18 June Tuesday

ജ്വലിച്ചുതീർന്നവരുടെ ചിരസ്‌മരണകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 27, 2019
കേരളത്തിന്റെ ഓരോ പഞ്ചായത്തിലും വിമോചന സ്വപ്നങ്ങൾ നെയ്യുകയും ജീവൻ പണയപ്പെടുത്തി അതിന്റെ കാവൽക്കാരാവുകയും ചെയ്ത മനുഷ്യരുണ്ട്. അവരെ കുറിച്ചും പ്രാദേശിക ചരിത്രരചന ഉണ്ടാകേണ്ടതുണ്ട് 
 
ഇടക്കണ്ടിയിൽ ഇമ്പിച്ചിക്കണ്ടൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച പുസ്തകമാണ്  ‘സഖാവ് കെ പി ഗോവിന്ദൻ കുട്ടി; ജ്വലിക്കുന്ന ഓർമ’. ഐക്യകേരള രൂപീകരണത്തിനുമുമ്പ് കോഴിക്കോട് ജില്ലയിലെ ചെറുകുളത്തൂർ, പെരുവയൽ, ചെറൂപ്പ മേഖലകളിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ ജീവിതം ഹോമിച്ച ഐതിഹാസിക ജീവിതത്തിനുടമയാണ് ‘സഖാവ് കെ പി’ എന്ന  കെ പി ഗോവിന്ദൻ കുട്ടി. അദ്ദേഹത്തെക്കുറിച്ച് കോഴിക്കോട് കുന്ദമംഗലം മേഖലയിലെ കമ്യൂണിസ്റ്റ് നേതാവും അധ്യാപകനുമായ കെ കേളുക്കുട്ടി മാസ്റ്റർ എഴുതിയ ലഘുപുസ്തകം.  
 
ഇന്ന്, സമ്പൂർണ നേത്രദാന ഗ്രാമമെന്ന നിലയിൽ സംസ്ഥാനശ്രദ്ധ പിടിച്ചുപറ്റിയ ചെറുകുളത്തൂരിന്റെ രാഷ്ട്രീയമനസ്സ‌് കമ്യൂണിസ്റ്റ് ആശയങ്ങളോടുചേർത്ത് നെയ്തെടുക്കുന്നത് കെ പി ഉൾപ്പെടെയുള്ളവരാണ്. 1922ലാണ് ജനനം. ചെറുപ്പംമുതൽ കിസാൻ സഭയുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും സജീവപ്രവർത്തകനായി. പട്ടാളത്തിൽ ചേർന്നെങ്കിലും കമ്യൂണിസ്റ്റ് ആയതിനാൽ പിരിച്ചുവിട്ടു. തുടർന്ന്, പാർട്ടിയുടെ കോഴിക്കോട് താലൂക്ക് കമ്മിറ്റി അംഗമായും കുന്ദമംഗലം ഫർക്ക കമ്മിറ്റിയിലും പ്രവർത്തിച്ചു. പുന്നപ്ര വയലാർ സമരസഖാക്കൾ ഈ മേഖലയിൽ ഒളിവിൽ താമസിച്ചിരുന്നു. അവരിൽ റഷ്യൻ ഭാഷയിൽ പ്രാവീണ്യമുള്ളവരും ഉണ്ടായിരുന്നു. അവരിൽനിന്ന് ഗോവിന്ദൻ കുട്ടി റഷ്യൻഭാഷ സ്വായത്തമാക്കി.
 
ഇ എം എസ് ഉൾപ്പെടെയുള്ളവർ ഒരു മാസത്തിലധികം ഇവിടെ ഒളിവിൽ കഴിഞ്ഞപ്പോൾ, അവരുടെ സംരക്ഷണചുമതല കെ പിക്കായിരുന്നു. 48ലെ പാർട്ടി നിരോധനശേഷം മേഖലയിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പൊലീസിന്റെ നോട്ടപ്പുള്ളിയായി. പലതവണ പൊലീസ് പിടികൂടാൻ കെണിയൊരുക്കിയെങ്കിലും  രക്ഷപ്പെട്ടു. എന്നാൽ, കെ പിയെ കൈയിൽക്കിട്ടാത്ത രോഷംതീർക്കാനായി അദ്ദേഹത്തിെന്റെ വയോധികനും ശയ്യാവലംബിയുമായ പിതാവിനുനേരെ വീടിനകത്തുകടന്ന് പീഡനം തുടങ്ങിയതോടെ, കെ പി സ്വയം പൊലീസിനുമുന്നിലേക്ക് എത്തി. അവിടെവച്ചുതന്നെ ബോധം നശിക്കുംവരെ കെ പിക്ക്  മർദനമേറ്റു.
 
തുടർന്ന്, സേലം ജയിലിലേക്ക് കൊണ്ടുപോയി. സേലത്തുവച്ച് സഹതടവുകാരനെ ജയിലർ മർദിക്കുന്നതിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനെത്തുടർന്ന് വീണ്ടും കൊടിയ മർദനമേൽക്കുകയും കെ പിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. മോചിതനായ കെ പി നിത്യരോഗിയായി മാറി. യുവത്വം ഉച്ചിയിൽനിൽക്കുന്ന 36‐ാമത്തെ വയസ്സിൽ അദ്ദേഹം മരണത്തിന് കീഴടങ്ങി. സമാനമായ നിരവധി ചെറുപ്പക്കാരുടെ പതറാത്ത ഇച്ഛാശക്തിയും നെഞ്ചുറപ്പുമാണ് നാടിന്റെ ചരിത്രം മാറ്റിയെഴുതിയത്. കേരളത്തിെന്റെ ഓരോ പഞ്ചായത്തിലും വിമോചന സ്വപ്നങ്ങൾ നെയ്യുകയും ജീവൻ പണയപ്പെടുത്തി അതിന്റെ കാവൽക്കാരാവുകയും ചെയ്ത മനുഷ്യരുണ്ട്. അവരുടെ കടുംനിറമുള്ള ഓർമകളുമായി ജീവിക്കുന്നവർ, കേളുക്കുട്ടി മാസ്റ്റർ നടത്തിയപോലുള്ള ഉദ്യമങ്ങളിലേക്കിറങ്ങണം.
 
പ്രസിദ്ധരായവരുടേത് മാത്രമല്ല, ചരിത്രമെന്ന ബോധ്യമാണ് ഇത്തരം ചെറുപുസ്തകങ്ങളുടെ കരുത്ത്. വിശാലാഖ്യാനങ്ങളുടെ മാലപ്പടക്കങ്ങളുണ്ടാക്കുന്ന കോലാഹലത്തിൽ കേൾക്കാതെപോയ ചെറുശബ്ദങ്ങൾക്ക് ചെവിയോർക്കാനുള്ള ഇത്തരം ഏതു ശ്രമങ്ങളും അങ്ങേയറ്റം പ്രശംസനീയമാണ്. ആവേശകരമായ ചെറുത്തുനിൽപ്പുകളുടെ പ്രാദേശികത അടയാളപ്പെടുത്തുകയാണ് പുസ്തകം. 

 


പ്രധാന വാർത്തകൾ
 Top