29 March Wednesday

പ്രണയത്തിന്റെ മന്ത്രോച്ചാരണങ്ങള്‍

റോസി തമ്പിUpdated: Sunday Apr 16, 2017

കവി  റോസി തമ്പി എഴുത്തനുഭവം  പങ്കുവയ്ക്കുന്നു

ജറുസലേം ഞാന്‍ കണ്ടത് അര്‍ധബോധത്തിലാണ്. യാത്രയിലുടനീളം എനിക്ക് കടുത്ത പനിയായിരുന്നു. കണ്ണുകള്‍ ഇടയ്ക്കിടെ അടഞ്ഞുപോയിക്കൊണ്ടിരുന്നു. ഗോല്‍ഗൊഥാ, ഗദ്സമനതോട്ടം, സ്നാപക യോഹന്നാന്റെ ഗോപുരം, അക്കല്‍ദാമ, താബോര്‍മല, ഗലീലിക്കടല്‍... എല്ലാം മങ്ങിയ കാഴ്ചകളായി. പക്ഷേ, അപ്പോഴും എന്റെ ഉള്ളില്‍ നിത്യപ്രണയമായി ക്രിസ്തു പ്രകാശം ചൊരിഞ്ഞുനിന്നു. ലോകത്തെ അത്രമേല്‍ സ്നേഹിച്ച എന്റെ പ്രിയന്‍ കാലടികള്‍ ഉറപ്പിച്ച മണ്ണ്, പൌരോഹിത്യനൃശംസതകളെ  ധീരതയോടെ വെല്ലുവിളിച്ച് അവന്‍ പീഡാനുഭവങ്ങള്‍ ഏറ്റുവാങ്ങി അനശ്വരനായ വിശുദ്ധ ഭൂമി... ഒലിവുമരങ്ങളെ തഴുകിവരുന്ന കാറ്റ് ശരീരത്തില്‍വന്ന് തൊടുമ്പോള്‍ ക്രിസ്തുവിന്റെ ആലിംഗനം അനുഭവിക്കുംപോലെ. നാല്‍പ്പത് വയസ്സായെങ്കിലും പതിനെട്ടോ പത്തൊന്‍പതോ വയസ്സില്‍ കാമുകനോടൊപ്പം ഒളിച്ചോടി ദൂരദേശത്തെവിടെയോ അവന്റെ കരം ചേര്‍ത്തുപിടിച്ച് നടക്കുന്ന പെണ്‍കുട്ടിയുടെ ആവേശം എന്നില്‍ നിറഞ്ഞു. ജീവിതത്തില്‍ ആരെയും പ്രണയിച്ച് ഓടിപ്പോകാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ക്രിസ്തുവായിരുന്നു എന്റെ പ്രണയം. എന്റെ കളിക്കൂട്ടുകാരന്‍.

മടങ്ങിയെത്തിയ ഞാന്‍ മറ്റൊരാളായിരുന്നു. അതുവരെ പഠനങ്ങളും ലേഖനങ്ങളും മാത്രമെഴുതിക്കൊണ്ടിരുന്ന എന്നില്‍ വാക്കുകള്‍ മറ്റേതോ രീതിയില്‍ വന്നുനിറയാന്‍ തുടങ്ങി. ഉള്ളില്‍ അസ്വസ്ഥത പെരുകിപ്പെരുകിവന്നു. ജറുസലേം എന്നോടുപറയുന്നത് എന്ന തലക്കെട്ടില്‍ ഒരു ലേഖനമെഴുതി. അത് അസ്സല്‍ പ്രണയലേഖനംതന്നെയായിരുന്നു. എങ്കിലും മനസ്സ് തൃപ്തമായില്ല. ഒടുവില്‍ അജ്ഞാതമായ പ്രേരണയില്‍ ഇങ്ങനെ എഴുതി:

'വിത്ത് ജീവനെ കാത്തുവയ്ക്കുംപോലെ
സമയമാകുംവരെ ഞാന്‍
നിന്റെ പ്രണയത്തെ കാത്തുവയ്ക്കും''

അത് കവിതയായിരുന്നു. അതുവരെ ചില കുത്തിക്കുറിക്കലല്ലാതെ കവിത എഴുതിയിട്ടുണ്ടായിരുന്നില്ല. പക്ഷേ, തുടര്‍ന്നെഴുതിയ വരികളുമായി ഇത് പൊരുത്തപ്പെട്ടതേയില്ല. അങ്ങനെ ഈ വരികള്‍ വേര്‍പെടുത്തി മാറ്റിവച്ചു. ശേഷിച്ച വരികള്‍ക്ക് തലക്കെട്ടുനല്‍കി 'പറയാന്‍ ബാക്കിവച്ചത്'. ഇതായിരുന്നു എന്റെ ആദ്യകവിത. പിന്നീട് എല്ലാ കവിതകളും ഇതേ വരികള്‍ എഴുതിയാണ് തുടങ്ങിയതെങ്കിലും ആദ്യാനുഭവം ആവര്‍ത്തിച്ചു. കവിത പൂര്‍ത്തിയാകുമ്പോള്‍ ആദ്യമെഴുതുന്ന രണ്ടുവരികള്‍ വേര്‍പെട്ടുനിന്നു. കവിതകളുടെ തുടക്കത്തിലും ഇടയ്ക്കും അവസാനവുമൊക്കെ ഇത് ചേര്‍ത്തുനോക്കി. ശരിയായില്ല.

 അങ്ങനെ കുറെ കവിതകളായപ്പോള്‍, കുറെപ്പേരെങ്കിലും അവയെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞപ്പോള്‍, ആദ്യസമാഹാരം പുറത്തിറക്കി പറയാന്‍ ബാക്കിവച്ചത്.
കാലം അങ്ങനെ പൊയ്ക്കൊണ്ടിരുന്നു. എഴുത്തിന്റെ കാര്യത്തില്‍ ഞാനൊരു കഠിനാധ്വാനിയല്ല. വരുന്നത് അതുപോലെ എഴുതും. പണിക്കുറ്റം തീര്‍ത്ത് നല്ല ശില്‍പ്പമാക്കാന്‍ മെനക്കെടില്ല. പൂര്‍ണതയെക്കുറിച്ച് ഉല്‍ക്കണ്ഠയില്ല. തമ്പി മാഷ് നേരെമറിച്ചാണ്. തേച്ചുമിനുക്കി മിനുക്കിയെടുക്കുന്നതാണ് അദ്ദേഹത്തിന്റെ അതിമനോഹരമായ ആ ഭാഷ.

ഒരുദിവസം വീണ്ടും മനസ്സ് വല്ലാതെ കലങ്ങിമറിഞ്ഞു. ശരീരംതന്നെ തളര്‍ന്നുപോകുംപോലെ. രാത്രി കനത്തുവന്നു. ഞാന്‍ വീടിന്റെ രണ്ടാംനിലയിലെ ചെറിയമുറിയില്‍ എഴുത്തുമേശയ്ക്കുമുന്നില്‍പോയി ഇരുന്നു. പതിവുപോലെ ആ രണ്ടുവരികള്‍ അറിയാതെ എഴുതി. ഇതെഴുതിയത് എനിക്ക് ഓര്‍മയുണ്ട്. ബാക്കിയെല്ലാം ജറുസലേം യാത്രയിലെപ്പോലെ അര്‍ധബോധാവസ്ഥയില്‍ എഴുതിപ്പോവുകയാണ്. എല്ലാം രണ്ടുവരിവീതം. മുമ്പ് അങ്ങനെ എഴുതിയിട്ടില്ല.

ഇരുളില്‍ മഴവില്ലായ് തെളിവില്‍ കാര്‍മിന്നലായ്
പിളരുന്ന ജീവന്റെ ആനന്ദമാണ് പ്രണയം.
ഇതെഴുതുമ്പോള്‍ പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ ഞാന്‍ അനുഭവിച്ചുകൊണ്ടിരുന്നു.
വെള്ളിമേഘങ്ങള്‍ക്കുമുകളിലൂടെ
വെളിച്ചത്തിലേക്ക് പറന്നുയരുന്ന
രണ്ടീയല്‍പക്ഷികളുടെ
ഒന്നാകുമനുഭൂതിയാണ് പ്രണയം.

ആത്മാവിന് തീപിടിച്ചാല്‍ വസ്ത്രം കത്തിപ്പോകാതിരിക്കുന്നതെങ്ങനെയെന്ന് എഴുതുമ്പോള്‍ എന്റെ ചാരേ ക്രിസ്തുവുണ്ടായിരുന്നു. പ്രണയത്തിന്റെ ഉന്മാദം എന്നില്‍ നിറഞ്ഞുനിന്നു. എന്റെ വാക്കുകളെ അവന്‍ തിരുത്തി. വഴങ്ങാതിരുന്നപ്പോള്‍ കലഹിച്ചു. എന്റെ വരികള്‍ക്കായി ഞാന്‍ വാശിപിടിക്കവെ അവന്‍ കയര്‍ത്തു. ഒരുവേള ശാരീരികമായി ഉപദ്രവിക്കുകപോലും ചെയ്തുവോ? രാത്രിയുടെ ഏതോ യാമത്തില്‍ തളര്‍ന്നുറങ്ങി. ഉണര്‍ന്നപ്പോള്‍ ചുറ്റും ജനാലകളുള്ള മുറിയില്‍ നിറയെ പ്രകാശം. നേരം നന്നായി വെളുത്തിരുന്നു. മേശപ്പുറത്തെ ഡയറിയില്‍ നിറയെ പ്രണയം. ഒരു വാക്കുപോലും തിരുത്തേണ്ടതില്ലാത്ത പ്രണയം. പ്രണയത്തിന്റെ നൂറ്റിയൊന്ന് മന്ത്രങ്ങള്‍ അതാണ് എന്റെ പുതിയ കാവ്യസമാഹാരം 'പ്രണയ ലുത്തിനിയ'. ഒരു കവിതയിലും പൊരുത്തപ്പെടാതിരുന്ന എന്റെ ആദ്യവരികള്‍ ഇതില്‍ അത്ഭുകരമായി പൊരുത്തപ്പെട്ടു. ആ വരികള്‍ അതിനുവേണ്ടി അന്നേ എഴുതപ്പെട്ടതായിരുന്നുവോ.

ലുത്തിനിയ ഒരു പ്രാര്‍ഥനാരൂപമാണ്. കൃത്യമായി പറഞ്ഞാല്‍ മന്ത്രോച്ചാരണം. പ്രണയിയായ ക്രിസ്തു ഇങ്ങനെ എന്റെ രചനാജീവിതത്തില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും ഇടപെട്ടിട്ടുണ്ട്. കേള്‍ക്കുന്നവര്‍ ചിത്തഭ്രമമെന്ന് പറഞ്ഞേക്കാം. വിരോധമില്ല.

തമ്പിമാഷിന്റെ വിവാഹാലോചന വന്നപ്പോള്‍ ഞാന്‍ കഠിനമായി എതിര്‍ത്തു. നഷ്ടമായിപ്പോയ ഒരു ജീവിതത്തിന്റെ വേദനയിലായിരുന്നു മാഷ്. ഭാര്യയുണ്ടായിരുന്ന ഒരാള്‍ എന്റെ സങ്കല്‍പ്പത്തില്‍ അതുവരെ ഉണ്ടായിരുന്നില്ല. പോരാഞ്ഞ് കമ്യൂണിസ്റ്റും. എന്റെ യാഥാസ്ഥിതിക ക്രിസ്ത്യന്‍കുടുംബം അതൊന്നും ഉള്‍ക്കൊള്ളില്ല. പള്ളിയുമായി ബന്ധപ്പെട്ട സംഘടനകളില്‍മാത്രം പ്രവര്‍ത്തിച്ചുവന്ന ഒരാള്‍ക്ക് അത്തരം വിപ്ളവങ്ങളൊന്നും പെട്ടെന്ന് സാധ്യമല്ലല്ലോ. 'കുണ്ടുകുളത്തിന്റെ പട്ടാളം' എന്ന കളിയാക്കല്‍ കിരീടംപോലെ ഞാന്‍ അണിഞ്ഞുനടന്നിരുന്നു. വിമലയില്‍നിന്ന് കേരളവര്‍മയില്‍ വന്നകാലത്ത് സിഗററ്റ് വലിക്കുന്ന കുട്ടികളെപ്പോലും ഭയമായിരുന്നു.

സെന്റ്മേരീസ് കോളേജില്‍ പഠിത്തം കഴിഞ്ഞ് അടുത്തദിവസംതന്നെ ജോലി കിട്ടി. ഒപ്പം ഗവേഷണവും. ബൈബിളും മലയാളവുമാണ് വിഷയം. ഇന്റര്‍നെറ്റൊന്നുമില്ലാത്ത കാലം. പുസ്തകങ്ങള്‍ പലതും കുണ്ടുകുളം പിതാവുതന്നെ റോമില്‍നിന്ന് വരുത്തിത്തരുമായിരുന്നു.

കോളേജ് ഹോസ്റ്റലില്‍ രാത്രി വൈകി തീസിസ് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ആ അനുഭവം. വെളുത്തുമെലിഞ്ഞ് മൃദുമന്ദഹാസത്തോടെ എന്റെ ക്രിസ്തു. തമ്പിമാഷിന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ മടിക്കുന്നതെന്തിനെന്നാണ് ചോദ്യം. ഞാന്‍ വേണമെങ്കില്‍ കന്യാസ്ത്രീ ആയിക്കോളാം എന്നു മറുപടി. പിണങ്ങി കിടക്കയിലേക്ക് പോയി. ഉറങ്ങാന്‍ തുടങ്ങിയ എന്നെ അവന്‍ ചാട്ടവാറുകൊണ്ട് മര്‍ദിച്ചു. വേദനകൊണ്ട് ഞാന്‍ പുളഞ്ഞു. ഒടുവില്‍ വിവാഹത്തിന് ഞാന്‍ സമ്മതിച്ചു. വീട്ടുകാരോട് ഞാന്‍ തമ്പിമാഷിനുവേണ്ടി കലഹിച്ചു. പാടേ എതിര്‍ത്ത കുണ്ടുകുളം പിതാവിന് ദീര്‍ഘമായ കത്തെഴുതി. എന്റെ നിര്‍ബന്ധത്തിന് എല്ലാവരും വഴങ്ങി. അതുവരെ ആരെയും എതിര്‍ക്കാന്‍ ധൈര്യമില്ലായിരുന്ന എന്നെ ധൈര്യപ്പെടുത്തിയത് ക്രിസ്തുവാണ്.

എന്റെ ക്രിസ്തു വ്യാപാരികളെ ദേവാലയത്തില്‍നിന്ന് ചാട്ടവാറിനടിച്ച് ഓടിച്ചവനാണ്. അവനെ യഥാര്‍ഥമായി ഉള്‍ക്കൊണ്ടാല്‍ സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടം നടത്താന്‍ നമുക്ക് പറ്റില്ല. സ്ത്രീകളോട് വിവേചനം കാട്ടാന്‍ സാധിക്കില്ല.

പുതിയ മാര്‍പാപ്പ നമ്മുടെ പ്രതീക്ഷയാണ്. നാലുവര്‍ഷംകൊണ്ട് നാനൂറു വര്‍ഷത്തെ മാറ്റം അദ്ദേഹം വരുത്തി. 'ഞാന്‍ വിശ്വാസിയാണ്. പക്ഷേ, എന്റെ ദൈവം കത്തോലിക്കനല്ല' എന്നദ്ദേഹം പ്രഖ്യാപിച്ചു.

അതെ! എല്ലായിടവും ഇരുട്ടല്ല. പ്രതീക്ഷയുടെ വെള്ളിവെളിച്ചം പ്രണയംപോലെ പരക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top