09 June Friday

കവിത, രാഷ്ട്രീയം സംസാരിക്കുമ്പോള്‍

സജയ് കെ വിUpdated: Sunday Mar 26, 2017

ഗാനരചയിതാവ് എന്ന നിലയിലുള്ള ഗുല്‍സാറിന്റെ വ്യക്തിത്വവും കവിയായ ഗുല്‍സാറിന്റെ സ്വത്വവും അമ്പരപ്പിക്കുംവിധം പരസ്പരഭിന്നമാണെന്ന് വ്യക്തമാക്കുന്നു 'സംശയാസ്പദമായ കവിതകള്‍ എന്ന സമാഹാരത്തിലെ കവിതകള്‍. ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയാണ് ഈ കവിതകളുടെ ഭൂമിക.


മറ്റൊരു ലോക കവിതാദിനം (മാര്‍ച്ച് 21) കൂടി പിന്നിടുമ്പോള്‍ ഒരു ഇന്ത്യന്‍ കവിയുടെ രചനകളുടെ ദ്വിഭാഷാപതിപ്പാണ് നമ്മുടെ മുന്നില്‍. ചലച്ചിത്രഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രസിദ്ധനായ കവി ഗുല്‍സാറിന്റെ കവിതകള്‍ 'സംശയാസ്പദമായ കവിതകള്‍' (ടൌുലരലേറ ജീലാ) എന്ന പേരില്‍ 'പെന്‍ഗ്വിന്‍ റാന്റംഹൌസ്' പ്രസിദ്ധീകരിച്ചിരിക്കുന്നു. ഹിന്ദിയിലുള്ള മൂലരചനകളോടൊപ്പം അവയുടെ ഇംഗ്ളീഷ് പരിഭാഷയും; പവന്‍ കെ വര്‍മയാണ് കവിതകളുടെ ഇംഗ്ളീഷ് പരിഭാഷകന്‍. ഗാനരചയിതാവ് എന്ന നിലയിലുള്ള ഗുല്‍സാറിന്റെ വ്യക്തിത്വവും കവിയായ ഗുല്‍സാറിന്റെ സ്വത്വവും അമ്പരപ്പിക്കുംവിധം പരസ്പരഭിന്നമാണെന്ന് വ്യക്തമാക്കുന്നു ഈ സമാഹാരത്തിലെ കവിതകള്‍. കാല്‍പ്പനികമാധുര്യവും ഭാഷാമാര്‍ദവവും ചേര്‍ന്ന 'ക്ളീഷെയ്ക്' ഭാഷയാണ്, പൊതുവെ എല്ലാ ഇന്ത്യന്‍ ഭാഷകളിലും എഴുതപ്പെടുന്ന ചലച്ചിത്രഗാനങ്ങളുടേത്. ഏറെക്കുറെ ജീവിതബന്ധവും യാഥാര്‍ഥ്യബോധവും തീണ്ടാത്ത ഒരു സ്വപ്നഭാഷയാണ് അവ സംസാരിക്കുക. ഗാനരചയിതാവ് എന്ന നിലയില്‍ ഗുല്‍സാറും പേനയില്‍ നിറയ്ക്കാറുള്ളത് ഇതേ സ്വപ്നാത്മകതയുടെ തിളങ്ങുന്ന മഷിതന്നെയാണ്. എന്നാല്‍, കവിതകളെഴുതുന്ന ഗുല്‍സാറിന്റെ പേനയില്‍ നിറഞ്ഞിരിക്കുന്നത് മറ്റൊരു മഷിയാണ്. മറ്റെന്തിലുമുപരിയായി അതില്‍ രാഷ്ട്രീയം കലര്‍ന്നിരിക്കുന്നു.

ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയാണ് ഈ കവിതകളുടെ ഭൂമിക. ശീര്‍ഷകങ്ങളില്‍പ്പോലും കവി, അമ്ളതീക്ഷ്ണമായ രാഷ്ട്രീയബോധത്തിന്റെ ദിശാസൂചികള്‍ നാട്ടിനിര്‍ത്തിയിരിക്കുന്നു. സമാഹാരത്തിന്റെ പേരായ 'സംശയാസ്പദമായ കവിതകള്‍'തന്നെ കാല്‍പ്പനികഭിന്നമായ ഒരു ഭാവുകത്വത്തിന്റെ വിളംബരമാണ്. രാഷ്ട്രീയജാഗ്രതയും പ്രതിഷേധസന്നദ്ധതയും സംശയകരവും കുറ്റകരവുമായി വായിക്കപ്പെടുന്ന ഒരു സാംസ്കാരിക സാഹചര്യത്തെയാണ് അത് നേര്‍മൊഴികളിലൂടെ വാങ്മയപ്പെടുത്തുന്നത്. സ്ഫോടനാത്മകമാംവിധം സത്യസന്ധമായ ഒരു രാഷ്ട്രീയരചനയുണ്ട് ഈ സമാഹാരത്തില്‍, 'പച്ചകുത്തല്‍' എന്ന പേരില്‍. ഭാഷാന്തരത്തിന്റെ ഭാഷാന്തരം എന്ന നിലയില്‍ ദുര്‍ബലമായേക്കാമെങ്കിലും കവിതയുടെ ഒരേകദേശ പരിഭാഷ ഇങ്ങനെ

'തീര്‍ത്തും നിരുദ്ദേശ്യമായാണ് അയാള്‍
തന്റെ വലത്തുചുമലില്‍
ഒരു നീലപ്പശുവിനെ പച്ചകുത്തിയത്.
ഇന്നലെ നടന്ന കലാപത്തില്‍
അയാളും കൊല്ലപ്പെടേണ്ടതായിരുന്നു.
പക്ഷേ കലാപകാരികള്‍ സുമനസ്സുകളായിരുന്നു.
പശുവിനെക്കണ്ടതേ അവര്‍ അയാളെ വെറുതെവിട്ടു'.
'അയോധ്യ' എന്ന കവിതയില്‍ ഇങ്ങനെയും
'അദ്ദേഹം ഒരിക്കല്‍ ജീവിച്ചിടം
ഒരു ചെറുപട്ടണമാണിപ്പോള്‍;
സൂര്യപ്രഭപോലെ അദ്ദേഹമിപ്പോള്‍
ആകാശത്തിനുകുറുകെ.
അയോധ്യയില്‍ ഞാന്‍ വന്നിരിക്കുന്നത്
അദ്ദേഹത്തിന്റെ 'ജന്മഭൂമി' കാണാന്‍.
ഇരുമ്പഴികളാല്‍ ചുറ്റപ്പെട്ട അദ്ദേഹം
ഉറപ്പേറിയ ബാരിക്കേഡിനുള്ളില്‍
കലിയുഗവര്‍ത്തമാനങ്ങള്‍ കേട്ടുകൊണ്ട്...
ആളുകള്‍ പെരുംപറ്റമായാണ് വരുന്നത്
അദ്ദേഹത്തെ ഒരു നോക്കുകാണാന്‍...
അധികം അടുത്തേയ്ക്ക് നീങ്ങിനിന്നാല്‍
പാറാവുകാരന്‍ തോക്കുകൊണ്ട് നിങ്ങളെ
പിന്നാക്കം പായിക്കും.
ഒരിക്കല്‍ ഒരവതാരമായിരുന്നു അദ്ദേഹം
ഇപ്പോള്‍ ഒരു മന്ത്രിയെപ്പോലെ
സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടികൂടാതെ

ഒരിഞ്ചുപോലും നീങ്ങാനാവാതെ' അവതാരം അധികാരത്തിലേക്ക് പടനയിക്കുന്നവരുടെ കൈയിലെ പാവയായി മാറുന്നതിലെ വൈപരീത്യം, ഇതിലും ഗാഢവും സൂക്ഷ്മവുമായ കവിതയുടെ നിര്‍മമഭാഷയില്‍ എങ്ങനെ എഴുതാനാണ്! സമാഹാരത്തിലെ മറ്റു ചില കവിതകളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള സൂചന, അവയുടെ ശീര്‍ഷകങ്ങള്‍തന്നെ നല്‍കും. 'പുതിയ ദില്ലിയില്‍ പുതുതായി യാതൊന്നുമില്ല', 'ജനുവരി 26', 'കല്‍ബുര്‍ഗി', 'ബാബറി' എന്നിങ്ങനെയാണ് ആ ശീര്‍ഷകങ്ങള്‍.

ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബില്‍ ജനിച്ച 'സംപൂരന്‍സിങ് കല്‍റ'യാണ് 'ഗുല്‍സാര്‍' എന്ന പേരില്‍ കവിയും ഗാനരചയിതാവുമായി മാറി, വിഭജനാനന്തരം, മുംബൈയില്‍ പാര്‍പ്പുറപ്പിച്ചത്. ആ വ്രണിതസ്മരണ ഇപ്പോഴും അദ്ദേഹത്തിന്റെ കവിതകളുടെ വേദനാമയമായ ഇന്ധനമാണ്. അതിര്‍ത്തികളെയും അതിര്‍ത്തിരേഖകളെയുംപറ്റി വ്യാകുലപ്പെടുന്നവയാണ്, അതിനാല്‍, ഈ സമാഹാരത്തിലെ പല കവിതകളും. വിഭജനരേഖയ്ക്കപ്പുറവും ഇപ്പുറവുംനിന്ന് നമുക്ക് കബഡികളിക്കാം എന്നുപറയുന്ന കവിയെക്കാണാം, അതേ പേരുള്ള കവിതയില്‍. 'ഏഴുനിറമുള്ള മഴവില്ല്' എന്ന കവിതയില്‍ ഗുല്‍സാര്‍ എഴുതുന്നു

'ആരാണ് അങ്ങോളം ചെന്ന്
ഏഴുനിറമുള്ള ഈ മഴവില്ലിനെ ഒന്നു
വൃത്തിയാക്കുക?
അത്രത്തോളം അത് മാറാലമൂടി

കറുത്തിരുണ്ടിരിക്കുന്നു'. പഴകിയ മേല്‍ക്കൂരപോലുള്ള ആകാശവും രോഗാതുരമായ പുലരിയും ഒരു കിഴവന്‍ സൂര്യനുമൊക്കെയുണ്ട് ഈ കവിതയില്‍ എഴുപതുകളിലെ ചില സച്ചിദാനന്ദന്‍ കവിതകളെ ഗാഢമായോര്‍മിപ്പിക്കുംവിധം; ഇന്ത്യന്‍ രാഷ്ട്രീയ കവിതയുടെ മറ്റൊരു ഋതുവിനെയാണ് ഗുല്‍സാര്‍ എഴുതുന്നതെങ്കിലും.

പാസ്പോര്‍ട്ട് ഓഫീസിലെ ഒരു പതിവുരംഗമാണ് 'വര്‍ത്തമാനപ്പത്രം' എന്ന കവിതയില്‍. മാറാമറുകുപോലെയുള്ള ഉടലടയാളങ്ങളില്‍ ചിലത് കാട്ടിക്കൊടുക്കാന്‍ ആവശ്യപ്പെടുകയാണ് പാസ്പോര്‍ട്ട് കമീഷണര്‍. സിഖുകാരനായ അപേക്ഷകന്‍, കുപ്പായമൂരിമാറ്റിയിട്ട് അയാളോട് പറയുന്ന ഈ വാക്കുകളാകാം ഗുല്‍സാറിന്റെ രാഷ്ട്രീയക്കവിതയുടെ പാരമ്യം
'സര്‍ജീ, ഇതാ പെള്ളലേറ്റ പാട്; 84ലേത്.
ഇത് മായ്ച്ചുകളയാനാവില്ല'.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top