ഇരുണ്ട ജീവിതത്തോടാണ് നാടകകാരനും പൊതുപ്രവര്‍ത്തകനും ഇപ്പോള്‍ വീണ്ടും ആംഗ്ളോ ഇന്ത്യന്‍ എംഎല്‍എയുമായ ജോണ്‍ ഫെര്‍ണാണ്ടസിന് പ്രിയം. ദുരിതജീവിതത്തില്‍ സന്തോഷിക്കുന്നതുകൊണ്ടല്ല; മറിച്ച് സമൂഹത്തിന്റെ കണ്ണും കരളുമെത്തേണ്ട ജീവിതത്തിലേക്കാണ് മനസ്സിന്റെ വെളിച്ചം സഞ്ചരിക്കുന്നത് എന്നതിലാണത്്. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ 'ഏഴു നാടകങ്ങള്‍' എന്ന സമാഹാരവും ഇതിന് ഉത്തമ തെളിവാണ്.
കൊച്ചിയിലെ തീരദേശജനതയുടെ ജീവിതവും അവരുടെ വികാരമായ 'ചവിട്ടുനാടകവും' ചേര്‍ത്തുവച്ചതാണ് 'അത്യുന്നതങ്ങളില്‍ കാറല്‍സുമാന്‍' എന്ന നാടകം. ഈ കലയുമായി മത്സ്യത്തൊഴിലാളികളായ ലത്തീന്‍ കത്തോലിക്കര്‍ക്കുള്ള ഹൃദയബന്ധം ആഴത്തില്‍ വ്യക്തമാക്കുന്നതാണ് ജോണിന്റെ നാടകം. പട്ടിണിയും കഷ്ടതയും അനുഭവിക്കുമ്പോഴും പരമ്പരാഗതമായി വന്നുചേര്‍ന്ന കലയെ അവര്‍ അഭിനിവേശത്തോടെ ചേര്‍ത്തു പിടിക്കുന്നു. ഇതിലെ അമ്മയും മകനും തമ്മിലുള്ള സംഭാഷണത്തിലൂടെ അതിന്റെ ആഴവും പരപ്പും നമുക്കറിയാം.
ജരാനരകളും അവ സമ്മാനിക്കുന്ന രോഗങ്ങളുമായി വൃദ്ധസദനങ്ങളില്‍ കഴിയുന്നവരേക്കാള്‍ മാരകമായ അവസ്ഥയിലൂടെ വാര്‍ധക്യം കടന്നുപോകുന്ന മറ്റൊരു ഇടത്തേക്കാണ് 'മത്തായിയുടെ മരണം' നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. സ്വന്തം സമ്പാദ്യത്തില്‍ പഠിച്ചുവളര്‍ന്ന മക്കള്‍ വിദേശത്തെ സുഖസൌകര്യങ്ങളിലേക്ക് ജീവിതം പറിച്ചുനടുമ്പോള്‍ വലിയ വീട്ടിലെ കാവല്‍ക്കാരനായോ 'തടവുകാരന്' തുല്യമായോ ജീവിക്കേണ്ടിവരുന്ന വൃദ്ധജന്മങ്ങളുടെ കഥയാണ് ഇതില്‍.
തെരുവ്, കുടില്‍, കൊട്ടാരം, രാത്രി, പകല്‍, വാഹനം, പ്രായം എന്നിങ്ങനെ ഭേദമില്ലാതെ ചവിട്ടിയരയ്ക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ നേര്‍ചിത്രങ്ങളാണ് ജോണ്‍ ഫെര്‍ണാണ്ടസിന്റെ 'മല്ലിപ്പൂ', 'കാത്തിരിപ്പ്' എന്നീ നാടകങ്ങള്‍.
ഗോവിന്ദച്ചാമിയെന്ന നരാധമനാല്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സൌമ്യാസംഭവം ഇതിവൃത്തമാക്കിയതാണ് 'കാത്തിരിപ്പ്'. ഫെര്‍ണാണ്ടസിന്റെ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട നാടകങ്ങളില്‍ ഒന്നായ 'കാത്തിരിപ്പ്' സാമൂഹ്യസദസ്സുകള്‍ക്ക് പുറമെ സ്കൂള്‍ യുവജനോത്സവങ്ങളിലും പലതവണ അരങ്ങേറി. സുഹൃത്ത് മീനാരാജാണ് സംവിധാനം നിര്‍വഹിച്ചത്. അരങ്ങേറ്റവേദിയില്‍ കെപിഎസി ബിയാട്രിസ്, പെരിയാര്‍ ലൈല നവീന്‍കുമാര്‍, ഐ ടി ജോസഫ് തുടങ്ങിയവരാണ് വേഷമിട്ടത്.
സമൂഹത്തിലെ മറ്റൊരു ക്യാന്‍സറായ 'ജാതീയത' പന്താടുന്ന ജീവിതങ്ങളെയാണ് 'അവന്‍ + അവള്‍ = ?', 'സര്‍വംസഹ' എന്നീ നാടകങ്ങള്‍ പങ്കുവയ്ക്കുന്നത്.
'വിഗതകുമാരന്‍' എന്ന മലയാളത്തിലെ ആദ്യസിനിമയിലെ നായികയായ റോസിക്ക് അനുഭവിക്കേണ്ടിവന്ന ദുരന്തത്തെ ഓര്‍മപ്പെടുത്തുന്നതാണ് 'സര്‍വംസഹ'.
ദുരന്തമുഖത്ത് അകപ്പെടുന്ന ഒരു യുവാവും വൃദ്ധനും രക്ഷയ്ക്ക് പരസ്പരം എങ്ങനെ തുണയാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പ്രതീകാത്മകമെന്ന് വിശേഷിപ്പിക്കാവുന്ന 'ട്രാവല്ലേഴ്സ്'. ബന്ധുത്വത്തെയും മനഃസാക്ഷിയെയുമൊക്കെ നാടകം വിചാരണ ചെയ്യുന്നുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..