29 May Monday

കഥയുടെ ഇടങ്ങളും ചരിത്രത്തിന്റെ ശബ്ദങ്ങളും- കഥാ ശില്‍പശാല ‘കഥയിട’ത്തെപ്പറ്റി...

ഡോ. പി ആർ ജയശീലൻUpdated: Wednesday Jun 1, 2022

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കഥാശില്പശാലയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ‘കഥയുടെ വെളിപാടുകൾ' പ്രദർശനം സ്‌പീക്കർ എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ടി ആർ അജയൻ, അശോകൻ ചരുവിൽ, ഇ പി രാജഗോപാലൻ എന്നിവർ സമീപം


'ലോകം ഉണ്ടായിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടല്ല, കഥകൾ കൊണ്ടാണ്’. മ്യൂറിയൽ റുക് യെസർ എന്ന അമേരിക്കൻ എഴുത്താൾ ഈ അനുഭവസത്യം തന്റെ ‘ഇരുട്ടിന്റെ വേഗത' എന്ന കവിതയിൽ വെളിവാക്കിയത് 1967 ലാണ്. വലിയ സമ്മതി നേടിക്കൊണ്ട് ഇപ്പോഴും അത് സാംസ്‌കാരിക വേദികളിൽ മുഴങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

കഥ ലോകത്തിന്റെ, ദേശങ്ങളുടെ സമാന്തരചരിത്രവും ഭാഷകളുടെ സർഗാത്മക സ്ഥാനവുമാണ്. ചൊൽക്കഥകളെക്കാൾ ജീവിതാലേഖനം എഴുത്തുകഥകൾക്ക് സാധിച്ചതോടെ കഥകളുടെ സാംസ്‌കാരിക പദവി ഏറെ കൂടുകയുണ്ടായി. ഇപ്പോൾ എല്ലാ ഭാഷകളിലും കഥ നിർണായക സ്ഥാനമുള്ള  സാഹിത്യ സംവർഗമായിത്തീർന്നിട്ടുണ്ട് എന്നുവേണം കരുതാൻ. മലയാളത്തിലും സമ്പന്നമായ ഒരു കഥാജീവിതമുണ്ട്.  മലയാളിജീവിതത്തിന്റെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പാഠങ്ങൾ കഥകളിൽ നിന്ന് വായിച്ചെടുക്കാം.

 ഇങ്ങനെ മലയാള ചെറുകഥ അർഥപൂർണമായ ഒരു സംവാദ സാധ്യത തുറന്നിടുന്നു. നൂറ്റിമുപ്പതിലേറെ വർഷങ്ങളിലൂടെ കഥ ഏറെ പരീക്ഷണ വ്യഗ്രമായി  ഭാഷയിലെയും ജീവിതത്തിലെയും വൈവിധ്യങ്ങളേയും വൈരുധ്യങ്ങളേയും ഹൃദയത്തിലേറ്റി കേരളീയ ജീവിതത്തെ സൂക്ഷ്മവും സമഗ്രവുമായി ശ്രദ്ധിക്കുന്ന ഒരു കലാരൂപമായി  മാറിയിരിക്കുന്നു. ഈ പരിണാമത്തെ അടയാളപ്പെടുത്തൽ അത്ര എളുപ്പമല്ല.  അത് ശ്രമകരമായ ഒരു ദൗത്യമാണ്. അതുകൊണ്ട് തന്നെ കഥയെ സംബന്ധിച്ചുള്ള സമീക്ഷ ജീവിതത്തെ സംബന്ധിച്ച സാമ്പ്രദായിക ധാരണകളെ തിരുത്തിയെഴുതുന്ന ഒന്നായിരിക്കണം. 

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കഥാ ശില്പശാലയായ  ‘കഥയിടം  2022’ ന്റെ ( 2020 ഏപ്രിൽ 23, 24,25 / അഹല്യ ഹെറിറ്റേജ്  കോഴിപ്പാറ, പാലക്കാട് ) ദർശനം ഇതാണ് എന്ന് ആ മൂന്ന് കഥാലോചനാദിനങ്ങൾ തീർന്നപ്പോൾ താനേ വ്യക്തമാവുകയുണ്ടായി. മത്സരബുദ്ധിയോടെയുള്ള എഴുത്ത്, എഴുത്തിൽ ആരാണ് കേമൻ എന്നിങ്ങനെയുള്ള വ്യക്തിപരമായ അവസ്ഥകളെ തൽക്കാലം മാറ്റിവെക്കേണ്ടിയിരിക്കുന്നു. ഫാസിസം എല്ലാ സ്വാതന്ത്ര്യങ്ങളേയും ഹനിക്കുകയും കവർന്നെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ  'ആഖ്യാനത്തിന്റെ സ്വാതന്ത്ര്യം, സ്വാതന്ത്ര്യത്തിന്റെ ആഖ്യാനം’  എന്ന ലക്ഷ്യത്തിൽ ഊന്നിനിന്നുകൊണ്ടു തന്നെയാവണം നമ്മുടെ കഥാവഴികൾ വിരചിതമാവേണ്ടത്:  ‘കഥയിടം'  ഇത് വിളംബരം ചെയ്തു.

ക്യാമ്പംഗങ്ങൾ ചർച്ചയിൽ

ക്യാമ്പംഗങ്ങൾ ചർച്ചയിൽ

 കഥയിടം സാധാരണ വഴക്കത്തിലുള്ള ക്യാമ്പായിരുന്നില്ല. കഥയുടെ ഇടം, കാലം എന്നീ രണ്ടു പരികല്പനകളിലൂടെ കടന്നു പോകുന്ന സംവാദങ്ങളും അനുഭവാഖ്യാനങ്ങളും പ്രദർശനവും പ്രഭാഷണങ്ങളുമാണ് സംഘടിപ്പിച്ചത്. ഇതിനു വേണ്ടി നടന്ന ആസൂത്രണം ഇതുവരെയില്ലാത്ത ചില പുതിയ കാഴ്ചകളും ധാരണകളും നൽകുന്നതായിരുന്നു. തെരഞ്ഞെടുത്ത കഥാസന്ദർഭങ്ങളുടെയും അവയുടെ ഹ്രസ്വനിരൂപണക്കുറിപ്പുകളിലൂടെയും മലയാള ചെറുകഥയുടെ നാൾവഴികളിലൂടെ കടന്നുപോകുന്ന നൂറ് പാനലുകളുടെ പ്രദർശനം ശില്പശാലയുടെ വേറിട്ട മുഖം കാഴ്ചവെച്ചു.

കഥയുടെയെന്ന പോലെ കഥാവിമർശത്തിന്റെയും ഉന്മേഷം വെളിപ്പെടുത്താൻ സമർഥമായിരുന്നു ‘കഥയുടെ വെളിപാടുകൾ' എന്ന ആ പാനൽ ഷോ. പല തലമുറയിൽ പെട്ട കഥയെഴുത്തുകാരും നിരൂപകരുമാണ് ക്യാമ്പിലെ വിവിധ സെഷനുകൾ നയിച്ചത്. അക്കാദമിക വ്യവസ്ഥയുടെ അടഞ്ഞ അവസ്ഥ എവിടെയുമുണ്ടായിരുന്നില്ല. കഥ നിർണായകമായി നമ്മുടെയൊക്കെ ജീവിതത്തെ ഏതൊക്കെ അർഥതലങ്ങളിൽ സ്വാധീനിക്കുന്നു, വ്യവഹരിക്കുന്നു എന്നതിനെ സംബന്ധിച്ചുള്ള  വ്യത്യസ്തമായ ചിത്രം മൂന്നു ദിവസങ്ങളിലൂടെ രൂപപ്പെട്ടു വരികയായിരുന്നു.

കഥയുടെ തുടക്കം മനുഷ്യന്റെ സഞ്ചാരി എന്നു പറയുന്ന ഒരവസ്ഥയിൽ നിന്നു കൂടിയാണ്. അതുകൊണ്ടു തന്നെ ‘How the sky went so high’ എന്ന നാടോടിക്കഥ അവതരിപ്പിച്ചു കൊണ്ടാണ് ക്യാമ്പിന്  തുടക്കമിട്ടത് (അവതരണം: എം ശിവകുമാർ).ക്യാമ്പിന്റെ കേന്ദ്രപ്രമേയമായ 'ആഖ്യാനത്തിന്റെ സ്വാതന്ത്ര്യം, സ്വാതന്ത്ര്യത്തിന്റെ ആഖ്യാനം’ എന്നതിനെ സാക്ഷാത്കരിക്കുന്ന രീതിയിൽ ആകാശത്തെ ചുമലിലേറ്റി പതുക്കെ പതുക്കെ മുകളിലേയ്‌ക്ക്‌  ഉയർത്തിക്കൊണ്ടുപോകുന്ന ജനസഞ്ചയത്തിന്റെ ഓർമപ്പെടുത്തൽ കൂടിയായി ഈ പ്രാരംഭം.

ഷാജി എൻ കരുൺ

ഷാജി എൻ കരുൺ

ഷേക്‌സ്‌പിയറുടെ പിറന്നാൾ ദിനവും മരണദിനവുമായ ലോക പുസ്തകദിനത്തിൽ തന്നെ (ഏപ്രിൽ 23) ക്യാമ്പ് തുടങ്ങാനുള്ള നിർബന്ധവും ഒപ്പം പുസ്തകങ്ങളെ രാജപദവിയേക്കാൾ മുകളിലായി കാണുന്ന ഷേക്‌സ്‌പിയർ കഥാപാത്രമായ പ്രോസ്‌പറോയുടെ ഓർമയും ടി ആർ അജയൻ സ്വാഗത ഭാഷണത്തിൽ പങ്കുവെച്ചു.

ദൈവത്തിന് കഥ കേൾക്കാൻ ആഗ്രഹമുള്ളതുകൊണ്ടാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നും കഥ എന്നും സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ടവന്റെ കൂടെയായിരുന്നു എന്നുമുള്ള ആശയം കഥാസാഹിതിയുടെ ജനകീയമുഖത്തെ ഓർമപ്പെടുത്തുന്നത് തന്നെയാണ്. ഉദ്ഘാടന സമ്മേളനത്തിൽ സംഘം പ്രസിഡണ്ട്‌ ഷാജി എൻ കരുൺ അധ്യക്ഷനായി. ചലച്ചിത്രത്തിന്റെ ആഖ്യാനതന്ത്രങ്ങളെ മുൻനിർത്തി കഥയുടെ ദർശനമെന്ത് എന്ന് വ്യക്തമാക്കുന്നതായിരുന്നു അധ്യക്ഷപ്രസംഗം. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് വൈശാഖനായിരുന്നു. തകഴി  , ബഷീർ, പൊൻകുന്നം വർക്കി എന്നിവരുടെ കഥകളിലൂടെ കൈവന്ന നവോത്ഥാനത്തിന്റെ ഊർജം ആധുനിക കാലത്തെ ലോകബോധത്തിലേക്ക്‌ അതിന്റെ തുടർച്ചയോടെ സംക്രമിപ്പിക്കുന്നതെങ്ങനെയാണ് എന്ന ചോദ്യം വൈശാഖൻ മാഷ് ക്യാമ്പംഗങ്ങളുടെ മുന്നിൽ വെച്ചു.

സാഹിത്യം സൂപ്പർ സ്‌പെഷ്യാലിറ്റി അല്ലെന്നും  അത് കൈകാര്യം ചെയ്യേണ്ടവർ ആർജിക്കേണ്ടത് സമഗ്രമായ ലോകബോധമാണെന്നും അദ്ദേഹം പറഞ്ഞു. ആഖ്യാനം തരുന്ന സാങ്കല്പിക (virtual) യാഥാർഥ്യത്തിന്റെ വലിപ്പം ബോധ്യപ്പെടുന്നവരാവണം കഥയെഴുത്തുകാർ എന്ന സന്ദേശം കൂടി വൈശാഖൻ നൽകി. കഥ എങ്ങനെ കലാപരമായ സൂക്ഷ്മതയും വൈകാരികമാനവുമുള്ള സാംസ്‌കാരിക വിദ്യാഭ്യാസമായി മാറുന്നു എന്ന വിലപ്പെട്ട പാഠമാണ്  ക്യാമ്പിൽ സ്വീകരിക്കപ്പെട്ടത്.

ഷാജി എൻ കരുണിനെപ്പോലെയുള്ളവർ ക്യാമറയിലൂടെ കാണുന്ന കാഴ്ച കഥയ്‌ക്ക്‌ വെല്ലുവിളിയാണ് എന്നു പറഞ്ഞുകൊണ്ടാണ്  കഥാകാരനും സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ ആമുഖ ഭാഷണം തുടങ്ങിയത്.

കഥയെ വെല്ലുവിളിക്കുന്ന കാഴ്ചകളും നമുക്കിടയിലുണ്ട്. കഥയിൽ വിദൂരദൃശ്യവും സമീപദൃശ്യവും ആവശ്യമാണ്. ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്ന ലോകത്തെ, ലോക രാഷ്ട്രീയത്തെ കഥയിലേക്ക്‌ കൃത്യമായും കൊണ്ടുവരേണ്ടിയിരിക്കുന്നു. കഥയെഴുത്ത് വ്യക്തിപരമായ പ്രവർത്തനമാണ് എന്ന് തോന്നാമെങ്കിലും പ്രേഷണം കൊണ്ട് കഥ ലോകവിചാരമായിത്തീരുന്ന പ്രക്രിയ അശോകൻ ചരുവിൽ വിവരിച്ചു.

കഥയെ വെല്ലുവിളിക്കുന്ന കാഴ്ചകളും നമുക്കിടയിലുണ്ട്. കഥയിൽ വിദൂരദൃശ്യവും സമീപദൃശ്യവും ആവശ്യമാണ്. ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്ന ലോകത്തെ, ലോക രാഷ്ട്രീയത്തെ കഥയിലേക്ക്‌ കൃത്യമായും കൊണ്ടുവരേണ്ടിയിരിക്കുന്നു. കഥയെഴുത്ത് വ്യക്തിപരമായ പ്രവർത്തനമാണ് എന്ന് തോന്നാമെങ്കിലും പ്രേഷണം കൊണ്ട് കഥ ലോകവിചാരമായിത്തീരുന്ന പ്രക്രിയ അശോകൻ ചരുവിൽ വിവരിച്ചു.

പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ചരിത്രവഴികളെ ഓർമിപ്പിക്കുന്നതായിരുന്നു ഗ്രന്ഥാലോകം എഡിറ്റർ കൂടിയായ  പി വി കെ പനയാലിന്റെ പ്രഭാഷണം. കഥയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ബന്ധവിച്ഛേദത്തെ ക്കുറിച്ചും മുണ്ടൂർ കൃഷ്ണൻകുട്ടി, എം സുകുമാരൻ എന്നിവരുടെ കഥകൾ ഉദാഹരണമാക്കി ഒരു ഹ്രസ്വാവതരണം നടത്തുകയുണ്ടായി ഡോ. സി പി ചിത്രഭാനു. ഉദ്ഘാടന സമ്മേളനത്തിനൊടുവിൽ ക്യാമ്പ് ഡയറക്ടർ ഇ പി രാജഗോപാലൻ ക്യാമ്പ് കൊണ്ട് വിഭാവനം ചെയ്യുന്ന കാര്യങ്ങളെപ്പറ്റിയും ക്യാമ്പിനു വേണ്ടി സംഘം നടത്തിയ മുന്നൊരുക്കങ്ങളെപ്പറ്റിയും വിശദീകരിച്ചു.

പുതിയ എഴുത്തുകാർക്ക്‌ മനസ്സിലാവാൻ പാകത്തിൽ രൂപപ്പെടുത്തിയ കഥയുടെ നാൾവഴികളെക്കുറിച്ചുള്ള പ്രദർശനത്തെപ്പറ്റിയും സൂചിപ്പിച്ചു. തുടർന്നുള്ള സെഷൻ 'മലയാള കഥാവഴികൾ’  എന്നതായിരുന്നു. ഡോ. മിനിപ്രസാദ് വിഷയം അവതരിപ്പിച്ചു. മലയാള കഥാവഴികളിൽ പണ്ടില്ലാത്ത വിധമുള്ള പെണ്ണിന്റെ സ്വാധീനത്തെ മിനി പ്രസാദ് ഉദാഹരിച്ചു. സ്ത്രീയെ സ്ത്രീ തന്നെ നിർവചിക്കുകയും വീടൊരുക്കുന്നതുപോലെ സാഹിത്യത്തെയും ഒരുക്കുക എന്ന സാധാരണീകരണത്തിലേക്ക്‌ അവൾ എത്തിപ്പെട്ടതിന്റെയും കാഴ്ച പല എഴുത്തുകാരികളെയും അവരുടെ കഥകളേയും മുൻനിർത്തി അവർ വിശദീകരിച്ചു. കെ സരസ്വതിയമ്മയിലും ലളിതാംബിക അന്തർജനത്തിലും തുടങ്ങി മാധവിക്കുട്ടിയിലൂടെയും വത്സലയിലൂടെയും കെ ആർ മീരയിലൂടെയും ചന്ദ്രമതിയിലൂടെയും  മുന്നോട്ടുവരുന്ന പൈണ്ണഴുത്തിന്റെ വൈവിധ്യങ്ങളും വൈചിത്ര്യങ്ങളുടെയും അവതരണം ക്യാമ്പംഗങ്ങൾക്കിടയിൽ ചർച്ചയ്‌ക്ക്‌ വിഷയം നൽകി.

 കെ ഇ എന്നിന്റെ  പ്രഭാഷണം സമകാലികചരിത്രവും സംസ്‌കാരവും എത്രമേൽ കലുഷമായിത്തീരുന്നുവെന്നും ഈ സാഹചര്യം  കഥയെഴുത്തിന്റെ സന്ദർഭങ്ങളെ എങ്ങനെയൊക്കെ സമരോത്സുകമാക്കേണ്ടതുണ്ട് എന്നും ധ്വനിപ്പിക്കുന്നതായിരുന്നു. സങ്കീർണമായ വ്യവസ്ഥയോടുള്ള സംവാദം തന്നെയാണ് എഴുത്തുകാർ നേരിടേണ്ടത് എന്നും സമസ്ത ജീവിത വ്യാപാരങ്ങളേയും നിയന്ത്രിക്കുന്ന എന്തോ ഒന്ന് നമ്മുടെ ജീവിത വൃത്തികളിൽ കടന്നു വന്നിരിക്കുന്നു എന്ന് കെ ഇ എൻ ഓർമിപ്പിച്ചു. വെള്ളത്തിൽ മത്സ്യം എന്നതുപോലെ നമ്മൾ പ്രത്യയശാസ്ത്ര ലോകത്തിലാണ്. മുമ്പ് കഥയെന്ന് പറയാൻ സാധ്യതയില്ലാത്ത പലതും ഇന്ന് കഥയായി വായിക്കപ്പെടുന്നു. ഉദാഹരണത്തിന്  ഒരാൾ ചോറും ബീഫും കഴിച്ചു എന്ന ഒരു വാക്യം ഇന്ന് കഥയായി വായിക്കപ്പെടുന്നു. 'വ്യാഖ്യാന സാഹസത്താൽ നമുക്ക് കയ്‌പിനെ മധുരമാക്കി മാറ്റാനാവില്ല’  എന്ന കാര്യംകൂടി കെ ഇ എൻ പറഞ്ഞു.

 തുടർന്നു നടന്ന 'കഥയും യാഥാർഥ്യവും' എന്ന സെഷൻ സവിശേഷമായത് ഡോ.കെ പി മോഹനൻ എന്ന നിരൂപകന്റെയും ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് എന്ന കഥാകാരന്റെയും സാന്നിധ്യത്താലായിരുന്നു.

കെ പി മോഹനൻ

കെ പി മോഹനൻ

കഥയുടെ പ്രത്യയശാസ്ത്രപരമായ നിലപാടുകളോടൊപ്പം തന്നെ അതിന്റെ ആഖ്യാന നിർവഹണത്തിലും ഊന്നിയാണ് കെ പി മോഹനൻ സംസാരിച്ചത്. കഥയുടെ പെരുംതച്ചൻ ആയി കാരൂരിനെ അദ്ദേഹം വിശേഷിപ്പിച്ചു. ജീവിതയാഥാർഥ്യബോധവും ഒപ്പം പ്രത്യയശാസ്ത്രവും  ഒരെഴുത്താളിൽ  അടിപ്പടവായി കിടക്കുന്നുണ്ടാകും. മാധവിക്കുട്ടിയിലൊക്കെ ഒരു സ്‌പർശം, ഒരു ഗന്ധം അഥവാ ഒരു പൊട്ടിച്ചിരിയിലൂടെയൊക്കെ കഥയുടെ ഘടനാപരമായ സാന്നിധ്യം ഉണരുകയാണ്.

ശിഹാബുദ്ദീനാകട്ടെ ബഷീറിന്റെയും കാരൂരിന്റെയും മാധവിക്കുട്ടിയുടേയും ജീവിതാനുഭവങ്ങളിലേക്ക്‌ കടന്ന്‌  അതിലൂടെ പുതിയ കാലത്തെ എഴുത്തിലേക്ക്‌ പടരുകയായിരുന്നു. ഇപ്പോഴും ഒരു അൺ എയ്ഡഡ് വിദ്യാലയത്തിലെ  അധ്യാപിക എങ്ങനെയാണ് ബസ്സിലും തൊഴിലിടത്തിലും കാരൂരിന്റെ കഥയായ  ‘പൊതിച്ചോറി'ലേതിന് സമാനമായ അനുഭവരാശിയിൽ ജീവിക്കുന്നത് എന്ന് ശിഹാബുദ്ദീൻ പുതിയ ജീവിത പരിസരങ്ങളുടെ വിശകലനത്തിലൂടെ വ്യക്തമാക്കി. യാഥാർഥ്യം എന്നതിന്റെ അർഥം അനുഭവപരമായ സത്യസന്ധതയോടെ കഥാകാരൻ വെളിവാക്കി.

 ഇടം, സമയം, കഥാപാത്രം എന്നിവ സന്ധിക്കുന്ന ഒന്നായി കഥയും കളവും മാറുമ്പോൾ എന്ന രീതിയിൽ കരിവെള്ളൂർ മുരളി നിർവഹിച്ച പ്രഭാഷണം വ്യവസ്ഥയുടെ ഇരയായി തീർന്ന മനുഷ്യനെക്കുറിച്ചും വാണിജ്യവൽക്കരിക്കപ്പെട്ട കാലത്തെക്കുറിച്ചും അധികാരം കയ്യാളുന്ന വർഗീയ ഫാസിസത്തെക്കുറിച്ചുമായിരുന്നു. ജീവിതത്തിന്റെ സത്തയെ ആവാഹിക്കലാണ് കഥ. ‘തുടുവെള്ളാമ്പൽ പൊയ്കയല്ല ജീവിതത്തിന്റെ കടലേ ഞങ്ങൾക്കു മഷിപ്പാത്രം’ എന്നു പാടിയ പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ആദ്യ അധ്യക്ഷനായ വൈലോപ്പിള്ളി ഓർമിക്കപ്പെട്ടു.

 തുടർന്ന് ‘കഥയുടെ വെളിപാടുകൾ ' പ്രദർശനത്തിന്റെ ഉദ്ഘാടനം സ്‌പീക്കർ എം ബി രാജേഷ് നിർവഹിച്ചു. തന്റെ സാഹിത്യാനുശീലനങ്ങളെ ഓർത്തുകൊണ്ട് തുടങ്ങിയ ഉദ്ഘാടന പ്രസംഗം സാഹിത്യത്തിൽ കാലം, ചരിത്രം തുടങ്ങിയ ഘടകങ്ങളുടെ ആപേക്ഷികമായ നിർണായകത്വമെന്ന വിഷയത്തിൽ എത്തിച്ചേർന്നു. അശോകൻ ചരുവിൽ അധ്യക്ഷനായി.  രാജേഷ് മേനോന്റെ  ‘ഭാരതഖണ്ഡം' കഥാസമാഹാരം സ്‌പീക്കർ പ്രകാശനം ചെയ്തു.

‘കഥയുടെ വെളിപാടുകൾ' പ്രദർശനം സ്‌പീക്കർ എം ബി രാജേഷ്‌ കാണുന്നു

‘കഥയുടെ വെളിപാടുകൾ' പ്രദർശനം സ്‌പീക്കർ എം ബി രാജേഷ്‌ കാണുന്നു

ഒ വി വിജയന്റെ ‘കടൽത്തീരത്ത്’ ശബ്ദവായന അംബരീഷ് ജി വാസു നടത്തിയതിനു ശേഷം ഷെറി ഗോവിന്ദ് ഈ കഥയെ ആധാരമാക്കി സംവിധാനം ചെയ്ത  ഹ്രസ്വസിനിമയുടെ പ്രദർശനം നടന്നു. ഡോ. ജിനേഷ് കുമാർ എരമം മോഡറേറ്റർ ആയി. മാധ്യമങ്ങൾ മാറുമ്പോൾ ആഖ്യാനത്തിന് വരുന്ന മാറ്റങ്ങളെക്കുറിച്ചുളള ആലോചനയായി ചർച്ച മാറി. പാതിരാത്രി വരെ ക്യാമ്പംഗങ്ങളുടെ രചനകളുടെ ചർച്ച നടന്നു.  ശ്രീകൃഷ്‌ണപുരം കൃഷ്‌ണൻകുട്ടി, ഡോ. സി ഗണേഷ്, ബീന സജീവ്, മനോജ് വീട്ടിക്കാട്, മോഹൻദാസ് ശ്രീകൃഷ്‌ണപുരം, ഐസക്‌ ഈപ്പൻ, വി എസ് ബിന്ദു, അജിത്ത് വി എസ് എന്നിവർ  പങ്കെടുത്തു.

 കഥയിടം രണ്ടാം ദിനം ആരംഭിച്ചത്  'കഥ, ജീവിതം’  എന്ന പേരിൽ എം ടി വാസുദേവൻ നായരുടെ (വീഡിയോ) പ്രഭാഷണത്തോടെയായിരുന്നു. കഥാകാരൻ ടി കെ ശങ്കരനാരായണൻ ആമുഖഭാഷണം നടത്തി.
കാലത്തിന്റെ അവസ്ഥകളും  മനുഷ്യജീവിതത്തെ സംബന്ധിച്ചുള്ള ഉത്‌കണ്ഠകളും ആയിരുന്നു എം ടി യുടെ പ്രഭാഷണത്തിൽ. ‘കാഥികന്റെ പണിപ്പുര' യും ‘കാഥികന്റെ കല' യും  എഴുതിയ എം ടി, മറ്റൊരു രീതിയിൽ ക്യാമ്പിന് മാർഗദർശിയാവുകയായിരുന്നു. ഏതൊരു മനുഷ്യന്റേയും അടിസ്ഥാനപരമായ ആഗ്രഹം ഇതുവരെ അനുഭവിച്ച ജീവിതത്തേക്കാളും മെച്ചപ്പെട്ട ജീവിതം ഉണ്ടാവണം എന്നുള്ളതാണ്. വിശപ്പിൽ നിന്നും രോഗത്തിൽ നിന്നുമുള്ള മോചനം അവനാഗ്രഹിക്കുന്നു. ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കലും ആവശ്യങ്ങളെ ധീരമായി സൃഷ്ടിച്ചെടുക്കലും ഏറ്റവും പ്രധാനപ്പെട്ടതാണ്. അറിവ്, പുതിയ കാഴ്ചപ്പാട്, എന്നതിനൊക്കെയുള്ള പ്രേരണയാണ് എഴുത്ത്. എഴുത്തിലൂടെ മനുഷ്യനെ, മനുഷ്യജീവിതത്തെ ഉണർത്താനാവുക എന്നതാണ് കാര്യം.

തുടർന്ന്‌  ‘വാൾട്ടർ ബെഞ്ചമിനും

വാൾട്ടർ  ബെഞ്ചമിൻ

വാൾട്ടർ ബെഞ്ചമിൻ

കഥപറച്ചിലിന്റെ ചരിത്രവും' എന്ന വിഷയത്തിൽ  ഡോ. സി അശോകൻ പ്രഭാഷണം നിർവഹിച്ചു. ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽ ജീവത്യാഗം സംഭവിച്ച വ്യക്തിയാണ് ബെഞ്ചമിൻ. ‘The Story teller’  എന്ന അദ്ദേഹത്തിന്റെ പ്രബന്ധത്തിൽ കലയുടെയും കഥയുടെയും ഉൽപത്തിയെക്കുറിച്ച് പറയുന്നുണ്ട്. കഥ പറച്ചിൽ നടക്കുന്നത് ഒരു സ്ഥലത്തെ സ്ഥിരം ആളുകളെ സന്ദർശിക്കാനെത്തുന്ന സഞ്ചാരികളിൽ നിന്നോ കച്ചവടക്കാരിൽ നിന്നോ ആണ്. ഇത് ആത്മപ്രകാശനോപാധിയും സംഭാഷണരൂപവുമാണ്. പലപ്പോഴും ഇത്തരം പങ്കുവെയ്ക്കൽ വ്യക്തികളുടെ മുൻവിധികളെ സദാചാരസങ്കൽപങ്ങളെ നന്മതിന്മകളെ സംബന്ധിച്ചുള്ള അവബോധങ്ങളെ മാറ്റിപ്പണിയുന്നു.

ഇത് ഒരർഥത്തിൽ ജീവിതത്തിന്റെ അർഥം തേടലാണ്. കഥ ഓർമയും സ്മരണയുമാകുമ്പോൾ ഈ സംഭാഷണങ്ങൾ ബഹുസ്വരതയ്ക്ക് നിദാനമാകുന്നു. പിന്നീട് ഇത്തരം പറച്ചിലുകളുടെ സ്വാഭാവികത നഷ്ടപ്പെടുന്ന ഒരു കാലവും കൈവരുന്നു. മിഖായേൽ ബഖ്തിന്റെ ബഹുസ്വരതാ സിദ്ധാന്തവും നോവലും ചെറുകഥയും തമ്മിലുള്ള വ്യത്യാസവുമെല്ലാം  പ്രഭാഷണത്തിൽ വന്നു.
‘എനിക്ക് എന്താണ് കഥ’ എന്ന സെഷനിൽ ശ്രീകൃഷ്‌ണപുരം കൃഷ്‌ണൻകുട്ടി, എൻ രാജൻ, ശ്രീകണ്ഠൻ കരിക്കകം, മോബിൻ മോഹൻ, ഐസക് ഈപ്പൻ എന്നിവർ പങ്കാളികളായി. തുടർന്ന് ‘കഥ, അധികാരം, വിമോചനം' എന്ന വിഷയം വി എസ് ബിന്ദു അവതരിപ്പിച്ചു.

വി എസ്‌ ബിന്ദു

വി എസ്‌ ബിന്ദു

വ്യത്യസ്തവും അനൗപചാരികവുമായിരുന്നു ഐ ഷൺമുഖദാസിന്റെ സംഭാഷണം. കഥനം എന്ന മനുഷ്യക്രിയ ചലച്ചിത്രം, സാഹിത്യം എന്നീ മാധ്യമങ്ങളിൽ എങ്ങനെ ഇണങ്ങി നിൽക്കുകയും വ്യത്യസ്തമാവുകയും ചെയ്യുന്നുവെന്ന്‌ അദ്ദേഹം വിശദീകരിച്ചു. ദൃശ്യാഖ്യാനത്തിന്റെ സാങ്കേതികതയും സാമൂഹികതയും  നിരവധി ഉദാഹരണങ്ങളിലൂടെ അവതരിപ്പിച്ചപ്പോൾ ക്യാമ്പിൽ ദൃശ്യം എന്ന വിഷയത്തിന്റെ നാനാമാനങ്ങൾ തെളിയുകയായിരുന്നു.
 ‘കഥയും ഞാനും’  എന്ന സംവാദത്തിൽ സുഭാഷ് ചന്ദ്രൻ, അഷ്ടമൂർത്തി, ടി ഡി രാമകൃഷ്‌ണൻ, പ്രഭാകരൻ പഴശ്ശി എന്നിവർ പങ്കെടുത്തു. സുഭാഷ് ചന്ദ്രന്റെ തുടക്കം കവിതയുടെ സഹോദരനാണ് കഥ എന്നു പറഞ്ഞുകൊണ്ടായിരുന്നു.

കഥ എഴുതുന്നത് ഒട്ടും ആഹ്ലാദകരമല്ലെന്നും അത് നരകവേദന കൂടിയാണെന്നും വ്യക്തമാക്കി. തന്റെ എക്കാലത്തേയും ഏറ്റവും നല്ല രചനയ്‌ക്ക്‌ വേണ്ടിയുള്ള സാഹസിക യജ്ഞമായിരിക്കണം ഒരെഴുത്തുകാരന്റേത്. കഥയെഴുത്ത് ജീവിതവുമായുളള അവസാനിക്കാത്ത ഏറ്റുമുട്ടലാണെന്ന് ഓർമിപ്പിക്കുകയായിരുന്നു സുഭാഷ് ചന്ദ്രൻ.

 കടമ്മനിട്ട രാമകൃഷ്‌ണന്റെ രൂപസാദൃശ്യവും ഭാവസാദൃശ്യവുമുള്ള ഒരു മനുഷ്യനെക്കുറിച്ചുള്ള കഥ  പറഞ്ഞുകൊണ്ടാണ് അഷ്ടമൂർത്തി തുടങ്ങിയത്. ആ കഥ പറഞ്ഞ്‌, കഥയിൽ ആവിഷ്‌കരിക്കുന്നത് നമ്മുടെ ജീവിതവും സ്വത്വവുമാണെങ്കിലും അത് മറ്റുളളവരുടെ ജീവിതമായി മാറുന്നു എന്ന സത്യം കഥാകാരൻ വ്യക്തമാക്കി.

ഐ ഷൺമുഖദാസിന്റെ കഥയും ചലച്ചിത്രവും  എന്ന അവതരണത്തെ ഓർത്തുകൊണ്ടാണ് ടി ഡി രാമകൃഷ്‌ണൻ കഥയുടെ ദൃശ്യഭാഷയെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. സമർഥമായി നുണ പറയുക എന്നതാണ് കഥയുടെ കാതൽ എന്നും സത്യസന്ധത എന്നത് ഏകതാനമായി ഒട്ടും സർഗവ്യയം ആവശ്യമില്ലാത്ത ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.  ഇല്ലായ്മയിൽ നിന്നുകൊണ്ട് ചുറ്റുമുള്ള മനുഷ്യജീവിതത്തെ ആഖ്യാനപ്പെടുത്തുന്ന രീതിയാണ് കഥ. കഥാകൃത്തിനെ ഉണ്ടാക്കിയെടുക്കാൻ ഒരു ശില്‌പശാലയ്‌ക്കും കഴിയില്ല എന്നും ശില്‌പശാലയിലൂടെ രൂപപ്പെടുന്നത് സൗഹൃദങ്ങളും ബന്ധങ്ങളും ആണെന്നും പ്രഭാകരൻ പഴശ്ശി പറഞ്ഞു. 

ടി ഡി രാമകൃഷ്ണന്റെ ‘അന്ധർ ബധിരർ മൂകർ' നോവൽ പരിഭാഷ പ്രകാശനം അശോകൻ ചരുവിൽ  കെ കെ സുലേഖയ്ക്ക് ആദ്യ പ്രതി നൽകി നിർവഹിക്കുന്നു

ടി ഡി രാമകൃഷ്ണന്റെ ‘അന്ധർ ബധിരർ മൂകർ' നോവൽ പരിഭാഷ പ്രകാശനം അശോകൻ ചരുവിൽ കെ കെ സുലേഖയ്ക്ക് ആദ്യ പ്രതി നൽകി നിർവഹിക്കുന്നു

തുടർന്ന് ടി ഡി രാമകൃഷ്‌ണന്റെ  ‘അന്ധർ ബധിരർ മൂകർ ' എന്ന നോവലിന്റെ പരിഭാഷയുടെ പ്രകാശനം അശോകൻ ചരുവിൽ പ്രൊഫ. കെ കെ സുലേഖയ്‌ക്ക്‌ ആദ്യപ്രതി നൽകി നിർവഹിച്ചു.  ‘ആൽഫ' യുടെ തമിഴ് പതിപ്പ്‌ പ്രകാശനം ബീന സജീവ്, ടി പി വേണുഗോപാലിന് നൽകി നിർവഹിച്ചു.

തമിഴകത്തെ സമകാലിക കഥയെക്കുറിച്ചുള്ള പ്രഭാഷണം നിർവഹിച്ചത് മു മുരുകേശനായിരുന്നു. ടി കെ നാരായണദാസ്, പുസ്തകങ്ങളുടെ കവർ ഡിസൈൻ ചെയ്ത ഗ്രാഫിക്ക് ഡിസൈനർ സെന്തിൽ എന്നിവരും സംസാരിച്ചു.
നവോത്ഥാനത്തിന്റെ ചരിത്രാവതരണത്തിലൂടെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിലേക്ക്‌ കടന്ന എം എം നാരായണന്റെ പ്രഭാഷണം കഥയുടെ രാഷ്ട്രീയത്തെയും സാമൂഹികതയെയും സംബന്ധിച്ച ആലോചനയായി.

എം എം നാരായണൻ

എം എം നാരായണൻ


തകഴിയുടെ കഥകളെ ആധാരവസ്തുതകളായി എടുത്തുകൊണ്ട് ജീവിതം, സമരം എന്നീ വിഷയങ്ങളെ ആഖ്യാനഭാഷ സ്വീകരിക്കുന്നതെങ്ങനെ എന്ന്  ചൂണ്ടിക്കാട്ടാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. ചരിത്രത്തേക്കാൾ ചരിത്രപരമാവാനുള്ള സാഹിത്യത്തിന്റെ സാധ്യതയിലേക്ക്  വിരൽചൂണ്ടി അവതരണം.

 സന്ധ്യയ്‌ക്ക്‌ നാട്ടരങ്ങ് എന്ന ശീർഷകത്തിൽ പാലക്കാടൻ ഫോക് രംഗരൂപങ്ങളുടെ അവതരണം നടന്നു. ആട്ടവും പാട്ടും നാടകവും ക്യാമ്പിനെ ഉണർത്തി. ക്യാമ്പംഗങ്ങളും  പങ്കാളികളായി. ജനാർദ്ദനൻ പുതുശ്ശേരിയും സംഘവുമാണ് നാട്ടരങ്ങ് ഒരുക്കിയത്. തുടർന്ന് മൂന്നു മണിക്കൂറോളം അംഗങ്ങളുടെ കഥകളുടെ അവതരണവും ചർച്ചയും നടന്നു.  

 മൂന്നാം ദിവസത്തെ ക്യാമ്പ് തുടങ്ങിയത്‌ സ്‌റ്റോറി ഗെയിമുമായാണ്. ഒരു കഥയുടെ ഒന്നാമത്തെ വാചകം ഒരു ക്യാമ്പംഗം പറഞ്ഞപ്പോൾ അടുത്ത വാചകം വേറൊരാൾ പറഞ്ഞു... അങ്ങനെ എല്ലാ ക്യാമ്പംഗങ്ങളിലൂടെയും ആ ആഖ്യാനം മുന്നോട്ടുപോയി. അപ്രതീക്ഷിതമായ വളവുകളും തിരിവുകളും കഥാഗതിക്കുണ്ടാവുന്നതെങ്ങനെ എന്ന് എളുപ്പത്തിൽ, നേരിട്ട് ബോധ്യപ്പെടുത്തുന്ന കളിയായി അത് സ്വയം വളർന്ന് ഒരു സമാപന സന്ദർഭത്തിൽ എത്തിച്ചേർന്നു. കഥയുടെ പ്രാചീനമായ കൂട്ടുനിർമാണത്തിന്റെ മറ്റൊരു തരത്തിലുള്ള അനുസ്മരണമായി മാറി ഈ കഥാകളി.

‘കഥയും വായനക്കാരനും' എന്ന സെഷനാണ് തുടർന്നു നടന്നത്. മാധവിക്കുട്ടിയുടെ  ‘വെളുത്ത ബാബു' എന്ന കഥയുടെ പകർപ്പ് ക്യാമ്പംഗങ്ങൾക്ക്‌ നൽകി. തുടർന്ന്‌ അതിലെ ഓരോ സന്ദർഭവും ഭാഷാഘടനയും ഏതൊക്കെത്തരത്തിലുള്ള അർഥരൂപങ്ങളാണ് നൽകുന്നത് എന്ന്  വ്യക്തമാക്കുന്ന ക്ലാസായിരുന്നു അത്. കഥയുടെ ജൈവരൂപം എന്നതിലൂന്നിയ ഈ ക്ലാസ്‌ ഇ പി രാജഗോപാലൻ കൈകാര്യം ചെയ്തു.

തുടർന്ന്‌  ‘കഥ  അനുഭവം'  എന്ന സെഷനിൽ പങ്കെടുത്ത്‌  ഇ സന്തോഷ് കുമാർ, സന്തോഷ് ഏച്ചിക്കാനം, ഫ്രാൻസിസ് നെറോണ, ടി പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു. കഥ ഉണ്ടാകുന്നതിന്‌ മുമ്പുള്ള അനുഭവവും കഥാനുഭവവും കഥയ്‌ക്കു ശേഷമുള്ള വായനാനുഭവവും എന്ന രീതിയിലാണ് സന്തോഷ് ഏച്ചിക്കാനം വിഷയത്തെ സമീപിച്ചത്. ലോകസാഹിത്യത്തിലെ മികച്ച കഥാനുഭവങ്ങൾ തന്നെയാണ്‌ മലയാള സാഹിത്യത്തിലുള്ളതെന്നും മലയാളകഥ ഒട്ടും പിറകിലല്ലെന്നും ഇ സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. മാർക്വേസിന്റെ ‘ഉച്ചമയക്കം' എന്ന കഥയും ഒ വി വിജയന്റെ ‘കടൽത്തീരത്ത് ' എന്ന കഥയും ഒരേ പ്രമേയം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ‘കടൽത്തീരത്ത് ' ഉച്ചമയക്കത്തേക്കാൾ മികച്ച കഥ തന്നെയാണെന്ന്  ഇ സന്തോഷ് കുമാർ സൂചിപ്പിച്ചു.

ചാർലി ചാപ്ലിൻ ഗാന്ധിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച അനുഭവത്തിൽ നിന്നു തുടങ്ങിയ ഫ്രാൻസിസ് നെറോണ നിശ്ശബ്ദതയിലൂടെ സംവദിച്ച ചാപ്ലിനെ ഗാന്ധിക്ക് ശരിക്കറിയില്ലായിരുന്നു എന്നും ഗാന്ധിജിക്ക് സിനിമ ഇഷ്ടമല്ലായിരുന്നു എന്നും പറഞ്ഞു. കഥയും പ്രത്യയശാസ്ത്രവും എന്ന രീതിയിലോ കഥയും രാഷ്ട്രീയവും എന്ന രീതിയിലോ ഒക്കെ ഒരുപാട് സംവാദസാധ്യതയുള്ള ഒന്നിന്റെ ജൈവികമായ അനുഭവങ്ങൾ തിരയുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന് മാത്രമായ ഒരനുഭവത്തെ നിഷേധിക്കുകയായിരുന്നു ടി പി വേണുഗോപാലൻ. കഥയെ കവിതയോടടുപ്പിക്കുക എന്നതിനേക്കാൾ അഭികാമ്യം കഥയെ കഥയോടടുപ്പിക്കലല്ലേ എന്നും  അദ്ദേഹം ചോദിച്ചു.

‘കഥയും ദേശവും' എന്ന വിഷയത്തിൽ വിജു നായരങ്ങാടി പ്രഭാഷണം നടത്തി. ടി പത്മനാഭന്റെ കഥകളിൽ ദേശം പ്രാഥമികാർഥത്തിൽ പ്രവർത്തിക്കുന്നില്ല എന്ന്‌ അേദ്ദഹം പറഞ്ഞു. ദേശം ആയിരം നാവുകൊണ്ട് സംസാരിക്കുന്ന എഴുത്തുകളാണ് പുനത്തിലിന്റേത് എന്നും വിശദീകരിച്ചു. ആധുനികർക്ക് സമാന്തരമായി എഴുതിയവർക്ക് ഏതുദേശവും ആത്മദേശമാണ്.  വൈശാഖന്റെ  ‘വണ്ടിവേഷങ്ങൾ' എന്ന കഥയിലെ ദേശം വിശദമായി വിശകലനം ചെയ്യപ്പെട്ടു. ഭൗതികമായ ഒരു ദേശം എഴുത്തിൽ വരുന്നതിനപ്പുറം ദേശത്തിന് എഴുത്തിന്റെ ആത്മവത്തയുമായി ബന്ധമുണ്ടെന്ന കാര്യം ക്യാമ്പ് അംഗങ്ങളുടെ ചർച്ചകളിലും തെളിഞ്ഞുവന്നു. ‘കഥയും കവിതയും' എന്ന വിഷയമവതരിപ്പിച്ച ഡോ. സി ഗണേഷ് രണ്ട് സാഹിത്യ സംവർഗങ്ങളെയും പ്രഖ്യാതമായ നിർവചനങ്ങളുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യാനാണ്  ശ്രദ്ധിച്ചത്.

ക്യാമ്പംഗങ്ങൾ എഴുത്തുകാർക്കൊപ്പം

ക്യാമ്പംഗങ്ങൾ എഴുത്തുകാർക്കൊപ്പം

 സമാപനസമ്മേളനത്തിൽ ഉദ്ഘാടനം മുണ്ടൂർ സേതുമാധവൻ നിർവഹിച്ചു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ യാഥാർഥ്യവും അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ വിശകലനവുമായിരുന്നു എം കെ മനോഹരന്റെ  പ്രഭാഷണത്തിൽ. കവി രാവുണ്ണി പങ്കെടുത്തു. അശോകൻ ചരുവിൽ സാക്ഷ്യപത്രം വിതരണം ചെയ്‌തു. ക്യാമ്പംഗങ്ങൾ ക്യാമ്പിനെ വിലയിരുത്തി. ഡയറക്ടർ അവ ക്രോഡീകരിച്ചു.
‘കഥയുടെ വെളിപാടുകൾ ' എന്ന പ്രദർശനം കണ്ട് മികച്ച വിലയിരുത്തൽ കുറിപ്പുകൾ എഴുതിയ ക്യാമ്പംഗങ്ങൾക്കും  സമ്മാനം നൽകി. 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം നേടിയ മോബിൻ മോഹനെ ആദരിച്ചു.

നെല്ലിയാമ്പതി കല്ലടിക്കോടൻ മലനിരകൾക്ക് നടുവിൽ കിടക്കുന്ന കോഴിപ്പാറ എന്ന അതിർത്തി പ്രദേശത്തുനിന്ന് ഇരുപത് കിലോമീറ്ററുകൾക്കപ്പുറത്ത് കിടക്കുന്ന ചിറ്റൂരിൽ പണ്ട്‌ അടിയന്തരാവസ്ഥയുടെ കാലത്ത് നടന്ന ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ സംസ്ഥാന നോവൽ ക്യാമ്പിന്റെ ഓർമകൾ ഇന്നും തുടിക്കാറുണ്ട്. ആ കറുത്ത കാലത്തും എഴുത്തും വായനയും ഫാസിസത്തിനെതിരെയുള്ള ആയുധമാക്കുന്നതെങ്ങനെ എന്ന ആലോചനയായിരുന്നു ആ ക്യാമ്പിന്റെ ഉള്ളടക്കം.

നെല്ലിയാമ്പതി കല്ലടിക്കോടൻ മലനിരകൾക്ക് നടുവിൽ കിടക്കുന്ന കോഴിപ്പാറ എന്ന അതിർത്തി പ്രദേശത്തുനിന്ന് ഇരുപത് കിലോമീറ്ററുകൾക്കപ്പുറത്ത് കിടക്കുന്ന ചിറ്റൂരിൽ പണ്ട്‌ അടിയന്തരാവസ്ഥയുടെ കാലത്ത് നടന്ന ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ സംസ്ഥാന നോവൽ ക്യാമ്പിന്റെ ഓർമകൾ ഇന്നും തുടിക്കാറുണ്ട്. ആ കറുത്ത കാലത്തും എഴുത്തും വായനയും ഫാസിസത്തിനെതിരെയുള്ള ആയുധമാക്കുന്നതെങ്ങനെ എന്ന ആലോചനയായിരുന്നു ആ ക്യാമ്പിന്റെ ഉള്ളടക്കം. ഇന്ന് 2022 ൽ അതിന് കൂടുതൽ തെളിച്ചമുള്ള മുഖം വേണ്ടിയിരിക്കുന്നു.

മാനവികതയ്‌ക്കും വൈവിധ്യങ്ങൾക്കും ബഹുസ്വര സാംസ്‌കാരികതയ്‌ക്കും വർഗീയ ഫാസിസം ഏൽപ്പിക്കുന്ന പരിക്കുകൾ മനസ്സിലാക്കി  'ആഖ്യാനത്തിന്റെ സ്വാതന്ത്ര്യം, സ്വാതന്ത്ര്യത്തിന്റെ ആഖ്യാനം’ എന്ന കേന്ദ്രപ്രമേയത്തിലൂന്നി പുരോഗമന കലാ സാഹിത്യ സംഘം നടത്തുന്ന സാംസ്‌കാരിക യാത്രയായി മാറി കഥയിടം .

(ദേശാഭിമാനി വാരികയിൽ നിന്ന്)

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top