28 September Monday

ഒരു ഇന്ത്യന്‍ പാര്‍സി പുരാണം

ഡോ. മീന ടി പിള്ളUpdated: Sunday Feb 7, 2016

ഒരു ഭൂമിയെയും സംസ്കാരത്തെയും പങ്കിട്ടെടുക്കുമ്പോള്‍ അതോടൊപ്പം തകരുന്ന കുടുംബങ്ങളെയും ശിഥിലമാക്കപ്പെടുന്ന മനുഷ്യബന്ധങ്ങളെയും കേകി എന്‍ ദാരുവാലയുടെ' ആന്‍സിസ്ട്രല്‍ അഫയേര്‍സ്' ആഴത്തില്‍ അപഗ്രഥിക്കുന്നു

ഇന്ത്യന്‍ ഇംഗ്ളീഷ് സാഹിത്യധാരയിലെ പ്രധാനപ്പെട്ട ഒരു കവിയായിട്ടായിരിക്കും കേകി എന്‍ ദാരുവാലയെ സാഹിത്യവിദ്യാര്‍ഥികള്‍ക്കും വായനക്കാര്‍ക്കും ഒരുപക്ഷേ പരിചയം. എന്നാല്‍, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും (പ്രതിഷേധാര്‍ഥം ഈയിടെ പുരസ്കാരം തിരിച്ചുകൊടുത്തെങ്കിലും) പത്മശ്രീയാല്‍ ബഹുമാനിതനും ഒക്കെയായ അദ്ദേഹം ഒരു കഥാകൃത്തും നോവലിസ്റ്റുംകൂടിയാണ്. ഈ പാര്‍സി എഴുത്തുകാരന്റെ രണ്ടാമത്തെ നോവലായ 'ആന്‍സിസ്ട്രല്‍ അഫയേര്‍സ്' ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നു. ഒരു പാര്‍സി കുടുംബത്തിലെ പിതാവിന്റെയും മകന്റെയും കഥയാണിത്. എന്നാല്‍, പിതാവ് വിഭജനത്തിനുമുമ്പുള്ള ഇന്ത്യയിലും മകന്‍ വിഭജനത്തിനുശേഷമുള്ള ഇന്ത്യയിലുമാണ് ജീവിച്ചത്. പൊടുന്നനെ ഒരര്‍ധരാത്രിയില്‍ വന്നെത്തിയ സ്വാതന്ത്യ്രത്തില്‍ ഒരു നാടും ഒരു സമുദായവും ഒരു കുടുംബവും എങ്ങനെ ആടിയുലഞ്ഞുവെന്ന് ഈ കൃതി വളരെ സരസമായി വരച്ചുകാട്ടുന്നു.

ചുരുളഴിയുന്ന പുത്തന്‍ ചരിത്രത്തില്‍ ഇടംപിടിക്കാന്‍ അല്ലെങ്കില്‍ അതുമായി സമരസപ്പെടാന്‍ ഓരോ വ്യക്തിയും സ്വീകരിക്കുന്ന രീതികളും അതോടൊപ്പം വന്‍ ചരിത്രത്തിന്റെ ഏകാന്ത പഥങ്ങളില്‍ ഇണങ്ങാത്ത കണ്ണികളായി നില്‍ക്കേണ്ടിവരുന്ന ചിലരുടെ വ്യഥകളും ഒക്കെയാണ് ഈ കൃതി പ്രമേയമാക്കുന്നത്. 1947ല്‍ ഉപഭൂഖണ്ഡത്തിന്റെ വിഭജനത്തിനുമുമ്പ് ഒരു ചെറു നാട്ടുരാജ്യത്തിന്റെ നവാബിന് ഇന്ത്യയിലേക്കോ, പാകിസ്ഥാനിലേക്കോ എന്ന് നിയമോപദേശം കൊടുക്കുവാന്‍ നിയോഗിക്കപ്പെട്ട ഒരു പാര്‍സി നിയമജ്ഞനിലൂടെയാണ് കഥ തുടങ്ങുന്നത്. സ്വന്തം ധാര്‍മികതയും നൈതികബോധവും കൈമോശം വന്നവര്‍ ഉപദേഷ്ടാക്കളായി ഇരിക്കേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു ഭൂമിയെയും സംസ്കാരത്തെയും പങ്കിട്ടെടുക്കുമ്പോള്‍ അതോടൊപ്പം തകരുന്ന കുടുംബങ്ങളെയും ശിഥിലമാക്കപ്പെടുന്ന മനുഷ്യബന്ധങ്ങളെയും പുസ്തകം ആഴത്തില്‍ അപഗ്രഥിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ചൈനയുമായി നടത്തിയ കറുപ്പ് യുദ്ധംമുതല്‍ ഇന്ത്യന്‍ സ്വാതന്ത്യ്രസമരവും വിഭജനത്തിന്റെ ലഹളകളും ഒക്കെ അടങ്ങിയ ഒരു വലിയ സ്ഥലകാല ക്യാന്‍വാസിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ചെറിയ മനുഷ്യരുടെ അത്യന്തം ഹൃദയഭേദിയായ ചെറുജീവിതങ്ങളാണ് ഈ കൃതിയുടെ സവിശേഷത.

എവിടെക്കെയോ തന്റെ കുടുംബപുരാണത്തിന്റെ ആത്മകഥാംശംപേറുന്ന ജീവിതഗന്ധിയായ കഥകൂടിയാണ് ഇതെന്ന് എഴുത്തുകാരന്‍ ചില സൂചനകള്‍ തരുന്നുണ്ട്. പാകിസ്ഥാനിലെ ചെറിയ നാട്ടുരാജ്യങ്ങളിലും കാണ്‍പൂരിലും ബോംബെയിലും മറ്റുമായിട്ടാണ് കഥ അരങ്ങേറുന്നത്. എന്നാല്‍, ഒരു പ്രത്യേക സ്ഥലത്തെ അടയാളപ്പെടുത്താനല്ല, മറിച്ച് വൈവിധ്യം തുളുമ്പുന്ന പല ഉപശാഖകളാല്‍ സമ്പുഷ്ടമായ അത്യന്തം സമ്പന്നമായ ഒരു സംസ്കാരം അഥവാ അനേകം ഉപസംസ്കാരങ്ങള്‍ നമ്മള്‍ക്കുണ്ടായിരുന്നു എന്നോര്‍മപ്പെടുത്താന്‍വേണ്ടിയാണ് വര്‍ണവൈവിധ്യങ്ങളാല്‍ പ്രകടമായ സ്ഥലകാലങ്ങള്‍ ഉപയോഗിക്കുന്നത്. അതിനായി ദാരുവാല ഉപയോഗിക്കുന്ന തന്ത്രം ഇടയ്ക്കിടെ ആഖ്യാനത്തിലേക്ക് കടന്നുവരുന്ന നാട്ടുഭാഷകളും ഗ്രാമ്യഭാഷകളും ഭാഷാഭേദങ്ങളും ഒക്കെയാണ്.

എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ അരങ്ങേറിയ ഒരു കഥയുടെ സമകാലീന പ്രതിധ്വനികളാണ് ഈ കൃതിയെ ഏറെ ശ്രദ്ധേയമാക്കുന്നത്. ഹിന്ദു വര്‍ഗീയതയുടെയും മുസ്ളിം വര്‍ഗീയതയുടെയും വിഷവിത്തുകള്‍ എത്ര ആഴത്തില്‍ പാകാന്‍ ആ തലമുറയ്ക്ക് കഴിഞ്ഞു എന്നത് തെല്ലൊരു ഞെട്ടലോടെയാണ് നാം തിരിച്ചറിയുന്നത്. പിന്നീടൊരിക്കലും തികഞ്ഞ മതേതരത്വതിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്തത്ര വിധത്തില്‍ പകയുടെയും വൈരത്തിന്റെയും നാമ്പുകള്‍ നട്ടു നനച്ച ആ കാലഘട്ടം നമ്മുടെ സംസ്കാരത്തിന്റെ സിരകളില്‍ ഉണ്ടാക്കിയ മുറിപ്പാടുകള്‍ എത്ര വലുതായിരുന്നുവെന്ന് തിരിച്ചറിയാന്‍ ഇനിയും കാതങ്ങള്‍ താണ്ടേണ്ടിവരുമെന്നുതോന്നുന്നു. നാട്ടുരാജ്യങ്ങളുടെയും നാടുവാഴികളുടെയും നിരുത്തരവാദപരമായ ഭരണകാലത്തിനുശേഷം സ്വാതന്ത്യ്രാനന്തര വരേണ്യ ഇന്ത്യയിലെ ഓരോരുത്തരും നാടുവാഴികളായി സ്വയം വിഭാവനംചെയ്യുന്ന അതിസമ്പന്നതയുടെ പ്രമാണിത്വത്തിലേക്ക് വഴിമാറുന്ന ഈ കാലത്ത് ഈ കൃതി വളരെ പ്രസക്തമാകുന്നു.  ഹാര്‍പര്‍ കോളിന്‍സാണ് പ്രസാധകര്‍. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top