24 January Thursday

ഭാരതം: അഭിമാനത്തില്‍നിന്ന് അപനിര്‍മാണത്തിലേക്ക്

ഡോ. അനില്‍ കെ എംUpdated: Sunday Oct 14, 2018

പൗരാണിക ഇന്ത്യയെക്കുറിച്ച് പഠിക്കാന്‍ ചരിത്രകാരന്മാര്‍ക്ക് ഏറെ ആകരങ്ങളില്ല. പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയില്‍നിന്ന് ലഭിക്കുന്ന ഏതാനും സൂചനകളുടെ വെളിച്ചത്തില്‍ ഇന്ത്യന്‍ നാഗരികതയെക്കുറിച്ചും സമൂഹരൂപീകരണത്തെക്കുറിച്ചും ചില നിഗമനങ്ങള്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങളാണ് പ്രധാനമായും നടന്നത്. ഇവ്വിധം പല വകുപ്പില്‍പ്പെട്ട പാഠങ്ങളെ വിശകലനംചെയ്തുകൊണ്ട് പ്രാചീന ഇന്ത്യന്‍ സമൂഹത്തെ വിലയിരുത്തുന്ന പഠനമാണ് ബി  ഡി ചതോപാധ്യായയുടെ 'ഭാരതവര്‍ഷം എന്ന സങ്കല്‍പ്പനവും മറ്റു പ്രബന്ധങ്ങളും' എന്ന പുസ്തകം. ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസറായിരുന്നു ചതോപാധ്യായ. പുരാണത്തില്‍ നാം കാണുന്ന ഭാരതവര്‍ഷം, വര്‍ണം, ധര്‍മം, ജനപദം എന്നിവയൊന്നും ദത്തമായ വസ്തുതകളല്ലെന്നും ചരിത്രപരമായി വികസിച്ചുവന്ന സങ്കല്‍പ്പനങ്ങളാണെന്നും ഈ കൃതി തെളിയിക്കുന്നു. നാഗരികതയുടെ ഏത് ഘട്ടത്തെയും ചരിത്രപ്രക്രിയയുടെ ഉല്‍പ്പന്നമായിക്കാണുന്നുവെന്നതാണ് ഈ പുസ്തകത്തിലെ പ്രബന്ധങ്ങളുടെ സവിശേഷത. പ്രാചീന ഇന്ത്യന്‍ സമൂഹത്തിന്റെ ആന്തരികമായ ചാലകത കണ്ടെത്താന്‍ ഈ പാഠങ്ങള്‍ സഹായിക്കുമെന്നാണ് ചതോപാധ്യായ തെളിയിക്കുന്നത്. ഇന്ത്യയിലെ 'ഉച്ചപാരമ്പര്യ'വും 'അവചപാരമ്പര്യ'വും തമ്മിലുള്ള നിരന്തര വിനിമയങ്ങള്‍ കണ്ടെത്തുന്നതില്‍ ചതോപാധ്യായ വിജയിച്ചിട്ടുണ്ട്. പ്രാചീന ഇന്ത്യ എന്നത് ഏകശിലാത്മകവും ഏകതാനവുമായിരുന്നുവെന്ന വാദത്തെ ഈ  പ്രബന്ധങ്ങള്‍ ഖണ്ഡിക്കുന്നു. വാസ്തവത്തില്‍ ഇന്ത്യന്‍ ദേശീയതയും അതിന്റെ പ്രത്യയശാസ്ത്രവും ഇന്ത്യന്‍ നാഗരികതയുടെ വൈവിധ്യമാര്‍ന്ന ചേരുവകളെ മൂടുകയാണ് ചെയ്‌തതെന്ന് ചതോപാധ്യായ നിരീക്ഷിക്കുന്നു.
 
'ഭാരതവര്‍ഷം' എന്നതിന്റെ ചരിത്രപരമായ വിവക്ഷകള്‍, പ്രാദേശിക സ്വത്വത്തിന്റെ ചേരുവകള്‍, കാടും ഭരണകൂടവും പ്രാചീന ഇന്ത്യയില്‍, കൊട്ടാരത്തിനകത്തും പുറത്തുമുള്ള രാമന്റെ ചെയ്തികള്‍, അസുരനരകന്റെ കഥയും പ്രാചീന അസാമീസ് ചരിത്രവും, ഉത്സവങ്ങളും അനുഷ്ഠാനങ്ങളും പ്രാചീന ഇന്ത്യയില്‍, 'നാനാത്വത്തില്‍ ഏകത്വം' എന്ന ആശയത്തിന് പ്രാചീന ഇന്ത്യയില്‍ ഉണ്ടായിരുന്ന  സ്ഥാനം എന്നിവയെല്ലാമാണ്   പ്രബന്ധങ്ങളുടെ ഉള്ളടക്കം.
 
ഇന്ത്യ എന്ന ഉപഭൂഖണ്ഡം ഭാരതവര്‍ഷം (ഭാരതം) എന്നറിയപ്പെട്ടതിന്റെ വസ്തുത  പരിശോധിക്കുന്നു മുഖ്യ പ്രബന്ധം. മൗലികമായ പല മാറ്റങ്ങളും ഉപഭൂഖണ്ഡത്തിന് സംഭവിച്ചു. 1947ല്‍ പ്രദേശം രണ്ടായി വിഭജിക്കപ്പെട്ടു. ഭൂപടത്തില്‍  മാറ്റം സംഭവിച്ചു.  എന്നിട്ടും ഭാരതവര്‍ഷം എന്ന പേര് നിലനിന്നു. മാറ്റത്തെയെല്ലാം അതിവര്‍ത്തിക്കാന്‍ ശേഷിയുള്ള ഒരു സത്ത  ദേശത്തിനുണ്ടെന്ന പ്രതീതിയുണ്ടാക്കാന്‍ ഭാരതവര്‍ഷം എന്ന പേരിന് കഴിഞ്ഞു. ഒരു സ്ഥലത്തെ ഇവ്വിധം അതീത യാഥാര്‍ഥ്യമായി അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അതിന് ചരിത്രപരമായ ചില കാരണങ്ങളുണ്ടായിരിക്കുമെന്ന പരികല്‍പ്പനയിലാണ് ചതോപാധ്യായ  പ്രബന്ധം തുടങ്ങുന്നത്.  സ്ഥലം എന്നത് ചരിത്രത്തിന്റെ ഒരു നിര്‍മാണവസ്തുവാണല്ലോ? കൊളോണിയല്‍ കാലഘട്ടത്തില്‍ തദ്ദേശീയ പണ്ഡിതരെഴുതിയ ചരിത്രകൃതികളിലാണ് ഇന്ത്യാചരിത്രം എന്നതിനെ ഭാരതചരിത്രം എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. ഇന്ത്യന്‍ ഭരണഘടനയില്‍ത്തന്നെ 'ഇന്ത്യ എന്ന ഭാരതം' എന്നാണ് ഈ പ്രദേശത്തെ സൂചിപ്പിച്ചിരിക്കുന്നത്. വാസ്തവത്തില്‍ ഒരു പ്രദേശത്തിനും അവിടെ ജീവിക്കുന്നവര്‍ക്കുമിടയില്‍ ഒരു ബന്ധം രൂപപ്പെട്ടുവരുന്നതിനെയാണ് നാം ദേശീയത എന്ന് പറയുന്നത്. ഇത് ചരിത്രപരമായി സംഭവിക്കുന്നതാണ്. ആയതിനാല്‍ ഇത്തരം ആശയങ്ങളെ ചരിത്രനിരപേക്ഷമായി സ്വീകരിക്കാനാകില്ലെന്ന് സ്ഥാപിക്കുകയാണ് ചതോപാധ്യായ. രണ്ടഭിപ്രായങ്ങളെ അദ്ദേഹം പരിശോധിക്കുന്നു.  ഇന്ത്യ എന്നത് ഭരിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു ഭൂപ്രദേശമാണെന്ന ധാരണ രൂപപ്പെട്ടത് ബ്രിട്ടീഷ് അധിനിവേശത്തോടെയാണെന്ന അഭിപ്രായമാണ്  ഒന്നാമത്തേത്. ഇന്ന് കാണുന്നതരത്തിലുള്ള ഒരേകതാ സങ്കല്‍പ്പം ഇവിടെ  ജീവിക്കുന്നവര്‍ക്ക് അതിനുമുമ്പ് ഉണ്ടായിരുന്നില്ല.  താരതമ്യേന അടുത്തകാലത്ത് വികസിച്ചുവന്ന  രാഷ്ട്രസങ്കല്‍പ്പത്തെ ഭൂതകാലത്തിലേക്ക് തള്ളിനീക്കാനുള്ള പദ്ധതിയുടെ ഫലമാണ് ഭാരതം എന്ന സങ്കല്‍പ്പം. ഭരണഘടനയാലും പൗരത്വത്താലും നിര്‍ണയിക്കപ്പെട്ട സമകാല ഇന്ത്യക്ക് സാംസ്‌കാരികമായ ഒരേകത്വമുണ്ടെന്നും അത് അനാദിയാണെന്നുമുള്ള സങ്കല്‍പ്പം ഈ പദ്ധതിയിലൂടെ രൂപപ്പെട്ടതാണ്. അതേസമയം ഈ ആശയത്തെ നിശിതമായി വിമര്‍ശിക്കുന്നവരുമുണ്ട്. ഇന്ത്യ എന്ന്  വിളിക്കുന്ന പ്രദേശം ദേശീയപ്രസ്ഥാനത്തിന്റെ ഭാവനയില്‍ വികസിച്ചുവന്നതും അവര്‍ നിര്‍മിച്ചെടുത്തതുമാണ്. അക്കാലത്തിനപ്പുറം അതിന് അസ്തിത്വമില്ല.  രണ്ട് നിലപാടുകളും പരസ്പരം പുറന്തള്ളുന്നവയാണ്. എന്നാല്‍, ഇവയ്ക്കിടയിലുള്ള നിലപാട് സ്വീകരിച്ചവരുണ്ട്. ഇര്‍ഫാന്‍ ഹബീബിന്റെ ചില നിരീക്ഷണങ്ങളാണ് ദൃഷ്ടാന്തമായി ചതോപാധ്യായ ചൂണ്ടിക്കാട്ടുന്നത്. അനാദിയായ കാലം മുതല്‍ ഭാരതം എന്ന ദേശം നിലനിന്നു എന്ന അഭിപ്രായത്തോട് ഇര്‍ഫാന്‍ യോജിക്കുന്നില്ല. എന്നാല്‍, ബിസി നാലാം നൂറ്റാണ്ടു മുതലെങ്കിലും മറ്റ് പ്രദേശങ്ങളില്‍നിന്ന് വേറിട്ട ഒരസ്തിത്വം ഈ ദേശത്തിനുണ്ടായിരുന്നുവെന്നതിന് തെളിവുണ്ട്. ബ്രിട്ടീഷ് ആഗമനകാലത്ത്  ഉപഭൂഖണ്ഡം ഒരു ഭൂപ്രദേശം മാത്രമായിരുന്നില്ല. സാംസ്‌കാരികമായ അനന്യതയുള്ള ജനതയുടെ അധിവാസസ്ഥാനവും കൂടിയായിരുന്നു. ഈ സംസ്‌കാരത്തിന് കാലാകാലങ്ങളിലായി നിരവധി പരിണാമം സംഭവിച്ചിട്ടുമുണ്ട്. ആ ചരിത്രപ്രക്രിയയെ പിന്തുടരുകയാണ് ഗ്രന്ഥകാരന്‍.
 
ആദ്യകാല വൈദികകൃതികളിലൊന്നും ഭാരതമെന്ന സംജ്ഞ കാണാനില്ല. 'ജനഃ' എന്ന സംജ്ഞയല്ലാതെ ജനങ്ങളുടെ അധിവാസ സ്ഥാനത്തെക്കുറിക്കുന്ന പദങ്ങളൊന്നുമില്ല. ജനപദം എന്ന വാക്കുപോലും ബ്രാഹ്മണങ്ങളിലാണ് കാണുന്നത്. ഐതരേയ ബ്രാഹ്മണത്തില്‍ ഇന്ദ്രന്റെ മഹാഭിഷേകത്തില്‍ പങ്കെടുക്കാനെത്തിയ ഭൂമിയിലെ രാജാക്കന്മാരെ പരാമര്‍ശിക്കുമ്പോള്‍ ജനപദങ്ങളുടെയും അവയുടെ സ്ഥാനങ്ങളുടെയും (ദിശ) അവിടെനിന്നുള്ള ഭരണാധിപന്മാരുടെയും സൂചന ലഭിക്കുന്നു. പിന്നീട് ജനപദങ്ങളെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത് ബൗദ്ധകൃതികളില്‍നിന്നാണ്. ഇന്ത്യ എന്ന ഉപഭൂഖണ്ഡത്തെ ഈ കൃതികള്‍ ജംബുദ്വീപം എന്ന് വിളിക്കുന്നതായി ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇതില്‍ ചതോപാധ്യായ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പിന്നീട് ബ്രാഹ്മണിക്കല്‍ പാഠങ്ങളിലാണ് ജംബുദ്വീപിനെ ഭാരതമായി സമപ്പെടുത്തുന്നതോ അതിന്റെ ഭാഗമായി ഗണിക്കുന്നതോ ആയ സമീപനം കാണുന്നത്. തുടര്‍ന്ന് ഗ്രന്ഥകര്‍ത്താവ് പുരാണങ്ങള്‍, കാളിദാസന്റെ കൃതികള്‍, രാജശേഖരന്റെ കാവ്യമീമാംസ പോലുള്ള സൗന്ദര്യശാസ്ത്ര കൃതികള്‍ എന്നിവയെല്ലാം പരിശോധിച്ച് അവയിലെല്ലാം ഭാരതം എന്ന സങ്കല്‍പ്പത്തെ എങ്ങനെയാണ് പരിചരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കുന്നു. പ്രബന്ധത്തിന്റെ അവസാനത്തില്‍ പത്താംനൂറ്റാണ്ടിനും പതിനാലാംനൂറ്റാണ്ടിനും ഇടയിലുള്ള ലിഖിതങ്ങളും പരിഗണിച്ചിട്ടുണ്ട്. ഇവയില്‍ ഭാരതമെന്ന പേര് ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. 92930 കാലത്ത് എഴുതിയതെന്ന് കരുതുന്ന രാഷ്ട്രകൂടരുടെ ശാസനത്തില്‍ പുരികരം എന്ന ജനപദം ഭാരതമഹീമണ്ഡലത്തിന്റെ ആഭരണമായി ശോഭിക്കുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്. പതിനാലാംനൂറ്റാണ്ടില്‍ ഈസ്റ്റ് ഗോദാവരി ജില്ലയില്‍നിന്ന് ലഭിച്ച ശാസനത്തില്‍ ദക്ഷിണസമുദ്രംമുതല്‍ ഹിമാലയംവരെയുള്ള ദേശത്തെ ഭാരതം എന്ന് വിളിക്കുന്നുണ്ട്. മാത്രമല്ല ത്രിലിംഗഭൂമി എന്നുകൂടി വിളിക്കുന്നു. മൂന്ന് പുണ്യസ്ഥലങ്ങള്‍ക്കിടയിലുള്ള പ്രദേശം എന്ന നിലയ്ക്കാണ് ഈ പേര്. ഇക്കാലമാകുമ്പോഴേക്കും പുരാണങ്ങളിലും മറ്റുമുള്ള ആശയങ്ങളെ രാജാക്കന്മാര്‍ തങ്ങളുടെ പ്രദേശവുമായി ഇണക്കുന്നത് സവിശേഷമായ ഒരു സാധൂകരണയുക്തിയായി മാറുന്നതായിക്കാണാം. പുരാണേതിഹാസങ്ങളുടെ നാള്‍വഴിയില്‍ തങ്ങളുടെ വംശത്തെ പുനഃസ്ഥാപിക്കാനുള്ള യത്‌നമാണിത്. പുണ്യസ്ഥലങ്ങളുടെ സംസ്ഥാപനം, അവയെ ഇതിഹാസ പുരാണാദികളുമായി ബന്ധപ്പെടുത്തിയുള്ള ആഖ്യാനങ്ങള്‍, അവയോട് ചേര്‍ന്ന് നില്‍ക്കുന്ന രാജവംശങ്ങളുടെ വംശാവലികള്‍ ഇവയെല്ലാം രൂപപ്പെട്ടുവരുന്ന ഘട്ടത്തിലാണ് ഭാരതം എന്ന സങ്കല്‍പ്പമുണ്ടാകുന്നത്. ആ സങ്കല്‍പ്പം അനാദിയല്ല, കൊളോണിയലിസത്തിന്റെ കൃത്രിമസൃഷ്ടിയുമല്ല. ഇതാണ് ചതോപാധ്യായയുടെ പ്രധാന വാദം.
 
ഇതേവിധം രാമായണത്തിന്റെ പാഠഭേദങ്ങളെ വിശകലനംചെയ്യുന്ന ഒരു പ്രബന്ധവും കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാലിവധം, സീതയെ അഗ്‌നിപരീക്ഷയ്ക്ക് വിധേയയാക്കിയത്, ശംബൂകവധം എന്നിങ്ങനെ രാമനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മൂന്ന് സംഭവങ്ങള്‍ എങ്ങിനെയാണ് ഓരോരോ രാമായണപാഠത്തിലും കടന്നുവന്നത് എന്ന് പരിശോധിക്കുകയാണ് ഇവിടെ. വിശകലനത്തിലൂടെ എത്തിച്ചേര്‍ന്ന നിഗമനങ്ങളെ അദ്ദേഹം ഇങ്ങനെ ക്രോഡീകരിക്കുന്നു: രാമായണത്തിലെ രാമന്‍ വാത്മീകിയുടെ സൃഷ്ടിയാണ്. അതിന് മറ്റ് രാമകഥകളിലെ നായകകഥാപാത്രവുമായി ബന്ധമില്ല. മഹാവിഷ്ണു  പ്രപഞ്ചത്തെ കാത്തുരക്ഷിക്കുന്നതുപോലെ ഭൂമിയിലെ ധര്‍മം കാത്തുരക്ഷിക്കുന്ന രാജാവാണ് രാമന്‍ എന്ന രീതിയിലാണ് വാത്മീകി രാമനെ അവതരിപ്പിച്ചത്. ധര്‍മം അനുഷ്ഠിക്കുന്നതിനിടയില്‍ സദാചാരപരമായ ചോദ്യങ്ങളൊന്നും കടന്നുവരുന്നില്ല. ഭരണതന്ത്രമറിയുന്ന ഒരാള്‍ എന്നനിലയിലാണ് രാമന്റെ പദവി. അതുകൊണ്ടാണ് ബാലിയുടെയും ശംബൂകന്റെയും കൊലപാതകത്തില്‍ രാമന് ശങ്കയേതുമില്ലാത്തത്. രാമനെ യുധിഷ്ഠിരനുമായി താരതമ്യം ചെയ്താല്‍  വ്യത്യാസങ്ങള്‍ ബോധ്യപ്പെടും. ഇരുവരും ധര്‍മത്തില്‍ നിഷ്ഠയുള്ളവരാണ്. കളവ് പറഞ്ഞു എന്നതുകൊണ്ട് നരകദര്‍ശനത്തിന് വിധിക്കപ്പെട്ട കഥാപാത്രമാണ് യുധിഷ്ഠിരന്‍. എന്നാല്‍, അത്തരത്തിലുള്ള ഒരു ശിക്ഷയും രാമന് അനുഭവിക്കേണ്ടിവന്നില്ല. കാരണം വാത്മീകിയുടെ രാമന്‍ എല്ലാ ധര്‍മങ്ങളെയും രാജധര്‍മത്തിന് കീഴ്‌പ്പെടുത്തണമെന്ന യുക്തി നിലനിന്ന കാലത്ത് രൂപപ്പെട്ട കഥാപാത്രമാണ്. ധര്‍മം എന്നത് ശാശ്വതമായ ഒന്നല്ല. ധര്‍മബോധം പരിണാമിയാണ്. അതുകൊണ്ടാണ് യുധിഷ്ഠിരനും രാമനും രണ്ട് വിധികള്‍ നേരിടേണ്ടിവരുന്നത്. ബാലിയും രാമനും തമ്മില്‍ ബാലിയുടെ അന്ത്യനിമിഷത്തില്‍ നടക്കുന്ന സംവാദം കാട്ടിലെ ധര്‍മവും നാട്ടിലെ ധര്‍മവും രണ്ടാണെന്ന് ഓര്‍മിപ്പിക്കുന്നു. വാത്മീകിയുടെ കാലം വരുമ്പോഴേക്കും രാമായണത്തില്‍നിന്ന് വ്യത്യസ്തമായ ധാര്‍മികതയാണ് നിലനിന്നിരുന്നത് എന്ന് ഓര്‍മിക്കാം. അതുകൊണ്ടാണല്ലോ വേടന്റെ പ്രവൃത്തി അധര്‍മമായി  തോന്നിയത്. ചുരുക്കത്തില്‍ ശാശ്വതമൂല്യങ്ങളെപ്പറ്റിയുള്ള ചരിത്രനിരപേക്ഷ വീക്ഷണത്തോടാണ് ചതോപാധ്യായ ഏറ്റുമുട്ടുന്നത്.


പ്രധാന വാർത്തകൾ
 Top