02 April Sunday

സംഗീതവിജ്ഞാനകോശം

ആലപ്പുഴ ശ്രീകുമാര്‍Updated: Sunday Jul 3, 2016

അനന്തസാഗരമാണ് സംഗീതം. എത്ര പാടിയാലും തീരില്ല. എത്ര പഠിച്ചാലും പാഠങ്ങള്‍ പിന്നെയും ബാക്കിയാവും. മനസ്സിനെ രമിപ്പിക്കുന്നതെങ്കിലും സംഗീതം കേവലം വിനോദോപാധിയല്ല. ഭക്തിയുടെ മാര്‍ഗമായും ആനന്ദത്തിന്റെ സ്രോതസ്സായും വിമോചനശക്തിയായുമൊക്കെ സംഗീതത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

സംഗീതത്തിന് വിവിധ തലങ്ങളുണ്ട്; രൂപങ്ങളും ഭാവങ്ങളുമുണ്ട്. ശാസ്ത്രീയസംഗീതം എന്ന് നാം സാധാരണ വിവക്ഷിക്കാറുള്ള ആലാപനങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ ആസ്വദിക്കണമെങ്കില്‍ പ്രാഥമികതലത്തിലെങ്കിലുമുള്ള അനുശീലനം അനിവാര്യമാണ്. ഗുരുസവിധത്തില്‍നിന്നുതന്നെ അത് ലഭിക്കാന്‍ എല്ലാവര്‍ക്കും അവസരം ലഭിച്ചു എന്നുവരില്ല. അങ്ങനെയുള്ളവര്‍ക്ക് പുസ്തകങ്ങളെയും ഇതര മാധ്യമങ്ങളെയും ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. ദൌര്‍ഭാഗ്യകരമായ വസ്തുത സംഗീതസംബന്ധിയായ ഗ്രന്ഥങ്ങളുടെ ദൌര്‍ലഭ്യം ഇതിന് തടസ്സമാകുന്നു എന്നതാണ്. അല്‍പ്പസ്വല്‍പ്പം സംഗീതം പഠിച്ചവര്‍ക്കുതന്നെയും തുടര്‍പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഇത് ഒട്ടൊക്കെ വിഘാതം സൃഷ്ടിക്കുന്നു. സംഗീതജ്ഞര്‍ പൊതുവെ മികച്ച ഗ്രന്ഥകാരന്മാരാകണമെന്നില്ല. ഗ്രന്ഥകാരന്മാരില്‍ മിക്കവരും സംഗീതജ്ഞരുമല്ല.

ആസ്വാദര്‍ക്കും ഗവേഷകര്‍ക്കും ഒരേപോലെ പ്രയോജനകരമായ പുസ്തകമാണ് സംഗീതാധ്യയനത്തില്‍ തനത് മുദ്രപതിപ്പിച്ചിട്ടുള്ള ഡോ. വി ടി സുനില്‍ രചിച്ച സംഗീതനിഘണ്ടു. പദശേഖരമെന്നതിനപ്പുറം വിജ്ഞാനകോശത്തിന്റെ തലത്തിലേക്ക് അത് കടന്നുനില്‍ക്കുന്നു. ഇന്ത്യന്‍ ഭാഷകളില്‍ ഇത്തരമൊരു സംരംഭത്തിന് മാതൃകകളില്ല. ഹൃദയത്തില്‍ പ്രിയങ്കരമായ സാഹിത്യമെന്തെന്ന ചോദ്യത്തിന് കവിതകള്‍ എന്നാണെന്റെ ഉത്തരം. ഒ എന്‍ വി കുറുപ്പിന്റെയും സുഗതകുമാരിയുടെയുമൊക്കെ കവിതകള്‍ വിശേഷിച്ചും. എന്നാല്‍, കലാസ്വാദകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു പുസ്തകമായതുകൊണ്ടും ഇന്ത്യന്‍ ഭാഷകളിലെ പ്രഥമ ഉദ്യമമായതിനാലും സംഗീത നിഘണ്ടുവിനെപ്പറ്റി പറയുന്നതിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നു കരുതുന്നു.

ചിറ്റൂര്‍ ഗവ. കോളേജ്, സംസ്കൃത സര്‍വകലാശാല തുടങ്ങി പല സ്ഥാപനങ്ങളിലും മികച്ച അധ്യാപകനും ഗവേഷകനുമെന്ന് പ്രശസ്തിനേടിയ ഗ്രന്ഥകാരന്‍ ഇപ്പോള്‍ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളേജില്‍ ജോലിനോക്കുന്നു.

കര്‍ണാടക, ഹിന്ദുസ്ഥാനി, പാശ്ചാത്യസംഗീതശാഖകളെപ്പറ്റി സാമാന്യത്തിലധികം അറിവുപകരുന്നു സംഗീതനിഘണ്ടു. തന്റെ പ്രവര്‍ത്തനമേഖല എന്ന നിലയിലാവണം കര്‍ണാടക സംഗീതത്തിന് കൂടുതല്‍ ഊന്നല്‍നല്‍കിയിട്ടുണ്ട്. സംഗീതരൂപങ്ങള്‍, വാഗേയകാരന്മാര്‍, സംഗീതജ്ഞര്‍, രാഗങ്ങള്‍, താളങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഇതില്‍നിന്ന് മനസ്സിലാക്കാം. കര്‍ണാടകസംഗീതത്തിലെ ഗീതം, ജതിസ്വരം, സ്വരജതി, വര്‍ണം, കീര്‍ത്തനം, കൃതി, പദം, ജാവലി, തില്ലാന, ഹിന്ദുസ്ഥാനിയിലെ ദ്രുപദ്, ഖയാല്‍, തുമ്രി, തരാന, ഗസല്‍, പാശ്ചാത്യസംഗീതത്തിലെ സിംഫണി, സൊണാറ്റ തുടങ്ങി സംഗീതരൂപങ്ങളെപ്പറ്റി അടിസ്ഥാനജ്ഞാനം ലഭിച്ചാല്‍ത്തന്നെ ഏത് സംഗീതശാഖയെയും അറിഞ്ഞാസ്വദിക്കാന്‍ അതുപകരിക്കും. ഇതോടൊപ്പം ത്യാഗരാജര്‍, ദീക്ഷിതര്‍, ശ്യാമശാസ്ത്രി എന്നിവരിലാരംഭിച്ച് സ്വാതിതിരുനാളിലൂടെ ബാലമുരളീകൃഷ്ണയിലെത്തുന്ന വാഗേയകാരന്മാരെയും അരിയക്കുടിയും ശെമ്മാങ്കുടിയുമുള്‍പ്പെടെയുള്ള സംഗീതജ്ഞരെയും ഭരതന്റെ നാട്യശാസ്ത്രം, രാമാമാത്യയുടെ സ്വരമേള കലാനിധി, ശാര്‍ങ്ഗധരന്റെ സംഗീതരത്നാകരം, വെങ്കിടമഖിയുടെ ചതുര്‍ദണ്ഡിപ്രകാശിക, മതംഗമുനിയുടെ ബൃഹദ്ദേശി എന്നിങ്ങനെ ഒട്ടേറെ അടിസ്ഥാനഗ്രന്ഥങ്ങളെയുംകുറിച്ചുള്ള വിവരണങ്ങള്‍കൂടിയായാലോ?

കേരളത്തിന്റെ സ്വന്തം സോപാനസംഗീതത്തെയും സുനില്‍ നന്നായി പരിഗണിച്ചിട്ടുണ്ട്. വാദ്യോപകരണങ്ങളുടെ പട്ടികയില്‍ ഫോക്വാദ്യങ്ങളായ പറയും തുടിയുമടക്കം ഉള്‍പ്പെട്ടിരിക്കുന്നു. പാശ്ചാത്യസംഗീതശാഖയെ അല്‍പ്പംകൂടി വിശദീകരിക്കാമായിരുന്നുവെന്ന വിമര്‍ശം വേണമെങ്കില്‍ ഉന്നയിക്കാം.

മഹാന്മാരായ കലാകാരന്മാരുടെ ജീവിതത്തെക്കുറിച്ചറിയാന്‍ എനിക്കെന്നും താല്‍പ്പര്യമാണ്. പ്രത്യേകിച്ചും 15–16 നൂറ്റാണ്ടുകളിലായി ജീവിച്ച പുരന്തരദാസനെപ്പോലുള്ളവരുടെ സമര്‍പ്പണം. കോടീശ്വരനായ രത്നവ്യാപാരിയായിരുന്നു ഒരിക്കലദ്ദേഹം. ശ്രീനിവാസറാവു എന്നായിരുന്നു യഥാര്‍ഥ നാമം. ഭാരതത്തിലുടനീളം സഞ്ചരിച്ച് സംഗീതരചനകള്‍ നിര്‍വഹിച്ച് കര്‍ണാടക സംഗീതത്തിന് അടിസ്ഥാന പാഠ്യപദ്ധതി തയ്യാറാക്കിയ ശ്രീനിവാസറാവു എന്ന പുരന്തരദാസന്‍ കര്‍ണാടക സംഗീതത്തെ ഇന്നുകാണുന്ന രീതിയില്‍ വ്യവസ്ഥപ്പെടുത്തി. നാലേകാല്‍ലക്ഷം പാട്ടുകള്‍ അദ്ദേഹം രചിച്ചിട്ടുണ്ടത്രേ. ഇതില്‍ പതിനായിരത്തില്‍ താഴെ പാട്ടുകളേ ഇപ്പോള്‍ പ്രചാരത്തിലുള്ളൂ. ഇത്തരം മഹത്തായ ജീവിതങ്ങളിലേക്കുള്ള ചൂണ്ടുപലകകൂടിയാണ് സംഗീതനിഘണ്ടു.
(പ്രശസ്ത സംഗീതജ്ഞനും തിരുവനന്തപുരം സ്വാതിതിരുനാള്‍
സംഗീതകോളേജ് പ്രിന്‍സിപ്പലുമാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top