെടുകയുംചെയ്യുന്നു. തന്റെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ പ്രസാദാത്മകതയുടെ സൌന്ദര്യം പടര്‍ത്തുകകൂടി ചെയ്തു പൌലോ ഫ്രയര്‍. 

(മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറാണ് ഡോ. ബാബു സെബാസ്റ്റ്യന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top