09 September Monday

സ്നേഹത്തിന്റെ ശാസ്ത്രം സ്ത്രീപക്ഷചിന്ത

ഡോ. യു നന്ദകുമാര്‍Updated: Monday Jun 5, 2017

സാമ്പത്തികശാസ്ത്രത്തെ സ്ത്രീപക്ഷവായനയ്ക്ക് വിധേയമാക്കുകയാണ് കാത്റീന്‍ മാര്‍സല്‍ രചിച്ച 'ആദം സ്മിത്തിന് അത്താഴം പാകംചെയ്തതാര്?' (Who Cooked Adam Smith's Dinner?)എന്ന പുസ്തകം

ഇക്കണോമിക്സ് പഠിച്ചിട്ടില്ലാത്തവര്‍ക്ക് അതൊരു ബോറന്‍വിഷയമാണെന്ന് പറയാതെവയ്യ. അതിനാല്‍, ഈ വിഷയം കൈകാര്യംചെയ്യുന്ന പുസ്തകങ്ങള്‍ സാധാരണയായി നമുക്ക് വായിച്ചുപോകാന്‍ പ്രയാസം. എന്നാല്‍, രസകരമായ ഭാഷയില്‍, ചെറിയ ഖണ്ഡികകളായി, ഉദാഹരണങ്ങളും കഥകളും ഒക്കെയായി പറഞ്ഞുപോയാലോ; ആസ്വാദ്യകരംതന്നെയാകും ഫലം. അങ്ങനെ ആദ്യവസാനം വായിക്കാവുന്ന പുസ്തകമാണ് കാത്റീന്‍ മാര്‍സല്‍ രചിച്ച 'ആദം സ്മിത്തിന് അത്താഴം പാകംചെയ്തതാര്?' എന്ന പുസ്തകം. (Katrine Marçal; Who Cooked Adam Smith's Dinner?- 2015 Portobello. Translated by Saskia Vogel). സ്ത്രീകളെയും ഇക്കണോമിക്സിനെയും സംബന്ധിക്കുന്ന കഥ എന്നുപശീര്‍ഷകം. സ്വീഡിഷ് ഭാഷയില്‍ എഴുതപ്പെട്ട പുസ്തകം ഇതിനകം നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടുകഴിഞ്ഞു.

സാമ്പത്തികശാസ്ത്രത്തെ സ്ത്രീപക്ഷവായനയ്ക്ക് വിധേയമാക്കുകയാണ് മാര്‍സല്‍. അതിലെ അടിസ്ഥാനസങ്കല്‍പ്പങ്ങളും പ്രമാണങ്ങളും സ്ത്രീപങ്കാളിത്തത്തെയോ സ്ത്രീസംഭാവനകളെയോ പരിഗണിക്കുന്നില്ല എന്ന കാഴ്ചപ്പാട് ഒരു സംവാദത്തിലൂടെ നമ്മുടെമുമ്പില്‍ നിരത്തുകയാണ് ഗ്രന്ഥകാരി. ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളിലൂന്നി ഇക്കണോമിക്സിനെ കാണുന്ന രചനകള്‍ പരിമിതമാകാനാണ് സാധ്യത. ആ നിലയ്ക്കും ഇതൊരു പ്രധാനപ്പെട്ട സംഭാവനയാണെന്നുകാണാം.

പുസ്തകത്തിന്റെ പേരില്‍പ്പോലും ഫെമിനിസ്റ്റ് സങ്കല്‍പ്പം പ്രതിഫലിക്കുന്നു. ആദം സ്മിത്തിന് ആരാണ് ഭക്ഷണം പാകംചെയ്തത് എന്ന് ചോദിക്കുമ്പോള്‍ ഒരു സ്ത്രീസാന്നിധ്യം കാണാമറയത്തുണ്ട് എന്നര്‍ഥം വരുന്നു. ആദം സ്മിത്ത് അവിവാഹിതനായിരുന്നു; അപ്പോള്‍ അദൃശ്യയായ ആ സ്ത്രീ അദ്ദേഹത്തിന്റെ ഭാര്യയായിരുന്നില്ല; അമ്മയായിരുന്നു. ഇക്കണോമിക്സിന്റെ പിതാവെന്നറിയപ്പെടുന്ന ആദം സ്മിത്തിന്റെ സിദ്ധാന്തങ്ങള്‍ ഇന്നും പ്രകാശമാനമായി നിലകൊള്ളുന്നു. മനുഷ്യന്‍ ജീവിക്കുന്നത് സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ് എന്നത് അദ്ദേഹത്തിന്റെ ഏറെ പ്രചാരമുള്ള സിദ്ധാന്തമാണ്. നമുക്ക് വേണ്ടുന്ന റൊട്ടിയും ഇറച്ചിയും വീഞ്ഞും വില്‍പ്പനക്കാര്‍ തരുന്നത് നമ്മോടുള്ള താല്‍പ്പര്യംകൊണ്ടല്ല അവരുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കാന്‍വേണ്ടിയാണെന്ന് അദ്ദേഹം വാദിക്കുന്നു. സമൂഹത്തിലെ ക്രയവിക്രയങ്ങള്‍ക്ക് നന്മയുണ്ടാകുന്നത് പരസ്പരം മത്സരിക്കുന്നവര്‍ നിലനില്‍പ്പിനുവേണ്ടി നന്മചെയ്യാന്‍ ബാധ്യസ്ഥരാകുമ്പോഴാണ്.

സ്വതന്ത്രവ്യക്തികള്‍ സ്വന്തം നന്മ എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്നത് സമ്പദ്ഘടനയ്ക്ക് ഉത്തേജകമാകുമെന്നതില്‍ സംശയമില്ല. ആദം സ്മിത്ത് ജനിക്കുംമുമ്പ് അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചുകഴിഞ്ഞിരുന്നു. തന്റെ 28ാം വയസ്സുമുതല്‍ പുനര്‍വിവാഹത്തെക്കുറിച്ച് ആലോചിക്കപോലും ചെയ്യാതെ വിധവയായും അമ്മയായും വീട് നോക്കുകയും മകനെ ശുശ്രൂഷിക്കുകയും മേശപ്പുറത്ത് ആഹാരമെത്തിക്കയും ചെയ്തു, ആ അമ്മ. എന്തൊക്കെ സ്വാര്‍ഥലാഭേച്ഛയാകും ആ അമ്മയ്ക്കുണ്ടായിരുന്നിരിക്കുക? നിസ്തുലമായ സ്നേഹമല്ലാതെ മറ്റെന്താണ് അമ്മയെ മുന്നോട്ടുനയിച്ചത്? സ്നേഹമല്ലാതെ മറ്റെന്താണ് അമ്മയില്‍ ആദം സ്മിത്ത് കണ്ടെത്തിയത്? സമൂഹത്തിലെ അടിസ്ഥാന സാമ്പത്തിക യൂണിറ്റ് സ്വതന്ത്രവ്യക്തി ആണെന്ന് ആദം സ്മിത്ത് പറയുമ്പോള്‍ സത്യത്തില്‍ അദ്ദേഹം തന്റെ മുമ്പില്‍ മുറതെറ്റാതെ എത്തിയിരുന്ന അത്താഴത്തിന്റെ പിന്നിലെ സ്ത്രീയെയും അവരുടെ നന്മയെയും പരിഗണിച്ചുവോ? ഇല്ല എന്നത്രേ മാര്‍സല്‍ കരുതുന്നത്. അതായത്, ആദം സ്മിത്തിന്റെ സ്വതന്ത്രവ്യക്തി സ്വതന്ത്രപുരുഷന്‍ ആണെന്നുസാരം.

ഇക്കണോമിക്സില്‍ സ്ത്രീസങ്കല്‍പ്പം രൂപപ്പെടുത്തിയിരിക്കുന്നത് പുരുഷന് വിധേയമായിട്ടാണ്. പ്രകൃതിയെ സംസ്കാരംകൊണ്ടും ശരീരത്തെ ആത്മാവുകൊണ്ടും പാകപ്പെടുത്തിയെടുക്കണം. സ്വതന്ത്രരായവര്‍ ആശ്രിതരെ സംരക്ഷിച്ചുകൊള്ളും. പുരുഷന്‍ ഉല്‍പ്പാദകനാണ്; സ്ത്രീ ഉപയോക്താവും. പുരുഷന്‍ തീരുമാനങ്ങളെടുക്കും; എല്ലാം വ്യക്തമാണ്, ഇക്കണോമിക്സ് വിദഗ്ധന്.

അതുകൊണ്ടാണ്, ലോകമെമ്പാടും വീടുനോക്കുന്നതും ഭക്ഷണമുണ്ടാക്കുന്നതും കുഞ്ഞുങ്ങളുടെ മൂക്കുപിഴിയുന്നതും ഗര്‍ഭപാത്രം ഉപയോഗിക്കുന്നതും പ്രൈമറി സ്കൂളില്‍ പഠിപ്പിക്കുന്നതും ആശുപത്രിയില്‍ നേഴ്സിങ് ജോലികള്‍ ചെയ്യുന്നതും സ്ത്രീകളായത്. ഈ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ മൂല്യം ഇനിയും കണ്ടെത്തിയിട്ടില്ല; പരിരക്ഷ, ശുശ്രൂഷ എന്നിവ പ്രധാന ഘടകമായ ജോലികള്‍ ചെയ്യാനിപ്പോള്‍ ആളെക്കിട്ടാത്തത് അതിനാല്‍ത്തന്നെ. യൂറോപ്പിലും അമേരിക്കയിലും നേഴ്സിങ് ജോലിചെയ്യാന്‍ വിദേശത്തുനിന്ന് സ്ത്രീകളെ ഇറക്കുമതിചെയ്യുന്നു. ഫിലിപ്പീന്‍സിലെ അനേകം ഡോക്ടര്‍മാര്‍ അമേരിക്കയില്‍ നേഴ്സായി പണിയെടുക്കുന്നു. ശുശ്രൂഷിക്കാതെ രോഗികള്‍ക്ക് സുഖം പ്രാപിക്കാനാകില്ല; കുറഞ്ഞ വേതനം നല്‍കി നന്മയോടുള്ള സമൂഹത്തിന്റെ നീക്കിയിരിപ്പായി കണ്ട് വേതനം കുറച്ചാല്‍ നേഴ്സിങ്ങിന് ജോലിക്കു വരാന്‍ സ്ത്രീകള്‍ മടിക്കും. ഫ്ളോറെന്‍സ് നൈറ്റിങ്ഗെയ്ല്‍  ഇതുനന്നായി മനസ്സിലാക്കിയിരുന്നു. അവര്‍ പട്ടാളക്യാമ്പ് ആശുപത്രിയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ കണക്കുവയ്ക്കുകയും സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ച് ഗുണഫലങ്ങളപഗ്രഥിക്കുകയും ചെയ്തു. നേഴ്സുമാര്‍ക്ക് അനുയോജ്യമായ വേതനം നല്‍കണമെന്ന് കണക്കുകള്‍ ഉദ്ധരിച്ച് ആവശ്യപ്പെട്ടയാളാണ് ഫ്ളോറെന്‍സ്. എന്നാല്‍, സ്ത്രീകളുടെ പ്രവര്‍ത്തനം സ്നേഹം, ദയ, അനുതാപം എന്നിവയിലൂടെ നിര്‍വചിക്കുന്നത് ഒരു പുരുഷകേന്ദ്രീകൃത മാതൃകയായിരുന്നു. അങ്ങനെ സമൂഹത്തിനുവേണ്ട മാതൃക സൃഷ്ടിക്കപ്പെട്ടു എന്നുമാത്രം.

അമേരിക്കയില്‍ കമ്പനിമേധാവികള്‍ 1970കാലത്ത് അവിടത്തെ ശരാശരി ഉദ്യോഗസ്ഥരേക്കാള്‍ മുപ്പതിരട്ടി വരുമാനമുണ്ടാക്കിയിരുന്നു. ഇതിനുശേഷമാണ് റെയ്ഗന്‍ താച്ചര്‍ നവലിബറല്‍ പദ്ധതി നടപ്പായത്. തുടര്‍ന്ന് കമ്പനിമേധാവികളുടെ ശമ്പളം മറ്റുള്ളവരുടേതിനേക്കാള്‍ 360 ഇരട്ടിയായി വര്‍ധിച്ചു. ഐക്യരാഷ്ട്രസഭ പറയുന്നത്, 2005ല്‍ ലോകം പുരോഗതിയിലാണെങ്കിലും സാമ്പത്തിക അസമത്വം ഏറിയിരിക്കുന്നു എന്നാണ്. ഏറ്റവും ധനികരാജ്യങ്ങള്‍ ഏറ്റവും ദരിദ്രരാജ്യങ്ങളേക്കാള്‍ നൂറിരട്ടി സമ്പന്നമാണ്. നൂറുവര്‍ഷംമുമ്പ് ഇത് വെറും ഒമ്പതിരട്ടിമാത്രം. പണം ശീതീകരിക്കപ്പെട്ട ആഗ്രഹമായി മാറിയിരിക്കുന്നു.

ധനികരാജ്യങ്ങളില്‍ സമ്പന്നരുടെ പട്ടികയില്‍ സ്ത്രീസാന്നിധ്യം പരിമിതമെങ്കിലും, അവികസിതരാജ്യങ്ങളില്‍ ദാരിദ്യ്രത്തിന്റെ ഭാരം സ്ത്രീകള്‍ക്ക് വേണ്ടുവോളമുണ്ട്!

ഏറ്റവും പൊക്കമുള്ള കെട്ടിടം ദുബായിലാണ്. ശരിക്കും ഒരു നവലിബറല്‍ തീം പാര്‍ക്ക്. ഉയര്‍ന്ന വളര്‍ച്ചനിരക്കും അനിയന്ത്രിതമായ സ്വാതന്ത്യ്രവും. എന്നാല്‍, രാഷ്ട്രീയ പാര്‍ടികളോ ജനാധിപത്യമോ ട്രേഡ് യൂണിയനോ ഇല്ല. ലോകത്തിലെ അതിസമ്പന്നരുടെ ഈ വിനോദകേന്ദ്രം കെട്ടിപ്പടുത്ത തൊഴിലാളികള്‍ പലരും കുടുസ്സുമുറികളില്‍ ടോയ്ലറ്റോ അടുക്കളയോ ഇല്ലാതെ ജീവിക്കേണ്ടിവരുന്നു. ഷോപ്പിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ബെക്കാം കുടുംബംമുതല്‍ വന്‍കിട മയക്കുമരുന്ന് മാഫിയ തലവന്മാര്‍വരെ എത്തുന്നു. റഷ്യ, ഇന്ത്യ, ഇറാന്‍, അര്‍മേനിയ എന്നിവിടങ്ങളിലെ പണക്കാരായ സ്ത്രീകള്‍ രഹസ്യമായി ലൈംഗികവൃത്തിക്കായി സന്ദര്‍ശനം നടത്തുന്നു. അങ്ങനെ അതിസമ്പന്നതയുടെ ബിസിനസ് താല്‍പ്പര്യങ്ങളില്‍ സ്ത്രീശരീരത്തിന്റെ ക്രയവിക്രയങ്ങള്‍ പുരുഷന്മാര്‍ക്ക് വിപുലമായ സാധ്യതയൊരുക്കുന്നു. അമേരിക്കന്‍ ഫെമിനിസ്റ്റ് വെന്‍ഡി ബ്രൌണ്‍ പറയുന്നത് നവലിബറല്‍ കമ്പോളം യഥാര്‍ഥത്തില്‍ നിലവിലുള്ള അവസ്ഥയുടെ പ്രതിഫലനമല്ല, മറിച്ച് നിലവിലുണ്ടെന്ന് നവലിബറലിസ്റ്റുകള്‍ അവകാശപ്പെടുന്ന കമ്പോളത്തിന്റേതാണ്.

നാം കേട്ടറിഞ്ഞ ഇക്കോണോമിക്സ് സിദ്ധാന്തങ്ങളെയാകെ സ്ത്രീപക്ഷത്തുനിന്ന് സമൂലം മാറ്റിവായിക്കുകയാണ് കാത്റീന്‍ മാര്‍സല്‍. ഫെമിനിസ്റ്റ് ചിന്തകര്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാകും ഇപ്പുസ്തകം.

unnair@gmail.com

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top