21 September Thursday

താണുവണങ്ങൂന്നേൻ ...ഏഴാച്ചേരി കവിത

ശശി മാവിന്‍മൂട്Updated: Sunday Oct 14, 2018

ചാരുതയാര്‍ന്ന കാവടിച്ചിന്തുകള്‍ പോലെയാണ് ഏഴാച്ചേരിക്കവിത. പൂനിലാത്തിര ചാര്‍ത്തിയും നീലമിഴിയാല്‍  ദാഹമന്ദാരങ്ങളൊരുക്കിയും ആകാശത്തോളമെത്തുന്ന ചില്ലാട്ടങ്ങളായി ആ കവിതകള്‍ മലയാളത്തിന്റെ സാത്വികപ്രാണഭാവങ്ങളെ തൊട്ടുണര്‍ത്തുന്നു. ഒറ്റക്കല്ലില്‍ തീര്‍ത്ത കാവ്യശില്‍പ്പംപോലെ ഋതുസുഗന്ധിയായ അനുഭവം പങ്കിടുന്ന ഏഴാച്ചേരിയുടെ പുതിയ കവിതകളുടെ സമാഹാരമാണ്  'താണുവണങ്ങുന്നേന്‍'. മാനവികതയും മഹാസങ്കടങ്ങളും ജീവിതാഭിരതിയും സ്നേഹവാത്സല്യങ്ങളും ഇതില്‍ ഒരുപോലെ ഉയിര്‍കൊള്ളുന്നു.
 
മലയാളകവിതയുടെ ചരിത്രമാണ് ഈ കൃതി. കാവ്യചരിത്രത്തിന്റെ അര്‍ഥദീപ്തമായ നാള്‍വഴികളെയും കവികുലത്തിന്റെ നിസ്തുല സംഭാവനകളെയും ഹൃദ്യവും ലളിതവും സരളവുമായി കവി തൊട്ടെടുക്കുന്നു. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ 32 കവികളെയും അവരുടെ കാവ്യസംഭാവനകളെയും നേരോടെ കാട്ടിത്തരുന്നു. കവിയുടെ കണ്ണുതുറപ്പിച്ച ദിവ്യസ്നേഹഗുരുക്കള്‍ക്കുള്ള പദകാണിക്കയാണ് ഈ കവിതകള്‍.
 
രാമചരിതമെഴുതിയ ചീരാമകവിയും രാമകഥപ്പാട്ടെഴുതിയ കോവളം കവികളുംമുതല്‍ വാക്കും വഴക്കും കരുത്തും മരുത്തുമായ് വന്നുവിരിഞ്ഞ കടമ്മനിട്ടവരെ കവിയുടെ ഗുരുദക്ഷിണ ഏറ്റുവാങ്ങാനായി ഇവിടെ അണിനിരക്കുന്നു. മഞ്ജരീഗാനവൃത്തത്തില്‍ ഹൃദയങ്ങളെ ത്രസിപ്പിച്ച കൃഷ്‌ണഗാഥ രചിച്ച ചെറുശ്ശേരി, ഭാഷാപിതാവ്  എഴുത്തച്ഛന്‍, ചിരിയും ചിന്തയും കവിതയില്‍ നിവേദിച്ച  ജനകീയകവി കുഞ്ചന്‍നമ്പ്യാര്‍, നളചരിതം ആട്ടക്കഥാകര്‍ത്താവ് ഉണ്ണായി വാര്യര്‍, കുചേലവൃത്തമെഴുതിയ രാമപുരത്തു വാര്യര്‍, പൂന്തേനാം പലകാവ്യം കണ്ണനു നിവേദിച്ച പൂന്താനം,

തുഞ്ചനുശേഷം മലയാളഭാഷയ്ക്ക്  രണ്ടാമതുണ്ടായൊരച്ഛന്‍ എ ആര്‍ രാജരാജവര്‍മ, ആധുനിക കവിത്രയങ്ങളായ കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, മലയാളകവിതയെ കാല്‍ച്ചിലമ്പണിയിച്ച ചങ്ങമ്പുഴ, സ്വര്‍ഗത്തെ മണ്ണിലിറക്കി നിര്‍ത്തിയ പാലാ നാരായണന്‍നായര്‍, ആദ്യ ജ്ഞാനപീഠ പുരസ്‌കാരം മലയാളത്തിനു നേടിത്തന്ന ജി ശങ്കരക്കുറുപ്പ്, മലയാളകവിതയിലെ നവഭാവുക പെരുമാളായ എന്‍ വി കൃഷ്ണവാര്യര്‍, മാതൃത്വത്തിന്റെ മഹനീയ സാന്നിധ്യമായ ബാലാമണിയമ്മ, മലയാള സുകൃതകലേശനായ വൈലോപ്പിള്ളി, വേദനകള്‍ കുഴിവെട്ടിമൂടി പുതിയൊരാകാശം വരച്ച ഇടശ്ശേരി, കവിതയ്ക്ക് പ്രാണസമര്‍പ്പണം ചെയ്ത പി കുഞ്ഞിരാമന്‍നായര്‍, കവിതകളിലും ഗാനങ്ങളിലും ഗ്രാമശോഭ പകര്‍ന്ന പി ഭാസ്‌കരന്‍, സര്‍ഗസംഗീതവും മധുവൂറും ഗാനങ്ങളും സമ്മാനിച്ച വയലാര്‍, നിസ്വവര്‍ഗത്തിന്റെ കവി ഒ എന്‍ വി, പ്രേമം മധുരവും ധീരവുമാണെന്നു പാടിയ തിരുനെല്ലൂര്‍ കരുണാകരന്‍, നങ്ങേമക്കുട്ടിയെ മലയാളത്തിനു സമ്മാനിച്ച ഒളപ്പമണ്ണ, ഗോത്രയാന  കര്‍ത്താവ് കെ അയ്യപ്പപണിക്കര്‍, കവിതയില്‍ വേറിട്ട ഒച്ച കേള്‍പ്പിച്ച പുനലൂര്‍ ബാലന്‍ എന്നിവരെയെല്ലാം കവി താണുവണങ്ങുന്നു.
 
കവിതയെ കാമത്തൊഴുത്തില്‍ തളച്ചിട്ട് മുതിരയും മദിരയും സല്‍ക്കരിച്ച മണിപ്രവാളകാലം, പോരും പ്രണയവും മത്സരിച്ച വടക്കന്‍ പാട്ടുകള്‍, വാമൊഴിയായി പടര്‍ന്നുകയറിയ നാടന്‍പാട്ടുകള്‍, ഇരുളും വെളിച്ചവും മത്സരിച്ച പ്രാസവാദകാലം, ഒത്തിരിയൊത്തിരി ഒറ്റശ്ലോകങ്ങള്‍ പിറന്ന കാലം എന്നിവയെല്ലാം മലയാളകവിതയുടെ ഭൂതകാലത്തെളിച്ചമായി ഇതില്‍ കടന്നുവരുന്നു.
 
ഇടശ്ശേരിയെക്കുറിച്ചുള്ള കവിതയില്‍ 'പൊന്നാനി വേനലിനെന്തു നിറം, ഇടശ്ശേരിയെപ്പോലിരുണ്ട നിറം' എന്ന ആദ്യവരി വായിക്കുമ്പോള്‍  അറിയാതെ കവിതയുടെ ഉള്ളറകളിലേക്ക് ചെന്നെത്തും. 'കടമ്മനിട്ടപ്പാട്ടിനെന്തൊരുയിര്‍പ്പും ഇനിപ്പും ചവര്‍പ്പും, ബന്ധുരതാളക്കൊഴുപ്പും തെഴുപ്പും, ചന്ദനത്തിന്റെ തണുപ്പും' എന്നു കേള്‍ക്കുമ്പോള്‍ ഏഴാച്ചേരിക്കവിതയുടെ ഭാവഗരിമ  മനസ്സില്‍ നിറയും. ചാരുതയാര്‍ന്ന വാക്കുകളും ബിംബങ്ങളുംകൊണ്ട് വലിയ ആകാശം കവി വരച്ചെടുക്കുന്നു. കവികളുടെ ജീവിതചരിതങ്ങള്‍  ഗദ്യരൂപത്തില്‍ നിരവധി പിറന്നിട്ടുണ്ടെങ്കിലും മലയാള കവിതാചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു കൃതി.


രചനാവേളയില്‍ മുന്നില്‍ തെളിഞ്ഞുനിന്നത് കൗമാരം കടക്കാത്ത കുട്ടികളായിരുന്നുവെന്ന് കവി പറയുമ്പോഴും എല്ലാ പ്രായത്തിലുള്ളവരെയും ഈ കൃതി ആകര്‍ഷിക്കും. ലളിതമായ രചനാരീതി സ്വീകരിച്ചപ്പോഴും വാക്കുകളില്‍ കവിതയുടെ തേന്‍തുള്ളികള്‍ നിറച്ചുവയ്ക്കുന്നു കവി.  കവി ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്ന ഈ കൃതി വരുംതലമുറയ്ക്ക്  ഒരു വരപ്രസാദമായി മാറുമെന്നതില്‍ തര്‍ക്കമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top