28 May Sunday

ഇന്ത്യയിലേക്കൊരു യാത്ര

ഡോ. യു നന്ദകുമാര്‍Updated: Sunday Nov 27, 2016

ഇന്ത്യാപഠനം  ജീവിതദൌത്യമായിരുന്ന
ലോയ്ഡ് റുഡോള്‍ഫ് സുസേന്‍ റുഡോള്‍ഫ് ദമ്പതികള്‍ രചിച്ച യാത്രപ്പുസ്തകമാണ് 'ഭാരതം എന്ന ലക്ഷ്യസ്ഥാനം' ലണ്ടനില്‍നിന്ന് ഇന്ത്യയിലേക്ക് കരമാര്‍ഗം എന്നാണ് ഉപശീര്‍ഷകം. 2014ല്‍ ഇരുവര്‍ക്കും പത്മഭൂഷണ്‍ നല്‍കി രാജ്യം അവരെ ആദരിച്ചു


ലോയ്ഡ് റുഡോള്‍ഫ്; സുസേന്‍ റുഡോള്‍ഫ് ഈ പേരുകള്‍ മറ്റാരേക്കാളും ഇന്ത്യക്കാര്‍ക്ക് സുപരിചിതമാകേണ്ടതാണ്. ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ അക്കാദമിക് പ്രൊഫസര്‍മാരായ ഈ ദമ്പതികള്‍ അമ്പതുകളില്‍ തുടങ്ങി രണ്ടായിരാമാണ്ടുവരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള പഠനങ്ങളില്‍ മുഴുകിയവര്‍. ഇന്ത്യയില്‍ താമസിച്ച കാലഘട്ടം എല്ലാംകൂടി പതിനൊന്നിലധികം വര്‍ഷംവരും. ബ്രിട്ടീഷ് ഭരണത്തിനുശേഷം ജനാധിപത്യത്തിലൂടെ സമൂഹം വികസിച്ചുവരുന്നതിന്റെ ദൃക്സാക്ഷിയായിനിന്നുകൊണ്ട്, ഈ മാറ്റങ്ങളെ പാശ്ചാത്യകാഴ്ചപ്പാടുകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും പുറത്തുനിന്ന് കാണേണ്ടതിന്റെ ആവശ്യം അവര്‍ നമുക്ക് കാട്ടിത്തന്നു. നമ്മുടെ രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, സാംസ്കാരികം എന്നീ മണ്ഡലങ്ങളില്‍ ഊന്നിനിന്നുകൊണ്ടാണ് അവരുടെ ഇന്ത്യാപഠനങ്ങള്‍ പുറത്തുവന്നത്. ഇന്ത്യയുടെ ജനജീവിതം ഒരു പ്രത്യേക കാഴ്ചപ്പാടിലോ ഡിസിപ്ളിനിലോ (discipline) ഒതുങ്ങിനില്‍ക്കില്ലെന്നും, ഒരു ഇന്റര്‍ ഡിസിപ്ളിനറി (inter-discipline) പഠനം അനിവാര്യമാകുമെന്നും അവര്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു.

'ഭാരതം എന്ന ലക്ഷ്യസ്ഥാനം' അവര്‍ രണ്ടാളുംചേര്‍ന്ന് രചിച്ച യാത്രപ്പുസ്തകമാണ്: (Lloyd J Rudolph, Susanne Hoeber Rudolph; Destination India; OUP) ലണ്ടനില്‍നിന്ന് ഇന്ത്യയിലേക്ക് കരമാര്‍ഗം എന്നാണ് ഉപശീര്‍ഷകം. എന്നാല്‍, നമുക്ക് പരിചിതമായ ഒരു പൊറ്റെക്കാടന്‍ ശൈലിയിലെ വായനയ്ക്ക് വഴങ്ങുന്നതല്ല ഇപ്പുസ്തകം. ഉപക്രമവും മൂന്ന് അധ്യായങ്ങളുമായി ചിട്ടപ്പെടുത്തിയിട്ടുള്ള പുസ്തകത്തില്‍ സാല്‍സ്ബര്‍ഗ്  മുതല്‍ പെഷവാര്‍വരെയുള്ള യാത്രയിലെ കുറിപ്പുകള്‍, ഇന്ത്യയെ എഴുതുമ്പോള്‍ (Writing India), സാമൂഹ്യവിഭജനങ്ങളിലെ സാമ്രാജ്യവാദം (Imperialism of Categories) എന്നിവയാണ് ചര്‍ച്ചചെയ്യപ്പെടുന്നത്.

പുസ്തകത്തിന്റെ പേരിനുതന്നെ വാച്യാര്‍ഥവും ഭാവാര്‍ഥവുമുണ്ടെന്ന് റുഡോള്‍ഫുമാര്‍ പറയുന്നു. അമ്പതോളം വര്‍ഷങ്ങളിലൂടെ പഠനങ്ങളും ഗവേഷണങ്ങളും രചനകളുമായി തങ്ങള്‍ കഴിഞ്ഞിരുന്ന പ്രദേശമായ ഇന്ത്യയാണ് ഒന്നാമതായി വിവക്ഷിക്കപ്പെടുന്നത്. എന്നാല്‍, ഭാരതമെന്ന ലക്ഷ്യസ്ഥാനം ഒരേസമയം തങ്ങളുടെ ജീവിതത്തിന്റെയും ഗവേഷണപഠനങ്ങളുടെയും കണ്ടെത്തലുകളുടെയും രൂപകവുംകൂടിയായി വര്‍ത്തിക്കുന്നു. അങ്ങനെ ഇന്ത്യയിലെത്തുന്നതിന്റെയും ഇന്ത്യയിലാകുന്നതിന്റെയും കഥയാണ് പുസ്തകം നമ്മുടെ മുന്നില്‍ വയ്ക്കുന്നത്.

ലോയ്ഡും സുസേനും യാത്രതിരിക്കുന്നത് 107 ഇഞ്ച് വീല്‍ബേസുള്ള ലാന്‍ഡ് റോവര്‍ (Land Rover) വണ്ടിയിലാണ്. പത്തുപേര്‍ക്ക് യാത്രചെയ്യാവുന്ന ഇത്തരം വാഹനങ്ങള്‍ അന്നൊക്കെ പട്ടാളക്കാരാണ് ഉപയോഗിക്കാറുള്ളത് പ്രത്യേകിച്ചും 4വീല്‍ ഡ്രൈവ് ആകുമ്പോള്‍. ഇംഗ്ളണ്ടില്‍നിന്നുപുറപ്പെടുമ്പോള്‍ത്തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 4വീല്‍ ഡ്രൈവ് വാഹനങ്ങള്‍ യൂറോപ്പിലേക്ക് കൊണ്ടുപോകുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു. റഷ്യയിലേക്ക് പോകില്ലെന്നും, ഇന്ത്യയില്‍ ഗവേഷണത്തിനാണ് തങ്ങള്‍ പോകുന്നതെന്നുമുള്ള ഉറപ്പിന്മേലാണ് യാത്രയ്ക്ക് അംഗീകാരം ലഭിച്ചത്.

സാല്‍സ്ബര്‍ഗില്‍നിന്ന് പെഷവാറിലെത്താന്‍ 25 ദിവസമെടുത്തു. ദീര്‍ഘമായ റോഡുയാത്രകള്‍ വിരസമോ പ്രയാസമേറിയതോ അല്ലെന്നാണ് ഈ ദമ്പതികളുടെ അഭിപ്രായം. ഹോട്ടലുകള്‍ ലഭിക്കാത്തിടങ്ങളില്‍ വണ്ടിയിലോ പുറംസ്ഥലങ്ങളിലോ തമ്പടിക്കുന്നതിനും അവര്‍ മടിച്ചില്ല. ഓരോ പ്രദേശത്തും അസാധാരണമായ അനുഭവങ്ങളാണ് യാത്ര സമ്മാനിക്കുന്നത്. ടെഹ്റാനിലെ റോഡ് ഗതാഗതവും കാബൂളിലെ താമസവുമൊക്കെ രസകരമായ അനുഭവങ്ങളായി ലോയ്ഡും സുസേനും വരച്ചുകാട്ടുന്നു.

കാബൂളിലെ അനുഭവങ്ങളെക്കുറിച്ച് അവര്‍ പറയുന്നതിതാണ്. 16ഉം 17ഉം നൂറ്റാണ്ടുകളിലെ ഏകാധിപത്യഭരണങ്ങളുടെ സ്വാധീനം മാറുന്നതിനുമുമ്പുതന്നെ 20ാം നൂറ്റാണ്ടിലെ അധികാരവടംവലികള്‍ ഭരണത്തിലെത്തുന്നതിന്റെ പ്രയാസങ്ങളാണ് അഫ്ഗാനിസ്ഥാനിലെ ജീവിതയാഥാര്‍ഥ്യം.

ഇന്ത്യയെ എഴുതുന്നത് വളരെ സങ്കീര്‍ണമായ അനുഭവമാണ്. പൊളിറ്റിക്കല്‍ സയന്‍സ് എന്ന തങ്ങളുടെ ഇടംവിട്ട് മറ്റുമേഖലകളിലൂടെ സഞ്ചരിച്ചേ 'ഇന്ത്യയെഴുത്ത്' അര്‍ഥവത്താകുകയുള്ളൂ. മറ്റ് പാശ്ചാത്യരാജ്യങ്ങളിലെ സങ്കല്‍പ്പംപോലെ വ്യക്തികള്‍ക്ക് പൂര്‍ണസ്വാതന്ത്യ്രത്തോടെ വ്യക്തിഗത അഭിപ്രായങ്ങള്‍ പറയുക ഇന്ത്യയിലെ പലയിടങ്ങളിലും കാണാറില്ല. ഒരു ചോദ്യത്തിന് സ്വന്തമായി ഒരു വ്യക്തി ഉത്തരം പറയുക എന്ന അമേരിക്കന്‍ മാതൃകയ്ക്ക് വിഭിന്നമായി ഇന്ത്യയില്‍ പലേടങ്ങളിലും ഏതാനുംപേര്‍ ചേര്‍ന്ന് പര്യാലോചിച്ച് ഉത്തരം കണ്ടെത്തുകയാണ് പതിവ്. അപ്പോള്‍ ആശയങ്ങളുടെ യൂണിറ്റ് വ്യക്തിയല്ല, ചെറുസംഘങ്ങളാണ് എന്നുവരുന്നു. വ്യക്തിഗതമായ തിരിച്ചറിവുകളും അനാപേക്ഷികമായ സത്യങ്ങളും തമ്മിലുള്ള വേര്‍തിരിവ് മനസ്സിലാക്കാനുള്ള ശ്രമം പലരും ആരംഭിച്ചിട്ടില്ലെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. വസ്തുനിഷ്ഠമായ അറിവുകള്‍ക്ക് സാര്‍വത്രികമായ ഭാഷ്യം നിശ്ചയിക്കുന്ന പാശ്ചാത്യരീതി ഇന്ത്യയിലെത്തുമ്പോള്‍ പരമ്പരാഗതമായ കാഴ്ചപ്പാടുകള്‍ക്കും അറിവുകള്‍ക്കും അവസരം നല്‍കേണ്ടിയിരിക്കുന്നു എന്നതാണ് ഇന്ത്യാപഠനങ്ങളില്‍ പ്രധാനമായും വേണ്ടത്. ഇന്ത്യയെ പഠിക്കുന്ന ഗവേഷകന്‍ ഓര്‍മിക്കേണ്ട ഒരു കാര്യമുണ്ടെന്ന് ലോയ്ഡും സുസേനും കരുതുന്നു ഇന്ത്യയിലെ സാമൂഹ്യമാറ്റങ്ങള്‍ കെട്ടിപ്പടുത്തിയിരിക്കുന്നത് പാരമ്പര്യ സംസ്കാരങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടാണ്, അവയെ നശിപ്പിച്ചിട്ടല്ല. ഇത് ആധുനികവല്‍ക്കരണത്തെക്കുറിച്ചുള്ള പാശ്ചാത്യസിദ്ധാന്തങ്ങളെ സാധൂകരിക്കുന്നതല്ല. ആഗോളീകരണ കാലഘട്ടത്തില്‍ എഡ്വേര്‍ഡ് സെയ്ദിന്റെ ഓറിയന്റലിസം കാഴ്ചപ്പാടുകള്‍ ശക്തിപ്രാപിച്ചു. എന്നാല്‍, ലോയ്ഡും സുസേനും ഈ സെയ്ദിയന്‍ കാഴ്ചപ്പാടുകളെയും പൂര്‍ണമായി അംഗീകരിക്കുന്നില്ല. ബഹുസ്വരതയും സാര്‍വത്രികതയും ഇന്ത്യന്‍ ചരിത്രപശ്ചാത്തലത്തില്‍ ഏതെങ്കിലും ഒരു സിദ്ധാന്തത്തില്‍ തളച്ചിടാനാകില്ലെന്ന് അവര്‍ കരുതുന്നു.

ഈ ആശയങ്ങള്‍ 1957ലെ പൊതുതെരഞ്ഞെടുപ്പുഫലം പരിശോധിച്ചാല്‍ വ്യക്തമാകും. പ്രായേണ ജാതിശ്രേണിയില്‍ താഴെയുള്ളവര്‍ അവരുടെ അംഗബലം ഉപയോഗിച്ചാല്‍ അധികാര രാഷ്ട്രീയത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ച് തീര്‍ത്തും അജ്ഞരായിരുന്നു. അവരുടെ വോട്ടുകള്‍ കുടുംബത്തിലെ മറ്റുള്ളവരുമായി ചേര്‍ന്നാലോചിച്ചശേഷമോ അല്ലെങ്കില്‍ ജന്മികളുടെയും മേലാളന്മാരുടെയും ഉപദേശം അനുസരിച്ചോ ചെയ്തുപോന്നു.

ഇന്ത്യാപഠനത്തില്‍ എക്കാലവും ഉണ്ടായിട്ടുള്ള പോരായ്മ, പ്രബലമായ സമൂഹത്തിലെ ആശയങ്ങള്‍ ഏകരൂപമോ ഏകജാതീയമോ അല്ലാത്ത ഇന്ത്യന്‍ സമൂഹത്തില്‍ പരീക്ഷിക്കപ്പെടുന്നു എന്നതാണ്. ഈ പ്രവണതയെയാണ് ലോയ്ഡും സുസേനും വിഭജനങ്ങളിലെ സാമ്രാജ്യവാദം എന്ന് വിളിക്കുന്നത്.

വെബര്‍, പാര്‍സണ്‍സ്, സ്റ്റുവര്‍ട്ട്മില്‍, ഹാര്‍ട്സ് എന്നീ ചിന്തകര്‍ക്കും ഇന്ത്യാപഠനങ്ങളില്‍ ഇത്തരം സൂക്ഷ്മഭേദങ്ങളെ ഗൌരവമായി കാണാനായില്ല. ബ്രിട്ടീഷ് സമൂഹം അവരുടെ വര്‍ഗീയചിന്തകള്‍ ഇന്ത്യയിലെ സാമൂഹ്യ അസമത്വങ്ങളില്‍ ബുദ്ധിപൂര്‍വം ഇടകലര്‍ത്തി ഭരിച്ചുവന്നു. അതിനും അക്കാലത്തെ പ്രബലമായ ആശയങ്ങള്‍ അവസരമൊരുക്കിയെന്നു കരുതണം.

ലോയ്ഡും സുസേനും ഇന്ത്യാപഠനം അവരുടെ ജീവിതദൌത്യമായിരുന്നു. 2014ല്‍ ഇരുവര്‍ക്കും ഭാരതത്തിലെ ഉന്നത അംഗീകാരമായ പത്മഭൂഷണ്‍ നല്‍കി രാജ്യം അവരെ ആദരിച്ചു. മനോഹരമായ പുറംചട്ടയോടെ നമ്മുടെ മുന്നിലെത്തുന്ന ഇപ്പുസ്തകംസ്വാഗതം ചെയ്യപ്പെടേണ്ടതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top