25 April Thursday

അക്ഷയശ്രീ ജൈവകർഷക പുരസ‌്കാരങ്ങൾ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019


മുഹമ്മ
സരോജിനി- ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ജൈവകർഷകർക്കുള്ള അക്ഷയശ്രീ പുരസ‌്കാരങ്ങൾ വിതരണംചെയ‌്തു.രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും വിഷമില്ലാത്ത ഭക്ഷണം ലഭ്യമാക്കാനും പുതിയ തലമുറയെ ക‌ൃഷിയിലേക്ക‌് ആകർഷിക്കാനും ലക്ഷ്യമാക്കിയാണ‌് ഇൻഫോസിസ് സഹ സ്ഥാപകനും മുൻ ചീഫ് എക‌്സിക്യൂട്ടീവ് ഓഫീസർ ആൻഡ‌് മാനേജിങ് ഡയറക‌്ടറുമായിരുന്ന എസ് ഡി ഷിബുലാൽ അച്ഛൻ ഡോ. സി  കെ ദാമോദരന്റെയും അമ്മ സരോജിനിയുടെയും സ‌്മരണാർഥം പുരസ‌്കാരങ്ങൾ ഏർപ്പെടുത്തിയത‌്.

ഒരുലക്ഷം രൂപയും പ്രശസ‌്തിപത്രവും ഉപഹാരവും അടങ്ങുന്നതാണ് അവാർഡ്.  14 ജില്ലകളിലെ മികച്ച ജൈവകർഷകർക്ക് 25,000 രൂപ വീതമുള്ള പുരസ‌്കാരങ്ങളും വിതരണംചെയ‌്തു. കൂടാതെ 15 പ്രത്യേക പുരസ‌്കാരങ്ങളും 30 പ്രോത്സാഹനസമ്മാനങ്ങളും കോളേജ്, സ‌്കൂൾതല പുരസ‌്കാരങ്ങളും വിതരണംചെയ‌്തു.

മികച്ച ജൈവകർഷകനുള്ള  സംസ്ഥാനതല പുരസ‌്കാരം ഹരിപ്പാട് ഡാണാപ്പടി പാലക്കുളങ്ങര മഠം വിജിത്ത് വാണി ഏറ്റുവാങ്ങി. കണ്ണൂർ സ്വദേശിയായ വിജിത്തും ഭാര്യ വാണിയും ചേർന്ന് ഏക്കർകണക്കിന് സ്ഥലത്താണ് ജൈവപച്ചക്കറിയും മത്സ്യവും കോഴിയും മറ്റും ക‌ൃഷിചെയ്യുന്നത്. സംസ്ഥാനതല പ്രത്യേക പുരസ‌്കാരത്തിന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ക്യാൻസർ ചികിത്സാ വിദഗ്ദ്ധനായ ഡോ. നാരായണൻകുട്ടിവാര്യർ, ഭാര്യ ഡോ. മിനി എന്നിവർ അർഹരായി. കോഴിക്കോട് സ്വദേശിയായ ഡോക‌്ടർ നാരായണൻകുട്ടി എം വി ആർ ക്യാൻസർ ഇൻസ‌്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ ഡയറക‌്ടറും ഭാര്യ മിനി അനസ‌്തറ്റിസ‌്റ്റുമാണ് .
 മാനേജിങ് ട്രസ‌്റ്റി എസ്ഡി ഷിബുലാലും രക്ഷാധികാരി കുമാരി ഷിബുലാലും ചേർന്ന് അവാർഡുകൾ വിതരണംചെയ‌്തു.


പ്രധാന വാർത്തകൾ
 Top