30 June Thursday

പൊന്നാനിക്കാലം പൊന്‍കാലം

അക്കിത്തംUpdated: Sunday Jan 10, 2016

മേശപ്പുറത്ത് കത്തിച്ചുവച്ച നിലവിളക്ക്. ചുറ്റും തടിച്ച നിയമപുസ്തകങ്ങളും വക്കാലത്ത് കടലാസുകളും. രണ്ട് കസേരകളിലായി ഒരഭിഭാഷകനും അദ്ദേഹത്തിന്റെ ഗുമസ്തനും കേസുകള്‍ പഠിക്കുകയാണ്. വക്കീലിന് ഗുമസ്തനോടും ഗുമസ്തന് വക്കീലിനോടും ദൈവത്തോടുള്ള ഭക്തി. അതായിരുന്നു അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ അസാധാരണ സത്യം.

പൊന്നാനിയിലെ പ്രമുഖ അഭിഭാഷകന്‍ ജി രാമന്‍മേനോനും കവി ഇടശ്ശേരി ഗോവിന്ദന്‍നായരുമായിരുന്നു ആ രണ്ടുപേര്‍. മണ്ണെണ്ണവിളക്കിനുപകരം നിലവിളക്ക് കത്തിക്കാനുമുണ്ട് പ്രത്യേകമായ കാരണം. അന്നൊക്കെ മണ്ണെണ്ണയ്ക്ക് ക്ഷാമമാണ്. രാമന്‍മേനോന്‍ ഒന്നും കരിഞ്ചന്തയില്‍നിന്ന് വാങ്ങില്ല. അവര്‍ക്കൊരു മാതൃകാപുരുഷനുണ്ട്. പൊന്നാനി എവി എച്ച്എസില്‍ അധ്യാപകനും പിന്നീട് ജോലി ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങുകയുംചെയ്ത കേരളഗാന്ധി– കെ കേളപ്പന്‍. പൊന്നാനി താലൂക്കില്‍മാത്രമല്ല കേരളംമുഴുവന്‍ പരന്ന പ്രകാശമായിരുന്നു അവരുടെയൊക്കെ ആദര്‍ശം.

പൊന്നാനികാലഘട്ടമാണ് ഇടശ്ശേരിക്കവിതയുടെ നല്ല പൊന്‍കാലം. ചെറുതായിരുന്നില്ലല്ലോ ആ കാലഘട്ടം. വൈക്കം സത്യഗ്രഹംമുതല്‍ ഗുരുവായൂര്‍ സത്യഗ്രഹംവരെയുള്ള സാമൂഹ്യപരിഷ്കരണ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കാലം. അത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ജനതയുടെ സംസ്കാരം ഇടശ്ശേരിക്കവിത ഉള്‍ക്കൊള്ളുന്നു. പുത്തന്‍കലവും അരിവാളും, പൂതപ്പാട്ടും, ഒരുപിടി നെല്ലിക്കയും, കാവിലെ പാട്ടും, കറുത്ത ചെട്ടിച്ചികളും, കുറ്റിപ്പുറം പാലവും, തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോഴും, ഗുരുസ്മരണയും, ലോകഹൃദയവും ഒക്കെയായി എത്രയെത്ര കവിതകള്‍. കൂട്ടുകൃഷിയും നൂലാമാലയുംപോലുള്ള നാടകങ്ങള്‍. പക്ഷേ, ഞാനിപ്പോള്‍ ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ കന്നിക്കൃതിയെ. പന്ത്രണ്ടാം വയസ്സില്‍ കവിതയെഴുതിത്തുടങ്ങിയെങ്കിലും ആദ്യസമാഹാരമായ അളകാവലി പ്രസിദ്ധീകരിക്കുന്നത് 34–ാം വയസ്സില്‍. 21 കവിതകളുള്‍പ്പെടുന്ന ചെറിയ പുസ്തകം. കവിതകളൊന്നും അത്ര ദീര്‍ഘമല്ല. പക്ഷേ, തനിക്ക് പറയാനുള്ളത് കൃത്യമായി വളച്ചുകെട്ടാതെ പറയുന്ന ഇടശ്ശേരിയുടെ രചനാരീതി അതില്‍ത്തന്നെ കാണാം.

സൌന്ദര്യാരാധന, പ്രേമോപഹാരങ്ങള്‍, ഗ്രീഷ്മാന്തത്തില്‍, ആ കൈലേസ്, പൂപ്പരുത്തി, നുറുങ്ങി ചിന്തകള്‍, കാളവണ്ടി, ക്യാപ്ടന്റെ പ്രാര്‍ത്ഥന, ഭാരതപ്പുഴ, നിന്നിലൂടെ, നിഴല്‍പ്പാട്ടില്‍, രണാങ്കണത്തില്‍ ചോലമലര്‍, ആറ്റുവക്കത്ത് തുടങ്ങി പല കവിതകളുമുണ്ട്. എല്ലാം നല്ല കവിതകള്‍. അതിലൊരു കവിതയെപ്പറ്റി പ്രത്യേകം പറയണം. പള്ളിച്ചൂണ്ടല്‍. വിശ്വാസത്തിന്റെ മനഃശാസ്ത്രം മനുഷ്യനില്‍ ചെലുത്തുന്ന സ്വാധീനമാണ് പള്ളിച്ചുണ്ടലിന്റെ പ്രതിപാദ്യം. കാളവണ്ടി എന്ന കവിതയില്‍ ഭഗ്നപ്രണയത്തിന്റെ ദുഃഖം നിറയുന്നു.

അച്ഛന്റെ മരണത്തോടെ വീട്ടുകാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടായപ്പോള്‍ ഹൈസ്കൂള്‍ പഠനമുപേക്ഷിച്ച് ഇടശ്ശേരി ഗുമസ്തപ്പണിക്കുപോയി. ആലപ്പുഴയായിരുന്നു ആദ്യം. രണ്ടുമാസം കഷ്ടപ്പെട്ട് പണിയെടുത്തുകിട്ടിയ പൈസ അമ്മയെ ഏല്‍പ്പിക്കാന്‍ ഒരാള്‍വശം കൊടുത്തുവിട്ടു. പക്ഷേ, അത് കൈയേറ്റുവാങ്ങാന്‍ അമ്മയ്ക്കായില്ല. പണമെത്തുമ്പോഴേക്കും രോഗം മൂര്‍ച്ഛിച്ച് അമ്മ മരിച്ചിരുന്നു.

'അവള്‍ക്കു കുളിരിനു കമ്പിളി നേടി –
പ്പിന്നീടെന്നോ ഞാന്‍ ചെല്‍കെ
ഒരട്ടി മണ്ണ് പുതച്ചു കിടപ്പൂ
വീടാക്കടമേ മമ ജന്മം'' എന്ന് കവി എഴുതുന്നു.

മനുഷ്യന്റെ മഹത്വമാണ് സൌന്ദര്യാരാധനയില്‍ പ്രതിപാദിക്കുന്നത്. എനിക്ക് വ്യക്തിപരമായി വളരെ അടുപ്പം കവിയുമായുണ്ടായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ത്തന്നെ താമസിക്കുകയുംചെയ്തു. എന്റെ കവിതകള്‍ വായിക്കുന്നതിനും തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടാനും സമയം കണ്ടെത്തി. അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ കവിതയുടെ വഴിയില്‍ ഒട്ടൊക്കെ ആത്മവിശ്വാസത്തോടെ നടക്കാന്‍ എനിക്ക് സഹായകമായി. ഞാന്‍ മാത്രമല്ല, ഒട്ടുവളരെപേര്‍ അങ്ങനെയുണ്ട്. പൊന്നാനക്കളരി എന്നൊക്കെപറയാറില്ലെ അതിന്റെ കേന്ദ്രസ്ഥാനത്തു മറ്റാരുമല്ല, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ തന്നെയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top