01 October Saturday

പ്രവാസത്തിന്റെ കണക്കുകള്‍

ഡോ. ഇരുദയ രാജന്‍Updated: Sunday Jan 31, 2016

പ്രവാസം എന്നത് സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക അവസ്ഥയാണ്. ലോകജനസംഖ്യയുടെ മൂന്നര ശതമാനത്തോളം പേര്‍ ജന്മനാടുവിട്ട് അന്യദേശങ്ങളില്‍ ചേക്കേറാന്‍ വിധിക്കപ്പെട്ടവര്‍.  പ്രവാസത്തിന്റെ സ്ഥിതിവിവര കണക്കുകളുമായി ഒരു പുസ്തകം– മൈഗ്രേഷന്‍ ആന്‍ഡ് റെമിറ്റന്‍സസ്, ഫാക്ട് ബുക്ക് 2016

എനിക്കറിയില്ല, പ്രിയ വായനക്കാര്‍ എന്തു പ്രതീക്ഷിക്കുന്നുവെന്ന്. സാഹിത്യമോ, ദര്‍ശനമോ, ജീവചരിത്രമോ, ചരിത്രമോ, ആത്മകഥയോ? എനിക്ക് പക്ഷേ പറയാനുള്ളത് വസ്തുതകളുടെ ഒരു പുസ്തകത്തെക്കുറിച്ചാണ്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഞാന്‍ പഠനവിഷയമാക്കിയിരിക്കുന്ന മേഖലയിലെ ആധികാരികമായ കണക്കുകളും വസ്തുതകളും നിറഞ്ഞ രേഖ– മൈഗ്രേഷന്‍ ആന്‍ഡ് റെമിറ്റന്‍സസ്, ഫാക്ട് ബുക്ക് 2016. തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ പ്രവാസത്തെയും പ്രവാസികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തെയും കുറിച്ചുള്ള വിവരങ്ങളുടെ വിശദാംശങ്ങള്‍തന്നെ ഉള്ളടക്കം.

പ്രവാസം എന്നത് സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക അവസ്ഥയാണ്. ലോകജനസംഖ്യയുടെ മൂന്നര ശതമാനത്തോളം പേര്‍ ജന്മനാടുവിട്ട് അന്യദേശങ്ങളില്‍ ചേക്കേറാന്‍ വിധിക്കപ്പെട്ടവര്‍. സമ്പത്തിന്റെയും ഉറവിടങ്ങളുടെയും അസമമായ വിതരണമാണ് പ്രവാസത്തിനു കാരണമെന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍  വിലയിരുത്തുന്നു. മലയാളിക്ക് ഇത് എളുപ്പത്തില്‍ മനസ്സിലാകും. കാരണം, ലക്ഷക്കണക്കിനു പ്രവാസികളുടെ നാടാണല്ലോ കേരളം.

പ്രവാസത്തെക്കുറിച്ചുള്ള വസ്തുതാപുസ്തകം പുറത്തിറക്കിയിരിക്കുന്നത് ലോകബാങ്കിന്റെ പഠനഗ്രൂപ്പാണ്. ലോകബാങ്കെന്നു കേട്ട് നെറ്റി ചുളിക്കേണ്ട. വളരെ ആധികാരികമായ പല രേഖകളും ഇത്തരം ഏജന്‍സികള്‍ പുറത്തിറക്കാറുണ്ട്. സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്, ഫെഡറല്‍ മിനിസ്ട്രി ഫോര്‍ ഇക്കണോമിക് കോ–ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ ലോകബാങ്കിന്റെ ഗ്ളോബല്‍ നോളജ് പാര്‍ട്ണര്‍ഷിപ് ഓണ്‍ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് സ്ഥിതിവിവരകണക്കുകള്‍ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തുന്നു. ഈ പ്രസിദ്ധീകരണത്തിന്റെ പിന്നില്‍ ഒരിന്ത്യക്കാരനുമുണ്ടെന്ന് നമുക്ക് അഭിമാനത്തോടെ ഓര്‍ക്കാം. ദിലീപ് രാത്താ എന്നാണ് അദ്ദേഹത്തിന്റെ പേര്. അസമിലെ ഉള്‍ഗ്രാമത്തില്‍നിന്ന് നിശ്ചയദാര്‍ഢ്യത്തിന്റെയും ബുദ്ധിശക്തിയുടെയും പിന്‍ബലത്തോടെ ലോകബാങ്കിലെ ഉന്നതപദവിയിലേക്കെത്തിയ പ്രതിഭാശാലി.

പ്രവാസികളെ എങ്ങനെ കൈകാര്യംചെയ്യാമെന്ന് ലോകരാജ്യങ്ങള്‍ ആഴത്തില്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ അന്യരാജ്യങ്ങളില്‍ തൊഴില്‍തേടി എത്തുന്നവരുടെ എണ്ണം വളരെയധികം വര്‍ധിച്ചിരിക്കുന്നു. ഫാക്ട് ബുക്കിലെ കണക്കുപ്രകാരം രണ്ടായിരത്തില്‍ 175 ദശലക്ഷം പ്രവാസികളുണ്ടായിരുന്നു. ഇപ്പോഴത് 250 ദശലക്ഷമായിക്കഴിഞ്ഞു.

അമേരിക്ക, സൌദി അറേബ്യ, ജര്‍മനി, റഷ്യ, യുഎഇ, ഫ്രാന്‍സ്, ക്യാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് പോകാന്‍ ആളുകള്‍ ഏറെ താല്‍പ്പര്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ ഇടനാഴി (ാശഴൃമശീിേ രീൃൃശറീൃ) മെക്സിക്കോ– അമേരിക്കയാണ്. ബംഗ്ളാദേശില്‍നിന്ന് ഇന്ത്യയിലേക്ക് പ്രതിദിനം എത്തുന്നവരുടെ എണ്ണം ഒട്ടും കുറവല്ല. ഏറ്റവും വലിയ ആതിഥേയ രാജ്യം തുര്‍ക്കി. തൊട്ടുപിന്നില്‍ പാകിസ്ഥാനുണ്ട്. ചില രാജ്യങ്ങളുടെ ജനസംഖ്യയില്‍ വലിയ ശതമാനം അന്യരാജ്യക്കാര്‍. ഉദാഹരണത്തിന് ലബനന്‍. അവിടെ 35 ശതമാനം പേരും ലബനനു പുറത്തുള്ളവര്‍.

ഇനി വരുമാനത്തിന്റെ കാര്യമെടുത്താലോ. 2015ല്‍ ഈയിനത്തില്‍ ഏറ്റവുമധികം തുക കൈപ്പറ്റിയ രാജ്യം ഇന്ത്യ. സൌദിയില്‍നിന്നുമാത്രം ലഭിച്ചത് 11 ബില്യണ്‍ ഡോളര്‍.
പൊതുവിജ്ഞാന പ്രശ്നോത്തരിപോലെ പറഞ്ഞുപോവുകയല്ല. ഏതു രാജ്യത്തിന്റെയും നയരൂപീകരണത്തിന് സഹായകമാവുന്നതാണ് ഈ കണക്ക്. ഇതുപയോഗപ്പെടുത്തി സാമൂഹ്യശാസ്ത്രങ്ങള്‍ പല നിഗമനങ്ങളിലുമെത്തുന്നു. സാധാരണ വായനക്കാര്‍ക്കാകട്ടെ അറിവിന്റെ പുതിയ മേഖലകളിലേക്ക് വഴി തുറക്കല്‍. വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുമ്പോള്‍ ഭരണകര്‍ത്താക്കള്‍ക്കും നയരൂപീകരണത്തില്‍ ഇടപെടുന്നവര്‍ക്കും പ്രവാസ– വരുമാന വസ്തുതാ പുസ്തകം വഴികാട്ടും. ഇന്റര്‍നെറ്റില്‍നിന്ന് തികച്ചും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. വില കൊടുത്ത് വാങ്ങണമെന്നില്ല.

ചെറുപ്പത്തിലേ വായനയിലേക്ക് തിരിഞ്ഞെങ്കിലും സാഹിത്യത്തേക്കാള്‍ പഠനഗ്രന്ഥങ്ങളോടാണ് എനിക്ക് പ്രിയം. തമിഴ്നാട്ടിലെ എന്റെ കുഗ്രാമത്തില്‍ വായനയ്ക്ക് വലിയ സാധ്യതകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, അമ്മ മറിയം നേശമണി വായിക്കാന്‍ പ്രേരിപ്പിച്ചു. വര്‍ത്തമാനപത്രങ്ങളും പുസ്തകങ്ങളും. ആ പ്രദേശത്തെ ഏക അധ്യാപികയായിരുന്നു അമ്മ. നാല്‍പ്പതുകളില്‍ സ്ത്രീവിദ്യാഭ്യാസം കേട്ടുകേള്‍വിയില്ലാതിരുന്ന കാലത്ത് പഠിക്കാന്‍ അവസരം കിട്ടി അമ്മയ്ക്ക്. ആ ഭാഗ്യം മക്കളിലൂടെ തുടര്‍ന്നു. മധുര കാമരാജ് യൂണിവേഴ്സിറ്റിയിലും ബോംബെ ഇന്റര്‍നാഷണല്‍ ഇന്റസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസിലും ബിരുദാനന്തര, ഗവേഷണപഠനങ്ങള്‍ക്കായി പോയപ്പോള്‍ വായനയുടെ ചക്രവാളം വികസിച്ചു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സിഡിഎസും വായനയുടെയും ഗവേഷണത്തിന്റെയും ആകാശംതന്നെയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top