30 March Thursday

കമ്യൂണിസത്തിന്റെ അന്ത്യം പ്രവചിച്ച ഫുകുയാമ നിലപാട്‌ തിരുത്തുന്നു

ഡോ. ബി ഇക‌്ബാൽ ekbalb@gmail.comUpdated: Friday Dec 14, 2018

 സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെയും തകർച്ചയോടെ കമ്യൂണിസത്തിന്റെ അന്ത്യം പ്രവചിച്ച്‌  പാശ്ചാത്യരായ നിരവധി രാഷ്ട്രീയ നിരീക്ഷകരും സാമൂഹ്യ ശാസ്‌ത്രജ്ഞരും മുന്നോട്ട് വന്നിരുന്നു.  സ്റ്റാൻഫോർഡ് സർവകലാശാല ഇൻസ്റ്റിസ്റ്റ്യൂട്ട് ഫോർ ഇന്റർ നാഷണൽ സ്റ്റഡീസ് പ്രൊഫസർ ഫ്രാൻസിസ് ഫുകുയാമ ആയിരുന്നു ഇവരിൽ  ശ്രദ്ധേയൻ. 1992ൽ പ്രസിദ്ധീകരിച്ച എൻഡ‌് ഓഫ് ഹിസ്റ്ററി ആൻഡ‌് ലാസ്റ്റ് മാൻ(End of History and the Last Man|) കമ്യൂണിസ്റ്റ് വിരുദ്ധരുടെ വിശുദ്ധഗ്രന്ഥമായി.  1989ൽ  ദി നാഷണൽ ഇന്ററസ്റ്റ് എന്ന  ജേർണലിൽ  പ്രസിദ്ധീകരിച്ച എൻഡ‌് ഓഫ് ഹിസ്റ്ററി? എന്ന ലേഖത്തിന്റെ  വിപുലീകൃതരൂപമായിരുന്നു ഈ പുസ്‌തകം. 

 കമ്യൂണിസം തകർന്നതോടെ മനുഷ്യരാശിയുടെ സാമൂഹ്യ സാംസ്‌കാരിക പരിണാമത്തിന്റെ  അന്ത്യമായെന്നും പാശ്ചാത്യ ഉദാര ജനാധിപത്യത്തിന്റെയും സ്വതന്ത്ര  കമ്പോള മുതലാളിത്തത്തിന്റെയും പാതയിലൂടെമാത്രമാകും മനുഷ്യസമൂഹം ഇനി ചരിക്കുകയെന്നും ഫുകുയാമ വാദിച്ചു. സോവിയറ്റ് യൂണിയന്റെ പതനത്തെതുടർന്ന് പാശ്ചാത്യനാടുകളിൽ ഉയർന്നുവന്ന കമ്യൂണിസ്റ്റ് വിരുദ്ധതയ‌്ക്ക് താത്വിക അടിത്തറ നൽകുകയായിരുന്നു ഫുകുയാമ.  

 
 2002ൽ പ്രസിദ്ധീകരിച്ച  Our Post Human Future: Consequences of the Biotechnology Revolution  എന്ന ഗ്രന്ഥത്തിൽ ഫുകുയാമ തന്റെ  നിലപാടുകൾ പുനഃപരിശോധിച്ചത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ജൈവ സാങ്കേതികവിദ്യയുടെ വളർച്ച സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഇത്‌ വിശകലനം ചെയ്‌തത്‌. ശാസ്‌ത്ര സാങ്കേതിക വിദ്യകളുടെ വളർച്ച അവസാനിക്കാത്തിടത്തോളം ചരിത്രം അവസാനിക്കില്ല എന്ന സത്യം പരിഗണിക്കാതെയാണ് താൻ ചരിത്രം അവസാനിച്ചു എന്ന് തെറ്റായി വാദിച്ചതെന്ന് ഫുകുയാമ അതിൽ കുറ്റസമ്മതം നടത്തി.  ജൈവ നൈതികത (Bio Ethics)  സാഹിത്യത്തിന് കനപ്പെട്ട സംഭാവനതന്നെയാണ് ഈ പുസ്‌തകം. പക്ഷേ, അതിലും പ്രധാനം കമ്യൂണിസം അവസാനിച്ചു എന്ന നിലപാട് ഫുകുയാമ ഉപേക്ഷിച്ചു എന്നതാണ്.  
 
മറ്റ് പല പാശ്ചാത്യ ബുദ്ധിജീവികളെയുംപോലെ  നേരത്തെ പ്രകീർത്തിച്ച  ഉദാരമുതലാളിത്തത്തിന്റെ വിമർശകനായി ഫ്രാൻസിസ് ഫുകുയാമയും മാറിയിരിക്കുന്നു എന്ന്  വ്യക്തമാക്കുന്നു  Identiy: Contemporary Identity Politics and the Struggle for Recognition എന്ന പുതിയ പുസ്‌തകം.  ഉദാരമുതലാളിത്തത്തിന്റെ അടിത്തറ മാന്തുന്ന സ്വത്വ രാഷ്ടീയ പ്രവണതകളാണ് പുതിയ പുസ്‌തകത്തിൽ  പ്രധാനമായും  ഉന്നയിക്കുന്നത്.
 
ചരിത്രം അവസാനിച്ചു എന്ന‌് താൻ നേരത്തെ നിരീക്ഷിച്ചത്  ഒരു സാധ്യതയെന്ന നിലയിൽ മാത്രമാണെന്ന വിശദീകരണത്തോടെയാണ്‌  പുസ്‌തകം ആരംഭിക്കുന്നത്. താനെഴുതിയ ലേഖന (End of History?) ത്തിന്റെ തലക്കെട്ട് ഒരു ചോദ്യചിഹ്നത്തിലാണ് അവസാനിക്കുന്നത് എന്ന വസ്‌തുത ആരും   ശ്രദ്ധിച്ചില്ലെന്ന്‌ അദ്ദേഹം പരിതപിക്കുന്നു. മാർക്‌സിയൻ ഹെഗലിയൻ വീക്ഷണത്തിലാണ് താൻ ചരിത്രം എന്ന സംവർഗം ഉപയോഗിച്ചിട്ടുള്ളത്. അവസാനമെന്നത് സമാപ്തി എന്ന നിലയിലല്ല പ്രയോഗിച്ചത്. മാർക്‌സ്‌ വിഭാവനം ചെയ്‌ത  കമ്യൂണിസ്റ്റ് ആദർശരാഷ്ട്രത്തേക്കാൾ കമ്പോളവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള ഹെഗലിയൻ  ഉദാര ഭരണവ്യവസ്ഥ യാഥാർഥ്യമാകാനുള്ള സാധ്യതയാണ‌് കൂടുതൽ എന്നുമാത്രമാണ് താനുദ്ദേശിച്ചതെന്നും വാദിക്കുന്നു.  
 
2016 ലോകരാഷ്ടീയത്തിലെ വലിയ മാറ്റത്തിന് തുടക്കംകുറിച്ചെന്ന് ഫുകുയാമ നിരീക്ഷിക്കുന്നു. പ്രവചനങ്ങൾ തെറ്റിച്ച്  ഡോണൾഡ് ട്രംപ്‌ അമേരിക്കൻ പ്രസിഡന്റായതും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന്‌ പുറത്തുപോകാൻ തീരുമാനിച്ചതും ഉദാര ജനാധിപത്യ വ്യവസ്ഥയുടെ വിശ്വസനീയതയെ കളങ്കപ്പെടുത്തി. അമേരിക്കൻ ഭരണവ്യവസ്ഥയുടെ ജീർണതയും സ്‌തംഭനവുമാണ് ട്രംപിന്റെ വിജയത്തിന് കാരണം. ട്രംപിനോളം അനർഹനായൊരാൾ ഇതുവരെ  പ്രസിഡന്റായിട്ടില്ല. ട്രംപ്‌ നടപ്പാക്കാൻ ശ്രമിക്കുന്ന സാമ്പത്തിക ദേശീയത അമേരിക്കൻ സമ്പദ്‌ഘടനയെ കൂടുതൽ കുഴപ്പത്തിലേക്ക് നയിക്കുകയാണ്‌. 
ശക്തിപ്രാപിച്ചുവരുന്ന ജനപ്രിയ ദേശീയത  (Populist Nationalism) എന്ന അപകടകരമായ പ്രവണതയുടെ പ്രതിനിധിയാണ് ട്രംപ്.  ജനാധിപത്യപരമായ പ്രക്രിയയിലൂടെ അധികാരത്തിലെത്തുന്ന ഭരണാധികാരികൾ തെരഞ്ഞെടുപ്പിന്റെ വിശ്വസനീയത ദുരുപയോഗം ചെയ്‌ത്‌  അധികാരമുറപ്പിച്ച് ഏകാധിപത്യ പ്രവണതയിലേക്ക് നീങ്ങുന്നു. ഉദാര ജനാധിപത്യ വ്യവസ്ഥയുടെ നിയന്ത്രണ ക്രമീകരണ സംവിധാനങ്ങളായ നീതിന്യായവ്യവസ്ഥ, നിയമനിർമാണസഭ, ഭരണനിർവഹണ സംവിധാനം,  മാധ്യമ സ്വാതന്ത്ര്യം എന്നിവയെയെല്ലാം ദുർബലപ്പെടുത്തി പലരും ഏകാധിപതികളായി മാറുകയാണ്. തങ്ങളുടെ വ്യക്തിപ്രഭാവത്തിലൂടെ പൊതുസമൂഹവുമായി സംവദിച്ചുകൊണ്ട് വംശീയമോ ദേശീയമോ ആയ  സ്വത്വബോധത്തെ ഊതിവീർപ്പിച്ചാണ് ഇവർ ഉദാരജനാധിപത്യ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നത്. 
 
 ലോകമെമ്പാടും ജനാധിപത്യവ്യവസ്ഥ ശക്തിപ്രാപിച്ചത്‌ 1970കളോടെയാണെന്ന് ഫുകുയാമ വ്യക്തമാക്കുന്നു. എഴുപതുകളിൽ കേവലം 35 രാജ്യങ്ങളിൽമാത്രമാണ് ജനാധിപത്യ ഭരണകൂടങ്ങളുണ്ടായിരുന്നത്. ഇത്  2000ഓടെ 120 ആയി. സോവിയറ്റ്,  കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ തകർച്ച സംഭവിച്ച 1989‐91 കാലത്താണ് ഏറ്റവുമധികം രാജ്യങ്ങൾ ജനാധിപത്യവ്യവസ്ഥയിലേക്ക് കടന്നുവന്നത്. എന്നാൽ, സമീപകാലത്ത് ഇവയിൽ പല രാജ്യങ്ങളും സങ്കുചിത ദേശീയ പ്രവണതകൾ പ്രകടിപ്പിച്ച്‌ ഉദാരരഹിത ജനാധിപത്യ രാജ്യങ്ങളായി  (Illiberal Democracy) പരിണമിച്ചു.  തൊണ്ണൂറുകളുടെ  ആദ്യം ആവേശത്തോടെ അവതരിപ്പിച്ച ഉദാര ജനാധിപത്യവ്യവസ്ഥയുടെ ജീർണതയും ഏകാധിപത്യ പ്രവണതകളിലേക്കുള്ള തിരിച്ചുപോക്കുമാണ് ഇപ്പോൾ സംഭവിക്കുന്നതെന്ന്  ഫുകുയാമ വിലപിക്കുന്നു. 
 
അംഗീകാരത്തിനും അന്തസ്സിനുംവേണ്ടിയുള്ള മനുഷ്യരാശിയുടെയും  ദേശരാഷ്ട്രങ്ങളുടെയും അദമ്യമായ ത്വരയെ സൂചിപ്പിക്കുന്ന തൈമോസ് (Thymos) എന്ന ഗ്രീക്ക് സംവർഗത്തിന്റെ പ്രസക്തിയാണ്  ഫുകുയാമ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്‌.  ഹെഗലിയൻ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലാണ്  തൈമോസ് എന്ന ആശയത്തെ അവതരിപ്പിക്കുന്നത്.  തൈമോസിൽനിന്നാണ് മറ്റുള്ളവരുമായി  തുല്യതയോടെ കണക്കാക്കപ്പെടാനുള്ള ഐസോതൈമിയ  (Isothymia) എന്ന ആശയം ഉയർന്നുവന്നത്‌. ആധുനിക ജനാധിപത്യ സംവിധാനങ്ങൾ ജനങ്ങൾക്ക് പൊതുവിൽ നിയമവാഴ്‌ചയും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പാക്കുമ്പോൾത്തന്നെ പ്രാന്തവൽക്കരിക്കപ്പെടുന്നവരുടെയും ന്യൂനപക്ഷ ജനസമൂഹങ്ങളുടെയും മതവിഭാഗങ്ങളുടെയും  സവിശേഷ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ  പരാജയപ്പെടുന്നു.  തുല്യ  പരിഗണന (ഐസോതൈമിയ)യ‌്ക്കുവേണ്ടിയുള്ള  അദമ്യമായ  ആഗ്രഹം അരികുവൽക്കരിക്കപ്പെടുന്നു എന്ന തോന്നലുള്ള  രാജ്യങ്ങളെ  അക്രമാസക്ത ദേശീയതയിലേക്കും  രാജ്യങ്ങൾക്കുള്ളിലുള്ള പ്രാന്തവൽക്കരിക്കപ്പെടുന്ന മത വംശീയവിഭാഗങ്ങളെ സ്വത്വ രാഷ്ടീയത്തിലേക്കും  തീവ്രവാദ പ്രസ്ഥാനങ്ങളിലേക്കും നയിക്കുന്നു.  
 
ഉദാര ജനാധിപത്യം നേരിടുന്ന മറ്റൊരു വെല്ലുവിളിയെ മെഗലോ തൈമിയ (Megalothymia)  എന്നാണ് ഫുകുയാമ വിശേഷിപ്പിക്കുന്നത്. ജനാധിപത്യ വ്യവസ്ഥ ജനങ്ങൾക്ക് സമാധാനവും സുഭിക്ഷതയും ലഭ്യമാക്കുന്നതിനൊപ്പം അവരെ ഉപഭോക്തൃ സംസ്‌കാരത്തിന്‌ അടിമകളാക്കുകയുംചെയ്യുന്നു. താൻപോരിമയും എന്തും നേടാൻ കരുത്തും കഴിവുമുള്ള ചിലരെ സൃഷ്ടിക്കുന്നു. ഏകാധിപത്യ പ്രവണതകളുള്ള  നേതാക്കൾ മെഗലോതൈമിയക്ക് അടിമപ്പെടുന്നവരാണ്. 
 സാർവത്രിക അംഗീകാരമെന്നത് ദേശം, മതം, വംശം, ലിംഗം, ഗോത്രം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഭാഗിക അംഗീകാരമായി മാറുകയാണെന്ന് ഫുകുയാമ നിരീക്ഷിക്കുന്നു. ഇതിനുള്ള അടിസ്ഥാന കാരണം ആഗോളവൽക്കരണനയങ്ങളെത്തുടർന്നുണ്ടായ സാമൂഹ്യ സാമ്പത്തിക അസമത്വങ്ങളാണ്. ജനങ്ങളുടെ അസംതൃപ്തിയെ അംഗീകാരത്തിനുള്ള വിഭാഗീയ പ്രവണതകളായി മാറ്റിയതിലൂടെയാണ് ട്രംപിനെപ്പോലുള്ളവർ അധികാരത്തിലെത്തിയതെന്ന്‌ ഫുകുയാമ വാദിക്കുന്നു. തൊഴിലില്ലായ്‌മയ‌്ക്ക് കാരണം കുടിയേറ്റമാണെന്നു സ്ഥാപിച്ച് ഒരുതരത്തിലുള്ള  നഷ്ടപ്രതാപത്തിലൂന്നിയ  സ്വത്വബോധം സൃഷ്ടിച്ചാണ്  തൊഴിലാളികളുടെപോലും പിന്തുണയോടെ  ട്രംപ്‌ അധികാരത്തിലെത്തിയത്.   
 
കമ്യൂണിസത്തിന്റെ ചരമക്കുറിപ്പ് രചിച്ച ഫുകുയാമയെ അല്ല പുതിയ പുസ്‌തകത്തിൽ നമുക്ക് വായിച്ചെടുക്കാനാവുക.  ലോകരാജ്യങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ  പഴയ സിദ്ധാന്തങ്ങളെ ഉപേക്ഷിക്കാൻ ഫുകുയാമയെ നിർബന്ധിക്കുന്നുണ്ട്.  ഹെഗലിയൻ ആശയലോകത്തുനിന്ന‌് പുറത്ത് കടക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെങ്കിലും  സമീപകാലത്ത്‌ ഇറങ്ങിയ നവ ഉദാരമുതലാളിത്ത വിമർശന ഗ്രന്ഥങ്ങളിൽ മൗലിക ചിന്തകൾ ഏറെയുള്ള ഒന്നാണ് ഫുകുയാമയുടെ ഈ പുസ്‌തകം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top