02 October Friday

ദമനത്തിന്റെ വിവക്ഷകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 27, 2019
കവിതയുടെ തെരുവിൽ ബഹളം കൂട്ടുന്ന പുതുകവികളുടെ പെരുക്കക്കാലമാണിത്. കവിതയൊഴിഞ്ഞ വാക്കുകളുമായിട്ടാണ്  ഭൂരിപക്ഷം പേരുടെയും വരവ്. ഒഴിഞ്ഞപുറങ്ങളിൽ യഥേഷ്ടം എഴുതി നിറയുന്ന ഇവർ വായനക്കാരനെ കാണുന്നതേയില്ല. സ്വച്ഛന്ദമായ രചന തകൃതി. കണക്കെടുപ്പിൽ കവിത ബഹുദൂരം പിന്നിലുമാകുന്നു.

ഇതിനിടയിൽ ‘യൂണിഫോമില്ലാത്ത കവിയാണ് ഞാൻ’ എന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു കവിയുടെ ‐ അജിത് വി എസിന്റെ ‐ വരവ് ശ്രദ്ധിക്കേണ്ടതുതന്നെ. ഉയിരും ഉണർവുമുള്ള വാക്കുകളുടെ അക്ഷയഖനിയാണ് അജിത് കന്നിസമാഹാരമായ ‘ദമന'ത്തിൽ തുറന്നുതരുന്നത്. ‘പാതയിലെ മുള്ളുകളിൽ നിന്നാണ്’ ഈ കവി കവിതയെ കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ‘മുറിപ്പാടിൽനിന്നും ഒഴുകിയെത്തുന്ന നിണമാണ്' തന്റെ കവിതയെന്ന് ഉറക്കെ വിളിച്ചുപറയാനുള്ള ആർജവവുമുണ്ട് അദ്ദേഹത്തിന്. 'വർത്തമാനത്തിലേക്ക് 'എന്ന ആദ്യ കവിതയിൽത്തന്നെ ത്രികാല ജ്ഞാനിയെ കാണാം.

നിത്യനൈമിത്തിക ജീവിതത്തിന്റെ സമസ്യാന്തരങ്ങളും പ്രണയത്തിന്റെ ഭാവാന്തരങ്ങളും മൃത്യുവിന്റെ നിഴലാട്ടങ്ങളും ഈ പുസ്തകത്തിലെ കവിതകളിലുണ്ട്. സമകാലിക ജീവിതത്തിന്റെ കയ്പൻ കാഴ്ചകളും കപടനാട്യങ്ങളും കവിക്ക‌് കാണാതിരിക്കാനാകില്ല. കാല്പനികതയും ആധുനികതയും ഉത്തരാധുനികതയും കവിതകളിൽ കലർന്നുകിടക്കുന്നു. പ്രസ്ഥാനങ്ങളുടെ ഗാഢാലിംഗനമല്ല, കവിതയുടെ രചനാദൗത്യമാണ് അജിത്തിന് മുഖ്യം. പാരമ്പര്യത്തിന്റെ അടയാളങ്ങളും സ്വാഭാവികമായ താളഭംഗിയും അപൂർവതയുള്ള ബിംബ കല്പനകളുംകൊണ്ട് ചില കവിതകൾ പ്രത്യേക ശ്രദ്ധ നേടുന്നു. പ്രണയിനിയും ഭാര്യയും അമ്മയുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന സ്തീസ്വരൂപങ്ങൾ ഈ പുസ്തകത്തിന്റെ എടുത്തുപറയാവുന്നൊരു സവിശേഷതയാണ്. ‘ഒട്ടകം' എന്ന കവിത നോക്കുക. എവിടെയും തനിച്ചായിപ്പോകുന്ന ‐ അവഗണിക്കപ്പെടുന്ന ‐ സ്ത്രീയാണ് ഇവിടെ ഒട്ടകം. തുടങ്ങിയേടത്തുതന്നെ മടങ്ങിയെത്താൻ വിധിക്കപ്പെട്ടവൾ, സ്നേഹത്തിന്റെ നീരരുവികൾ വരണ്ട മരുഭൂമിയിലെ ജീവിതംപോലെ സഹനത്തിന്റെ പാതകളിലൂടെ ആ ഒട്ടകം മുന്നേറുകയാണ്. ശാക്തീകരണത്തിന്റെ വെളിച്ചമെത്താത്ത ഇടങ്ങളിൽ കഴിഞ്ഞു കൂടുന്ന ബഹുസഹസ്രം സ്ത്രീജീവിതങ്ങളിലേക്കുള്ള ഈ ആൺനോട്ടത്തിൽ ഉണ്മയുടെ സ്പന്ദനമുണ്ട്. 
ഉയിരും ഉണർവുമുള്ള വാക്കുകളുടെ അക്ഷയഖനിയാണ് അജിത് കന്നിസമാഹാരമായ ‘ദമന'ത്തിൽ തുറന്നുതരുന്നത്. ‘പാതയിലെ മുള്ളുകളിൽ നിന്നാണ്’ ഈ കവി കവിതയെ കണ്ടെത്തുന്നത്
 
അതേസമയം, പരിഷ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പേരിൽ സ്ത്രീത്വത്തിന്റെ സ്വാഭാവികസൗന്ദര്യത്തെയും വ്യക്തിത്വത്തെയും നശിപ്പിച്ചു കളയുന്ന പ്രകടനപരതയെ കവി വിചാരണ ചെയ്യുന്നുമുണ്ട്. ‘സ്തനങ്ങളില്ലാത്ത സസ്തനികൾ' എന്ന കവിത ഒരിക്കലും സ്ത്രീവിരുദ്ധമല്ലെന്നു മാത്രമല്ല, അത് സ്ത്രീപക്ഷത്തോട് അടുത്തു നിൽക്കുന്നതുമാണ്. സൗന്ദര്യത്തെക്കാളേറെ മാതൃത്വത്തിന്റെ അടയാളമാണ് സ്തനങ്ങൾ. പക്ഷേ, ഒരുവൾ കണ്ണാടി പറയുന്നതു കേട്ട് ബ്യൂട്ടി പാർലറിൽ ചെന്ന് കാലും പുരികവും ക്ഷൗരംചെയ്‌ത് മുലകൾ അറുത്ത് സ്ലിം ആകുക കൂടി ചെയ്യുന്നു. യുവശാസ്ത്രജ്ഞയാകട്ടെ ലേസർ വച്ച് മുല മുറിച്ചു. കാരണം ജനിച്ചപ്പോഴേ പതിനെട്ടു വയസ്സായ അവളുടെ ക്ലോൺ ശിശുവിന് മുലപ്പാലിന്റെ ആവശ്യമുണ്ടായിരുന്നില്ല. ക്യാൻസർ ചികിത്സയുടെ ഭാഗമായി മുല മുറിക്കേണ്ടിവന്ന അമ്മയ്ക്ക് സ്വന്തം കുഞ്ഞ് കിന്റർഗാർട്ടനിലിരുന്ന് അമൂൽ സ്പ്രേയെ നോക്കി ‘അമ്മേ' എന്നു വിളിക്കുന്നത് വിഷമത്തോടെ ഓർക്കേണ്ടിവരുന്നു. അമ്മ എന്ന  പദത്തിനു തന്നെ അർഥലോപം വന്ന കാലത്തെയും ഫെമിനിസ്റ്റ‌് കാഴ്ചപ്പാടിന്റെ പേരിൽ നടക്കുന്ന നിരർഥക വ്യായാമങ്ങളെയുമാണ് ഈ കവിത വിമർശിക്കുന്നത്. 
 
ദമനം ചെയ്യപ്പെട്ട പ്രണയത്തിന്റെ വിവിധ മുഖങ്ങളെ ഈ  കാവ്യപുസ്‌തകത്തിൽ അജിത് ആലേഖനം ചെയ്യുന്നു. അലക്കിയലക്കി പുതുമയറ്റ വസ്ത്രം പോലെയാണ് ഒരിടത്ത് പ്രണയമെങ്കിൽ (അപചയം) ഓർമകളുടെ മഞ്ഞുകാലമാണ് മറ്റൊരിടത്ത് (ഓർമകളുടെ മഞ്ഞുകാലം). ഗണിതശാസ്ത്രസൂത്രങ്ങൾ കൊണ്ട് പ്രണയത്തെ അടയാളപ്പെടുത്തുകയാണ് മറ്റൊരു കവിതയിൽ (ദിവ്യസംഗമം) ‘ഏകദിശാപ്രണയത്തിലെ നായികയ്ക്ക് ' എന്ന കവിതയിലെ കാമുകൻ നിൽക്കുന്നത് ഒരു തമോഗർത്തത്തിന്റെ മുന്നിലാണ്. കാലമേൽപ്പിക്കുന്ന സന്ദിഗ‌്ധതകൾ സ്ത്രീപുരുഷ പ്രണയത്തെ എത്രമേൽ ഊഷരമാക്കിയെന്ന് കവി സന്ദേഹിക്കുന്നു. ഇതിഹാസത്തിലെ ഒരു വിശുദ്ധപ്രണയത്തിന്റെ വ്യാഖ്യാനമാണ് ‘മായാമൃഗം' എന്ന കവിത. 
 
‘‘ഇന്ദ്രിയ സംവേദനം നഷ്ടപ്പെട്ടുപോകാത്തവർക്കായി സമർപ്പിക്കുന്ന വിടർന്ന ചെമ്പനീർ പുഷ്പമാണ്'' അജിത് വി എസിന്റെ ഈ കവിതാസമാഹാരം. ഇവിടെ ഹൃദയവും ധിഷണയും ഒരുപോലെ കാവ്യസ്രോതസ്സുകളാകുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top