29 May Monday

അമേരിക്കയും അജനങ്ങളും

ഡോ. യു നന്ദകുമാര്‍Updated: Sunday Dec 11, 2016

ലോകത്ത് സമാധാനം നിലനില്‍ക്കുന്നത് രാജ്യങ്ങള്‍ പിന്തുടരുന്ന ചില പൊതു പെരുമാറ്റച്ചട്ടങ്ങള്‍ മൂലമാണ്. അതില്‍ സര്‍വപ്രധാനം ഒരു പക്ഷേ, സ്വതന്ത്ര രാജ്യങ്ങളെയും അവയിലെ തെരഞ്ഞെടുത്ത സര്‍ക്കാരുകളെയും പൂര്‍ണമായി അംഗീകരിക്കുക എന്നതാണ്. ഒരു രാജ്യത്തിന്റെ നിലനില്‍പ്പില്‍ മൂന്നാമതൊരു ശക്തി ഇടപെടാതിരിക്കുക എന്നത് ആ രാജ്യത്തിന്റെ അവകാശമാണ് എന്നു കാണണം. ഇത് ജനാധിപത്യം, വിശാലമായ പൊതുനന്മ എന്നിവയ്ക്ക് ആവശ്യവുമാണ്.

എന്നാല്‍, ഇനി 2013 ജൂലൈ മൂന്നിന് സംഭവിച്ചതെന്തെന്നു നോക്കാം. ബൊളീവിയയുടെ പ്രസിഡന്റ് ഇവോ മൊറാല്‍സ് തന്റെ റഷ്യന്‍ സന്ദര്‍ശനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുമ്പോള്‍ യൂറോപ്പിന് മുകളിലൂടെ പറക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടു. യാത്രയ്ക്കിടെ സാങ്കേതികത്തകരാറിനാല്‍ വിമാനം ഓസ്ട്രിയയില്‍ ഇറക്കേണ്ടിവന്നു. അവിടെ ഓസ്ട്രിയന്‍ ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ ഉള്ളാകെ പരിശോധന നടത്തി. കാരണം വിചിത്രമാണ്. മോസ്കോയില്‍ നടന്ന ഒരു മുഖാമുഖത്തില്‍, അമേരിക്കയുടെ രാഷ്ട്രീയകുറ്റവാളിയായ എഡ്വേഡ് സ്നോഡെന് ആവശ്യമെങ്കില്‍ ബൊളീവിയയില്‍ രാഷ്ട്രീയാഭയം നല്‍കുന്നത് പരിഗണിക്കും എന്ന് ഇവോ മൊറാല്‍സ് പ്രഖ്യാപിക്കുകയുണ്ടായി. സ്നോഡന്‍ അന്ന് മോസ്കോ വിമാനത്താവളത്തില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. പ്രസിഡന്റിന്റെ വിമാനത്തില്‍ സ്നോഡനുണ്ടോ എന്നുനോക്കാനുള്ള  പരിശോധനയാണ് ഓസ്ട്രിയ നടത്തിയത്. ഇത് ഒരുരാജ്യത്തിന്റെ പരമാധികാരത്തില്‍ നടത്തിയ കൈകടത്തലാണെന്ന് അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളുടെ സംഘടന യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളുടെ എതിര്‍പ്പുമറികടന്നു പ്രഖ്യാപിക്കയും ചെയ്തു. സ്നോഡനെ  സംരക്ഷിക്കാനാരെയും അനുവദിക്കില്ലെന്ന അമേരിക്കന്‍ നിലപാടിന് വഴങ്ങുകയായിരുന്നു യൂറോപ്പ്. സ്നോഡനെ കീഴടക്കാന്‍ ലോകത്തിന്റെ ഏതറ്റം വരെയും പോകും എന്ന അമേരിക്കന്‍ നിലപാടിനോടൊപ്പം നിന്ന യൂറോപ്പ് പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങിയ യൂറോപ്പിനെ ലാറ്റിനമേരിക്കന്‍ ഗവേഷകനായ അറ്റിലിയോ ബൊറോന്‍, ബാബിലോണിലെ വേശ്യയെന്നാണ് വിശേഷിപ്പിച്ചത്.

രാജ്യാന്തരബന്ധങ്ങളിലെന്ന പോലെ രാജ്യത്തിനുള്ളിലും പുറത്തുനിന്നുള്ള ഇടപെടല്‍ നടന്നുകൊണ്ടിരിക്കും; പ്രബലമായ രാജ്യങ്ങള്‍ക്ക്  ദുര്‍ബലരാഷ്ട്രങ്ങളുടെ മേല്‍ തങ്ങളുടെ അധികാരം അടിച്ചേല്‍പ്പിക്കിക്കാന്‍ ധൃതിയാണ്. ഇക്കാര്യത്തില്‍ അമേരിക്കയുടെ പ്രവര്‍ത്തനങ്ങളാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്. മറ്റു രാജ്യങ്ങളിലെ ഭരണത്തില്‍ ഇടപെട്ട് അവിടത്തെ പ്രാദേശിക നിയമസംവിധാനങ്ങളെപ്പോലും അട്ടിമറിക്കാന്‍ അമേരിക്ക മടിക്കാറില്ല. ഇതുവഴി അവിടങ്ങളിലെ ജനജീവിതം, വിപണി, നാണയമൂല്യം എന്നിവയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ എളുപ്പത്തില്‍ കഴിയുന്നു. ഇതെല്ലാം നടത്തുന്നത് സങ്കീര്‍ണവും രഹസ്യവുമായ ഇടപെടലുകളിലൂടെയാണ് താനും. ലോകത്തെവിടെയും അമേരിക്കക്ക് താല്‍പ്പര്യമുണ്ടായാല്‍ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇത്തരം നയങ്ങളും അതിന്റെ പിന്നിലെ താല്‍പ്പര്യങ്ങളും പുറത്തുകൊണ്ടുവരിക എന്ന ദൌത്യമാണ് നോം ചോംസ്കി ഏറ്റെടുത്തിരിക്കുന്നത്. അമേരിക്കയ്ക്ക് പുറത്തുള്ളവര്‍ ഇമ്മാതിരി പ്രശ്നങ്ങളില്‍ ചോംസ്കി പറയുന്നതെന്താണ് എന്ന് ശ്രദ്ധിക്കുന്നുണ്ട്. വ്യക്തവും സ്ഫുടവുമായി തെളിവുകളുടെ കരുത്തോടെ ആശയങ്ങള്‍ ആവിഷ്കരിക്കുന്നു എന്നതിനാലാണ് അദ്ദേഹം സംവാദങ്ങളില്‍ പ്രസക്തനാകുന്നത്.

നോം ചോംസ്കി രചിച്ച പുതിയ പുസ്തകമാണ് 'ഞങ്ങള്‍ അങ്ങനെ പറയുന്നതുകൊണ്ട്' (Noam Chomsky: Because We Say So; Penguin,- 2015). നെറ്റ് എഡീഷന്‍ ലഭ്യമായ ഈ പുസ്തകത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച രാഷ്ട്രീയ പ്രസക്തിയുള്ള ലേഖനങ്ങളാണ് ചേര്‍ത്തിട്ടുള്ളത്.

ജോര്‍ജ് ഓര്‍വെല്ലിന്റെ ഒരു പ്രയോഗമുണ്ട്: അജനങ്ങള്‍ (Unpeople). ചരിത്രത്തിന്റെ ഓര്‍മകളില്‍പോലും കടന്നുവരാന്‍ ഒരു അര്‍ഹതയുമില്ലാത്ത ആളുകളെയാണ് അജനങ്ങള്‍ എന്ന സംജ്ഞ സൂചിപ്പിക്കുന്നത്. ലിബിയയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനായി ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയമുണ്ട്. ഇതനുസരിച്ചു വെടിനിര്‍ത്തല്‍, സേനാവിമാനപ്പറക്കല്‍ നിരോധനം, സിവിലിയന്‍ സംരക്ഷ എന്നിവ നിര്‍ബന്ധമായും നടപ്പാക്കേണ്ടതുണ്ട്. പക്ഷേ,ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവയ്ക്ക് ഇത്തരം പ്രമേയങ്ങളൊന്നും ബാധകമല്ലല്ലോ. വ്യോമാക്രമണം തകൃതിയായി നടന്നു- കലാപകാരികള്‍ക്ക് ഒരു വ്യോമസുരക്ഷാകവചമായി. ആഫ്രിക്കന്‍ രാജ്യങ്ങള്‍ അവരുടെ പ്രതിഷേധമറിയിച്ചു. അനേക നൂറ്റാണ്ടുകളായി സ്വയം നിര്‍ണയാവകാശമില്ലാതെ ജീവിച്ചു മെല്ലെ ദേശീയതയുടെ പടവുകള്‍ കയറുന്ന ആഫ്രിക്കയില്‍ ആക്രമണം അഴിച്ചുവിടുന്നത് അധിനിവേശത്തിന്റെ പുത്തന്‍  അധ്യായമല്ലാതെ മറ്റെന്താണ്? ഈ ചോദ്യം വികസ്വരരാജ്യങ്ങള്‍ അനുഭാവത്തോടെ കണ്ടെങ്കിലും യൂറോപ്പും അമേരിക്കയും അത് അമ്പേ നിരാകരിച്ചുകളഞ്ഞു. അങ്ങനെ ആഫ്രിക്കന്‍ ജനതയാകെ അജനങ്ങള്‍ ആക്കപ്പെട്ടു എന്ന് ചോംസ്കി കരുതുന്നു. അതുകൊണ്ടുതന്നെ പ്രതിരോധിക്കാനൊന്നുമില്ലാത്ത സാധാരണക്കാര്‍ മരിച്ചുവീഴുന്നതു ചരിത്രമല്ലാതാകുന്നു.

ചോംസ്കി മറ്റൊരു ചരിത്രനിഷേധത്തിലേക്കു കൂടി വിരല്‍ ചൂണ്ടുന്നു. എന്തുകൊണ്ടാണ് ചില വന്‍ ചരിത്രസംഭവങ്ങള്‍ മറവിത്താളുകളിലേക്കു തള്ളപ്പെടുന്നത്? പേള്‍ ഹാര്‍ബര്‍ സംഭവത്തിന്റെ വാര്‍ഷികം ആചരിക്കുകയും വിയത്നാം ആക്രമിക്കാനുള്ള കെന്നഡിയുടെ ഉത്തരവിന്റെ വാര്‍ഷികം നാം മറക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? 1957 മുതല്‍ 1965 വരെ 155000 വിയറ്റ്നാം ജനങ്ങള്‍ മരിച്ചുവീണ യുദ്ധം എന്തുകൊണ്ടാണ് അപ്രധാനമാകുന്നത്?

ലാറ്റിന്‍ അമേരിക്കയെ കാര്‍ന്നുതിന്നുന്ന പ്രശ്നമാണ് ലഹരിമരുന്ന് വിപണനവും ഉപയോഗവും. ഏതാനും വര്‍ഷം മുമ്പ് ഇത് പരിഗണിക്കാനായി വിളിച്ചുചേര്‍ത്ത അന്താരാഷ്ട്ര സമ്മേളനം ശക്തമായ തീരുമാനങ്ങളില്ലാതെ പിരിഞ്ഞു. അമേരിക്കന്‍ എതിര്‍പ്പായിരുന്നു കാരണം. ലഹരിമരുന്ന്  നിരോധനം ഫലവത്താകാത്തതിനാല്‍ അതേക്കുറിച്ചു പഠിച്ച വിദഗ്ധസമിതികള്‍ മറ്റു സമീപനങ്ങള്‍ ശുപാര്‍ശ ചെയ്തിരുന്നു. മരിഹുവാന പോലുള്ള മരുന്നുകള്‍ കൈവശം വയ്ക്കുന്നത് ക്രിമിനല്‍ കുറ്റമല്ലാതാക്കാനും, ലഹരിയുപയോഗം പൊതുജനാരോഗ്യ പ്രശ്നമായി കാണേണ്ടതിന്റെ ആവശ്യകതയുമാണ് സമ്മേളനം പരിഗണിച്ചത്. അനേകം ഗവേഷണപഠനങ്ങളും നയരേഖകളും ഈ നിലപാടിന് ശക്തിപകരുന്നുണ്ടായിരുന്നു. ചോംസ്കി ചൂണ്ടിക്കാണിക്കുന്നത് ലഹരി വ്യവസായത്തിനുള്ളിലെ സാമ്പത്തികവും സാമൂഹികവുമായ അധിനിവേശമാണ്. അമേരിക്കന്‍ ജയിലുകളില്‍ ലഹരിനിയമത്താല്‍ അകപ്പെട്ട ബഹുഭൂരിപക്ഷം പേരും ന്യൂനപക്ഷക്കാരാണ്. മെക്സിക്കോയില്‍ പണം വെളുപ്പിക്കലിനും മറ്റിടങ്ങളില്‍ സാമൂഹിക ശിഥിലീകരണത്തിനും ലഹരിമരുന്നാണ് ശക്തമായ ആയുധം. 

പലസ്തീനിയന്‍ പ്രശ്നമാണ് ചോംസ്കി പരിഗണിക്കുന്ന മറ്റൊരു പ്രധാന വിഷയം. ഗാസ സ്ട്രിപ് ഏറെക്കുറെ വാസയോഗ്യമല്ലാത്ത തലത്തിലേക്ക് തരം താഴ്ത്തപ്പെട്ടു. ഇസ്രായേല്‍ബോംബുകള്‍ അവിടുത്തെ മാലിന്യ പ്ളാന്റുകളും ഊര്‍ജകേന്ദ്രങ്ങളും നശിപ്പിച്ചു. അതിലെ വിഷവസ്തുക്കള്‍ കടലിലേക്ക് പുറംതള്ളി. ഓസ്ളോ കരാറിന്റെ മറവില്‍ ഗാസയിലെ ജലം അനുസ്യൂതം കവര്‍ന്നെടുത്തു. ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടത്ര ഭക്ഷണം കിട്ടാനാകാത്ത വിധം ഉപരോധങ്ങള്‍ ഏര്‍പ്പടുത്തി. ഇസ്രയേല്‍ അനുവദിക്കുന്ന ഭക്ഷണറേഷന്‍ ഗാസയിലെ ജനങ്ങളില്‍ പോഷകാഹാരക്കുറവ് ഉറപ്പാക്കുന്നു. പാശ്ചാത്യരാജ്യങ്ങളും  മാധ്യമങ്ങളും  ഇതു കാണാന്‍ വിസമ്മതിക്കുന്നു.

അമേരിക്കയ്ക്ക് കിഴക്കന്‍ മേഖലയിലെ പ്രധാന ശത്രു ഇപ്പോള്‍ ഇറാനാണ്. ഇറാന്റെ ആണവോര്‍ജ പരിപാടിയാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇറാന്‍ ചുറ്റുമുള്ള അറബിരാജ്യങ്ങള്‍ക്കു മാത്രമല്ല, അമേരിക്കയ്ക്കും ഇസ്രയേലിനും മറ്റു പാശ്ചാത്യ ശക്തികള്‍ക്കും സുരക്ഷാഭീഷണി ഉയര്‍ത്തുന്നുവെന്ന് അമേരിക്ക പറയുന്നു. പക്ഷേ, ഈ അഭിപ്രായത്തോട് യോജിക്കുന്നത് ഏതാനും അറബിരാജ്യങ്ങളിലെ സ്വേച്ഛാധിപതികളും ഇസ്രയേലും മാത്രം. ബഹുഭൂരിപക്ഷം ജനങ്ങളും ഇറാനെ ഒരു ഭീഷണിയായി കാണുന്നില്ല; ഒരു ഇസ്രയേല്‍ ബോംബിന് ബദലായി ഇറാന്‍ ബോംബ്! ചേരിചേരാരാജ്യങ്ങളും ഈ നിലപാട് അംഗീകരിക്കുന്നു. ഇന്ത്യ-ഇറാന്‍ബന്ധവും ചാബഹാര്‍ തുറമുഖ പദ്ധതിയും ഇതിനുദാഹരണമായി ചോംസ്കി പറയുന്നു. ചൈനയുടെ തുര്‍ക്മെനിസ്ഥാന്‍ പാത ക്രമേണ ഇറാനിലെത്താന്‍ സാധ്യതയേറെയാണ്. ഈ നിലപാടുകള്‍ അമേരിക്കന്‍ കാര്‍ക്കശ്യത്തിനുള്ള മറുപടിയായി വായിക്കാവുന്നതുമാണ്.

പല രാജ്യങ്ങളും അമേരിക്കയെ ഒരു ആഭാസരാഷ്ട്രമായി കാണുന്നു. അമേരിക്ക പൊരുത്തപ്പെട്ടുപോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍  മറ്റു രാജ്യങ്ങള്‍ അമേരിക്ക മുക്തമായി ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് ഒരു ചൈനീസ് ചിന്തകന്‍ അഭിപ്രായപ്പെടുകയുണ്ടായി. സാമുവല്‍ ഹണ്ടിങ്ടണ്‍ ഏതാണ്ടിതേ അഭിപ്രായം 1999ല്‍ തന്നെ പറഞ്ഞിട്ടുണ്ട്. ചോംസ്കിയുടെ അഭിപ്രായത്തില്‍ അമേരിക്ക രാഷ്ട്രീയമായി ഒറ്റപ്പാര്‍ട്ടി മാതൃകയിലാണ്: ബിസിനസ് പാര്‍ടി. മറ്റുള്ളവരുമായി പൊരുത്തപ്പെടാനാകാത്ത തീവ്ര വലതുപക്ഷ നിലപാടുള്ള റിപ്പബ്ളിക്കന്‍ ആള്‍ക്കാരെ ഒഴിച്ചാല്‍ ബാക്കിയെല്ലാരും സമാന രാഷ്ട്രീയ നിലപാടുകാരായിരിക്കും. ലാറ്റിനമേരിക്ക മുതല്‍ ഏഷ്യ വരെ അസ്ഥിരത സൃഷ്ടിക്കുന്നതില്‍ അമേരിക്കയുടെ പങ്കു വലുതാണ്. അനേകം സമകാലിക സാഹചര്യങ്ങളിലൂടെ ഇതിന്റെ രാഷ്ട്രീയ നിഗൂഢതകളെ നമുക്ക് മനസ്സിലാക്കിത്തരാന്‍ ചോംസ്കിക്ക് കഴിയുന്നു. അതൊക്കെ മനസ്സിലാക്കുക എന്നത്  കാലഘട്ടത്തോടുള്ള നമ്മുടെ ഉത്തരവാദിത്തമാണ്.

unnair@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top