03 June Saturday

ഫെമിനിസത്തിന്റെ ബാലപാഠങ്ങള്‍

ഡോ. ബി ഇക‌്ബാൽ/ ekbalb@gmail.comUpdated: Sunday Jul 15, 2018


പ്രസിദ്ധ നൈജീരിയൻ സാഹിത്യ പ്രതിഭ ചിമാമാൻഡ എൻഗോസി അദിചെ  ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റ് തത്വങ്ങളെ  പറ്റി എഴുതിയ സവിശേഷതകളേറെയുള്ള കൃതിയാണ് ഡിയർ ഇജിയവെലെ ഓർ എ ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ഇൻ ഫിഫ്റ്റീൻ സജഷൻസ് (Dear Ijeawele or a Feminist Manifesto in Fifteen Suggestions by Chimamanda Ngozi Adichie: Fourth Estate 2017).   സുഹൃത്ത് ഇജിയവെലെ തന്റെ മകളെ എങ്ങിനെ ഒരു ഫെമിനിസ്റ്റായി വളർത്തിയെടുക്കാം എന്നാരാഞ്ഞ‌്  അദിചെക്ക് ഒരു കത്തയച്ചിരുന്നു  അതിനുള്ള മറുപടിയായി  തയ്യാറാക്കിയ  15  പ്രായോഗിക  നിർദേശങ്ങളുടെ  സമാഹാരമാണിത‌്.  നിരവധി ഫെമിനിസ്റ്റ് പുസ്തകങ്ങളിൽ ആയിരക്കണക്കിന് പേജുകളിലായി വിശദീകരിക്കപ്പെട്ട ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളാണ്  80 പേജുകളിൽ  സംക്ഷിപ്തമായി അവതരിപ്പിക്കുന്നത്.

ഇജവെലയുടെ കത്ത് തന്നെ ഒരേയവസരത്തിൽ സന്തോഷിപ്പിക്കയും കരയിക്കയും ചെയ്തു എന്ന്  ആമുഖ കുറിപ്പിൽ അദിചെ പറയുന്നു.   മാറ്റമൊന്നുമില്ലാതെ എല്ലാകാലത്തേക്കുമുള്ള ഫെമിനിസം എന്നൊന്നില്ലെന്നും അത‌് സന്ദർഭോചിതമായിരിക്കുമെന്നും(Contextual)  അദിചെ വ്യക്തമാക്കുന്നു.  പുരുഷനുമായി യാതൊരു ഉപാധികളുമില്ലാതെ   തുല്യപദവിയിൽ  പരിഗണിക്കപ്പെടേണ്ടവളാണ്  സ‌്ത്രീ എന്ന അടിസ്ഥാന പ്രമാണത്തിൽ   വിശ്വസിക്കുന്നുവെന്ന് അദിചെ പ്രഖ്യാപിക്കുന്നു. നൈജീരിയൻ സംസ്കാരത്തിലും പാരമ്പര്യങ്ങളിലും അധിഷ‌്ഠിതമായ ചില നിർദേശങ്ങൾ   ഉന്നയിക്കുന്നുണ്ടെങ്കിലും സാർവലൗകിക പ്രസക്തിയുള്ള കാഴ്ചപ്പാടുകളാണ് പൊതുവിൽ മുന്നോട്ടുവയ‌്ക്കുന്നത‌്.

ഫെമിനിസ്റ്റുകൾ പൂർണവ്യക്തിത്വത്തിന്റെ ഉടമകളാകണം  എന്നതാണ്  ആദ്യ നിർദേശം.    അഭിരുചിയും താത്പര്യവുമുള്ള കാര്യങ്ങൾ ചെയ്യുന്നതിലും ചെയ്യുന്ന ജോലിയോട് പ്രതിബദ്ധത കാട്ടുന്നതിനും ആരോടും യാചിക്കേണ്ടതില്ല.  തൊഴിലും  മാതൃത്വവും പൊരുത്തപ്പെടില്ല എന്ന പരമ്പരാഗതാ ധാരണ നിരാകരിക്കണം. ഗൃഹജോലിയും പരിചരണവും (Care) സത്രീകൾ മാത്രം ചെയ്യേണ്ടതല്ല. അവയെ അലിംഗ വിഭാഗ(Gender Netural)മായി കാണണം. കുട്ടികളെ വളർത്തുന്നത്  പിതാവിന്റെ  കൂടി ഉത്തരവാദിത്വമാണ്. കുട്ടികളെ പരിപാലിക്കുന്നതിലൂടെ പുരുഷൻ സ്ത്രീയെ സഹായിക്കയല്ല തന്റെ ചുമതല നിർവഹിക്കുകയാണ് ചെയ്യുന്നത്. പല കുടുംബചുമതലകളും സ്തീകളും പുരുഷന്മാരും ഒരുമിച്ചാണ് (Do it together)  നിർവഹിക്കേണ്ടത്.  ലിംഗ മാതൃകൾ (Gender Roles) ശുദ്ധ അസംബന്ധമാണെന്ന് മകളെ പഠിപ്പിക്കണമെന്ന് അദിചെ   ആവശ്യപ്പെടുന്നു. പാചകവും വീട്ടു ജോലിയും സ‌്ത്രീയും പുരുഷനും ഒരുപോലെ അറിഞ്ഞിരിക്കേണ്ട ജീവിത നൈപുണ്യങ്ങളാണ് .

ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വസ്ത്രങ്ങളോ കളിപ്പാട്ടങ്ങളോ  വേണ്ട. വ്യത്യസ്ത മാതൃകയിലുള്ളവയിൽ നിന്നും ഇഷ്ടമുള്ളത് കുട്ടികൾ തെരഞ്ഞെടുക്കട്ടെ. കുട്ടിക്കാലത്ത് തന്നെ മകളെ സ്വാശ്രയ ശീലമുള്ളവളാക്കണം.   ഉപാധികളൊടെയുള്ള സ‌്ത്രീ സമത്വത്തെ ഒരിക്കലും അംഗീകരിക്കരുത‌്. സമ്പൂർണ സ്തീ പുരുഷ സമത്വമാണ് സ്വീകാര്യം. മൃദു ഫെമിനിസം (Feminism Lite) എന്നതിലടങ്ങിയിട്ടുള്ള സ‌്‌ത്രീവിരുദ്ധതയെ അദിചെ തുറന്നു കാട്ടുന്നു.    പ്രകൃത്യാ  ശക്തരായ  പുരുഷന്മാർ സ‌്‌ത്രീകളോട് മാന്യമായി  പെരുമാറുകയും സ‌്‌ത്രീകൾക്കിഷ്ടമുള്ളത്  ചെയ്യാൻ അനുവദിക്കുകയും   ചെയ്താൽ  മതിയെന്ന സമീപനം സ്വീകാര്യമല്ല.  രക്ഷാധികാര  മനോഭാവത്തോടെയുള്ള പുരുഷന്മാരുടെ സ‌്‌ത്രീ സൗഹൃദമെന്ന് തോന്നലുണ്ടാക്കുന്ന  നിലപാടുകളെ  അംഗീകരിക്കുന്ന ഫെമിനിസ്റ്റ് സമീപനത്തെയാണ്  മൃദു ഫെമിനിസം എന്ന് വിശേഷിപ്പിക്കുന്നത്.

മകളെ ധാരാളം പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കണമെന്ന്  അദിചെ നിർദേശിക്കുന്നു.  അമ്മതന്നെ പുസ്തകങ്ങൾ വായിച്ച് കേൾപ്പിച്ച് മകളെ വായനയിലേക്ക‌് പ്രേരിപ്പിക്കണം.  വായനയിലൂടെ  ലോകത്തെ കൂടുതൽ മനസ്സിലാക്കാൻ കഴിയും.  സ‌്‌ത്രീവിരുദ്ധ സമീപനങ്ങളെ ചോദ്യം ചെയ്യാനുള്ള  ആത്മവിശ്വാസവും  ലഭിക്കും.  ഭാഷാ പ്രയോഗങ്ങളിൽ അന്തർലീനമായ ലിംഗാധിപത്യ ആശയങ്ങളെ ചോദ്യം ചെയ്യാൻ കൂടി മകളെ പഠിപ്പിക്കണം.  ഉദാഹരണത്തിന് പെൺകുട്ടികളെ രാജകുമാരി എന്നു വിളിക്കുന്നതിനെ അപനിർമിക്കാൻ അദിചെ ശ്രമിക്കുന്നു. രാജകുമാരിയെന്നാൽ ഒരു രാജകുമാരൻ കുതിരപ്പുറത്ത് വന്ന് രക്ഷപ്പെടുത്തേണ്ട അതീവ ലോലയായ സുന്ദരി എന്നാണർഥം.  അതിനു പകരം പെൺകുട്ടികളെ മാലാഖയെന്നോ താരകമെന്നോ വിളിക്കുന്നതാവും ഉചിതമെന്ന് നർമബോധത്തോടെ അദിചെ അഭിപ്രായപ്പെടുന്നു. പലതൊഴിലുകളുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്ന ലിംഗ സൂചക പദങ്ങൾ ഒഴിവാക്കേണ്ടതാണ്. എന്തിനാണ് ലേഡി മെക്കാനിക്ക് ?  മെക്കാനിക്ക്  പോരെ എന്ന് അദിചെ ചോദിക്കുന്നു. സ‌്ത്രീകൾ പക്ഷസമർഥനത്തിനും  അമിത ബഹുമാനത്തിനും    വിധേയരാക്കപ്പെടേണ്ടവരാണെന്ന ധാരണയിൽ പുരുഷമേധാവിത്വപരമായ സമീപനമുണ്ട‌്.  സ്തീകൾക്ക് പ്രത്യേകമായ ആദർശപരിവേശമല്ല സ‌്ത്രീപുരുഷ സമത്വമാണ് ലക്ഷ്യമിടേണ്ടത്.  

വിവാഹം സ്തീകളുടെ ഇഷ്ടകാര്യ ലബ‌്‌ധിയായി ഒരിക്കലും ചിത്രീകരിക്കരുതെന്ന് അദിചെ മുന്നറിയിപ്പ് നൽകുന്നു. വിവാഹകാംക്ഷ  പെൺകുട്ടികളിലെ ചെറുപ്പം മുതൽ ജനിപ്പിക്കുന്നുണ്ട്. കുടുംബജീവിതം സ‌്ത്രീകൾക്ക് സംരക്ഷണം നൽകുന്നുവെന്ന ധാരണമൂലം വിവാഹം സ‌്ത്രീയും   പുരുഷനും തമ്മിലുള്ള അസന്തുലിത ബന്ധമായി മാറുന്നു.  ഹിലരി ക്ലിന്റൺ അമേരിക്കൻ പ്രസിഡണ്ടായി മത്സരിച്ചപ്പോൾ അവരെ ബിൽ ക്ലിന്റന്റെ ഭാര്യയെന്ന് ആവർത്തിച്ച് വിശേഷിപ്പിച്ചിരുന്നു. എന്നാൽ ക്ലിന്റൻ മത്സരിച്ചപ്പോൾ ഹിലാരിയുടെ ഭർത്താവെന്നൊരിടത്തും പറഞ്ഞില്ല. സമൂഹത്തിൽ രൂഢമൂലമായ പുരുഷാധിപത്യ കുടുംബ സങ്കല്പമാണിത്തരം നിലപാടുകൾക്ക് കാരണം.    വിവാഹിതകളായ സ‌്ത്രീകളെ വിശേഷിപ്പിക്കാൻ മിസ്സിസ്സ് എന്നതുപേക്ഷിച്ച് എപ്പോഴും മിസ് എന്ന് മാത്രം സ‌്ത്രീകൾ ഉപയോഗിക്കണം. 


ആരെയും മുഷിപ്പിക്കാതിരിക്കലാണ് സ‌്ത്രീകളുടെ സഹജസ്വഭാവമെന്ന ധാരണ ഉപേക്ഷിക്കണം.  എല്ലാവരാലും സ്വീകാര്യയാവാൻ പലപ്പോഴും പല അസുഖകരങ്ങളായ അനുഭവങ്ങളും മൂടിവയ‌്ക്കേണ്ടിവരും. മറ്റുള്ളവരാൽ ഇഷ്ടപ്പെടുകയോ വെറുക്കപ്പെടുകയോ ചെയ്യേണ്ട കേവല വസ്തു (Object)അല്ല സ്തീ. മറ്റുള്ളവരെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും അവകാശമുള്ള ആഖ്യ  (Subject) കൂടിയാണവൾ. മകൾ വ്യക്തിത്വ ബോധം (Identtiy വികസിപ്പിച്ചെടുക്കാൻ ശ്രദ്ധിക്കണമെന്ന് അദിചെ സുഹൃത്തിനെ ഉപദേശിക്കുന്നു. ഫുട്ബോൾ, ടെന്നീസ്, നീന്തൽ തുടങ്ങി എന്തിലെങ്കിലും പങ്കെടുക്കാൻ പെൺകുട്ടികളെ  പ്രേരിപ്പിക്കേണ്ടതാണ്.

വ്യായാമത്തിനുമാത്രമല്ല,   ശരീരീരികമായും കായികമായും  സ‌്ത്രീകൾ ദുർബലരാണെന്ന  പൊതുബോധം മാറ്റിയെടുക്കാൻ ഇതുവേണം. മേക്കപ്പ് ചെയ്യാനും ഫാഷനനുസരിച്ച് വസ്ത്രധാരണം ചെയ്യാനും ഇഷ്ടമുള്ള സ‌്ത്രീകൾ അത് ചെയ്യട്ടെ. ബാഹ്യരൂപവും വസ്ത്രധാരണവും ധാർമിക പ്രശ്നമാക്കേണ്ടതില്ല. ഓരോരുത്തരുടെയും അഭിരുചിയനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തട്ടെ.  അതേയവസരത്തിൽ . ഫെമിനിസവും (സ്‌ത്രീ സ്വാതന്ത്ര്യവാദം) ഫെമിനിറ്റിയും (സ്തീത്വം)  തമ്മിൽ വൈരുധ്യങ്ങളില്ലെന്നും അദിചെ വാദിക്കുന്നു.  സ‌്ത്രീകൾ അണിഞ്ഞൊരുങ്ങുന്നതിനെയും മറ്റും എതിർക്കുന്ന സ‌്ത്രീപക്ഷപാതികൾ  സത്യത്തിൽ സ‌്ത്രീവിരുദ്ധ (Misogynist)   നിലപാടാണ് പരോക്ഷമായി  സ്വീകരിക്കുന്നത്. ലൈംഗിക വിജ്ഞാനം കുട്ടിക്കാലത്ത് തന്നെ മകൾക്ക് നൽകണമെന്ന് അദിചെ  പറയുന്നു. സ്വന്തം ശരീരം തന്റെ മാത്രം  സ്വത്താണെന്ന് അതിൽ കൈവക്കാനുള്ള അവകാശം മറ്റാർക്കുമില്ലെന്നും കുട്ടിക്കാലം മുതൽ പെൺകുട്ടികൾ മനസ്സിലായിരിക്കണം. ലൈംഗികതയെ(Sexualtiy)   ചൊല്ലി കുറ്റബോധം തോന്നേണ്ടതില്ല. പുരുഷനുമായുള്ള സ്നേഹബന്ധത്തിൽ   പ്രശ്നങ്ങളുണ്ടായാൽ ത്യാഗം അനുഷ‌്ഠിക്കേണ്ടവർ സ‌്ത്രീകൾ മാത്രമാണെന്ന ധാരണ ഉപേക്ഷിക്കണം. പുരുഷന്മാരാണ് വിവാഹാഭ്യർഥന നടത്തേണ്ടതെന്ന വിശ്വാസവും ശരിയല്ല. സ്തീകൾക്കും  അങ്ങിനെ ചെയ്യാം. അടിച്ചമർത്തപ്പെടുന്ന സ‌്ത്രീകളെ വിശുദ്ധകളാക്കി മാറ്റരുത്. സ‌്ത്രീകൾ എല്ലാം കുറ്റമറ്റവരാണെന്ന ധാരണയും ശരിയല്ല. 

ഒന്നിനെ പറ്റിയും അന്തിമ തീർപ്പ് കല്പിക്കാൻ പാടില്ല  എന്ന് നിലപാടിന്റെ പേരിൽ ഒന്നിനെ പറ്റിയും സ്വന്തമായി അഭിപ്രായമില്ലാത്തവളായി മാറാതിരിക്കാൻ  മകളെ ജാഗ്രതപ്പെടുത്തേണ്ടതാണ്.ഫെമിനിസത്തെക്കുറിച്ചുള്ള തന്റെ മുൻ ലേഖന (We Should All Be Feminist. Fourth Estate: 2014)  ത്തിന്റെ  തുടർച്ചയായിട്ടാണ്  സുഹൃത്തിനെ  അഭിസംബോധന ചെയ്തുകൊണ്ട് 15 നിർദേശങ്ങൾ എഴുതിയിട്ടുള്ളത്.  അദിചെയുടെ അഭിപ്രായങ്ങളോടെ  യോജിക്കാൻ കഴിയാത്തവർക്ക് പോലും  ഫെമിനിസ്റ്റ് സാഹിത്യത്തിന് മുതൽക്കൂട്ടായ ഇ പുസ്തകത്തെ അവഗണിക്കാനാവില്ല. ഫെമിനിസത്തെ സംബന്ധിച്ച്  പല മുൻ ധാരണകളും പുനഃപരിശോധനക്ക് വിധേയമാക്കി  ഫെമിനിസ്റ്റ് സംവാദത്തെ പുതിയ തലങ്ങളിലേക്കുയർത്താൻ സഹായിക്കും ഈ പുസ്തകം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top