21 July Sunday

യു എ ഖാദര്‍ സമകാലീനജീവിതം പകര്‍ത്തിയ എഴുത്തുകാരന്‍: എം ടി

വെബ് ഡെസ്‌ക്‌Updated: Monday Jul 11, 2016

യു എ ഖാദറിന്റെ രചനയുടെ 66 വര്‍ഷങ്ങള്‍ 'ദേശപ്പശിമ'യുടെ സമാപനം എം ടി വാസുദേവന്‍നായര്‍ ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട് > സ്വന്തം ദേശത്തിനും ഐതിഹ്യങ്ങള്‍ക്കുമപ്പുറം സമകാലീന ജീവിതം രേഖപ്പെടുത്തിയെന്നതാണ് യു എ ഖാദറിന്റെ രചനയുടെ പ്രത്യേകതയെന്ന് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. സ്വന്തം വീടും ദേശവും ഭൂപ്രകൃതിയുമെല്ലാം ചേര്‍ന്നാണ് എഴുത്ത് രൂപപ്പെടുന്നത്. എന്നാല്‍ അതിലഭിരമിക്കാന്‍ പാടില്ല. ഇങ്ങനെ അഭിരമിക്കാതെയും ദേശത്തിന്റെ തടവറയില്‍ കുരുങ്ങാതെയും പുറത്തുള്ള ലോകവും ഖാദറിന് കാണാനായി.

ഖാദറിന്റെ  രചനയുടെ 66–ാം വാര്‍ഷികത്തിന്റെ സമാപനം ഉദ്ഘാടനംചെയ്യുകയായിരുന്നു എം ടി.  സ്വന്തം തട്ടകത്തിനപ്പുറത്തേക്കും ഇപ്പുറത്തേക്കും കടക്കുന്നതാണ് എഴുത്തിന്റെ വൈദഗ്ധ്യം. ഇത് ഖാദറിന് സാധ്യമായി. വായനക്കാരില്ലെങ്കില്‍ എഴുത്ത് പാഴ്വേലയാണ്.  എന്റെ ശബ്ദം വേറിട്ടുകേള്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മുറുപടിയാകണം എഴുത്ത്. സമൂഹമാണ് തണലെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരനെന്ന രീതിയില്‍ മനസ്സില്‍ നിറഞ്ഞ ആന്തല്‍ ഇപ്പോഴാണ് മാറിയതെന്ന് യു എ ഖാദര്‍ പറഞ്ഞു. എഴുത്ത് വായനക്കാരന്‍ സ്വീകരിക്കുക എന്നതാണ് സാഹിത്യകാരനെ സംബന്ധിച്ച് പ്രധാനം. എഴുതിഫലിപ്പിച്ചത് സ്വീകരിച്ചു എന്നറിയുമ്പോള്‍ ആന്തലടങ്ങും. ഇപ്പോള്‍ ആശ്വാസവും അഭിമാനവുമാണ്. എഴുതിയതെല്ലാം പണിക്കുറവ് തീര്‍ത്തിട്ടാണെന്ന ഊറ്റമില്ല. അത് സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. നിങ്ങളൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍'എനിക്കും തോന്ന്ന്ന് ഞാനിച്ചിരി നന്നെന്ന്' സ്വതഃസിദ്ധമായ ശൈലിയില്‍അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ശത്രുഘ്നന്‍ അധ്യക്ഷനായി. നടന്‍ മാമുക്കോയ, പി കെ പാറക്കടവ് എന്നിവര്‍ സംസാരിച്ചു.  പ്രതാപന്‍ തായാട്ട് സ്വാഗതവും കെ വി സുഭാഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗുലാബും സംഘവും അവതരിപ്പിച്ച ഗസല്‍സന്ധ്യയുമുണ്ടായി.

യു എ ഖാദറിന്റെ  രചനയുടെ 66–ാം വാര്‍ഷികത്തിന്റെ ഭാഗമായി  ഹരിതം ബുക്സാണ്്   'ദേശപ്പശിമ: ഖാദറിന്റെ സാഹിത്യ ജീവിതം' സംഘടിപ്പിച്ചത്. രണ്ടാംനാളായ ഞായറാഴ്ച  നോവല്‍ സാഹിത്യം ചര്‍ച്ചയിലായിരുന്നു തുടക്കം.  ഡോ. എം എം ബഷീര്‍ ഉദ്ഘാടനംചെയ്തു. കെ ഇ എന്‍ കുഞ്ഞഹമ്മദ് അധ്യക്ഷനായി. ഡോ. ഖദീജ മുംതാസ്, മണിയൂര്‍ ഇ ബാലന്‍, ഡോ. പി കെ തിലക് എന്നിവര്‍ സംസാരിച്ചു. ഡോ. പി കെ രാധാമണി സ്വാഗതവും എം സജിലാല്‍ നന്ദിയും പറഞ്ഞു.

'ഖാദറിന്റെ കൈയൊപ്പുകള്‍' സംവാദം ഡോ. പി കെ പോക്കര്‍ ഉദ്ഘാടനംചെയ്തു. ഡോ. പി കെ തിലക് അധ്യക്ഷനായി. ഡോ. ആര്‍സു, പി പി ശ്രീധരനുണ്ണി, ഡോ. കെ വി തോമസ്, ഭാസി മലാപ്പറമ്പ്, കന്മന ശ്രീധരന്‍, നിര്‍മല മുകുന്ദ് എന്നിവര്‍ സംസാരിച്ചു. വി ബാലമുരളി സ്വാഗതവും കെ രജിത് നന്ദിയും പറഞ്ഞു. 'ഖാദറും ഞങ്ങളുടെ തലമുറയും' ചര്‍ച്ച രഘുനാഥന്‍ പറളി ഉദ്ഘാടനംചെയ്തു. സുഭാഷ്ചന്ദ്രന്‍, ഹരിദാസ് കരിവെള്ളുര്‍, ആര്യാഗോപി എന്നിവര്‍ സംസാരിച്ചു. വി ടി സുരേഷ് സ്വാഗതവും മുഹമ്മദ് ജാഷിദ് നന്ദിയും പറഞ്ഞു.
 

പ്രധാന വാർത്തകൾ
 Top