26 October Monday

ജീവിതം നിര്‍മിച്ച കഥ

ഡോ. അമര്‍ എസ് ഫെറ്റല്‍Updated: Sunday Jun 12, 2016

നല്ല കുട്ടികളാവുക എളുപ്പമാണ്. പക്ഷേ, നല്ല രക്ഷാകര്‍ത്താക്കളാവുക പ്രയാസവും. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ കുഞ്ഞുങ്ങള്‍ പലവിധ പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍,അതൊക്കെ കൃത്യമായി മനസ്സിലാക്കുകയും അവര്‍ക്കൊപ്പംനിന്നുകൊണ്ട് പ്രശ്നങ്ങളെ അഭിമുഖീകരിച്ച് മുന്നോട്ടുപോകാന്‍ കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നത് ഏതൊരു രക്ഷാകര്‍ത്താവിന്റെയും പ്രാഥമിക ഉത്തരവാദിത്തമാണ്. കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള ജീവിതമാണ് തങ്ങളുടേതെന്ന് അച്ഛനമ്മമാര്‍ വിശ്വസിക്കുന്നു. കുട്ടികളിലാണ് നമ്മുടെ എല്ലാ പ്രതീക്ഷകളും. അവ യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ ചുവടുകള്‍ തെറ്റുന്നതെന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

കൂട്ടുകുടുംബവ്യവസ്ഥയില്‍നിന്ന് മാറി അണുകുടുംബങ്ങള്‍ രൂപപ്പെട്ടതോടെ ആശയവിനിമയത്തിനും പങ്കുവയ്ക്കലിനുമുള്ള അവസരങ്ങള്‍ കുറഞ്ഞു. ഇവിടെയാണ് മാതാപിതാക്കള്‍ കൂടുതലായി ഇടപെടേണ്ടത്. കൌമാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്നത് ആശാവഹമായ പുരോഗതിയായി ഞാന്‍ കാണുന്നു. കാരണം, കുഞ്ഞുങ്ങള്‍ വ്യക്തികളായി രൂപംപ്രാപിക്കുന്ന നിര്‍ണായക ഘട്ടമാണത്. കോമണ്‍സെന്‍സ് അഥവാ സാമാന്യജ്ഞാനം എന്നതുതന്നെ കൌമാരത്തില്‍ ആര്‍ജിക്കുന്ന മുന്‍ധാരണകളുടെ സമാഹാരമാണെന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ കേട്ടിട്ടുണ്ടാകുമല്ലോ. സ്വതന്ത്രചിന്ത, സ്വാതന്ത്യ്രബോധം, അഭിപ്രായങ്ങള്‍, സങ്കല്‍പ്പങ്ങള്‍ എന്നിവയെല്ലാം നാമ്പിട്ട് ഇലകള്‍ മുളച്ച് ആകാശത്തെ ലക്ഷ്യംവച്ച് വളരുന്ന കൌമാരത്തെ ആ അര്‍ഥത്തില്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

ഡോ. അമര്‍ എസ് ഫെറ്റല്‍

ഡോ. അമര്‍ എസ് ഫെറ്റല്‍

ശാരീരികവും മാനസികവുമായ നവ്യാനുഭവങ്ങളിലൂടെ കുട്ടി കടന്നുപോകുന്നു. മത്സരാധിഷ്ഠിതമായ പുതുലോകത്തിന്റെ സമ്മര്‍ദച്ചുഴികളിലേക്ക് അവര്‍ എടുത്തെറിയപ്പെടുന്നു. ഇവിടെയാണ് മുതിര്‍ന്നവര്‍ സഹകരണാധിഷ്ഠിത മനോഭാവം പ്രകടിപ്പിക്കേണ്ടത്. ചില പുസ്തകങ്ങള്‍ നമ്മെ അതിന് സഹായിക്കും. എന്റെ ആദ്യകാല വായനകളില്‍ കടന്നുവന്ന ഒരു പുസ്തകം ഈ പശ്ചാത്തലത്തില്‍ ഓര്‍ത്തുപോവുകയാണ്. 'ദ സ്വിസ് ഫാമിലി റോബിന്‍സണ്‍'. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജര്‍മന്‍ ഭാഷയിലാണത് രചിക്കപ്പെട്ടത്. പുരോഹിതനായ ജോഹന്‍ ഡേവിസ് വൈസ് എഴുതിയ ദ സ്വിസ് ഫാമിലി റോബിന്‍സണ്‍ മൂല്യബോധവും പരസ്പരസഹകരണവുമുള്ള ഒരു കുടുംബം കെട്ടിപ്പടുക്കേണ്ടതെങ്ങനെയെന്ന് പറയാതെ പറയുകയാണ്.

സ്വിസ് ഫാമിലി റോബിന്‍സണ്‍ പാതിരിമാരുടെ ഉപദേശപ്രസംഗമല്ല. സാഹസിക നോവലാണ്. തിരുവനന്തപുരം പബ്ളിക് ലൈബ്രറിയില്‍നിന്ന് ഇതിന്റെ ഇംഗ്ളീഷ് പതിപ്പ് എനിക്ക് ലഭിച്ചു. പിന്നീട് പലതവണ ഈ പുസ്തകം വായിക്കുകയുണ്ടായി. മൂലകഥയില്‍നിന്ന് ചിലതൊക്കെ ഒഴിവാക്കിയും മറ്റു ചിലതൊക്കെ കൂട്ടിച്ചേര്‍ത്തുമാണ് വ്യത്യസ്ത എഴുത്തുകാര്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ ഭാഷാന്തരം ചെയ്തിട്ടുള്ളത്. അങ്ങനെ സ്വിസ് ഫാമിലി റോബിന്‍സണ്‍ തുടര്‍ച്ചയായി നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഓസ്ട്രേലിയയിലെ ജാക്സണ്‍ തുറമുഖത്തേക്കുള്ള യാത്രാമധ്യേ കപ്പലപകടത്തില്‍പ്പെടുന്ന കുടുംബത്തിന്റെ കഥയാണിത്. വില്യം, ഭാര്യ എലിസബത്ത്, മക്കളായ ഫ്രിറ്റ്സ്, ഏണസ്റ്റ്, ജാക് ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന കുടുംബം. കൊടുങ്കാറ്റിലും പേമാരിയിലുംപെട്ട് സഹയാത്രികരെയെല്ലാം അവര്‍ക്ക് നഷ്ടപ്പെട്ടു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള സന്ദിഗ്ധഘട്ടത്തിലാണ് അവര്‍ അകലെ കര കാണുന്നത്. അതൊരു ദ്വീപായിരുന്നു. ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപ്. ഒരു രക്ഷാബോട്ട് നിര്‍മിച്ച് വില്യവും കുടുംബവും അവിടെയെത്തി. അവര്‍ക്ക് ഒരുറപ്പുമുണ്ടായിരുന്നില്ല ഇനി എപ്പോള്‍ മടങ്ങിപ്പോകാനാകുമെന്ന്. ആളൊഴിഞ്ഞ ദ്വീപിലെ ഗുഹയില്‍ താല്‍ക്കാലികമായി അഭയം കണ്ടെത്തി. പിന്നീട് അവിടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമമായി. മൂത്തമകനായ ഫ്രിറ്റ്സിനെ കഠിനമായ ജോലികളില്‍ അച്ഛന്‍ ഒപ്പം കൂട്ടി. കപ്പലില്‍ ഭക്ഷണസാധനങ്ങളും പണിയായുധങ്ങളും ഏതാനും വീട്ടുമൃഗങ്ങളുമുണ്ടായിരുന്നു. കപ്പല്‍ മുങ്ങിത്താണിട്ടുണ്ടായിരുന്നില്ല. വില്യവും ഫ്രിറ്റ്സും പലതവണ അതിലേക്ക് ബോട്ടില്‍ പോയി. ആവശ്യമുള്ളതൊക്കെ ദ്വീപിലെത്തിച്ചു.

മക്കളെ പരസ്പരം തുണയാകാന്‍ അവര്‍ പഠിപ്പിച്ചു. ഒപ്പം സ്വാശ്രയത്വത്തിന്റെ പാഠങ്ങളും. അവര്‍ മക്കള്‍ക്ക് ആവശ്യമായ സ്വാതന്ത്യ്രം നല്‍കി. പ്രവര്‍ത്തികള്‍ സ്വയം ചെയ്യാനുള്ള സ്വാതന്ത്യ്രം. നാം നേരെ തിരിച്ചാണ്. 'അതുപാടില്ല, ഇതുചെയ്യരുത്' എന്നൊക്കെയാവും മക്കളോട് പറയുക. സ്വിസ് ഫാമിലിയില്‍ ഏറ്റവും ചെറിയ കുട്ടി മാത്രമാണ് അമ്മയുടെ ചിറകിനടിയില്‍ കൂടുന്നത്. മറ്റുള്ളവര്‍ ജീവിതം നിര്‍മിക്കുന്നു. സര്‍ഗാത്മകതയെ പ്രോല്‍സാഹിപ്പിക്കേണ്ടതെങ്ങനെയെന്ന് നമുക്കിതില്‍നിന്ന് മനസ്സിലാക്കാം. രണ്ടുവര്‍ഷം അങ്ങനെ കടന്നുപോയി. അങ്ങനെയിരിക്കെ ഒരു യൂറോപ്യന്‍ കപ്പല്‍ അവരെ കണ്ടെത്തി. പക്ഷേ, മടക്കിക്കൊണ്ടുപോകാനായില്ല. സമാധാനവും സ്വസ്ഥതയുമുള്ള ഒരു ജീവിതം വില്യമിന്റെ കുടുംബം പടുത്തുയര്‍ത്തിയിരുന്നു.

1816ല്‍തന്നെ വില്യം ഗോഡ്വിന്‍ ദ സ്വിസ് ഫാമിലി റോബിന്‍സണിന്റെ ഇംഗ്ളീഷ് വിവര്‍ത്തനം പുറത്തിറക്കിയിരുന്നു. പിന്നീട് പല ഭാഷകളില്‍ നിരവധി പതിപ്പുകള്‍.
ഷൂള്‍ വെര്‍ണയെപ്പോലുള്ള വലിയ എഴുത്തുകാര്‍ക്ക്  ഈ പുസ്തകം പകര്‍ന്നുനല്‍കിയ പ്രചോദനത്തിന്റെ ശക്തിയറിയാന്‍ വെര്‍ണെയുടെ സെക്കന്റ് ഫാദര്‍ലാന്റ് വായിച്ചാല്‍ മതി. വൈസ് സ്വിസ് ഫാമിലിയുടെ ചരിത്രം അവസാനിപ്പിക്കുന്നിടത്താണ് സെക്കന്റ് ഫാദര്‍ലാന്റ് ആരംഭിക്കുന്നത്. ഇതിനപ്പുറം ഒരാദരം പിന്‍തലമുറ വൈസിന് നല്‍കാനുണ്ടോ!

പലതവണ ഈ നോവല്‍ ചലച്ചിത്ര–ടെലിവിഷന്‍ പരമ്പരകള്‍ക്ക് വിഷയമായി. 1940 അമേരിക്കന്‍ ചലച്ചിത്രകാരന്‍ ഏഡ്വാള്‍ഡ് ലുഡ്പിങ്ങും 1960ല്‍ കെന്‍ ആന്നകെയ്നും സംവിധാനം ചെയ്ത ചിത്രങ്ങള്‍ ശ്രദ്ധേയമായി. 1998ല്‍ ദ അഡ്വഞ്ചേഴ്സ് ഓഫ് സ്വിസ് ഫാമിലി എന്ന പേരില്‍ സ്റ്റിവാര്‍ട്ട് റാഫില്‍ സംവിധാനം ചെയ്ത ചിത്രവും വന്നു.

കൌമാരത്തിന്റെ പ്രശ്നങ്ങളെ സമര്‍ത്ഥമായി അനാവരണം ചെയ്യുന്ന പുസ്തകങ്ങള്‍ വേറെയുമുണ്ട്. എനിഡ് ബ്ളൈറ്റന്റെ മാലറി ടവേഴ്സ് പോലുള്ളവ. ബില്ലി ബന്‍ഡര്‍ കഥകളും ഇക്കൂട്ടത്തില്‍പെടുത്താം.

(അഡോളസെന്റ് ഹെല്‍ത്ത് കെയര്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസറാണ് ഡോ. അമര്‍ എസ് ഫെറ്റല്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top