30 March Thursday

വിനീതയുടെ കവിതകള്‍

വി ജയിന്‍Updated: Sunday Feb 14, 2016

ചളവറ എന്ന വള്ളുവനാടന്‍ ഗ്രാമത്തിന്റെ കവിതയായിരുന്നു വിനീതയെന്ന പെണ്‍കുട്ടി. 19–ാം വയസ്സില്‍ മരണം അവളെ തട്ടിയെടുത്തപ്പോള്‍ പാലക്കാട് ജില്ലമാത്രമല്ല, കേരളമാകെ ദുഃഖിച്ചു.   സര്‍ഗാത്മകതയുള്ള ഒരു വിദ്യാര്‍ഥിയെന്ന നിലയിലും തലയുയര്‍ത്തിനില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെന്ന നിലയിലും അതിനകം തന്റെ ഇടമുറപ്പിച്ചു വിനീത. എഴുത്ത് മാത്രമായിരുന്നില്ല അവളുടെ ലോകം. വായനയും പ്രസംഗവും തുടങ്ങി നമ്മുടെ സര്‍ഗാത്മകജീവിതത്തോട് സജീവമായി പ്രതികരിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടി.

താന്‍ പഠിച്ചിരുന്ന പാലക്കാട് വിക്ടോറിയ കോളേജിനു മുന്നില്‍ 2014 നവമ്പറില്‍ ഒരു വാഹനമിടിച്ചാണ് വിനീത മരിച്ചത്. ഏഴാംക്ളാസില്‍ പഠിക്കുമ്പോള്‍ 'മയില്‍ക്കുഞ്ഞിനോട്' എന്ന ആദ്യ കവിതാ സമാഹാരം പുറത്തിറക്കി. 19 വയസ്സാകുമ്പോഴേക്ക് അവളുടെ കാവ്യശേഖരത്തില്‍ 80 കവിതകള്‍ നിറഞ്ഞിരുന്നു. ആ കവിതകളാണ് ചിന്ത പബ്ളിഷേഴ്സ് 'വിനീതയുടെ കവിതകള്‍' എന്ന ശീര്‍ഷകത്തില്‍ സമാഹരിച്ചിരിക്കുന്നത്. 2009ല്‍ അങ്കണം അവാര്‍ഡും 2010ല്‍ കേന്ദ്രസര്‍ക്കാരിന്റെ ബാലശ്രീ പുരസ്കാരവും നേടിയ വിനീത വൈജ്ഞാനിക, സാഹിത്യമേഖലകളില്‍ സജീവമായി ഇടപെട്ടിരുന്നു.

കൌമാര കുതൂഹലങ്ങള്‍ക്കപ്പുറം ലോകത്തെ സമഗ്രമായി നോക്കിക്കണ്ടിരുന്ന കണ്ണുകളും മനസ്സും. വിനീതയുടെ കവിതകളില്‍ അത് സ്പഷ്ടമായി കാണാന്‍ കഴിയുന്നുണ്ട്. 'ഞങ്ങള്‍ പഠിക്കട്ടെ' എന്ന കവിതയില്‍ വിനീത പറയുന്നു, 'ഞങ്ങള്‍ക്ക് ശ്വസിക്കാന്‍ ജാതിയുടെ കാറ്റ് വേണ്ട, ഞങ്ങള്‍ക്ക് കുടിക്കാന്‍ മതംചേര്‍ത്ത വെള്ളം വേണ്ട, ഞങ്ങള്‍ പഠിക്കട്ടെ'. മനസ്സുകളില്‍ കലരുന്ന വിഷത്തെ കരുതിയിരിക്കാനാണ് വിനീത മുന്നറിയിപ്പ് നല്‍കുന്നത്. അന്ത്യവിരാമങ്ങള്‍ എന്ന കവിതയിലെ ഈ വരികള്‍ വളരെ ഉള്‍ക്കാഴ്ചയുള്ളതാണ്, 'അന്ത്യമില്ലാത്ത ഈ അന്ത്യവിരാമങ്ങള്‍ എന്തിനൊക്കെയോ അന്ത്യം കുറിക്കുന്നുണ്ടെന്ന്'.

ചളവറ എന്ന സ്വന്തം ഗ്രാമത്തിന്റെ ആത്മാവറിയുന്നുണ്ട് വിനീത. ഗ്രാമത്തിന്റെ സുന്ദരസൌകുമാര്യങ്ങള്‍ വിവരിക്കുമ്പോഴും അതിന്റെ അന്തര്‍ധാരയെ മറക്കുന്നില്ല. 'വീരസഖാക്കള്‍ പിറന്നുവീണൊരു ഗ്രാമമിതെന്റേത്, ധീരരവര്‍ക്കോ അഭയം നല്‍കിയ ഗ്രാമമിതെന്റേത്'. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിനും കേരളത്തിന്റെ ഇടതുപക്ഷ പ്രസ്ഥാനത്തിനും ശക്തിയും അഭയവും നല്‍കിയ ഗ്രാമമാണിത്. ഇ എം എസ്, പി കൃഷ്ണപിള്ള എന്നിവരുടെ കാലടികള്‍ അടിക്കടി പതിഞ്ഞ നാട്. ഐ സി പി നമ്പൂതിരിയുടെ ഇട്ടിയാമ്പറമ്പത്ത് എന്ന ഇല്ലം വിധവാവിവാഹമടക്കമുള്ള സാമൂഹ്യവിപ്ളവത്തിന് തീകൊളുത്തിയ ചരിത്രവും ഈ ഗ്രാമത്തിനുണ്ട്. ഈ ചരിത്രബോധമാകാം വിനീതയെ സമൂഹക്കാഴ്ചകളെ വ്യത്യസ്തമായി നോക്കിക്കാണാന്‍ പ്രേരിപ്പിച്ചത്.

പ്രകൃതി, പരിസ്ഥിതി, മതനിരപേക്ഷത, മാനുഷികത തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കവിതയ്ക്ക് വിഷയമാക്കിയിട്ടുണ്ട് വിനീത. 19 വയസ്സിനുള്ളില്‍ ഒരു പെണ്‍കുട്ടി എഴുതിയ കവിതകള്‍ എന്ന സവിശേഷതയ്ക്കപ്പുറം ഉള്‍ക്കാഴ്ചയോടെ തന്റെ ചുറ്റുപാടുകളോട് സംവദിക്കുന്ന കവിതകള്‍ എന്നതാകും 'വിനീതയുടെ കവിതകള്‍' എന്ന പുസ്തകത്തിന് കൂടുതല്‍ ഉചിതമായ വിശേഷണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top