26 January Tuesday

കവിതയുടെ തെളിനിലാവ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2017
ഏഴാച്ചേരിയുടെ പുതിയ 45 കവിതകളുടെ സമാഹാരമാണ് 'എന്നെങ്കിലും'. വാക്കുകള്‍കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന ഈ കവിതകള്‍ ആസ്വാദകമനസ്സുകളില്‍ തെളിനിലാവ് പരത്തുന്നവയാണ്.
 
ഇമവെട്ടാതെ സമൂഹത്തിനുനേരെ ദൃഷ്ടികള്‍ പായിച്ചിരിക്കുന്ന ഒരു ജാഗ്രത ഈ കവിതകളില്‍ ഒളിഞ്ഞിരിക്കുന്നു. അനുവാചകമനസ്സുകളെ ആര്‍ദ്രമാക്കുന്ന കവിതകളില്‍ മുള്ളും മലരും കണ്ടെത്താനാകും. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളോടൊപ്പം കാലുറപ്പിച്ച് സഞ്ചരിക്കുന്ന ഈ കവിയുടെ എല്ലാ കവിതകളും പ്രതിബദ്ധതയുടെ കാഹളങ്ങളാണ്. അതുകൊണ്ടുതന്നെ ഇവിടെ കവിയും അനുവാചകരും ഒന്നായിത്തീരുന്നു. വര്‍ത്തമാനകാല ആസുരതകള്‍ക്കെതിരെ അസ്വസ്ഥനാകുന്ന കവി എന്നെങ്കിലും നന്മകള്‍ പൂക്കുന്നകാലം വരുമെന്ന പ്രത്യാശയും പങ്കുവയ്ക്കുന്നു. 'പിന്നെയും രണ്ടു സമാന്തരരേഖകള്‍, രണ്ടു തീവണ്ടികള്‍, രണ്ടു പാളം/എങ്കിലും സന്ധിക്കുമേതെങ്കിലും കാലമെന്നെന്റെ ചങ്കിലെ ചൂളം' (എന്നെങ്കിലും) എന്നാണ് കവി പറയുന്നത്.
 
വിരുദ്ധോക്തിയും ഉപഹാസവും കൂടിക്കലരുന്നത് ഏഴാച്ചേരിക്കവിതകളുടെ സവിശേഷതയാണ്. 'വല്ലാതിരുളുന്ന രാവിനോടിത്തിരി പേടി ചോദിക്കാം/മര്‍ത്യതയില്ലാ മരുഭൂമികളോടു കത്തുന്ന വേനല്‍ ചോദിക്കാം/ നമുക്ക് ഭസ്മാസുര ജന്മമാകാം.' (മംഗലകാലമേ സ്വസ്തി) എന്ന വിരുദ്ധോക്തിയില്‍ ആസുരത പ്രകടമാകുന്നു. 'ഒരു വെജിറ്റേറിയന്‍ പ്രാര്‍ഥന' എന്ന നാലുവരിക്കവിതയും ഉപഹാസത്തിന്റെ ഉത്തുംഗശൃംഗമേറുന്നു. നവതിപ്പുതുക്കങ്ങളാചരിക്കാന്‍ മഹാകവി അക്കിത്തത്തിന് ധന്യവാദങ്ങള്‍ നേരുന്ന 'പൊന്നാനിവേനല്‍' എന്ന കവിതയോടെയാണ് തുടക്കം. വാക്കുകളില്‍ കാല്‍പ്പനികതാരുണ്യം നിറച്ചെടുക്കുമ്പോഴും കവിതയെ അലസമായി അലയാന്‍ ഈ കവി അനുവദിക്കുന്നില്ല. 'പങ്കിലകിരീടങ്ങള്‍ രുദ്രതാണ്ഡവമാടി ചുട്ടെരിച്ചാലും' (ദൈവം ശപിച്ച നിറങ്ങള്‍) എന്ന് മലയാളകവിതയില്‍ തന്റേടവീടുപണിത കവി ആഹ്വാനംചെയ്യുന്നു. 'കവിതയുടെ താളവും താരുണ്യവും യന്ത്രമുതലയുടെ വായില്‍ ഞെരിഞ്ഞുപിടയുമ്പോള്‍/ഒരു പുത്തനങ്കം കുറിക്കണം നമ്മള്‍, ഹൃദയത്തിലസ്ഥിയില്‍ വ്രതശുദ്ധിയില്‍' (ഒന്നു പതുക്കെ തിരിഞ്ഞുനോക്കുമ്പോള്‍) എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയുംചെയ്യുന്നു. വയനാടന്‍സൌന്ദര്യവും കുടിയേറ്റത്തിന്റെ ദൈന്യവും നിറച്ചെടുത്ത കവിതയാണ് 'ഒരു വയനാടന്‍ സായന്തനം'. നിന്ദിതന്റെ നിലാവിനെപ്പോലും ഊതിക്കെടുത്തുന്ന യുഗപ്പിശാചുക്കളെ അനാവരണംചെയ്യുന്ന കവിതയാണ് രോഹിത് വെമുലയ്ക്ക് സമര്‍പ്പിച്ചിട്ടുള്ള 'ഘടോല്‍കചന്മാര്‍'. 'ദേവരാജനെ തൊട്ടുനില്‍ക്കുമ്പോള്‍', 'അല്ലയോ ഫിദല്‍' എന്നീ ദീര്‍ഘകവിതകള്‍ പദചാരുതയും ബിംബസമൃദ്ധിയും സമ്മേളിച്ചിട്ടുള്ളവയാണ്. വ്യക്തമായ പ്രത്യയശാസ്ത്രത്തിന്റെ വജ്രത്തിളക്കമുള്ള വാള്‍ത്തല നീട്ടുകയാണ് 'കറുപ്പും ചുവപ്പും' എന്ന കവിത. മലയാളത്തിന്റെ അനശ്വരപ്രതിഭകളെ 'വിജയക്കുതിപ്പിനു ധന്യവാദം' എന്ന കവിതയില്‍ അനുസ്മരിക്കുമ്പോള്‍ ഗുരുദേവദര്‍ശനങ്ങളില്‍നിന്ന് വ്യതിചലിച്ചവര്‍ക്കുള്ള താക്കീതാണ് 'കണ്ണാടിയില്‍ കണ്ട രൂപം'. 
 
അമ്മിണിക്കോലം, ഒടുവിലത്തെ കറുത്ത പെണ്‍പക്ഷി, പൂക്കളുടെ പൂര്‍വാശ്രമം, അരക്കില്ലം എന്നിവ പെണ്‍കരുത്തിന്റെ ലാവണ്യംനിറച്ച കവിതകളാണ്. നിനക്കുപാര്‍ക്കാന്‍, വേര്‍പിരിയുന്നേരം, റാഹേല്‍ നമുക്കു ഗസല്‍മഴയാകാം, ഒരു മണ്ണാര്‍ക്കാടന്‍ പ്രണയം, ബോണ്‍സായ് പ്രണയങ്ങള്‍ തുടങ്ങിയവ പ്രണയത്തിന്റെയും സൌഹൃദത്തിന്റെയും ദിവ്യസന്ദേശം പകരുന്നു. അനീതിക്കും വര്‍ഗീയതയ്ക്കുമെതിരെ സന്ധിയില്ലാതെ പൊരുതുകയാണ് വിശുദ്ധപാപങ്ങള്‍ക്കൊരമ്പലം, രക്ഷാപുരുഷന്‍, ചതി, അന്ധവൃക്ഷച്ചോട്ടില്‍, കണ്ണിലെ തിളക്കങ്ങള്‍, ശ്യാമിലിയുടെ ചിത്രശാലയില്‍ എന്നീ കവിതകള്‍. വിശ്വസുന്ദരി ക്ളിയോപാട്രയെ അവതരിപ്പിക്കുന്ന ഒരു 'മാസിഡോണിയന്‍ നാടോടിപ്പാട്ട്' വശ്യമനോഹരമായ കവിതയാണ്. ശ്രീകാകുളത്തെ ട്രീസാമറിയം, ശ്രീജാസ്വയംവരം തുടങ്ങി ഈ സമാഹാരത്തിലെ എല്ലാ കവിതകളും ഹൃദയദ്രവീകരണശക്തിയുള്ളവയാണ്. ഈശ്വരന്‍നമ്പൂതിരിയുടെ  കവര്‍ ഡിസൈനും ചിത്രങ്ങളും ആകര്‍ഷകമാണ്.
 
എന്നെങ്കിലും (കവിതകള്‍)
ഏഴാച്ചേരി രാമചന്ദ്രന്‍
കൈരളി ബുക്സ്, വില: 140 രൂപ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top