11 July Saturday

ഇന്ത്യയും പാകിസ്ഥാനും കുറെ ധാരണകളും

വെബ് ഡെസ്‌ക്‌Updated: Sunday Oct 7, 2018

ഒസാമ ബിൻ ലാദൻ പാകിസ്ഥാനിലെ  ഏതെങ്കിലും പട്ടണത്തിലാകും താമസമെന്ന‌് സംഭവം നടക്കുന്നതിനു വളരെ മുമ്പുതന്നെ  ജനറൽ ദുറാനിക്ക‌് തോന്നിയിരുന്നു. അമേരിക്കൻ ദൗത്യത്തിൽ തന്ത്രപരമായ സഹായം പാകിസ്ഥാനും ചെയ‌്തിരുന്നു; എന്നാൽ, ദൗത്യം കഴിഞ്ഞ‌് പാകിസ്ഥാന് ചെയ‌്തുകൊടുക്കാമെന്ന്‌ ഉറപ്പുപറഞ്ഞ കാര്യങ്ങളിൽനിന്ന് അമേരിക്ക ഒഴിഞ്ഞുമാറി. കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്ന പദ്ധതിയുമായി നടന്ന ഒരു ഡോക്ടറാണ് അമേരിക്കയ‌്ക്കുവേണ്ടി ചാരവൃത്തി ചെയ‌്ത‌്  ഒസാമയെ കണ്ടെത്തിയത് എന്നാണ് ദുറാനി കരുതുന്നത്

 
ചാരവൃത്തി കേന്ദ്രീകരിച്ചു കനപ്പെട്ട സാഹിത്യം നമുക്കില്ലെന്നു തന്നെ പറയാം. വായന ഗൗരവമായെടുക്കുന്നവർ പരിചയപ്പെട്ടിരിക്കുന്നത് അമേരിക്ക റഷ്യ അച്ചുതണ്ടിൽ വിഭാവന ചെയ്‌ത ചാരപ്രവർത്തനങ്ങളുടെയും അപസർപ്പകന്മാരുടെ ഗൂഢപ്രവർത്തനങ്ങളുടെയും കഥകളാണ്. ഇവയുടെ പ്രചാരത്തിനു പിന്നിൽ ശീതയുദ്ധം തീർത്ത അതിഭാവുകത്വത്തിന്റെ ഭാവനാലോകമായിരുന്നു. എല്ലാ രാജ്യങ്ങൾക്കും രഹസ്യ പൊലീസും ചാരന്മാരും ആവശ്യമാണ്; പ്രത്യേകിച്ച് ചുറ്റും ശത്രുരാജ്യങ്ങളോ ശത്രുതാൽപ്പര്യങ്ങളോ ശക്തമായി നിലകൊള്ളുമ്പോൾ.
 
വിദേശങ്ങളിൽ നിലവാരമുള്ള സ‌്പൈ  നോവലുകൾക്ക് ലഭിക്കുന്നത‌് നല്ല സ്വീകരണമാണ്. ബരോനസ് ഓറ്റ്സി  (Baroness Orczy) മുതൽ ജോൺ ലെ കാറെ (John Le Carre) വരെ ഉദാഹരണങ്ങൾ. ചാരപ്രവർത്തകരുടെ യഥാർഥ കഥകളും അനുഭവങ്ങളും സാഹിത്യത്തിന്റെ ഭാഗമായിട്ടുണ്ട്. ഒസാമ ബിൻ ലാദനെ വധിച്ച സ‌്പൈ ഗ്രൂപ്പിൽ പങ്കെടുത്തവർ തന്നെ തങ്ങളുടെ ദൗത്യം വിവരിക്കുന്ന കൃതികൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ആത്മകഥാംശമുള്ള ഇത്തരം കൃതികൾ ചരിത്രം, സാഹിത്യം, നയതന്ത്രബന്ധം തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതാണ് ഈ കൃതികളുടെ സവിശേഷത. സ്വന്തം രാജ്യത്തിനുവേണ്ടി ചാരവൃത്തി നടത്തുന്ന വിദഗ്‌ധന് അനുഭവങ്ങൾ പുറത്തുപറയുന്നതിനു നിയമപരമായ വിലക്കുകളുണ്ട്; അയാൾ ഉദ്യോഗത്തിൽനിന്ന് വിരമിച്ചുകഴിഞ്ഞാലും വിലക്കുകൾ തുടരും. ഇത് മറികടക്കാനാകുന്നവർക്ക് മാത്രമേ രചനയിലേക്കു തിരിയാനാകൂ.
 
സ്വാതന്ത്ര്യം ലഭിച്ചനാൾമുതൽ ശത്രുതയിൽ കഴിയുന്ന ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ ചാരപ്രവർത്തനം സ്വാഭാവികം. ഇന്ത്യയുടെ റോ,  പാകിസ്ഥാന്റെ ഐഎസ്ഐ എന്നിവ ചാരപ്രവർത്തനം നടത്തുന്ന ഏജൻസികളാണ്.  അവരുടെ പ്രവർത്തനങ്ങൾ പരസ‌്പര ശത്രുതയോടെ ആയിരുന്നു താനും. എന്നാൽ‌, അതിന്റെ മേധാവികൾ വിരമിച്ചശേഷം  സുഹൃത്തുക്കളെപ്പോലെ സംസാരിക്കുകയാണെങ്കിലോ? അങ്ങനെയൊരു  ചിന്തപോലും ആശ്ചര്യമുളവാക്കും. അവരുടെയുള്ളിൽ രഹസ്യമായിരിക്കേണ്ട കാര്യങ്ങളെന്തെങ്കിലും പുറത്താകുമോ? പ്രധാന ചോദ്യം അതല്ല: ആർക്കാണ് രണ്ടു ശത്രുരാജ്യങ്ങളിലെ  ചാരന്മാരെ ഒന്നിച്ചിരുത്തി സംസാരിപ്പിക്കാനാകുക. അങ്ങനെയൊരു പ്രോജക്ട‌് അസാധ്യം.  
 
എന്നാൽ, ആദിത്യ സിൻഹ എന്ന മാധ്യമപ്രവർത്തകൻ സാധിച്ചെടുത്തത് അസാധ്യമായ ഇക്കാര്യം തന്നെയാണ്. റോയുടെ ഡയറക്ടർ ആയിരുന്ന എ എസ് ദുലാത്ത്, ഐഎസ്ഐ തലവനായിരുന്ന ലഫ്. ജന‌റൽ അസദ് ദുറാനി എന്നിവരോടൊപ്പം ഒരു മേശയ‌്ക്കു ചുറ്റുമിരുന്ന് ഇന്ത്യ‐പാക്  ബന്ധത്തെക്കുറിച്ചു സംസാരിക്കുക. ഇത്തരം കൂടിക്കാഴ‌്ചകൾ ഇന്ത്യയിലോ പാകിസ്ഥാനിലോ സാധ്യവുമല്ല; മാധ്യമങ്ങളുടെയോ ചാരന്മാരുടെയോ ശ്രദ്ധയിൽപ്പെട്ടാൽ പുതിയൊരു ഉപജാപ കഥയാകും പുറത്തുവരിക. ഇന്തോ‐പാക് നയതന്ത്ര ചർച്ചകളിൽ പിന്നണിയിൽ പ്രവർത്തിക്കുന്ന ഒട്ടാവ യൂണിവേഴ്സിറ്റിയിലെ പീറ്റർ ജോൺസ്‌ പദ്ധതിയിൽ സഹകരിക്കാമെന്നും മീറ്റിങ് സാധ്യമാക്കാമെന്നും ഏറ്റു. അങ്ങനെ 2016 മെയ് 24ന്  ഇസ‌്താംബുൾ പട്ടണത്തിൽ ആദ്യ യോഗം.  തുടർ യോഗങ്ങൾ  ഇസ‌്താംബുൾ, ബാങ്കോക്ക്, നേപ്പാൾ എന്നിവിടങ്ങളിൽ. സിൻഹ ഉയർത്തുന്ന വിഷയങ്ങളിൽ ഇരുവരും തങ്ങളുടെ വീക്ഷണകോണിൽനിന്ന‌് കാര്യങ്ങളെ അപഗ്രഥിക്കുകയെന്ന മാതൃകയിലാണ് പുസ‌്തകത്തിന്റെ രൂപകൽപ്പന. 
 
പൂർവമാതൃകകളില്ലാത്ത പുസ‌്തകമാണിത്. ഹിച്കോക്‐ട്രൂഫാ (Hitchcock/Truffaut) സംഭാഷണങ്ങളാണ് മാതൃകയായി സിൻഹ കണ്ടത്. ചരിത്രം, നയതന്ത്രം, കാൽപ്പനികത, വിഭജനത്തിന്റെ ഓർമ, കശ്‌മീർ, ബലൂചിസ‌്താൻ എന്നിങ്ങനെ അനവധി വിഷയങ്ങൾ രണ്ടു വ്യത്യസ്‌ത കോണുകളിലൂടെ കാണാൻ ശ്രമിക്കുകയാണ് ദുലാത്ത്, ദുറാനി, ആദിത്യ സിൻഹ എന്നിവർ ചേർന്ന് രചിച്ച ‘ദ സ്‌പൈ ക്രോണിക്കിൾസ്‌ റോ, ഐഎസ്‌ഐ ആൻഡ്‌ ദ ഇല്യൂഷൻ ഓഫ്‌ പീസ്‌' (A S Dulat, Asad Durrani, Aditya Sinha: The Spy Chronicles- RAW, ISI and the Illusion of Peace: 2018, Harper Collins). സമാധാനം ഇന്ത്യ‐പാക് ബന്ധങ്ങളിൽ ഒരു  മിഥ്യാസങ്കല്പമാകുന്നതെങ്ങനെ എന്ന് സിൻഹ പറഞ്ഞുവയ‌്ക്കുന്നു. 
 
2002ൽ  വാജ്പേയി ഭരണകാലത്ത‌് പാക് അതിർത്തിയിലേക്ക് ഓപ്പറേഷൻ പരാക്രം എന്നപേരിൽ അതിവിപുലമായ പടയൊരുക്കം നടന്നു. അമേരിക്കയിൽ 9/11 സംഭവിച്ച‌് അധികം നാളായിട്ടില്ല, അപ്പോഴാണ് പാർലമെന്റ‌് ആക്രമിക്കപ്പെട്ടത്. രാജ്യം യുദ്ധസന്നദ്ധമായി മുന്നോട്ടുനീങ്ങുന്ന സമയം. പാകിസ്ഥാൻ ഇതെങ്ങനെ കണ്ടു? 9/11 സംഭവിച്ച‌് ദിവസങ്ങൾക്കുള്ളിൽ അമേരിക്ക പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്തി ഭീകരതയ‌്ക്കെതിരെ അണിനിരക്കാൻ ശ്രമിക്കുന്ന കാലം. അപ്പോൾ, ഇന്ത്യയുടെ പടയൊരുക്കം നടന്നാലും യുദ്ധസാധ്യത ഇല്ലെന്നായിരുന്നു പാക് നിരീക്ഷണം: 'Logically, troop movement was the compulsion but war would be by choice; and that choice was not likely to be exercised.' ഇന്ത്യയിലെ തന്ത്രജ്ഞർ അതിഗുരുതരമായ അവസ്ഥ കണ്ടെത്തും സമാന രീതിയിൽ. യുദ്ധം ഒന്നിനും പരിഹാരമല്ല; മുൻ യുദ്ധങ്ങൾ പരിഹാരമായിരുന്നില്ല എന്നതുപോലെ. പടയൊരുക്കം പണച്ചെലവുള്ള കാര്യമായിരുന്നു താനും. പാകിസ്ഥാനെതിരെ സമ്മർദമുണ്ടായതായി മാധ്യമങ്ങൾ നിരന്തരം എഴുതിക്കൊണ്ടിരുന്നു.സാവധാനം പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു, അത്രതന്നെ.
 
ഒസാമ ബിൻ ലാദൻ പാകിസ്ഥാനിലെ  ഏതെങ്കിലും പട്ടണത്തിലാകും താമസമെന്നു സംഭവം നടക്കുന്നതിനു വളരെ മുമ്പുതന്നെ  ദുറാനിക്ക‌് തോന്നിയിരുന്നു. അമേരിക്കൻ ദൗത്യത്തിൽ തന്ത്രപരമായ സഹായം പാകിസ്ഥാനും ചെയ‌്തിരുന്നു; എന്നാൽ, ദൗത്യം കഴിഞ്ഞു പാകിസ്ഥാന് ചെയ‌്തുകൊടുക്കാമെന്ന‌് ഉറപ്പുപറഞ്ഞ കാര്യങ്ങളിൽനിന്ന് അമേരിക്ക ഒഴിഞ്ഞുമാറി. കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്ന പദ്ധതിയുമായി നടന്ന ഒരു ഡോക്ടറാണ് അമേരിക്കയ‌്ക്കു വേണ്ടി ചാരവൃത്തി ചെയ‌്ത‌്  ഒസാമയെ കണ്ടെത്തിയത് എന്നാണ് ദുറാനി കരുതുന്നത്. അതോടെ, കുട്ടികൾക്കുള്ള വാക‌്സിനേഷൻ പരിപാടി അവതാളത്തിലായി.  വാക‌്സിൻ പ്രവർത്തകർ ആക്രമിക്കപ്പെട്ടു. 
 
ഭാവി സമാധാനത്തിന്റെ പരീക്ഷണശാല അഫ്ഗാനിസ്ഥാനാണെന്ന് ഇരുവരും ചിന്തിക്കുന്നു. അവിടെ ഇന്ത്യക്കും പാകിസ്ഥാനും യോജിച്ചു പ്രവർത്തിക്കാമെങ്കിൽ ഇന്നു നിലവിലുള്ള മറ്റു സംഘർഷങ്ങൾക്ക് അയവുണ്ടാകും. ഇത് സാധിക്കാത്തത് ഒരുപക്ഷേ ആ വേദിയിലെ പ്രധാന നടന്മാരുടെ മാനസികനില കൊണ്ടായിരിക്കണം. അജിത് ഡോവലിനെ കുറിച്ചുള്ള ചർച്ചയ‌്ക്കിടയിൽ ദുലാത്ത് നടത്തുന്ന പരാമർശമുണ്ട്, "the trouble with spooks is that they find it difficult to invest in trust". ജോൺ ലെ കാരെയുടെ ഏറ്റവും പുതിയ പുസ‌്തകത്തിലെ ഉദ്ധരണി.
 
അഫ്ഗാനിസ്ഥാൻ പ്രശ്നം അതിസങ്കീർണമായ കാലത്ത‌് പാകിസ്ഥാൻ അതിന്റെ ഊർജമെല്ലാം അങ്ങോട്ടാണ് കേന്ദ്രീകരിച്ചത്. അത് ഫലം കണ്ടെന്ന് കരുതണം, ചാരവൃത്തിയുമായി ബന്ധമുള്ളവരെല്ലാം ഐഎസ്ഐ സംരംഭത്തെ ശ്ലാഘിച്ചുവന്നു. ആയിടയ‌്ക്കാണ് ഇന്ത്യൻ പ്രതിനിധികളുമായുള്ള ചർച്ച. അവർ ആരാഞ്ഞു, എന്താണ് പാകിസ്ഥാന്റെ  സർവപ്രധാനമായ ദൃഷ്ടികേന്ദ്രം? മറുപടി ഉടൻ വന്നു, 'ഇന്ത്യ, എന്ത് സംശയം?'
അതാകണം സ്‌പൈകളുടെ ജീവിതം വേറിട്ടതാകുന്നത്.

 


പ്രധാന വാർത്തകൾ
 Top