29 July Thursday

കലുഷിതമായ കാലം: ഡോ.കെ.എൻ പണിക്കരുടെ ഓർമ്മക്കുറിപ്പുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

ലോകപ്രശസ്ത ചരിത്രകാരനായ ഡോ.കെ.എൻ പണിക്കരുടെ ആത്മകഥാംശമുള്ള ഓർമ്മക്കുറിപ്പുകളെപ്പറ്റി  രാജു സെബാസ്റ്റ്യൻ എഴുതുന്നു. ചിന്ത പബ്ലിഷേഴ്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

ളരെ ചെറുപ്രായത്തിൽ ചരിത്രകാരനും ബ്രട്ടീഷ് സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥനുമായിരുന്ന സർദാർ കെ.എം പണിക്കരുടെ പേരു കേട്ടിട്ടുണ്ട്. അദ്ദേഹം എൻ്റെ ജന്മദേശമായ തേവലക്കരയിലെ അമ്പലത്തെ പശ്ചാത്തലമാക്കി 1932 ൽ ഒരു ചരിത്ര നോവൽ എഴുതിയിട്ടുണ്ട്. അതു കൊണ്ട് ഡോ.കെ.എൻ പണിക്കരുടെ പേരു കേട്ടു തുടങ്ങുന്ന കാലത്തു രണ്ട് പേരും ഒരാളാണോ എന്നു ശങ്കിച്ചിരുന്നു.പിന്നീടാണ് തിരിച്ചറിയുന്നതു ഡോ. കെ.എൻ പണിക്കർ  ഡെൽഹി ജവഹരിലാൽ നെഹൃ സർവ്വകലാശാലയിലെ ചരിത്ര പ്രൊഫസർ ആണന്ന്. 1992ലെ ബാബറിപള്ളി തകർത്തതിന് ശേഷമാണ് ഡോ.കെ എൻ പണിക്കരുടെ  പേര് അക്കാദമിക്ക് വൃത്തങ്ങൾക്ക് പുറത്തു കൂടുതൽ കേട്ടതുടങ്ങിയതു.അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നെങ്കിലും ദേശാഭിമാനി പത്രത്തിൽ വരുന്ന ഡോ.കെ എൻ പണിക്കരുടെ  പ്രസ്താവനകളും ലേഖനങ്ങളും ശ്രദ്ധയോടെ വായിച്ചു തുടങ്ങിയിരുന്നു. 

വർഗ്ഗീയതയ്ക്ക് എതിരായി വസ്തുനിഷ്ഠ ചരിത്രത്തെ സമരായുധമാക്കിയ പോരാളി. മതനിരപേക്ഷ ചരിത്രബോധത്തിൽ വെള്ളം ചേർക്കാത്ത കരുത്തനായ ചരിത്ര പണ്ഡിതൻ.വർഗ്ഗീയ ചരിത്രനിർമ്മിതിക്കെതിരെ ഇന്ത്യയിലെമ്പാടും ചരിത്ര ശിൽപ്പശാലകൾ നടത്തിയ കർമ്മധീരൻ.വർഗ്ഗീയ ഫാസിസ്റ്റ് ചിന്തയ്ക്കെതിരെ ഇത്രയേറെ സാംസ്ക്കാരിക ആക്ഷൻ പ്ലാൻ തയ്യാറാക്കി ഇന്ത്യയിലെമ്പാടും ഓടിനടന്ന ഒരു ചരിത്ര പണ്ഡിതനും ഇന്ത്യയിലുണ്ടാവില്ല.അതിൻ്റേതായ ഒരുപാടു ബുദ്ധിമുട്ടുകൾ ഹിന്ദു വർഗ്ഗീയ ശക്തികളിൽ നിന്നും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ആ കലുഷിതമായ കാലത്തെ ഒക്കെ അദ്ദേഹം ഇതിൽ ഓർമ്മിക്കുന്നു.
 
ഇന്ത്യയിൽ നിരവധി പ്രഗൽഭ ചരിത്ര പണ്ഡിതർ ഉണ്ട്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന വർഗ്ഗീയ ചരിത്രരചനരീതിയോട് സമരസപ്പെടാത്തവരും നിരവധി.അതിൽ മാർക്സിസ്റ്റ് ചരിത്രരചനാരീതിശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന പ്രഗൽഭരും നിരവധി. ജവഹരിലാൽനെഹൃ  യൂണിവേഴ്റ്റിയിൽ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരായിരുന്ന പ്രഗത്ഭരും പ്രശസ്തരുമായ എസ്.ഗോപാൽ ,സതീഷ് ചന്ദ്ര ,റൊമീള ഥാപർ ,     ബിപൻ ചന്ദ്ര തുടങ്ങിയ പണ്ഡിതർ.പക്ഷേ ഡോ.കെ എൻ പണിക്കരെ  അവരിൽ നിന്നുമൊക്കെ വ്യത്യസ്തനാക്കുന്നതു വർഗ്ഗീയ ചരിത്രത്തിനെതിരായി ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരായി അദ്ദേഹം ഒരു സാംസ്ക്കാരിക കാര്യപരിപാടിയുമായി ജനങ്ങളിലേയ്ക്ക് ഇറങ്ങി വന്നു എന്നതാണ്; ജനകീയ കൂട്ടായ്മകൾക്ക് രൂപം നൽകാൻ ശ്രമിച്ചു എന്നതാണ്. അവിടെയാണ് ഇന്ത്യയിലെ സാംസ്ക്കാരിക ചെറുത്തു നിൽപ്പുകളിൽ ഡോ.കെ എൻ പണിക്കറിൻ്റെ ഉജ്ജ്വല സംഭാവന.ഈ വാർദ്ധക്യകാലത്തും അദ്ദേഹത്തിൻ്റെ ജ്വലിക്കുന്ന ധിഷണ പങ്ക് വെയ്ക്കാൻ ശ്രമിക്കുന്നതു ഫാസിസത്തിനെതിരായി ഒരു യോജിച്ച സാംസ്ക്കാരിക കാര്യപരിപാടിയാണ്. ആ ഒരൊറ്റ കാരണം കൊണ്ടു തന്നെയാണ് വർഗ്ഗീയ വാദികളുടെ കണ്ണിലെ കരടായി ഈ മഹാചരിത്രപണ്ഡിതൻ മാറിയതു. ജെഎന്‍യുവിലെ 30 വർഷക്കാലമാണ് ഡോ.കെ എൻ പണിക്കരുടെ  ധിഷണയെ ഉയരങ്ങളിലേക്ക് പറന്നുയരാൻ സാഹചര്യമൊരുക്കിയതെന്ന് അദ്ദേഹം ഇതിൽ സൂചിപ്പിക്കുന്നു.
 
ജെഎന്‍യുവിൽ നിന്നും കാലടി സർവ്വകലാശാലയിൽ വൈ. ചാൻസിലറായി എത്തുന്നതും അതിൻ്റെ പേരിൽ ഉണ്ടായ എതിർപ്പും ഒരു സർക്കാർ കോളേജിൻ്റെ നിലവാരം മാത്രമുണ്ടായിരുന്ന കാലടിയെ ഒരു സർവ്വകലാശാലയായി ഉയർത്തിയെടുത്തതും അതിൻ്റെ പേരിൽ അനുഭവിച്ച  ബുദ്ധിമുട്ടും വിവരിക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെയും കേരള ചരിത്ര ഗവേഷ കൗൺസിലിൻ്റെ ചുമതല ഏറ്റെടുത്തതും അതിൽ നടത്തിയ പ്രവർത്തനങ്ങളും വിവരിക്കുന്നു. എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഉന്നത വിദ്യാഭ്യാസ കൗൺസിലിന് രൂപം നൽകിയതും ഡോ.കെ.എൻ പണിക്കരെ കൗൺസിലിൻ്റെ അധ്യക്ഷനായി നിയമിച്ചതും. ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് കൗൺസിൽ നടത്തിയ   പoനങ്ങളും കൗൺസിൽ സമർപ്പിച്ച നിർദ്ദേശങ്ങളും ഇതിൽ അക്കമിട്ട് നിരത്തുന്നു. കൗൺസിലിൻ്റെ വിലപ്പെട്ട നിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കിയിരുന്നെങ്കിൽ ഉന്നതവിദ്യാഭ്യാരംഗത്തു ദൂരവ്യാപകമായ ഗുണപരമായ പരിവർത്തനങ്ങൾ സംഭവിക്കുമായിരുന്നു. പക്ഷേ കൗൺസിൽ അതിൻ്റെ പoന നിർദ്ദേശങ്ങൾ സമർപ്പിച്ചതിന് ശേഷം കേരളത്തിൽ ഭരണമാറ്റം സംഭവിക്കുകയും പിന്നീട് വന്ന വലതുസർക്കാർ അതു പരണത്തു വെച്ചു കെട്ടുകയും ചെയ്തു.          

കേരള ചരിത്ര ഗവേഷണ കൗൺസിലിൻ്റെ ചെയർമാൻ്റെ ചുമതല ഏറ്റെടുത്തതും കൗൺസിലിനെ ഒരു ജനകീയ ചരിത്ര ഗവേഷണ സ്ഥാപനമാക്കി മാറ്റിയെടുത്തതും പ്രാദേശിക ചരിത്രരചനയെ പ്രോൽസാഹിപ്പിച്ചതും സൂചിപ്പിക്കുന്നു. കോളനി വാഴ്ച്ചയുടെ സന്തതിയായിരുന്ന ഗസറ്റിയർ വകുപ്പിനെ രൂപമാറ്റം വരുത്തിയാണ് ചരിത്ര ഗവേഷണ കൗൺസിൽ രൂപീകരിച്ചതു. കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയ്ത ഏറ്റവും ബൃഹത്തായ പ്രവർത്തനം കേരളപ്പഴമയെക്കുറിച്ച് പഠിക്കാനുള്ള 'പട്ടണം' ഉൽഖനനമാണ്. 'പട്ടണം' ഉൽഖനനത്തിൽ നിന്നും ലഭിച്ച വിലപ്പെട്ട തെളിവുകൾ മുസിരിസ് വാണിജ്യാവശിഷ്ടങ്ങളാണന്നാണ് ചരിത്ര പണ്ഡിതർ അഭിപ്രായപ്പെടുന്നതു.   ദേശീയ അന്തർദേശിയ ചരിത്രകാരൻമാരും പട്ടണം ഉൽഖനനത്തിൽ പങ്കെടുത്തിട്ടുണ്ട്. ഈ പ്രോജക്ടിൻ്റെ പിന്നിൽ പന്ത്രണ്ട് വർഷക്കാലമാണ് പ്രതിഫലമില്ലാതെ കൗൺസിലിൻ്റെ ചുമതല ഡോ.കെ.എൻ പണിക്കർ നിർവ്വഹിച്ചത്. തികഞ്ഞ സാമൂഹ്യ ഉത്തരവാദിത്തത്തോടെയും അർപ്പണബോധത്തോടെയുമാണ് ഏറ്റെടുത്ത ചുമതലകൾ അദ്ദേഹം നിർവ്വഹിച്ചതു. തിരുവനന്തപുരത്താണ് ഡോ.കെ എൻ  പണിക്കർ  സ്ഥിരതാമസമാക്കിയത്. അദ്ദേഹത്തിൻ്റെ ജീവിത പങ്കാളി ഉഷ രാജസ്ഥാനിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ്. മക്കൾ വിവാഹം കഴിച്ചിരിക്കുന്നതും മറ്റ് സംസ്ഥാനങ്ങളിലെ വിവിധ ജാതി വിഭാഗങ്ങളിൽപ്പെട്ടവരെ.ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം അദ്ദേഹത്തിൻ്റെ കുടുംബത്തിൽ തന്നെ ദൃശ്യമാണ്.
 
ഡോ.കെ എൻ പണിക്കരുടെ  മലബാർ കലാപത്തെക്കുറിച്ചുള്ള ചരിത്ര ഗ്രന്ഥം ഏറെ പoനാർഹമാണ്. ഗ്രാംഷിയൻ വിശകലന രീതിശാസ്ത്രമാണ് അദ്ദേഹം അതിൽ പിന്തുടർന്നത്. അദ്ദേഹത്തിൻ്റെ എല്ലാ ചരിത്ര ഗ്രന്ഥങ്ങളുടെ അന്തർധാരയായി ഗ്രാംഷിയുടെയും റെയ്മണ്ട് വില്യംസിൻ്റെയും വിശകലന രീതിശാസ്ത്രം പഠിച്ച് അതിൻ്റെ അർത്ഥമെന്തന്ന് ,അത് ഇന്ത്യൻ സമൂഹത്തിൻ്റെ പഠനത്തിൽ എങ്ങനെയാണ് പ്രാവർത്തികമാക്കാൻ കഴിയുകയെന്ന അന്വേഷണമാണ് ഡോ.കെ എൻ പണിക്കർ അദ്ദേഹത്തിൻ്റെ ഓരോ ചരിത്ര പoനത്തിലും അനുവർത്തിച്ചത്. സംസ്ക്കാരമാണ് ചരിത്ര പ്രക്രിയയുടെ കേന്ദ്രബിന്ദുവെന്നാണ് ഡോ.കെ എൻ പണിക്കർ  സമർത്ഥിക്കുന്നത്.. 
 
പതിനാറ് അധ്യായങ്ങളാണ് ഗ്രന്ഥത്തിലുള്ളത് . അദ്ദേഹത്തിൻ്റെ ബാല്യകാലം മുതൽ ചരിത്രത്തിൽ തൽപ്പരനായ കാലവും വിവാഹവും കുടുംബവും അധ്യാപനവും ഗവേഷണവും സംസ്ക്കാരിക ഇടപെടിലുകളും ഇതിൽ വിവരിക്കുന്നു. രാജസ്ഥാനിലാണ് അദ്ദേഹത്തിൻ്റെ അധ്യാപനത്തിൻ്റെ തുടക്കം. അൻമ്പത് വർഷക്കാലം കേരളത്തിന് പുറത്തു ജീവിച്ച സംഭവബഹുലമായ അക്കാദമിക്ക് ജീവിതം നയിച്ച ഒരാളുടെ സമഗ്ര ആത്മകയല്ല ഇതെങ്കിലും അദ്ദേഹം കടന്നു പോയ തീഴ്ണകാലത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളാണ്. എങ്കിലും ഇതൊരു ധിഷണയുടെ ഉജ്ജ്വലമായ പങ്ക് വെയ്ക്കലാണ്. ഈ ഓർമ്മക്കുറിപ്പുകൾക്ക് അനുബന്ധമായി ഡോ.കെ എൻ പണിക്കരുമായി വിവിധ ആളുകൾ നടത്തിയ നാല് അഭിമുഖങ്ങൾ നൽകിയിട്ടുണ്ട്. ആ അഭിമുഖങ്ങളിൽ അദ്ദേഹത്തിൻ്റെ തെളിമയുള്ള ചിന്തകളും വ്യക്തതയുള്ള സാംസ്ക്കാരിക പ്രവർത്തന പരിപാടികളും തിളങ്ങി നിൽക്കുന്നു. അതിൽ ശ്രദ്ധേയമായ അഭിമുഖം ഇറാനിയൻ ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായ മഹം മേയ്ക്വനിയുമായി നടത്തിയിട്ടുള്ളതാണ്. കൽച്ചറൽ ഐഡിയോളജിയെക്കുറിച്ചുള്ള പുസ്തകം വായിച്ചിട്ടാണ് ഇറാനിയൻ പത്രപ്രവർത്തകൻ ഡോ.കെ.എൻ പണിക്കരെ തേടിയെത്തിയതു.ഈ അടുത്ത കാലത്ത് അമേരിക്കയിലെ     റോട്ട്‌ലെഡ്ജ് പ്രസാധകർ ഈ കാലത്ത് ലോകത്തെ ചരിത്രരചനയെ സ്വാധീനിച്ച അമ്പത് ചരിത്രകാരൻമാരെക്കുറിച്ചു ഒരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്തത് രണജിത് ഗുഹയേയും ഡോ.കെ.എൻ പണിക്കരെയുമാണ്.
 
മലയാളിയുടെ അഭിമാനമാണ് ഈ വിശ്വോത്തര ചരിത്ര പണ്ഡിതൻ. ഏതായാലും ഈ ഗ്രന്ഥം ചരിത്ര വിദ്യാർത്ഥികൾക്ക് മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളുന്നവർക്ക് സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തനങ്ങളെ ഗൗരവത്തോടെ സമീപിക്കുന്ന പോരാളികൾക്ക് ഡോ.കെ എൻ പണിക്കരുടെ ഓർമ്മക്കുറിപ്പുകൾ ഒരു സമരായുധമാണന്നും ഭാവി പോരാട്ടങ്ങൾക്ക്      ബൗദ്ധികോർജ്ജമാണതിലും തർക്കമില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top